തീ തുപ്പുന്ന ഡ്രാഗണുകളുടെ കഥ; ഒടിടി വിസ്മയത്തിന്റെ ഷൂട്ടിങ് സ്ഥലങ്ങളിലൂടെ
Mail This Article
ടെലിവിഷൻ, ഒടിടി ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഹിറ്റ് ആയ സീരീസാണ് ഗെയിം ഓഫ് ത്രോണ്‍സ്. വിസ്മയിപ്പിക്കുന്ന ഗ്രാഫിക്സും പിടിച്ചിരുത്തുന്ന കഥയുമെല്ലാം ജനലക്ഷങ്ങളുടെ ഹൃദയത്തിലാണ് കുടിയേറിയത്. ഇപ്പോഴിതാ, ഇതിന്‍റെ പ്രീക്വല്‍ ആയ ഹൗസ് ഓഫ് ദ് ഡ്രാഗണും ചരിത്രം ആവര്‍ത്തിച്ചു കൊണ്ട് റെക്കോർഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. വിശാലമായ ലാൻഡ്‌സ്‌കേപ്പുകളും ഗംഭീരമായ സെറ്റുകളും കൊണ്ട് കാഴ്ചക്കാരെ മറ്റൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഷോയുടെ ഷൂട്ടിങ് സ്ഥലങ്ങളെപ്പറ്റി അറിയാം.
കാസെറസ്, സ്പെയിൻ
സ്പെയിനിലെ എക്സ്ട്രീമദുര മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു മധ്യകാല നഗരമാണ് കാസെറസ്. ഇസ്‌ലാമിക്, റോമൻ, ഇറ്റാലിയൻ നവോത്ഥാന ശൈലികളുടെ മിശ്രണമാണ് ഇവിടുത്തെ വാസ്തുവിദ്യയുടെ പ്രത്യേകത എന്നു പറയാം. ഗെയിം ഓഫ് ത്രോൺസിലെ കിങ്സ് ലാൻഡ് ആയി കാണിക്കുന്നത് ഇവിടെയുള്ള ആർക്കോ ഡി ലാ എസ്ട്രെല്ല, ക്യൂസ്റ്റ ഡി ലാ കോമ്പാനിയ, പ്ലാസ ഡി സാന്താ മരിയ മുതലായ ഭാഗങ്ങളാണ്. 2021 ഒക്ടോബറിൽ ഹൗസ് ഓഫ് ദ് ഡ്രാഗണിന്‍റെ ചിത്രീകരണവും ഇവിടെ നടന്നു.
മൊൺസാന്റോ, പോർച്ചുഗൽ
മധ്യ പോർച്ചുഗലിലെ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഒരു ചെറിയ ഗ്രാമമാണ് മൊൺസാന്റോ. ഹൗസ് ഓഫ് ദ് ഡ്രാഗൺ ചിത്രീകരിച്ചത് മൊൺസാന്റോ കാസിലിലാണ്. നഗരത്തിലെ മറ്റു കെട്ടിടങ്ങള്‍ പോലെതന്നെ പ്രാദേശിക ഗ്രാനൈറ്റ് കൊണ്ട് നിർമിച്ച ഒരു മധ്യകാല കോട്ടയാണ് ഇത്.
സെന്‍റ് മൈക്കിൾസ് മൗണ്ട്, കോൺവാൾ, ഇംഗ്ലണ്ട്
പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഒരു കോട്ടയാണ് കോൺവാളിലെ സെന്‍റ് മൈക്കിൾസ് മൗണ്ട്. സെന്‍റ് ഓബിൻ കുടുംബത്തിന്‍റെ കുടുംബവീടാണിത്. എസ്റ്റേറ്റിന്‍റെ വെബ്‌സൈറ്റ് അനുസരിച്ച് ഈ കെട്ടിടം 999 വർഷത്തേക്ക് ഓബിൻ കുടുംബത്തിന് പാട്ടത്തിന് നല്‍കിയിരിക്കുന്നു. ഇവരാണ് ഇവിടം കാണാനെത്തുന്ന സന്ദര്‍ശകരെ നിയന്ത്രിക്കുന്നത്. വലേറിയന്‍മാരുടെ ഇടമായ ഡ്രിഫ്റ്റ്മാർക്ക് ചിത്രീകരിക്കാൻ ഇവിടമായിരുന്നു തിരഞ്ഞെടുത്തത്. വലേറിയന്‍മാരുടെ കുടുംബമുദ്രയായ കടല്‍ക്കുതിരയുടെ രൂപത്തിലുള്ള വലിയൊരു കമാനവും ഇവിടെ കാണാം.
ലാ കലഹോറ, ഗ്രാനഡ, സ്പെയിൻ
സ്പെയിനിന്‍റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ലാ കാലഹോറ, ഇറ്റലിക്ക് പുറത്തുള്ള ആദ്യത്തെ ഇറ്റാലിയൻ നവോത്ഥാന കോട്ടകളിൽ ഒന്നാണ്. ഗെയിം ഓഫ് ത്രോണ്‍സുമായി ബന്ധപ്പെട്ട് ലാ കലഹോറയും ഏറെനാള്‍ സജീവമായിരുന്നു. ഇവിടുത്തെ ഭൂരിഭാഗം ചിത്രീകരണവും രാത്രിയിലായിരുന്നു നടന്നത്
ലീവ്‌സ്‌ഡൻ സ്റ്റുഡിയോ, ഹെർട്ട്‌ഫോർഡ്‌ഷെയർ, ഇംഗ്ലണ്ട്
യൂറോപ്പിലെ വിവിധ പ്രദേശങ്ങളിലായിരുന്നു ഭൂരിഭാഗവും ചിത്രീകരണം നടന്നിരുന്നതെങ്കിലും, ലണ്ടന് പുറത്തുള്ള ലീവ്‌സ്‌ഡൻ സ്റ്റുഡിയോയിലും ഹൗസ് ഓഫ് ദ് ഡ്രാഗൺ ചിത്രീകരിച്ചിട്ടുണ്ട്. ഹാരി പോട്ടർ സിനിമകൾ ചിത്രീകരിച്ച അതേ വാർണർ ബ്രോസിന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയാണ് ലെവ്‌സ്‌ഡൻ സ്റ്റുഡിയോ.
ട്രൂജില്ലോ
സ്പെയിനിലെ മനോഹരമായ ഒരു മധ്യകാല നഗരമാണ് ട്രൂജില്ലോ. അതിശയിപ്പിക്കുന്ന നിര്‍മ്മാണചാരുതയുള്ള ഒട്ടനേകം മധ്യകാല കോട്ടകൾ ഇവിടെയുണ്ട്. കാസെറസില്‍ നിന്നും വെറും 45 കിലോമീറ്റർ മാത്രമേ ഇവിടേക്ക് ദൂരമുള്ളൂ.
English Summary: House of the Dragon Filming Locations You Can Visit