ജോലി ചെയ്യാതെ എങ്ങനെ ലോകം മുഴുവന്‍ സഞ്ചരിക്കാം? ഷെനാസിന്റെ ടിപ്പുകള്‍!
Mail This Article
ജോലി വിട്ടു ലോകം മുഴുവന്‍ സഞ്ചരിക്കണം എന്ന് ആഗ്രഹം പറയുന്ന ഒട്ടേറെ പേരുണ്ട്. അപ്പോള്‍ ഒരു ചോദ്യം കടന്നുവരും, യാത്രച്ചെലവുകള്‍ക്കുള്ള പണം എവിടെനിന്ന് കണ്ടെത്തും? അതിനുള്ള ഒരൊറ്റയുത്തരമേയുള്ളൂ, യാത്രയില്‍ നിന്നുതന്നെ കണ്ടെത്തണം!
ഇക്കാര്യം മനസ്സിലാക്കുകയും കൃത്യമായി പ്ലാന്‍ ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്ന ഒട്ടേറെ ട്രാവല്‍ വ്ളോഗര്‍മാരുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പ്രശസ്തയാണ് ഷെനാസ് ട്രഷറിവാല. നടിയും മോഡലുമായ ശേഷം യാത്ര തന്നെ കരിയര്‍ ആയി തിരഞ്ഞെടുത്ത ആളാണ് ഷെനാസ്. ഇതുവരെ നൂറിലേറെ രാജ്യങ്ങൾ സന്ദര്‍ശിച്ചിട്ടുണ്ട്. കോസ്മോപൊളിറ്റൻ, എല്ലെ, ഫെമിന എന്നിവയ്ക്കായി യാത്രാ ലേഖനങ്ങൾ എഴുതി. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആരാധകരാണ് ഷെനാസിനെ ഫോളോ ചെയ്യുന്നത്.
യാത്രയോടുള്ള പ്രണയം
മുംബൈയിൽനിന്നു സൂയസിലേക്കു പുറപ്പെട്ട കപ്പലിലാണ് ഷെനാസ് ജനിച്ചത്. മിക്ക കപ്പിത്താന്മാരുടെയും മക്കളെപ്പോലെ അഞ്ചു വയസ്സു വരെ കപ്പലിലായിരുന്നു അവളുടെ ജീവിതം. തിരമാലകൾ ചൂണ്ടിക്കാണിച്ച് അമ്മ പറഞ്ഞു കൊടുത്ത കഥകളിലൂടെ അവൾ ഈ ലോകത്തെ കണ്ടു. വളർന്നു വലുതായി ഹിന്ദി സിനിമയിൽ താരമായപ്പോഴേക്കും യാത്രകൾ ഷെനാസിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു.
വീണു കിട്ടുന്ന ഒഴിവുസമയത്തു പോലും വീട്ടിലിരിക്കാതെ അവൾ യാത്ര ചെയ്തു. ഷെനാസിന്റെ യൂട്യൂബിൽ യാത്രകളുടെ നിരവധി വിഡിയോകൾ കാണാം.
എങ്ങനെയാണ് ലോകം മുഴുവന്‍ ഇങ്ങനെ പാറിപ്പറക്കാനാവുന്നത് എന്നതിന് ഷെനാസിന് വ്യക്തമായ ഉത്തരമുണ്ട്. കാണുംപോലെ അത്ര ആയാസരഹിതമല്ല അതിനു പിന്നിലെ പ്ലാനിങ്. വളരെ ബുദ്ധിപരമായി ഷെനാസ് ചെയ്ത ആസൂത്രണമാണ് ഇന്നത്തെ രീതിയില്‍ ജീവിക്കാന്‍ അവരെ പ്രാപ്തയാക്കിയത്. തന്നെപ്പോലെ യാത്രയെ പ്രാണന് തുല്യം സ്നേഹിക്കുന്ന ആളുകള്‍ക്ക് യാത്രയ്ക്കായി പണം സൂക്ഷിച്ചു വയ്ക്കുന്നതിനും ബുദ്ധിപൂര്‍വം ചെലവഴിക്കുന്നതിനും വേണ്ടിയുള്ള ടിപ്പുകള്‍ ഷെനാസ് ഈയിടെ ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ ആയി പോസ്റ്റ് ചെയ്തിരുന്നു.
വിഡിയോക്കൊപ്പം ഷെനാസ് പങ്കുവച്ച കുറിപ്പ് വായിക്കാം:
ഞാൻ ചെറിയ കുട്ടിയായിരുന്ന സമയത്ത്, വലുതാകുമ്പോള്‍ ആരാകണമെന്ന് ആളുകള്‍ എന്നോടു ചോദിക്കുമായിരുന്നു.
