‘ആരും മരിക്കാത്ത നഗരം’: ഭൂമിയുടെ വടക്കേയറ്റത്ത് മനുഷ്യ വാസമുള്ള ഇടം
Mail This Article
മനുഷ്യരേക്കാള്‍ ധ്രുവക്കരടികള്‍ പാര്‍ക്കുന്നിടം, ഗ്ലേസിയറുകള്‍ നിറഞ്ഞ, ധ്രുവദീപ്തി കാണാനാവുന്ന പ്രദേശം. അതാണ് സ്വാല്‍ബാര്‍ഡ് (Svalbard). ഒറ്റനോട്ടത്തില്‍ തരിശുഭൂമി പോലെ തോന്നുമെങ്കിലും റെയിന്‍ഡിയറുകളുടെയും കടല്‍പശുക്കളുടെയും ധ്രുവക്കരടികളുടെയും വീടാണിത്. മഞ്ഞിനെ പേടിക്കാതെ പുറത്തിറങ്ങാന്‍ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് അനന്തസാധ്യതകളാണ് സ്വാല്‍ബാര്‍ഡിലുള്ളത്.
ഉത്തരധ്രുവത്തോടു ചേര്‍ന്നു കിടക്കുന്ന സ്വാല്‍ബാര്‍ഡാണ് ഭൂമിയുടെ ഏറ്റവും വടക്കേയറ്റത്തെ മനുഷ്യ വാസമുള്ള സ്ഥലം. നാട്ടുകാര്‍ കയാക്കും തോക്കുകളും ടെന്റും വേട്ടനായ്ക്കളുമായി ദിവസങ്ങളോളം വേട്ടയാടാനെത്തുന്ന പ്രദേശമാണിത്.
ഇവിടെ സഞ്ചാരികള്‍ക്കു പലതരം വിനോദ സാധ്യതകളുണ്ട്. മഞ്ഞുമല കയറാനും ബോട്ടില്‍ ചുറ്റാനും പോകാം. കയാക്കിങ് നടത്താം. അല്‍പം കൂടി സാഹസികരായവര്‍ക്ക്, ഒരു ദിവസത്തിലേറെ നീളുന്ന മഞ്ഞുവണ്ടിയാത്രകളും ഹെൽസികൾ വലിച്ചുകൊണ്ടുപോകുന്ന സ്ലെഡുകളിലെ യാത്രകളും പരീക്ഷിക്കാം. സമയവും പണവും ആവശ്യത്തിനുണ്ടെങ്കില്‍ ധ്രുവക്കരടികളെ തിരഞ്ഞു പോകുന്ന, ദിവസങ്ങള്‍ നീളുന്ന ക്രൂസ് യാത്രയും തിരഞ്ഞെടുക്കാം.
‘ആരും മരിക്കാത്ത നഗരം’
ജനിച്ചാല്‍ മരിക്കുമെന്നു നമുക്കറിയാം. എന്നാല്‍ ഭൂമിയുടെ വടക്കേ അറ്റത്ത്, ‘ആരും മരിക്കാത്ത നഗരം’ എന്നറിയപ്പെടുന്ന ഒരിടമുണ്ട്. അതാണ് സ്വാല്‍ബാര്‍ഡ് ദ്വീപുസമൂഹത്തില്‍പ്പെടുന്ന മനോഹര നഗരമായ ലോംഗിയർബൈന്‍. സ്വാല്‍ബാര്‍ഡ് ദ്വീപസമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ലോംഗിയർബൈൻ. സ്പിറ്റ്സ്ബെർഗൻ എയർഷിപ്പ് മ്യൂസിയം, സ്വാൽബാർഡ് ഗാലറി, സ്വാൽബാർഡ് മ്യൂസിയം, ചർച്ച്, 24 അവേഴ്സ് സൺഡയൽ തുടങ്ങിയവ ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. ഇവിടം സന്ദര്‍ശിക്കുന്ന മൂന്നിൽരണ്ടു വിനോദ സഞ്ചാരികളും നോർവേയിൽ നിന്നാണ്. 2007 ൽ ടൂറിസത്തില്‍നിന്നു മാത്രമായി 291 ദശലക്ഷം ഡോളറാണ് ഈ നഗരത്തിനു ലഭിച്ചത്.
കുറഞ്ഞ താപനിലയും പെർമാഫ്രോസ്റ്റും കാരണം ലോംഗിയർബൈനിൽ കഴിഞ്ഞ 70 വർഷത്തിലേറെയായി മൃതദേഹങ്ങൾ മണ്ണിനടിയില്‍ അടക്കം ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്. വേനല്‍ക്കാലത്തു പോലും ഇവിടുത്തെ മണ്ണിലുള്ള ഐസ് പാളി ഉരുകില്ല. ഐസില്‍ ഇട്ടുവയ്ക്കുന്ന മത്സ്യം ഒരിക്കലും കേടാകില്ല എന്നതുപോലെ, ഈ അവസ്ഥയില്‍ ശവശരീരങ്ങള്‍ക്ക് വിഘടനം സംഭവിക്കില്ല. ഇവിടെ മരിക്കുന്നവരുടെ ഭൗതികശരീരം പുറം നാടുകളില്‍ അടക്കുന്ന രീതിയുമുണ്ട്. സ്വാല്‍ബാര്‍ഡ് സെമിത്തേരിയില്‍ നൂറു വര്‍ഷത്തോളം പഴക്കമുള്ള ശരീരങ്ങളും ഒരു പോറലുമില്ലാതെ കിടക്കുന്നുമുണ്ട്!.
