മഞ്ഞും മണലും കടലും ഒരുമിച്ച്; സമൂഹമാധ്യമത്തിൽ വൈറലായ ആ ബീച്ച് ഇവിടെയാണ്!
Mail This Article
ഈയിടെയായി സമൂഹമാധ്യമത്തിൽ വളരെയധികം പ്രചരിച്ച ഒന്നായിരുന്നു, മണല്‍ നിറഞ്ഞ തീരത്തിനിരുവശവുമായി കടലും മഞ്ഞും പരന്നുകിടക്കുന്ന ചിത്രം. ലോകത്ത് തന്നെ വളരെ അപൂര്‍വമാണ് ഇത്തരമൊരു പ്രതിഭാസം. പര്‍വതങ്ങള്‍ ഉള്ളിടത്ത് മഞ്ഞും കടലിനരികില്‍ മനോഹരമായ മണല്‍ വിരിച്ച ബീച്ചും ഉണ്ടാവുന്നതാണല്ലോ സാധാരണയായി കാണാറുള്ളത്. അതുകൊണ്ടുതന്നെ ജാപ്പനീസ് ഫോട്ടോഗ്രാഫര്‍ ആയ ഹിസ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ ചിത്രം വളരെയധികം ശ്രദ്ധയാകര്‍ഷിച്ചു.
എവിടെയാണ് ഈ കാഴ്ച കാണാനാവുക? ജപ്പാന്‍ കടല്‍ എന്നാണ് ഫോട്ടോഗ്രാഫര്‍ ക്യാപ്ഷനൊപ്പം കൊടുത്തിരിക്കുന്നത്. ജാപ്പനീസ് ദ്വീപസമൂഹം, സഖാലിൻ ദ്വീപ്, കൊറിയൻ ഉപദ്വീപ്, ഏഷ്യൻ വൻകരയിലെ റഷ്യ എന്നിവയാൽ ചുറ്റപ്പെട്ട് കിടക്കുന്ന കടലാണ് ജപ്പാൻ കടൽ (Sea of Japan). ജാപ്പനീസ് ദ്വീപസമൂഹം ഈ കടലിനെ ശാന്തസമുദ്രത്തിൽനിന്നും വേർതിരിക്കുന്നു. പസഫിക് സമുദ്രത്തിൽ നിന്ന് പൂർണമായി കെട്ടിയടയ്ക്കപ്പെട്ടു കിടക്കുന്നതിനാൽ മെഡിറ്ററേനിയന്‍ കടലിലേതു പോലെ വേലിയേറ്റവും വേലിയിറക്കവും വളരെ കുറവായി അനുഭവപ്പെടുന്ന ഒരു കടലാണിത്. ഈ കടലിൽ കൂറ്റൻ ദ്വീപുകളോ ഉൾക്കടലുകളോ മുനമ്പുകളോ ഒന്നുംതന്നെയില്ല.
2008 ൽ ജാപ്പനീസ് ജിയോപാർക്കായും 2010-ൽ യുനെസ്‌കോ ഗ്ലോബൽ ജിയോപാർക്കായും പ്രഖ്യാപിച്ച സാനിൻ കൈഗൻ ജിയോപാർക്കിലാണ് ജപ്പാന്‍ കടല്‍ ഉള്ളത്. ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, പ്രകൃതി പരിസ്ഥിതി, ജനങ്ങളുടെ ജീവിതം, ജപ്പാൻ കടലിന്‍റെ രൂപീകരണം എന്നിവയാണ് ജിയോപാർക്കിന്‍റെ അടിസ്ഥാന ആശയങ്ങളായി പറയുന്നത്.
ജപ്പാന്‍റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നതും കിഴക്കൻ ക്യോഗമിസാക്കി കേപ് മുതൽ പടിഞ്ഞാറൻ ഹകുട്ടോ കൈഗൻ തീരം വരെ നീണ്ടുകിടക്കുന്നതുമാണ് ഈ ജിയോപാർക്ക്. റിയ ടൈപ്പ് തീരങ്ങൾ, മണൽത്തിട്ടകൾ , അഗ്നിപർവ്വതങ്ങൾ, താഴ്‌വരകൾ എന്നിങ്ങനെ ഭൂമിശാസ്ത്രപരമായ ഒട്ടേറെ സവിശേഷതകളുള്ള പ്രദേശമാണിത്. റിയ ടൈപ്പ് തീരങ്ങൾ ഒരിക്കൽ കിറ്റാമേബ്യൂൺ കപ്പലുകളുടെ തുറമുഖമായി ഉപയോഗിച്ചിരുന്നു എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. മാത്രമല്ല, സ്യൂഡോലിസിമാചിയോൺ ഓർനാറ്റം, റൺകുലസ് നിപ്പോണിക്കസ്, സിക്കോണിയ ബോയ്സിയാന (ഓറിയന്റൽ വൈറ്റ് സ്റ്റോർക്സ്) തുടങ്ങിയ അപൂർവ സസ്യങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് ഇവിടം.
ജപ്പാൻ കടലിലെ സമുദ്ര വ്യാപാരത്തിന്‍റെ ചരിത്രം പറയുന്ന തുമുലിയും പ്രശസ്തമായ ജെൻബുഡോ ഗുഹയുമെല്ലാം ഇവിടുത്തെ പ്രധാനകാഴ്ചകളില്‍പ്പെടുന്നു. ആരോഗ്യപരമായ ഗുണങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്ന ഒട്ടേറെ ചുടുനീരുറവകളും ഇവിടെയുണ്ട്. ഈ പ്രദേശത്ത് ഏകദേശം ഏകദേശം 400,000 ജനസംഖ്യയുണ്ടെന്ന് കണക്കാക്കുന്നു. ജനങ്ങളുടെയും അധികൃതരുടെയും കൂട്ടായ ഇടപെടലിലൂടെയാണ് പാര്‍ക്ക് സംരക്ഷിക്കുന്നത്. പ്രധാനമായും സാനിൻ കൈഗൻ യുനെസ്കോ ഗ്ലോബൽ ജിയോപാർക്ക് പ്രൊമോഷൻ കൗൺസിലാണ് പാര്‍ക്കിന്‍റെ പ്രമോഷൻ പ്രവർത്തനങ്ങൾ നടത്തുന്നത്. ജിയോസൈറ്റുകൾ വൃത്തിയാക്കാൻ സഹായിക്കുന്നതിന് കൗൺസിൽ ഫണ്ട് നൽകുന്നുണ്ട്. ഓരോ വർഷവും, 4,000-ത്തിലധികം എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾ അവരുടെ സ്കൂൾ പഠനകാലത്ത് യുനെസ്കോ ഗ്ലോബൽ ജിയോപാർക്ക് ഏരിയയ്ക്കുള്ളിലെ ജിയോസൈറ്റുകളില്‍ സന്ദര്‍ശനം നടത്തുന്നു.
English Summary: Know more about the viral Japanese place where snow, sand, and sea meet