ADVERTISEMENT

ഒന്നിനൊന്നു വ്യത്യസ്തമായ നിരവധി രാജ്യങ്ങള്‍ ഉള്ള ഭൂഖണ്ഡമാണ് യൂറോപ്പ്. ഓരോ രാജ്യത്തിനും തനതായ സംസ്കാരവും ചരിത്രവും പാരമ്പര്യവും ഉണ്ട്. സഞ്ചാരികള്‍ക്ക് കാണാനും അറിയാനും ഒട്ടേറെ കാര്യങ്ങളാണ് ഇവിടങ്ങളിലുള്ളത്. ഇന്ത്യയിലുള്ള ഏകദേശം എല്ലാ സഞ്ചാരികളുടെയും സ്വപ്നമാണ് യൂറോപ്പ് ചുറ്റിക്കാണുക എന്നത്. എന്നാല്‍ ചിലവ് അല്‍പം കൂടുതലായതു കാരണം യാത്ര വേണ്ടെന്നു വയ്ക്കുകയാണ് പതിവ്. എന്നാല്‍ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാന്‍ പറ്റുന്ന നിരവധി യൂറോപ്യൻ രാജ്യങ്ങളുണ്ട്. ടിക്കറ്റ് നിരക്ക് ശ്രദ്ധാപൂർവം കൈകാര്യം ചെയ്താൽ പോക്കറ്റ് കാലിയാകാതെ താമസിക്കാവുന്ന ഇടങ്ങളുമുണ്ട്. അത്തരത്തിലുള്ള ചില ഇടങ്ങളെക്കുറിച്ച് കൂടുതലറിയാം.

ബൾഗേറിയ

Bulgaria
Sergej Razvodovskij/shutterstock

യൂറോപ്പില്‍ താങ്ങാവുന്ന ചെലവില്‍ പോയി വരാവുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ബള്‍ഗേറിയ. അതിമനോഹരമായ ബീച്ചുകൾക്കും കൗതുകകരമായ പർവതങ്ങൾക്കുമെല്ലാം പേരുകേട്ടതാണ് രാജ്യം. ഇവിടെയുള്ള മ്യൂസിയങ്ങള്‍ പോലുള്ള ആകര്‍ഷണങ്ങളിലെ പ്രവേശനഫീസും വളരെ കുറവാണ്. ഹോട്ടലുകൾക്ക്, ലൊക്കേഷൻ അനുസരിച്ച് 1500 രൂപയ്ക്കും 2500 രൂപയ്ക്കും ഇടയിലുള്ള താമസ സ്ഥലങ്ങളുണ്ട്.

ക്രൊയേഷ്യ

Croatia
Image-shutterstock

മനോഹരമായ ബീച്ചുകളാൽ ചുറ്റപ്പെട്ട ഒരു മാന്ത്രിക ഭൂമിയാണ് ക്രൊയേഷ്യ. ഡൈവിങ്, സ്നോർക്കെല്ലിങ്, മുതലായ സാഹസിക വിനോദങ്ങള്‍ ആസ്വദിക്കാനുള്ള അവസരവും ഇവിടെ ധാരാളമുണ്ട്. ഭക്ഷണത്തിനും ഗതാഗതത്തിനുമായി പ്രതിദിനം ഏകദേശം 2500 രൂപ ചെലവാകുന്നതായി കണക്കാക്കപ്പെടുന്നു. ഒരാള്‍ക്കുള്ള താമസത്തിനുള്ള ചെലവ് 2000 രൂപയ്ക്കും 3500 രൂപയ്ക്കും ഇടയിലാണ്.

ഹംഗറി

travel-Hungary
givaga/shutterstock

ഗുണനിലവാരമുള്ള വൈനുകൾക്കും വാസ്തുവിദ്യയ്ക്കും സമ്പന്നമായ നാടോടിപാരമ്പര്യത്തിനും തനതു സംഗീതത്തിനും പെയിന്റിംഗുകള്‍ക്കുമെല്ലാം പേരുകേട്ടതാണ് ഹംഗറി. ഇവിടെ ഒരുദിനം ഒരാള്‍ക്ക് ഭക്ഷണത്തിനും താമസത്തിനും ഒരു വ്യക്തിക്ക് ഏകദേശം 2000 രൂപ ചെലവാകും, അതേസമയം ഹോട്ടൽ താമസത്തിനുള്ള നിരക്ക് പ്രതിദിനം 3000 രൂപ മുതൽ 4000 രൂപ വരെയാണ്.

