കടല്‍നടുവിലെ ആഡംബര വീടുകള്‍; പനാമയിലെ സീപോഡുകള്‍ വില്പനയ്ക്ക്
Mail This Article
കടലിന് നടുവിൽ താമസിക്കണോ? കാഴ്ചകൾ ആസ്വദിച്ച് സ്വപ്നതുല്യയമായി രാവുറങ്ങാം. എന്നാൽ പനാമയിലേക്ക് പറക്കാം. സഞ്ചാരികളെ അതിശയിപ്പിക്കുന്ന കാഴ്ചകളാണ് പനാമയിൽ ഒരുക്കിയിരിക്കുന്നത്. വെറുതേ ഒരു വീടല്ല, എല്ലാവിധ ആഡംബരങ്ങളോടും കൂടി കടലിനു നടുവില്‍ ജീവിക്കാനുള്ള കിടിലന്‍ താമസിടങ്ങളും ഇവിടെ റെഡിയായിക്കഴിഞ്ഞു.
പനാമയിലെ കരീബിയൻ തീരത്ത്, കോളനിലെ ലിന്റൺ ബേ മറീനയിൽ സമുദ്രനിരപ്പിൽ നിന്ന് മൂന്ന് മീറ്റർ ഉയരത്തിലാണ് ഫ്ലോട്ടിങ് സീപോഡുകള്‍ എന്നറിയപ്പെടുന്ന ഈ വീടുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിങ് ഇക്കോ റിസ്റ്റോറേറ്റീവ് പോഡ് വീടുകള്‍ എന്ന ഖ്യാതിയോടെ എത്തുന്ന ഈ കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് നൂതന മറൈൻ ടെക്‌നോളജി വിദഗ്ധരായ ഓഷ്യൻ ബിൽഡേഴ്‌സ് എന്ന കമ്പനിയാണ്.
ഡച്ച് വാസ്തുശിൽപി കോയിൻ ഓൾത്തൂയിസ് രൂപകൽപന ചെയ്ത ഈ വീടുകള്‍, ആധുനിക ജീവിതത്തിന്‍റെ ആഡംബരങ്ങൾ ഉപേക്ഷിക്കാൻ ആഗ്രഹിക്കാത്തവരും വെള്ളത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരുമായ ആളുകള്‍ക്ക് വേണ്ടിയുള്ളതാണ്. വളഞ്ഞ ചുവരുകളും അൾട്രാ-സ്ലീക്ക് ഡിസൈനും മിനിമലിസ്റ്റ് അലങ്കാരവുമുള്ള സീപോഡ് ഫ്ലാഗ്ഷിപ്പ് മോഡലിനുള്ളില്‍ 77 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ട്. രണ്ടുപേര്‍ക്ക് താമസിക്കാവുന്ന തരത്തിലാണ് ഈ ഫ്യൂച്ചറിസ്റ്റിക് യൂണിറ്റുകളുടെ രൂപകല്‍പന.
സഞ്ചാരികളെ കാത്ത് കാഴ്ചകൾ
പനാമയുടെ ഹൃദയത്തിലേക്ക് ഗാട്ടുന്‍ തടാകവും എംബെറ ഗോത്രക്കാരെയും കണ്ട് യാത്രപോകാം. ആധുനികകാലത്തെ മഹാദ്ഭുതങ്ങളിലൊന്നായാണ് പനാമ കനാല്‍ കണക്കാക്കപ്പെടുന്നത്.പനാമ കനാലിന്‍റെ ഹൃദയഭാഗത്തായാണ് ഗാട്ടുന്‍ തടാകം സ്ഥിതി ചെയ്യുന്നത്. കരീബിയന്‍ കടലില്‍ നിന്നും പസഫിക് മഹാസമുദ്രത്തിലേക്കുള്ള പാതയാണിത്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത തടാകങ്ങളിലൊന്നാണിത്.