നടി എന്ന് ഞാൻ പറഞ്ഞില്ല.
മോഡൽ എന്ന് ഞാൻ പറഞ്ഞില്ല.
ട്രാവൽ ബ്ലോഗർ എന്ന് ഞാൻ പറഞ്ഞില്ല, കാരണം അന്നങ്ങനെയൊരു സംഭവമേ ഉണ്ടായിരുന്നില്ല…
ലോകമെമ്പാടും സഞ്ചരിക്കാൻ എനിക്ക് അവസരം നല്‍കുന്നതെന്തോ, അത് ചെയ്യണമെന്ന് ഞാൻ പറഞ്ഞു.
5 വർഷം മുന്‍പ് അഭിനയം ഉപേക്ഷിച്ച് യാത്ര ചെയ്യാൻ തീരുമാനിച്ചപ്പോൾ അതില്‍നിന്നു വരുമാനം ലഭിക്കുമോ എന്നു പോലും എനിക്കറിയില്ലായിരുന്നു.
എന്നാല്‍ ഈ പോയിന്‍റുകള്‍ ചെലവ് കണക്കാക്കാനും എന്‍റെ സ്വപ്നത്തിനായി പണം ലാഭിക്കാനും സഹായിച്ചു.
ഇന്ന്, ഞാൻ ലോകം ചുറ്റി സഞ്ചരിക്കുക മാത്രമല്ല, അതില്‍നിന്നു വരുമാനം കണ്ടെത്തുകയും ചെയ്യുന്നു. ഇതെല്ലാം സ്വന്തമായി ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ ശരിക്കും അഭിമാനിക്കുന്നു, ഇന്ന് എനിക്ക് എന്റെ മാതാപിതാക്കളെ പോലും എന്നോടൊപ്പം കൊണ്ടുപോകാൻ കഴിയും! അതിലും വലിയ സന്തോഷം വേറെ ഇല്ല.
അമ്മ ആഗ്രഹിക്കുന്നതുപോലെ എനിക്ക് സ്വന്തമായി ഒരു അപ്പാർട്ട്മെന്റ് ഇല്ല. ഞാൻ എന്‍റെ മാതാപിതാക്കളുടെ കാർ ആണ് ഉപയോഗിക്കുന്നത്. അതുവഴി എനിക്ക് യാത്ര ചെയ്യാനായി ആ പണം ലാഭിക്കാം!
വലുതാകുമ്പോള്‍ എന്താവാനാണ് നിങ്ങൾ ആഗ്രഹിച്ചത്? നിങ്ങൾ അത് ചെയ്തോ? നിങ്ങൾ അത് ചെയ്യുന്നുണ്ടോ? ഇൗ ടിപ്സ് നിങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു’’
ഷെനാസ് വിഡിയോയില്‍ പങ്കുവച്ച യാത്രാ ടിപ്പുകൾ
∙അധികം പണം ചെലവാകുന്ന അനുഭവങ്ങളും വസ്തുക്കളും ഒഴിവാക്കുക.
∙യാത്രയ്‌ക്കായി ഒരു പ്രത്യേക അക്കൗണ്ട് ഉണ്ടാക്കുക, നിങ്ങളുടെ വരുമാനത്തിന്‍റെ 10 ശതമാനം ഈ അക്കൗണ്ടിൽ ഇടുക.
∙ഒരു ബജറ്റ് കൃത്യമായി പിന്തുടരുക. നിങ്ങൾക്ക് കഴിയുന്നിടത്തെല്ലാം ലാഭിക്കുക.
∙ ആപ്പുകൾ ഉപയോഗിച്ചോ എഴുതിയോ നിങ്ങളുടെ ചെലവ് ട്രാക്ക് ചെയ്യുക.
∙ എയർലൈനുകൾ, ക്രെഡിറ്റ് കാർഡുകൾ, ഹോട്ടലുകൾ മുതലായവ നൽകുന്ന വിവിധ ഓഫറുകൾ പ്രയോജനപ്പെടുത്തുക. നിങ്ങൾക്ക് പോയിന്റുകൾ ശേഖരിക്കാനും അവ റിഡീം ചെയ്യാനും അതോടൊപ്പം ചില അപ്‌ഗ്രേഡുകൾ, സൗജന്യ താമസസൗകര്യം മുതലായവ നേടാനും കഴിയും.
∙ഫ്ലെക്സിബിള്‍ ആയ യാത്രാ ഷെഡ്യൂള്‍ തിരഞ്ഞെടുക്കുക. മികച്ച ഡീലുകൾക്കായി ഓഫ് സീസണുകൾ തിരഞ്ഞെടുക്കുക.
English Summary: Shenaz Treasury shares tips for saving money while travelling