ചെക്ക് റിപ്പബ്ലിക്

എല്ലാവരും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന യൂറോപ്യൻ നഗരങ്ങളിൽ ഒന്നാണ് ചെക്ക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ പ്രാഗ്. യൂറോപ്പിലെ ഏറ്റവും കൗതുകമുണർത്തുന്ന നഗരങ്ങളുടെ കൂട്ടത്തിൽ കണക്കാക്കപ്പെടുന്ന പ്രാഗ് ഒരു ജീവനുള്ള ചരിത്ര പുസ്തകം പോലെയാണ്. യൂറോപ്പിലെ പല രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ചെക്ക് റിപ്പബ്ലിക് സന്ദർശിക്കാന്‍ വളരെ ചെലവുകുറവാണ്. ഒരുദിവസം 1500 രൂപയ്ക്കും 2500 രൂപയ്ക്കും ഇടയിൽ ഇവിടെ താമസസൗകര്യം ലഭിക്കും. രുചികരവും എന്നാല്‍ അധികവിലയില്ലാത്തതുമായ തെരുവോര ഭക്ഷണം ചെക്ക് റിപ്പബ്ലിക്കിന്‍റെ പ്രത്യേകതയാണ്.

റൊമാനിയ

travel-Romania
Vadym Lavra/shutterstock

ഡ്രാക്കുളയുടെ കഥയിലെ കാർപാത്തിയൻ പർവതനിരകളും വിസ്മയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും മധ്യകാല ഗ്രാമങ്ങളുടെ കാഴ്ചകളുമെല്ലാമായി  റൊമാനിയ നിങ്ങളെ ശരിക്കും ആകർഷിക്കുന്ന ഒരു സ്ഥലമാണ്. ഈ സ്ഥലം സന്ദർശിക്കുന്നവര്‍ക്ക് യൂറോപ്പിന്‍റെ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് ഉൾക്കാഴ്ച ലഭിക്കും. ചെലവുകുറഞ്ഞ ഹോട്ടലുകളും റെസ്റ്റോറന്റുകളുമാണ് ഇവിടെയുള്ളത്. ഒരു ദിവസം ഏകദേശം 3200 രൂപയാണ് ചിലവായി കണക്കാക്കുന്നത്.

പോളണ്ട്

poland

മനോഹരമായ ഭൂപ്രകൃതിക്കും പാർക്കുകൾക്കും കോട്ടകൾക്കും പേരുകേട്ടതാണ് ഈ സ്ഥലം. ഇറ്റലി കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും റൊമാന്റിക് രാജ്യമായും ഇത് അറിയപ്പെടുന്നു. മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പോളണ്ടിലേക്കുള്ള യാത്രയുടെ ചെലവ് മൂന്നിലൊന്നാണ് എന്നു പറയപ്പെടുന്നു. ഒരു ദിവസത്തേക്ക് 3000 മുതല്‍ 4000 രൂപ വരെയാണ് ചെലവ് കണക്കാക്കുന്നത്.

പോർച്ചുഗൽ

travel-Portugal
DaLiu/shutterstock

അതിമനോഹരമായ കടൽത്തീരങ്ങളും മനോഹരമായ ചെറിയ കുഗ്രാമങ്ങളും സമ്പന്നമായ സംസ്കാരവും ഉള്ള പോർച്ചുഗൽ ലോകമെമ്പാടുമുള്ള നിരവധി യാത്രക്കാരെ ആകർഷിക്കുന്നു. ഹോട്ടലുകൾ, ഭക്ഷണം, ഗതാഗതം, എല്ലാം ഇവിടെ താങ്ങാനാവുന്ന ചെലവില്‍ ലഭിക്കും. താമസത്തിനായി 2000 രൂപയിൽ താഴെ ചെലവില്‍ മികച്ച ഹോട്ടലുകള്‍ ഇവിടെ എളുപ്പത്തിൽ കണ്ടെത്താനാവും.

English Summary: Most Epic European Countries to Visit under 1-lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com