ജൈവവൈവിധ്യത്തിന്‍റെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ പ്രദേശം. മഴക്കാടുകളും കണ്ടല്‍കാടുകള്‍ നിറഞ്ഞ തണ്ണീര്‍ത്തടങ്ങളും പര്‍വതപ്രദേശങ്ങളുമാണ് ഈ രാജ്യത്തിന്‍റെ പകുതിയോളം നിറഞ്ഞു കിടക്കുന്നത്. ആയിരക്കണക്കിന് സസ്യജാലങ്ങളും നൂറുകണക്കിന് സസ്തനികളും ആയിരത്തോളം പക്ഷികളും ഇവിടങ്ങളിലായി വസിക്കുന്നു. ഗാട്ടുന്‍ തടാകക്കരയിലായി പരന്നുകിടക്കുന്ന പ്രാചീനമായ മഴക്കാടുകള്‍ വൈവിധ്യമാർന്ന മധ്യ അമേരിക്കൻ മൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും പ്രകൃതിദത്ത ആവാസ സ്ഥലമാണ്. ഈ പ്രദേശത്തു കൂടി സഞ്ചരിക്കാന്‍ ടൂര്‍ ബോട്ട് സര്‍വീസ് ലഭ്യമാണ്. ഒന്നു റോന്തു ചുറ്റിയാല്‍ മരങ്ങളില്‍ ചാടിക്കളിക്കുന്ന നീളന്‍ വാലുള്ള കുരങ്ങന്മാരെയും കരയില്‍ വിശ്രമിക്കുന്ന മുതലക്കുഞ്ഞുങ്ങളെയും കാണാം.
കാഴ്ചകൾ ആസ്വദിച്ച് താമസിക്കാം
പുറത്തെ കാഴ്ചകള്‍ ആസ്വദിക്കാവുന്ന രീതിയില്‍ ക്രമീകരിച്ച മാസ്റ്റർ ബെഡ്‌റൂം, സ്വീകരണമുറി, അടുക്കള, കുളിമുറിയും, ഔട്ട്‌ഡോർ നടുമുറ്റം എന്നിവ ഇതിലുണ്ട്. താമസക്കാർക്ക് 360 ഡിഗ്രി തടസ്സമില്ലാത്ത സമുദ്രക്കാഴ്ചകൾ നൽകുന്ന ജനാലകളും ഈ വീടുകള്‍ക്കുണ്ട്. തേക്ക് തടികൊണ്ടുള്ള തറ, നിറം മാറ്റുന്ന ലൈറ്റുകൾ, വയർലെസ് ചാർജിങ് സ്റ്റേഷനുകൾ എന്നിവ ഓരോ സീപോഡിലുമുണ്ട്. കൂടാതെ ഓട്ടമേറ്റഡ് ബ്ലാക്ക്-ഔട്ട് ബ്ലൈൻഡുകളും സ്ലൈഡിങ് പാനൽ വിൻഡോകളും ലഭ്യമാണ്. കൂടുതല്‍ സൗകര്യങ്ങള്‍ വേണ്ടവര്‍ക്ക് ക്ലൈംബിങ് ഭിത്തികൾ, ഹരിതഗൃഹങ്ങൾ, സ്കൈലൈറ്റുകൾ, ഹോട്ട് ടബ്ബുകൾ, നടുമുറ്റം, പൂന്തോട്ടങ്ങൾ എന്നിവ ചേർക്കാനുള്ള ഓപ്ഷനുമുണ്ട്.
സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് പോഡിനുള്ളിലെ ലൈറ്റിങ്, ആന്തരിക വായു താപനില, ജല സമ്മർദ്ദം എന്നിവ നിയന്ത്രിക്കുന്നത്. സാങ്കേതിക ക്രമീകരണങ്ങൾ നിയന്ത്രിക്കാനും വാതിലുകൾ അൺലോക്ക് ചെയ്യാനും വിൻഡോകൾ തുറക്കാനും സംഗീതവും മൂഡ് ലൈറ്റിങ്ങുമെല്ലാം ഓണാക്കാനുമായി താമസക്കാരുടെ കയ്യില്‍ ഒരു സ്മാര്‍ട്ട് റിങ് ഉണ്ടാകും.
ഇവയ്ക്കുള്ളിലെ ജീവിതത്തെക്കുറിച്ച് ആവലാതി വേണ്ട. പോഡിനുള്ളിലേക്ക് പലചരക്ക് സാധനങ്ങളും മരുന്നും പോലെയുള്ള ദൈനംദിന അവശ്യവസ്തുക്കളും മറ്റും എത്തിക്കാന്‍ ഡ്രോൺ ഡെലിവറി സര്‍വീസ് ഉണ്ടാകും. ഡോൾഫിനുകളോ തിമിംഗലങ്ങളോ മറ്റ് കടൽജീവികളോ വരുമ്പോള്‍ മറൈൻ ഡിറ്റക്‌ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പോഡ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകും. മാലിന്യങ്ങള്‍ ശേഖരിക്കാനായി പോഡുകള്‍ സ്ഥാപിച്ചിരിക്കുന്ന ഭാഗത്ത് സദാ ചെറിയ ബോട്ടുകള്‍ റോന്തുചുറ്റും.
English Summary: World’s first floating pod homes launched in Panama