തായ്‍ലൻഡിൽ യാത്ര ആഘോഷമാക്കി ബ്രൂസ്ലി ബിജി
Mail This Article
മിന്നൽമുരളി എന്ന സിനിമയിലൂടെ മിന്നൽ പോലെ പ്രേക്ഷകമനസ്സുകളിലേക്ക് കടന്ന് വന്നയാളാണ് ഫെമിന ജോർജ്ജ്.
അഭിനയം പോലെ തന്നെ യാത്ര പോകാനും കാഴ്ചകള്‍ ആസ്വദിക്കുവാനും ഏറെ ഇഷ്ടമുള്ളയാളാണ് ഫെമിന. വീട്, പഠനം, ചുറ്റിയടി ഇതാണ് എന്റെ കൊച്ചിയെന്നും ജനിച്ചത് ഇവിടെയല്ലെങ്കിലും ഞനൊരു കൊച്ചിക്കാരിയാണെന്ന് പറയുന്നതിൽ അഭിമാനിക്കുന്നുണ്ടെന്നും താരം പറയുന്നു.
ഫെമിനയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടവും കൊച്ചിയാണ്. വെറൈറ്റി ഫുഡ് കഴിക്കുന്നത് ഫെമിനയ്ക്ക് ഹോബിയാണ്. അതുകൊണ്ട് പുതിയ സ്ഥലങ്ങളും വിഭവങ്ങളും തേടിയുള്ള യാത്രയും പതിവാണെന്നും കുടുംബത്തോടൊപ്പമല്ലാതെ ഫെമിന ഏറ്റവും കൂടുതൽ യാത്രകൾ നടത്തിയിട്ടുള്ളത് സുഹൃത്തുക്കൾക്കൊപ്പമാണെന്നും മനോരമ ഒാൺലൈനിനു നൽകിയ അഭിമുഖത്തിൽ ഫെമിന പറയുന്നു.
ഇപ്പോഴിതാ അവധിക്കാലം തായ്‍ലൻഡിൽ ആഘോഷമാക്കുകയാണ് താരം. മനോഹരമായ വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ലൈഫ് ജാക്കറ്റിട്ടിട്ടുണ്ടെങ്കിലും ഭയത്തോടെ െഎലൻഡിലേക്ക് ചാടുന്ന ഫെമിനയെ വിഡിയോയിൽ കാണാം. തായ്‍സൻഡിലെ ഫി ഫി െഎലൻഡിലാണ് അവധിക്കാല ആഘോഷം. മാലദ്വീപ് പോലെ തായ്‍ലൻഡിലേക്കും സഞ്ചാരികളടക്കം സെലിബ്രിറ്റികളും എത്തിച്ചേരാറുണ്ട്.
തായ്‍ലൻഡിലെ ഏറ്റവും വലിയ ദ്വീപാണ് ഫുക്കറ്റ്. പഞ്ചാരമണല്‍ ബീച്ചുകളും ആകാശത്തേക്കു തലയുയര്‍ത്തി നില്‍ക്കുന്ന പനങ്കൂട്ടങ്ങളും തെളിഞ്ഞ ജലവും ലക്ഷ്വറി സ്പാകളുമെല്ലാമായി ആഘോഷിക്കാന്‍ ഇവിടെ ധാരാളം കാര്യങ്ങളുണ്ട്. ഈന്തപ്പനകള്‍ കാവല്‍ നില്‍ക്കുന്ന ആറു ദ്വീപുകളുടെ കൂട്ടമാണ് ഫിഫിദ്വീപ്. ഫി ഫി ലേ, ഫി ഫി ഡോണ്‍ എന്നിവയാണ് ഏറ്റവും പ്രസിദ്ധം. കോഹ് പായ് എന്ന് തദ്ദേശീയമായി അറിയപ്പെടുന്ന ബാംബൂ ദ്വീപും മൂന്നു ഭാഗവും മലകളാൽ ചുറ്റപ്പെട്ട മയാ കടലിടുക്കുമെല്ലാം ആരെയും ആകർഷിക്കുന്നതാണ്.
ഫി ഫി ദ്വീപുകള്‍ കാണുക എന്ന ലക്ഷ്യത്തോടെ മാത്രം ഫുക്കറ്റ് സന്ദര്‍ശിക്കുന്ന നിരവധി സഞ്ചാരികളുണ്ട്. സ്പീഡ് ബോട്ടില്‍ പോവുകയാണെങ്കില്‍ വെറും 45 മിനിറ്റും കടത്തുവള്ളം വഴിയാണെങ്കില്‍ 90 മിനിറ്റും മാത്രമാണ് ഇവിടേക്ക് പോവാന്‍ എടുക്കുന്ന സമയം. സ്നോര്‍ക്കലിങ് പോലെയുള്ള കടല്‍ത്തീര കായിക വിനോദങ്ങള്‍ ആസ്വദിക്കാനുള്ള സൗകര്യം ഇവിടെയുമുണ്ട്.
English Summary: Femina George Enjoys Holiday in Thailand