വിവാഹം കഴിഞ്ഞ് 100 ദിവസം; പ്രണയ നഗരത്തിൽ ആഘോഷമാക്കി നിക്കി ഗൽറാണി
Mail This Article
മലയാളം, തമിഴ്, കന്നഡ ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് നിക്കി ഗൽറാണി. സമൂഹമാധ്യമത്തിൽ സജീവമായ നടി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. യാത്രകളെയും പ്രണയിക്കുന്ന നിക്കി ഭർത്താവ് ആദിക്കൊപ്പം നടത്തിയ യാത്രകളുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
ഇപ്പോൾ വിവാഹത്തിന്റെ 100 ദിവസം ആഘോഷിക്കാൻ പ്രണയത്തിന്റെ നഗരമായ പാരിസിലാണ് നിക്കിയും ആദിയും. ഇൗഫൽ ടവറിന്റെ പശ്ചാത്തലത്തിൽ ഇരുവരും നിൽക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. ലുവ്ര് മ്യുസിയവും ലോകത്തിലെ ഏഴ് മഹാദ്ഭുതങ്ങളില്‍ ഒന്നായ ഈഫല്‍ ടവറും അടക്കം കാഴ്ചകളുടെ മായാലോകമാണ് പാരിസ്.
പ്രണയത്തിന്റെ, വെളിച്ചത്തിന്റെ, കലയുടെ നഗരം
വെളിച്ചത്തിന്റെ നഗരം, കലയുടെ നഗരം, പ്രണയത്തിന്റെ നഗരം അങ്ങനെ അനേകം വിളിപ്പേരുകളുണ്ട് ഈ നഗരത്തിന്. ലോകത്തിലെ ഏറ്റവും വലിയ ചരിത്ര മ്യൂസിയമാണ് ലുവ്ര്. ഓടി നടന്നു കാണുകയാണെങ്കിൽപോലും ഒരു ദിവസം മുഴുവൻ കണ്ടാലും തീരാത്തത്ര അമൂല്യങ്ങളായ പുരാവസ്തുക്കളും പെയിന്റിങ്ങുകളും പ്രതിമകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 60600 ചതുരശ്ര മീറ്ററിൽ മുപ്പത്തി അയ്യായിരത്തോളം കലാവസ്തുക്കൾ പ്രദർശിപ്പിച്ച ഈ മ്യൂസിയത്തിൽ കഴിഞ്ഞവർഷം മാത്രം ഒരു കോടിയിലധികം ആളുകൾ സന്ദർശിച്ചിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനം ഫിലിപ്പ് രണ്ടാമൻ പണികഴിപ്പിച്ചതാണ് ലുവ്ര് കൊട്ടാരം എന്ന് അറിയപ്പെട്ടിരുന്ന ഈ കെട്ടിടം.
പാരിസ് സന്ദർശിക്കുന്ന ഏതൊരാളും കാണാൻ ആഗ്രഹിക്കുന്ന, ലിയനാർഡോ ഡാവിഞ്ചിയുടെ അതിപ്രശസ്തമായ മൊണാലിസ എന്ന പെയിന്റിങ് ഇവിടെയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. പല തവണ ഉണ്ടായ മോഷണശ്രമങ്ങളും ആസിഡ് ആക്രമണങ്ങളും കാരണം ശക്തമായ സുരക്ഷയാണ് ഈ പെയിന്റിങ്ങിനുള്ളത്. 780 മില്യൻ അമേരിക്കൻ ഡോളർ ആണ് 2015 ലെ ഈ പെയിന്റിങ്ങിന്റെ ഇൻഷുറൻസ് മൂല്യം. അമിത പ്രതീക്ഷകളുമായി മൊണാലിസ കാണാൻ പോയാൽ ഒരു സാധാരണ സന്ദർശകന് നിരാശയാവും ഫലം. രണ്ടര അടി നീളവും രണ്ടിൽ താഴെ അടി വീതിയുമുള്ള ബുള്ളറ്റ് പ്രൂഫ് കണ്ണാടിക്കൂട്ടിൽ ഇരിക്കുന്ന ഒരു ചെറിയ ചിത്രം മാത്രമാണ് അവിടെ കാണാൻ പറ്റുക. പക്ഷേ ഇപ്പോഴും മൂല്യം കൃത്യമായി തിട്ടപ്പെടുത്താൻ കഴിയാത്ത, ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച, ഏറ്റവും കൂടുതൽ എഴുതപ്പെട്ട, ഏറ്റവും കൂടുതൽ പാടപ്പെട്ട, ഏറ്റവും കൂടുതൽ അനുകരിക്കപ്പെട്ട ഒരു കലാസൃഷ്ടി എന്ന നിലയിൽ പാരിസ് സന്ദർശനത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ടതാണ് മൊണാലിസ.
പാരിസിലെ വളരെ പുരാതനമായ ക്രിസ്ത്യൻ ദേവാലയമാണ് നോട്ടർ ഡാം കത്തീഡ്രൽ. ഫ്രഞ്ച് ഗോഥിക് വാസ്തുശില്പ രീതിയിൽ പണികഴിപ്പിച്ച ഈ ദേവാലയം സീൻ നദിയിലെ ഒരു ചെറിയ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. 1345 ൽ നിർമാണം പൂർത്തിയായ നോട്ടർ ഡാം കത്തീഡ്രലിന്റെ വിസ്തൃതി 5500 ചതുരശ്ര മീറ്റർ ആണ്. മനോഹരമായ അൾത്താരയും 387 ഇടുങ്ങിയ പടികൾ കയറി മുകളിലേക്കെത്തിയാൽ അവിടെ നിന്നുള്ള പാരിസ് നഗരത്തിന്റെ കാഴ്ചയും ആണ് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.
സീൻ നദിയിലൂടെ ഒരു ബോട്ടു യാത്ര നടത്താതെ പാരിസ് യാത്ര പൂർണമാകുന്നില്ല. പാരിസിലെ മിക്ക ചരിത്രസ്മാരകങ്ങളും സീൻ നദിക്കരയിൽ ആയതിനാൽ ബോട്ടു യാത്രയിൽ അവയെല്ലാം നമുക്ക് കാണാം. നദിക്കു കുറുകെ സ്ഥാപിച്ചിട്ടുള്ള നിരവധി പാലങ്ങളിലുള്ള ശിൽപങ്ങൾ പാരിസിന്റെ അക്കാലത്തെ പ്രൗഢിയുടെയും ശില്പകലാ വൈഭവത്തിന്റെയും ഉത്തമ ഉദാഹരണങ്ങളാണ്. പ്രണയത്തിന്റെ നഗരമാണ് പാരിസ്. പാരിസ് സന്ദർശിക്കുന്ന സഞ്ചാരി ഈ നഗരവുമായി കടുത്ത പ്രണയത്തിലാവും തീർച്ച.
English Summary: Nikki Galrani Enjoys Holiday in Paris