നിറംമാറുന്ന തടാകവും ജീവനുള്ള ഡ്രാഗണുകളും; ഇന്തൊനീഷ്യയുടെ കാണാക്കാഴ്ചകള്‍!
Mail This Article
ഇന്ത്യയെപ്പോലെത്തന്നെ, ഒട്ടേറെ ഭാഷകളും സാസ്കാരികവൈവിധ്യവും ജൈവസമ്പത്തും ഇമ്പമാര്‍ന്ന പ്രകൃതിയുമെല്ലാമുള്ള നാടാണ് ഇന്തൊനീഷ്യ. ഏകദേശം 17,000 ദ്വീപുകളുള്ള ഇന്തൊനേഷ്യ, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ രാജ്യമാണ്. ഈ വര്‍ഷത്തെ വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച്, ആഘോഷങ്ങള്‍ക്ക് ഔദ്യോഗിക ആതിഥേയത്വം വഹിക്കുന്നത് ഇന്തൊനേഷ്യയാണ്. എണ്ണിയാല്‍ ഒടുങ്ങാത്തത്ര സവിശേഷതകള്‍ നിറഞ്ഞ ഈ നാടിനെക്കുറിച്ച് ചില വിചിത്രമായ കാര്യങ്ങള്‍ മനസ്സിലാക്കാം.
ഇന്തൊനീഷ്യ എന്ന വാക്കിനെക്കുറിച്ച്
പ്രധാനമായും രണ്ട് വാക്കുകളിൽ നിന്നാണ് ഇന്തൊനേഷ്യ എന്ന വാക്ക് ഉരുത്തിരിഞ്ഞത്. ഇന്‍ഡസ് എന്ന വാക്കില്‍ നിന്നാണ് ‘ഇന്തൊ’ എന്ന ഭാഗം വന്നത്. സിന്ധു നദിയുടെ അരികിലുള്ള ഭൂമി എന്നാണ് ഇതിനര്‍ത്ഥം. രണ്ടാമത്തെ പദമായ നെസോസ് എന്നാൽ ദ്വീപ് എന്നാണ് അർത്ഥമാക്കുന്നത്.
ബരാക് ഒബാമയുടെ കുട്ടിക്കാലം
മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ബാല്യത്തിന്‍റെ ഒരു പ്രധാന ഭാഗം ഇന്തൊനേഷ്യയിലായിരുന്നു ചെലവഴിച്ചത്. ഒബാമയുടെ അമ്മയായിരുന്ന ആൻ ഡൻഹാം മികച്ച ഒരു ഗവേഷകയായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഖനികളിൽ ഒന്ന്
ഇന്തൊനീഷ്യയിലെ സെൻട്രൽ പപ്പുവയിലെ മിമിക റീജൻസിയിൽ ജയവിജയ പർവതത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഗ്രാസ്ബെർഗ് സ്വര്‍ണ്ണഖനിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ചെമ്പ് ഖനി കൂടിയാണിത്.
നിറം മാറുന്ന തടാകം
ഇന്തൊനീഷ്യയിലെ സെൻട്രൽ ഫ്ലോറസ് ദ്വീപിലെ മോണി എന്ന ചെറുപട്ടണത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന കേളിമുട്ടു അഗ്നിപർവ്വതത്തിന് മുകളിലെ ത്രീ ക്രേറ്റേഴ്സ് തടാകത്തിലെ വെള്ളം പലപ്പോഴും നിറം മാറുന്നു. അഗ്നിപർവ്വത വാതകങ്ങൾ ഈ തടാകങ്ങളിലെ ജലവുമായി പ്രതിപ്രവർത്തിക്കുന്നതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. 2016 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ ഗർത്തങ്ങളുടെ നിറം ആറ് തവണ മാറിയിരുന്നു.
ഏറ്റവും വലുതും മണമുള്ളതുമായ പുഷ്പത്തിന്‍റെ വീട്
സ്കൂള്‍ ക്ലാസുകളില്‍ എല്ലാവരും പഠിക്കുന്ന കാര്യമാണ് ലോകത്തിലെ ഏറ്റവും വലിയ പൂവാണ് റാഫ്ളേഷ്യയ അർനോൾഡി എന്നത്. ഒരു പൂവിന് 8 കിലോഗ്രാം വരെ ഭാരമുണ്ടാകും. കാണാന്‍ അതിമനോഹരമാണെങ്കിലും ഇതിന്‍റെ ഏഴയലത്ത് പോലും ചെല്ലാനാവില്ല എന്നതാണ് സത്യം, അത്രയ്ക്ക് ചീഞ്ഞ നാറ്റമാണ് ഈ പൂവിനുള്ളത്! ഈ മണം കൊണ്ടുതന്നെ ഇതിനെ ശവംനാറിപ്പൂ എന്നും വിളിക്കാറുണ്ട്. ഇന്തോനേഷ്യയില്‍ ചെല്ലുമ്പോള്‍ തീര്‍ച്ചയായും കാണേണ്ട ഒരു കാഴ്ചയാണ് ഇത്.
കൊമോഡോ ഡ്രാഗണിന്‍റെ വീട്
മധ്യ ഇന്തൊനീഷ്യയിലെ കൊമോഡോ, റിൻകാ, ഫ്ലോർസ്, ഗിലി മുതലായ ദ്വീപുകളിൽ കണ്ടുവരുന്നതും ഒരു പ്രത്യേക വംശത്തിൽപ്പെടുന്നവയുമായ പല്ലികളാണ് കൊമോഡോ ഡ്രാഗണുകൾ. ഇന്ന് ജീവിച്ചിരിക്കുന്നതില്‍ വെച്ച്, ഏറ്റവും വലിയ പല്ലിയാണിത്. പൂർണവളർച്ചയെത്തിയ കൊമോഡോ ഡ്രാഗണുകൾക്ക് സാധാരണയായി 70 കിലോഗ്രാം വരെ ഭാരമുണ്ടാകും. വംശനാശഭീഷണി നേരിടുന്ന ഇവ ഇന്തോനേഷ്യയില്‍ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സംരക്ഷണ പ്രവർത്തനങ്ങൾക്കായി കൊമോഡോ ദേശീയോദ്യാനം എന്നൊരു ദേശീയോദ്യാനം തന്നെ ഇവിടെയുണ്ട്.
English Summary: Indonesia Travel Experience