ഭർത്താവിനൊപ്പം ബാലിയിൽ ആഘോഷം; ചിത്രങ്ങൾ പങ്കിട്ട് മൃദുല
Mail This Article
അഭിനയം പോലെ തന്നെ യാത്രകളെയും പാഷനായി കാണുന്നയാളാണ് പ്രേക്ഷകരുടെ പ്രിയതാരം മൃദുല മുരളി. ഇഷ്ടപ്പെട്ട ഇടത്തേയ്ക്ക് ഒറ്റയ്ക്കാണെങ്കിലും യാത്ര പോകുക അതാണ് ഹോബി. ഇപ്പോഴിതാ ബാലി യാത്രയിലാണ് താരം. പുതിയ കാഴ്ചകൾ, ആളുകൾ, നാടിന്റെ സംസ്കാരം, പുതിയ വിഭവങ്ങൾ എന്നുവേണ്ട സകലതും പഠിക്കുന്നത് യാത്രകളിലൂടെയാണ്. സഞ്ചാരത്തിലൂടെ നേടുന്ന അറിവുകൾ വളരെ വലുതാണ്. മനോഹരമായ ബാലിയുടെ കാഴ്ചകൾ നിറഞ്ഞ നിരവധി ചിത്രങ്ങളും സമൂഹമാധ്യമത്തിൽ മൃദുല പങ്കുവച്ചിട്ടുണ്ട്. ഇക്കുറി ഒറ്റയ്ക്കല്ല ഭർത്താവ് നിതിനും ഒപ്പമുണ്ട്.
കഴിഞ്ഞിടയ്ക്ക് മൃദുല ഹിമാചലിന്റെ കാഴ്ചകളിലേക്ക് ഒറ്റയ്ക്ക് യാത്ര നടത്തിയിരുന്നു. മഞ്ഞിൽ പൊതിഞ്ഞ മലനിരകളുടെ പശ്ചാത്തലത്തിൽ താരം കാഴ്ച ആസ്വദിക്കുന്നതും പാരാഗ്ലൈഡിങ് നടത്തുന്നതുമൊക്കെയുള്ള വിഡിയോയും അന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഹിമാചലും റോഹ്താങ് പാസും സ്പിതി വാലിയും ചന്ദ്രതാലുമൊക്കെ ചുറ്റിയടിച്ചുള്ള യാത്രയായിരുന്നു അത്. യാത്രകളിലെ ചിത്രങ്ങളെല്ലാം തന്നെ ആരാധകർക്കായി പങ്കുവയ്ക്കാനും മൃദുല മറക്കാറില്ല.
മാലദ്വീപ് പോലെ ബാലിയും
മാലദ്വീപ് പോലെ ബാലിയും സഞ്ചാരികളുടെ പ്രിയ ഡെസ്റ്റിനേഷനുകളിലൊന്നാണ്. സെലിബ്രിറ്റികള്‍ അടക്കമുള്ളവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ഒരു ഇടം കൂടിയാണ് ബാലി. ബീച്ചും പർവതങ്ങളും പച്ചപ്പും പുരാതന ക്ഷേത്രങ്ങളുമെല്ലാമായി സഞ്ചാരിക്ക് വേണ്ടതെല്ലാം ഇൗ മനോഹരയിടത്തുണ്ട്. ഓരോ തവണയും ഈ സ്വര്‍ഗഭൂമി പകര്‍ന്നു തരുന്ന അനുഭവങ്ങളും വ്യത്യസ്തമായിരിക്കും. ഒരിക്കല്‍ ഇവിടം സന്ദര്‍ശിച്ചവര്‍ എന്തുകൊണ്ടാണ് വീണ്ടും ഈ മായിക ഭൂമിയിലേക്ക് യാത്ര ചെയ്യാന്‍ കൊതിക്കുന്നത്? അതിനു ചില കാരണങ്ങളുണ്ട്!
ഭൂമിയിലെ സ്വര്‍ഗം
ബാലിയിലെത്തുന്ന ആരും ഒരു നിമിഷം സംശയിച്ചു പോകും, ഇത് സ്വര്‍ഗമാണോ എന്ന്. മനോഹരമായ നീലാകാശവും പരമ്പരാഗത സരോംഗ് പാവാട, സാബുക്, സെമയ വസ്ത്രങ്ങള്‍ അണിഞ്ഞു ചുറ്റി നടക്കുന്ന പ്രാദേശികരും സുന്ദരമായ ഭൂപ്രകൃതിയും മികച്ച നൂറുകണക്കിന് അനുഭവങ്ങളുമെല്ലാം ചേര്‍ന്ന് ഇവിടെയെത്തുന്ന ഓരോ ആള്‍ക്കും തോന്നും.
