ഈജിപ്ഷ്യൻ പിരമിഡുകളുടെ പശ്ചാത്തലത്തിൽ നടൻ അനില്‍ കപൂറും ഭാര്യയും
Mail This Article
ഈജിപ്തില്‍ അവധിക്കാലം ആഘോഷമാക്കി ബോളിവുഡ് നടന്‍ അനില്‍ കപൂര്‍. ഭാര്യ സുനിത കപൂറിനൊപ്പമാണ് ഇക്കുറി യാത്ര. പുരാതന പിരമിഡുകളുടെ പശ്ചാത്തലത്തിൽ ഇരുവരും ചേര്‍ന്നെടുത്ത ഒരുപാടു ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ അനില്‍ കപൂര്‍ പങ്കുവച്ചിട്ടുണ്ട്. ഇവരുടെ മക്കളായ നടി സോനം കപൂറും ഡിസൈനർ റിയ കപൂറും ഈ ചിത്രങ്ങൾ റീപോസ്റ്റ് ചെയ്തിട്ടുണ്ട്.
ഈജിപ്തിലെ പ്രധാന നഗരങ്ങളിലൊന്നായ കെയ്റോയില്‍ നിന്നാണ് അനില്‍ കപൂര്‍ ആദ്യത്തെ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. പശ്ചാത്തലത്തില്‍ പിരമിഡുകളും സ്ഫിംഗ്സും കാണാം. പോകുന്നിടത്തെല്ലാം കയ്യോടുകൈ ചേര്‍ത്ത് ഓര്‍മകള്‍ ഉണ്ടാക്കുകയാണെന്ന് അനില്‍ കപൂര്‍ ഈ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്.
ഗിസ പിരമിഡ് സമുച്ചയവും പുരാതന നഗരങ്ങളും
ഈജിപ്തിന്‍റെ തലസ്ഥാനമാണ് കെയ്‌റോ. നൈല്‍ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ നഗരം ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം കൂടിയാണ്. പ്രശസ്തമായ ഗിസ പിരമിഡ് സമുച്ചയവും പുരാതന നഗരങ്ങളായ മെംഫിസും ഹീലിയോപോളിസുമെല്ലാം ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാൽ കെയ്‌റോ പുരാതന ഈജിപ്തുമായി ബന്ധപ്പെട്ടിരിക്കുന്നു . ഇസ്ലാമിക വാസ്തുവിദ്യയുടെ മനോഹാരിത നിറഞ്ഞു നില്‍ക്കുന്ന കെയ്റോ നഗരത്തെ " ആയിരം മിനാരങ്ങളുടെ നഗരം" എന്നു വിശേഷിപ്പിക്കാറുണ്ട്. ലോകത്തിലെ ഏറ്റവും പഴയ രണ്ടാമത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ അൽ-അസ്ഹർ സർവകലാശാല ഇവിടെയാണ്.
ഗിസയിൽ സ്ഥിതിചെയ്യുന്ന, മനുഷ്യ ശിരസ്സും സിംഹത്തിന്‍റെ ഉടലുമുള്ള ഭീമന്‍ പ്രതിമയും ചരിത്രസ്മാരകവുമായ സ്ഫിങ്ക്സും പിന്നിലായി കാണാം. ഈജിപ്തിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന പുരാതന ശില്പങ്ങളിൽ ഒന്നാണ് സ്ഫിങ്ക്സ്. പണ്ടുകാലത്ത് ഈജിപ്തിലെ ഫറവോ ആയിരുന്ന ഖഫ്രെയുടെ ഭരണകാലത്താണ് ഇത് പണികഴിപ്പിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു.ഈജിപ്തിലെ മറ്റൊരു പ്രധാന നഗരമായ ലക്സറിലേക്ക് പോകുംമുന്‍പേ എടുത്ത മറ്റൊരു ചിത്രവും അനില്‍ കപൂര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പുരാതന ഈജിപ്ഷ്യന്‍ നഗരമായിരുന്ന തീബ്സ് സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് കെട്ടിപ്പൊക്കിയ ഒരു ആധുനിക നഗരമാണ് ലക്സര്‍. പുരാതന ഈജിപ്ഷ്യൻ ക്ഷേത്ര സമുച്ചയങ്ങളുടെ അവശിഷ്ടങ്ങൾ ഇവിടെ ഇപ്പോഴും നിൽക്കുന്നതിനാൽ ലക്സറിനെ "ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ എയർ മ്യൂസിയം" എന്ന് വിശേഷിപ്പിക്കാറുണ്ട്. നൈൽ നദിക്ക് തൊട്ടടുത്തായി , തെബൻ നെക്രോപോളിസിന്‍റെ സ്മാരകങ്ങളും ക്ഷേത്രങ്ങളും ശവകുടീരങ്ങളും സ്ഥിതിചെയ്യുന്നു , അതിൽ പ്രശസ്തമായ രാജാക്കന്മാരുടെ താഴ്‌വരയും രാജ്ഞിമാരുടെ താഴ്‌വരയും ഉൾപ്പെടുന്നു . ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിനോദസഞ്ചാരികൾ ഈ സ്മാരകങ്ങൾ സന്ദർശിക്കാൻ വർഷം തോറും എത്തിച്ചേരുന്നു. മെഡിനെറ്റ് ഹാബു, റമേസിയം, ദേ, ർ എൽ-മദീന, ദേർ എൽ-ബഹാരി, മൽക്കത, കൊളോസി ഓഫ് മെംനോൻ, മമ്മിഫിക്കേഷൻ മ്യൂസിയം മുതലായ ഒട്ടേറെ വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ ലക്സര്‍ നഗരത്തിലുണ്ട്.
English Summary: Anil Kapoor Shares Travel Pictures from Egypt