ചെലവ് കുറവ്, വീസ എളുപ്പം; മലയാളികള്‍ ഇപ്പോള്‍ ഒഴുകുന്നത് ഈ സുന്ദരരാജ്യത്തേക്ക്
Mail This Article
ഈ ഓണക്കാലത്ത് അവധിദിനങ്ങള്‍ അടിച്ചു പൊളിക്കാന്‍ യാത്രകള്‍ പ്ലാന്‍ ചെയ്ത മലയാളികള്‍ വളരെ കൂടുതലായിരുന്നു. പകര്‍ച്ചവ്യാധിയുടെ പേടി വിട്ടൊഴിഞ്ഞ ആദ്യ ഓണക്കാലം അല്‍പം കാര്യമായിത്തന്നെയാണ് എല്ലാവരും എടുത്തത്. ഊട്ടിയും മൂന്നാറും വാഗമണ്ണുമൊക്കെ പണ്ടേ പോയി, തായ്‍ലൻഡും മാലദ്വീപുമൊക്കെ ഉണ്ടെങ്കിലും ഇക്കുറി മലയാളികളുടെ കണ്ണ് പതിഞ്ഞത് മറ്റൊരു മനോഹര രാജ്യത്തിലേക്കായിരുന്നു; കഴിഞ്ഞ രണ്ട് മാസങ്ങളായി, അസർബൈജാൻ ആണ് സഞ്ചാരികളുടെ സൂപ്പര്‍സ്റ്റാര്‍!
ഓണക്കാലത്തിന് മുന്‍പുള്ള ഏതാനും ആഴ്ചകളായി മറ്റു രാജ്യങ്ങളിലേക്കുള്ള മലയാളി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായത്. ഏകദേശം 8000-10000 മലയാളി യാത്രക്കാർ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് ബാലി, അസർബൈജാൻ, ദുബായ്, സിംഗപ്പൂർ, തുർക്കി, തായ്‌ലൻഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയെന്നാണ് കണക്ക്.
ചെലവ് കുറവ്, വീസ എളുപ്പം
ആൾക്കൂട്ടവും തിരക്കും ഒഴിവാക്കി യാത്ര ചെയ്യാനാവും എന്നതാണ് അസർബൈജാന്‍റെ പ്രത്യേകത. എണ്ണവില കുറഞ്ഞതിന് ശേഷം അധികം ചെലവില്ലാതെ പോയി വരാവുന്ന ഒരു സ്ഥലമായി അസർബൈജാൻ മാറിയതും സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കി. ഇവിടേക്ക് വീസ കിട്ടാനും അധികം ബുദ്ധിമുട്ടില്ല. ധാരാളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഇപ്പോള്‍ അസര്‍ബൈജാനിലേക്കുള്ള യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്.
1990- കൾ മുതൽ അസർബൈജാനി സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന മേഖലയാണ് ടൂറിസം. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ റിപ്പോർട്ട് പ്രകാരം, 2010 മുതൽ 2016 വരെ സന്ദർശകരുടെ കയറ്റുമതിയിൽ ഏറ്റവും വലിയ വർധനവുണ്ടായ ആദ്യ പത്ത് രാജ്യങ്ങളിൽ ഒന്നാണ് അസർബൈജാൻ.
പ്രധാന കാഴ്ച
രാജ്യത്തെ ആദ്യ യുനെസ്കോ പൈതൃകസൈറ്റും തലസ്ഥാന നഗരവുമായ ബാക്കുവാണ് അസർബൈജാനിലെ ഒരു പ്രധാന കാഴ്ച. ചരിത്രപരവും വാസ്തുവിദ്യയുടെ മനോഹാരിത വഴിഞ്ഞൊഴുകുന്നതുമായ ഒട്ടേറെ കോട്ടകളും കൊട്ടാരങ്ങളും ഈ നഗരത്തിലുണ്ട്. ബാക്കുവിന്‍റെ തെക്കുപടിഞ്ഞാറുള്ള ഗോബുസ്ഥാൻ ദേശീയോദ്യാനത്തില്‍ 5,000 മുതൽ 40,000 വർഷം വരെ പഴക്കമുള്ള 6,000-ലധികം പാറ കൊത്തുപണികള്‍ കാണാം.
ഗഞ്ച , നഖ്‌ചിവൻ , ഗബാല , ഷാക്കി തുടങ്ങിയ റിസോര്‍ട്ട് പ്രദേശങ്ങള്‍ മനോഹരമായ കാലാവസ്ഥയ്ക്കും പ്രകൃതിഭംഗിക്കും പേരുകേട്ടതാണ്. ട്രെക്കിംഗ് പോലുള്ള സാഹസിക വിനോദങ്ങള്‍ക്കും മഞ്ഞുകാലങ്ങളില്‍ സ്കീയിംഗിനും സ്നോബോർഡിംഗിനുമെല്ലാം അവസരമൊരുക്കുന്ന പർവത വിനോദസഞ്ചാരവും അസർബൈജാനിൽ ജനപ്രിയമാണ്. ബാക്കുവിലെ ബാക്കു മ്യൂസിയം ഓഫ് മിനിയേച്ചർ ബുക്‌സ് ഉൾപ്പെടെ, ഗഞ്ച, നഖ്‌ചിവൻ, സുംഗൈറ്റ്, ലങ്കാരൻ, മിങ്‌ചെവിർ, ഷാക്കി തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ധാരാളം മ്യൂസിയങ്ങളുമുണ്ട്.
സന്ദര്‍ശനം എപ്പോള്‍
അസർബൈജാൻ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏപ്രിൽ മുതൽ ജൂൺ വരെയും സെപ്റ്റംബർ മുതൽ ഒക്‌ടോബർ വരെയും ആണ്. മാര്‍ച്ച് മാസത്തില്‍ പേർഷ്യൻ പുതുവർഷ ആഘോഷമായ നോവ്റൂസ് ബൈറാമി ആഘോഷങ്ങളിൽ പങ്കെടുക്കാന്‍ നിരവധി ആളുകള്‍ എത്താറുണ്ട്.
English Summary: Azerbaijan Travel Experience