മരണം പോലെ തന്നെ ജനനത്തിനും പറ്റിയ ഇടമല്ല സ്വാല്‍ബാര്‍ഡ്. പ്രസവ തീയതിക്കു മൂന്നാഴ്ച മുമ്പ് ഗര്‍ഭിണികള്‍ ഇവിടം വിടണമെന്നാണ് നിര്‍ദേശം. പ്രസവത്തോട് അനുബന്ധിച്ച് എന്തെങ്കിലും സങ്കീര്‍ണതകളുണ്ടായാല്‍ കൈകാര്യം ചെയ്യാന്‍ വേണ്ട ഡോക്ടര്‍മാരുടെ സേവനം ഇവിടെയില്ല.
വളരെ കുറച്ചു മാത്രം താമസസൗകര്യങ്ങളും മറ്റുമുള്ള പ്രദേശമാണിത്. അതുകൊണ്ടുതന്നെ ഇവിടേക്ക് യാത്ര തീരുമാനിക്കുമ്പോള്‍ ആറു മാസം മുമ്പെങ്കിലും ഹോട്ടല്‍ മുറിയുടെ ലഭ്യത അടക്കം ഉറപ്പു വരുത്തണം. നോര്‍വേയില്‍നിന്നു വിമാനത്തിലോ കപ്പലിലോ സ്വാല്‍ബാര്‍ഡിലെത്താം.
പൂച്ചകള്‍ക്കു പ്രവേശനമില്ല
അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള 2100 ഓളം പേരാണ് സ്വാല്‍ബാര്‍ഡിലെ താമസക്കാര്‍. ഇതില്‍ കൂടുതലും നോർവേക്കാരാണ്. സ്വീഡന്‍, റഷ്യന്‍, തായ് വംശജരും നിരവധിയുണ്ട്. പൂച്ചകള്‍ക്കു സ്വാല്‍ബാര്‍ഡിൽ പ്രവേശനമില്ല! എന്താണു കാരണമെന്നോ? ഇവിടെയുള്ള പക്ഷികളിൽ പലതിനെയും വളരെയെളുപ്പം പൂച്ചകള്‍ പിടികൂടി ശാപ്പിട്ടു കളയും. അങ്ങനെയാണ് സ്വാല്‍ബാര്‍ഡുകാർ പൂച്ച വേണ്ട, പക്ഷി മതിയെന്നു തീരുമാനിച്ചത്.
വെല്ലുവിളിയായി കാലാവസ്ഥ
പല യാത്രികര്‍ക്കും ഇവിടെ ഏറ്റവും വലിയ വെല്ലുവിളിയാവുന്നത് തണുപ്പേറിയ കാലാവസ്ഥയാണ്. മേയ് മുതല്‍ സെപ്റ്റംബര്‍ വരെ നീളുന്ന ചൂടുകാലത്ത് ജൂലൈയാണ് ഏറ്റവും ചൂടുള്ള മാസം. അപ്പോള്‍ ഊഷ്മാവ് പത്തു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്! ഇക്കാലത്ത് പാതിരാത്രിയിലും സൂര്യനെ കാണാം. ഹൈക്കിങ്ങിനും കയാക്കിങ്ങിനും പറ്റിയ സമയമാണിത്. കാര്യമായി മഞ്ഞില്ലാത്തതിനാല്‍ മഞ്ഞിലോടുന്ന വണ്ടികളില്‍ പോകാനാകുമെന്ന് ഈ സമയത്ത് പ്രതീക്ഷ വേണ്ട.
ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന കൊടുംതണുപ്പുകാലത്ത് ഇരുണ്ടും തണുത്തുമിരിക്കും സ്വാല്‍ബാർഡ്. പല ദിവസങ്ങളിലും സൂര്യവെളിച്ചം കണികാണാന്‍ കിട്ടില്ല. പകലും രാത്രിയും ഇരുട്ടു തന്നെ. എന്നാല്‍ മറ്റൊന്നുണ്ട്, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എപ്പോള്‍ വേണമെങ്കിലും ധ്രുവദീപ്തി ആകാശത്ത് പ്രത്യക്ഷപ്പെടാം. മാര്‍ച്ച് മുതല്‍ മേയ് പകുതി വരെ നീളുന്നു ഇവിടുത്തെ വസന്തകാലം. സഞ്ചാരികള്‍ക്ക് പോകാന്‍ കാലാവസ്ഥ ഏറ്റവും അനുയോജ്യമായ സമയമാണിത്.
English Summary: Svalbard Travel Experience