ADVERTISEMENT

യുഎസിലെ റോഡ്‌ ഐലന്‍ഡിലെത്തുന്ന സഞ്ചാരികള്‍ക്ക് കൗതുകം പകരുന്ന ഒരു കാഴ്ചയാണ് തിരയുടെ ആകൃതിയില്‍ നഗരമധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്ന കലാസൃഷ്ടി. ‘ദി വേവ്’ എന്നാണ് ഇതിന്‍റെ പേര്. വെങ്കലത്തില്‍ തീര്‍ത്ത തിരയില്‍ നിന്നും പുറത്തേക്ക് തള്ളിനില്‍ക്കുന്ന രണ്ടു കാലുകളും കാണാം.  ഈ കാലുകള്‍ ജീവനുള്ള മനുഷ്യന്‍റെയാണോ എന്നോര്‍ത്ത് അമ്പരന്നു നില്‍ക്കുന്ന കാഴ്ചക്കാരെയും ഇവിടെ കാണാം!

ഈ പ്രതിമ കൂടാതെ വേറെയും ഒട്ടനവധി കാഴ്ചകള്‍ ന്യൂ പോര്‍ട്ടിലുണ്ട്. റോഡ് ഐലൻഡിലെ ന്യൂപോർട്ട് കൗണ്ടിയിലെ അക്വിഡ്‌നെക്ക് ദ്വീപിലെ ഒരു കടൽത്തീര നഗരമാണ് ന്യൂപോർട്ട്. പതിനെട്ടാം നൂറ്റാണ്ടിലെ ഒരു പ്രധാന തുറമുഖ നഗരമായിരുന്നു ഇത്. ന്യൂ ഇംഗ്ലണ്ട് സമ്മർ റിസോർട്ട് എന്നറിയപ്പെടുന്ന ഈ സ്ഥലം ചരിത്രപരമായ കെട്ടിടങ്ങള്‍ക്കും സമ്പന്നമായ കപ്പലോട്ട ചരിത്രത്തിനും പേരുകേട്ടതാണ്. ടെന്നീസ്, ഗോൾഫ് എന്നിവയിലെ ആദ്യത്തെ യുഎസ് ഓപ്പൺ ടൂർണമെന്റുകളുടെ ലൊക്കേഷനായിരുന്നു ഇവിടം.

നഗരത്തിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിലൊന്നാണ് ക്ലിഫ് വാക്ക്. ഫസ്റ്റ് ബീച്ചില്‍, തീരത്തിന്‍റെ അതിർത്തിയോട് ചേർന്ന് ഏകദേശം 5.6 കി.മീ ദൂരം നീണ്ടുകിടക്കുന്ന ഈ നടപ്പാത വൈകുന്നേരങ്ങളില്‍ സഞ്ചാരികളെക്കൊണ്ട് നിറയും. ഇതു കൂടാതെ, മിഡിൽടൗണിലെ സാച്യുസ്റ്റ് ബീച്ച്, നെല്ലിക്ക ബീച്ച്, ഹസാർഡ്സ് ബീച്ച്, ബെയ്‌ലി ബീച്ച് എന്നിവയും പ്രശസ്തമാണ്. 

ന്യൂപോർട്ട് ആർട്ട് കമ്മ്യൂണിറ്റിയിലെ സുപരിചിതനായ കലാകാരിയും ശിൽപിയുമായ കാതറിൻ വേർഡനാണ് ഈ ശില്‍പത്തിന് പിന്നില്‍. പ്രശസ്തനായ ജാപ്പനീസ് ആര്‍ട്ടിസ്റ്റ് ഹോകുസായിയുടെ ‘ദ ഗ്രേറ്റ് വേവ് ഓഫ് കനഗവ’ എന്ന പ്രശസ്തമായ പെയിന്‍റിങ്ങിൽ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് കാതറിന്‍ ശില്‍പം നിര്‍മിച്ചത്. കനഗാവ പട്ടണത്തിന്റെ തീരത്ത് മൂന്ന് ബോട്ടുകൾക്ക് ഭീഷണിയായി ഉയരുന്ന ഒരു വലിയ തിരമാലയാണ് ചിത്രത്തിൽ കാണിക്കുന്നത്. പശ്ചാത്തലത്തിൽ ഉയർന്നു നില്‍ക്കുന്ന ഫുജി പർവതവും കാണാം. ജാപ്പനീസ് കലയുടെ ഏറ്റവും അറിയപ്പെടുന്ന രചനകളിലൊന്നാണിത്.

നഗരവാസികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ വെങ്കലശില്‍പം. കാതറിന്‍റെ മരണശേഷവും അവര്‍ ഈ ശില്‍പം വളരെ കാര്യമായിത്തന്നെ പരിപാലിക്കുന്നു. ഏഴടി വീതിയും എട്ടടി ഉയരവുമുള്ള ‘ദി വേവി’ലെ കാലടികള്‍ വേനല്‍ക്കാലത്ത് അവര്‍ തുടച്ചു മിനുക്കുന്നു. വെങ്കലത്തില്‍ നിര്‍മിച്ചതായതിനാല്‍ ഈ സമയത്ത് അവ രണ്ടും പുത്തന്‍ പോലെ തിളങ്ങും. ശൈത്യകാലത്താവട്ടെ അവര്‍ ഈ കാലടികളില്‍ വര്‍ണാഭമായ സോക്സുകള്‍ ഇട്ടുകൊടുക്കുന്നു. ഇതു കൂടാതെ, കാതറിന്‍റെ തന്നെ മറ്റൊരു ശില്‍പമായ "ദി ഹർഡി ഗുർഡി"യും നഗരത്തിലുണ്ട്. ഒരു മനുഷ്യനും ഒരു കുരങ്ങും അടങ്ങുന്നതാണ് ഈ ശില്‍പം.

English Summary: The Wave statue in Newport, Rhode Island

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com