പാര്‍ട്ടിക്ക് പറ്റിയ ഇടം
ബാലിയില്‍ കുട്ട എന്ന് പേരുള്ള ഒരു ഇടമുണ്ട്. പാര്‍ട്ടി പ്രാന്തന്മാര്‍ക്ക് ഇവിടേക്ക് പോകാം. ബാലിയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് അല്‍പ്പം പരിഷ്കാരം കൂടുതലുള്ള സ്ഥലമാണ് ഇവിടം. യാത്രികര്‍ക്ക് മികച്ച പല ഓഫറുകളും കിട്ടും. ഓപ്പണ്‍ ബാറുകള്‍, റൂഫ്ടോപ് റെസ്റ്റോറന്റുകൾ തുടങ്ങി സംഘം ചേര്‍ന്ന് വരുന്നവര്‍ക്ക് അടിച്ചു പൊളിക്കാന്‍ പറ്റിയ എല്ലാം ഇവിടെ ഉണ്ട്. ബാലിയിലെ ഏറ്റവും പ്രശസ്തമായ ബിയര്‍ ആയ ബിന്‍ടാംഗ് ഇവിടെ 200 രൂപക്ക് കിട്ടും. രാത്രി മുഴുവന്‍ മഞ്ഞവെളിച്ചവും പതിഞ്ഞ സംഗീതവുമൊക്കെ ആസ്വദിച്ച് ഇവിടെ ചെലവഴിക്കാം.
യാത്ര അത്ര കടുപ്പമല്ല
സാധാരണയായി മറ്റു ദ്വീപ് രാജ്യങ്ങളില്‍ ഒക്കെ പോകുമ്പോള്‍ ഉള്ള ഏറ്റവും വലിയ ബുദ്ധിമുട്ടാണ് ഗതാഗത സൗകര്യം ചെലവേറിയതാണ് എന്നത്. എന്നാല്‍ ബാലിയില്‍ അധിക നിരക്കില്ലാതെ തന്നെ പ്രാദേശിക യാത്രകള്‍ നടക്കും. ഇ റിക്ഷകളും ഫെറി സൗകര്യങ്ങളും ബസുകളും എല്ലാം കുറഞ്ഞ ചെലവില്‍ യാത്രികര്‍ക്ക് ഉപയോഗപ്പെടുത്താം.
താമസം: വില തുച്ഛം, ഗുണമോ മെച്ചം!
സഞ്ചാരികള്‍ക്ക് ലക്ഷ്വറി ഹോട്ടലുകളിലെ താമസം അവിശ്വസനീയമായ നിരക്കില്‍ ലഭ്യമാകും എന്നതാണ് ബാലിയിലെ മറ്റൊരു പ്രത്യേകത. ഈ താമസസ്ഥലങ്ങളിൽ ചിലതൊക്കെ ദ്വീപിന്റെ ഹൃദയഭാഗത്തു തന്നെയാണ്. ക്ഷേത്രങ്ങൾ, ബീച്ചുകൾ, പ്രാദേശിക മാര്‍ക്കറ്റുകള്‍ എന്നിവയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. ഗ്രൂപ്പുകളായി വന്നെത്തുന്നവര്‍ക്ക് താമസിക്കാനാവുന്ന മനോഹരമായ ദ്വീപ് റിസോർട്ടുകളുമുണ്ട്.
ബാലിയുടെ തനതു രുചി
ബാലിയുടെ തനതു രുചി ആസ്വദിക്കാതെ തിരിച്ചു വന്നാല്‍ യാത്ര ഒരിക്കലും പൂര്‍ണമാവില്ല. ഇറച്ചി ഉരുട്ടിയത് ചേര്‍ത്തുണ്ടാക്കുന്ന 'ബാക് സോ'യില്‍ തുടങ്ങാം. ഇന്തൊനേഷ്യയുടെ തനതു ഭക്ഷണമാണ് ഇത്. ഇതല്ലെങ്കില്‍ ബീച്ചിനരികെ തിരകളും നോക്കി അത്താഴം കഴിക്കാം. ബീഫ്, ചിക്കന്‍ സാറ്റെ, സ്പ്രിംഗ് റോള്‍സ്, ചോള പക്കോട, ഫ്രൈ ചെയ്ത ചെമ്മീന്‍, സൂപ്പ് ബന്‍ടുട്ട് ഉബുദ്, കലമാരി, സാല്‍മന്‍, ഒക്സ്ടെയില്‍ സൂപ്പ്... അങ്ങനെയങ്ങനെ എത്ര രുചി വൈവിധ്യങ്ങളാണെന്നോ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്!
English Summary: Celebrity Travel, Mrudula Murali Enjoys Holiday In Bali