ADVERTISEMENT

അവതാരകയായും അഭിനേത്രിയായും മിനിസ്ക്രീനിൽ തിളങ്ങിനിൽക്കുന്ന ആര്യ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സുന്ദരമായ ഇൗ ലോകത്തിലെ മിക്കയിടങ്ങളും കാണാൻ സാധിച്ചതിൽ ഏറെ സന്തോഷവതിയാണ് താരം. യാത്രപോകാനും കാഴ്ചകളാസ്വദിക്കാനും ആഗ്രഹിച്ച ആര്യ ഇന്ന് കാണാത്തയിടങ്ങൾ ചുരുക്കമാണ്. ജോലിയുടെ ഭാഗമായി വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ പോയിട്ടുണ്ട്. ഇപ്പോഴിതാ ഓസ്ട്രേലിയയിൽ അവധിക്കാലയാത്രയിലാണ്.

 

 പ്രകൃതിസ്നേഹിയും ഡിസ്കവറി നെറ്റ്‌വർക്സ് വഴി സം‌പ്രേഷണം ചെയ്ത ‘ക്രോക്കൊഡൈൽ ഹണ്ടർ’ എന്ന പരിപാടിയിലൂടെ പ്രശസ്തനുമായിരുന്ന സ്റ്റീവ് ഇര്‍വിന്‍റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള മൃഗശാല സന്ദര്‍ശിച്ച അനുഭവമാണ് ആര്യ ആരാധകരുമായി പങ്കുവയ്ക്കുന്നത്. ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പിനൊപ്പം ദൃശ്യങ്ങളും ആര്യ പങ്കുവച്ചിട്ടുണ്ട്.

 

'എന്‍റെ അച്ഛൻ, നാറ്റ് ജിയോ ആനിമൽ പ്ലാനറ്റ് ചാനലിന്‍റെ ആരാധകനായിരുന്നു, ഞങ്ങൾ കുട്ടികളായിരിക്കുമ്പോൾ ഈ ചാനല്‍ കാണാന്‍ അച്ഛന്‍ ഞങ്ങളെ പ്രേരിപ്പിക്കുമായിരുന്നു. അങ്ങനെ ഞാന്‍ സ്റ്റീവ് ആരാധികയായി മാറി. അദ്ദേഹം മരിച്ചപ്പോള്‍ എനിക്ക് വലിയ വിഷമമായിരുന്നു. മൃഗങ്ങളെ, പ്രത്യേകിച്ച് ഉരഗങ്ങളെ അത്രത്തോളം സ്നേഹിച്ചിരുന്ന അദ്ദേഹം മരണപ്പെട്ട രീതി അതിലേറെ ദുഃഖമായി. ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്ക് ശേഷം സ്റ്റീവിന്‍റെ കുടുംബം പരിപാലിക്കുന്ന ഓസ്ട്രേലിയന്‍ സൂ സന്ദര്‍ശിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. സ്റ്റീവ് സംരക്ഷിച്ച ഉരഗങ്ങളും ഇവിടെയുണ്ട്... മികച്ചൊരു അനുഭവമായിരുന്നു ഇത്' ആര്യ എഴുതുന്നു.

 

 

സ്റ്റീവ് ഇർവിന്‍റെ സാന്നിദ്ധ്യം ഓസ്ട്രേലിയയിലേക്കുള്ള വിനോദ സഞ്ചാരത്തിന്‍റെ കുതിച്ചു കയറ്റത്തിനു തന്നെ കാരണമായെന്നു പറയാറുണ്ട്. 2006- ല്‍ ഒരു പരമ്പരയുടെ ചിത്രീകരണത്തിനായി ഗ്രേറ്റ് ബാരിയർ റീഫിൽ പ്രവർത്തിച്ചുകൊണ്ടിരിക്കവേ തിരണ്ടിയുടെ ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടത് ലോകമെങ്ങുമുള്ള ആരാധകരെ സങ്കടക്കടലിലാഴ്ത്തി.

 

 ക്വീൻസ്‌ലാൻഡിൽ സൺഷൈൻ തീരത്ത് ബീർവ/ ഗ്ലാസ് ഹൗസ് പർവതനിരകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന 700 ഏക്കർ മൃഗശാലയിലാണ് സ്റ്റീവിന്‍റെ കല്ലറ സ്ഥിതിചെയ്യുന്നത്. സ്റ്റീവിന്‍റെ മാതാപിതാക്കളായ ബോബും ലിൻ ഇർവിനും ചേർന്ന് മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി ആരംഭിച്ചതായിരുന്നു ഈ മൃഗശാല. സ്റ്റീവിന്‍റെ വിധവയായ ടെറി ഇർവിന്‍റെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ ഈ മൃഗശാല.

 

 ധാരാളം പക്ഷികൾ, സസ്തനികൾ, ഉരഗങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ട്. മൃഗശാലയിലെ 'മൗണ്ട് ഫ്രാങ്ക്ലിൻ ക്രോക്കോസിയം' സ്റ്റേഡിയത്തിൽ 5,000 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. മൃഗങ്ങളുടെ പ്രദർശനത്തിനാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. കംബോഡിയയിലെ അങ്കോർ വാട്ട് ക്ഷേത്രത്തിന് സമാനമായി നിര്‍മ്മിച്ചതും അണ്ടർവാട്ടർ വ്യൂവിംഗ് ഏരിയയോടു കൂടിയതുമായ ടൈഗർ ടെമ്പിൾ, ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഏഷ്യൻ ആനക്കൂട്ടമുള്ള എലിഫന്റേഷ്യ, മഴക്കാടിനുള്ളില്‍ 150 ഓളം പക്ഷികളെ പാർപ്പിക്കുന്ന ഒരു ഔട്ട്ഡോർ വാക്ക്-ത്രൂ ഏവിയറി, ഒരു അത്തിമരത്തിന് ചുറ്റും നിർമ്മിച്ച മൂന്ന് നിലകളുള്ള ട്രീഹൗസ് ആയ ബിൻഡീസ് ഐലൻഡ് എന്നിവയാണ് ഇവിടുത്തെ മറ്റു ആകര്‍ഷണങ്ങള്‍.

 

കൂടാതെ, മൃഗശാലയിൽ കളിസ്ഥലങ്ങളും ജംപിങ് പില്ലോയും വാട്ടർ സ്പ്ലാഷ് പാർക്കും ഉൾപ്പെടുന്നു. ഭക്ഷണം കഴിക്കാനായി കഫേയുണ്ട്. സന്ദർശകർക്ക് കംഗാരുക്കൾ, വാലാബികൾ, കോലകൾ എന്നിവയ്ക്ക് ഭക്ഷണം നൽകാനും മൃഗങ്ങളോടൊപ്പം അവരുടെ ചിത്രം എടുക്കാനും അവസരമുണ്ട്.

English Summary: Celebrity Travel, Arya Enjoys Holiday In Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com