'അതേ, നീ തല്ലുകിട്ടാതെ സൂക്ഷിച്ചോ'; വിവാഹവും വിവാദവും അനുഭവങ്ങളും തുറന്നുപറഞ്ഞ് അപ്‌സര
Mail This Article
'അതേ, നീ തല്ലുകിട്ടാതെ സൂക്ഷിച്ചോ' മലയാളം മിനിസ്ക്രീനിലെ സീരിയലിലെ ജയന്തിയായതിനുശേഷം പലരും പറയുന്നതാണ് ഇങ്ങനെ. ഇതുകേള്‍ക്കുമ്പോള്‍ തല്ലുകിട്ടുമോ എന്ന പേടി ഉണ്ടെങ്കിലും കലാകാരിയെന്ന നിലയില്‍ വലിയ അഭിമാനവും തോന്നാറുണ്ട്. ഇത് പറയുന്നത് മറ്റാരുമല്ല പ്രമുഖ ടിവി- സീരിയല്‍ താരം അപ്‌സരയാണ്. സീരിയലിലെ ജയന്തിയെന്ന നെഗറ്റീവ് കഥാപാത്രത്തെ പ്രേക്ഷക പ്രിയമാക്കിയത് അപ്‌സരയാണ്. തന്റെ കഥാപാത്രത്തെ ജനങ്ങള്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ചതിന്റെ തെളിവാണ് അവരുടെ പ്രതികരണമെന്ന് ഏറെ സന്തോഷത്തോടെയാണ് അപ്‌സര പറയുന്നത്.
യാത്രകളെ ഒരുപാടിഷ്ടപ്പെടുന്ന, കാണാത്ത ഇടങ്ങളിലേക്കുള്ള യാത്രകള്‍ക്കായി കാത്തിരിക്കുന്ന അപ്‌സര മനസ്സു തുറക്കുന്നു; യാത്രാനുഭവങ്ങളെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്, സോഷ്യല്‍ മീഡിയ അനുഭവങ്ങളെകുറിച്ച്...
വിവാഹവും വിവാദവും
സമൂഹമാധ്യമങ്ങൾ വിവാഹനാളില്‍ പോലും അപ്‌സരയെ വെറുതെവിട്ടിട്ടില്ല. ട്രോളുകളുടെയും ഇല്ലാക്കഥകളുടെയും പെരുമഴയായിരുന്നു. ഭര്‍ത്താവ് ആല്‍ബിനും അപ്‌സരയ്ക്കും വേറെ വിവാഹത്തില്‍ കുഞ്ഞുങ്ങളുണ്ടെന്നുവരെ ചിലര്‍ വാര്‍ത്തകളിറക്കി. എന്നാല്‍ വിവാഹദിനത്തില്‍ തന്നെ അവര്‍ അത്തരം വ്യാജ വാര്‍ത്തകളെ ചെറുചിരിയോടെ തളളികളഞ്ഞു.
‘‘ഒറ്റ ജീവിതമേയുളളൂ, അത് സന്തോഷത്തോടെ ജീവിക്കണമെന്നാണ് എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നത്. ആദ്യ ജീവിതപങ്കാളിയുമായി ഒത്തുപോകാനാവാത്തതിനാല്‍ വേര്‍പിരിയേണ്ടി വന്നു. അത് രാജ്യദ്രോഹക്കുറ്റമൊന്നുമല്ല. ഭര്‍ത്താവിന്റെ അടിയും തല്ലും കൊണ്ട് ജീവിക്കേണ്ടതല്ല സ്ത്രീകള്‍. നല്ലൊരു ജീവിതം കരഞ്ഞു തീര്‍ക്കാതെ സ്വന്തം ജീവിതം സന്തോഷത്തോടെ ജീവിക്കുക. നാളെ ഒരു മകളുണ്ടായാലും ഇങ്ങനെയേ പറയൂ. എന്റെ വീട്ടുകാര്‍ക്കും എനിക്കും ഇല്ലാത്ത ബുദ്ധിമുട്ടുകളാണ് നാട്ടുകാര്‍ക്ക്. പിന്നെ പറയുന്നവര്‍ക്ക് സന്തോഷം കിട്ടുന്നെങ്കില്‍ കിട്ടട്ടെ’’– വിമർശനങ്ങളെ പുഞ്ചിരിേയാടെ നേരിടും ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ അപ്‌സര.
യാത്രകളും ഞങ്ങളും...
യാത്രകളിഷ്ടപ്പെടുന്നവരാണ് അപ്‌സരയും ഭര്‍ത്താവ് ആല്‍ബിന്‍ ഫ്രാന്‍സിസും. യാത്ര ചെയ്യാനൊരവസരം കിട്ടിയാല്‍ അതൊരിക്കലും പാഴാക്കാത്തവര്‍. എത്ര വയ്യെങ്കിലും യാത്ര പോവാമെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ ഡബ്ബിള്‍ ഓക്കെയെന്നാണ് ഇരുവരും പറയുക. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുളളില്‍ കേരളത്തിനകത്തും പുറത്തും നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട് അപ്‌സരയും ഭര്‍ത്താവും. ആ യാത്രകളില്‍ പലതും പെട്ടെന്നു പ്ലാൻ ചെയ്തതാണ്. അത്തരം യാത്രകളോട് പ്രിയമേറെയെന്നും പറയുന്നു അപ്‌സര.
ഓര്‍മയിലെ ആദ്യ യാത്ര...
തിരുവനന്തപുരത്ത് നന്തിയോടാണ് അപ്‌സര ജനിച്ചു വളര്‍ന്നത്. അച്ഛന്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന സമയത്താണ് അപ്‌സരയുടെ ഓര്‍മയിലെ ആദ്യ യാത്ര. അന്ന് തിരുവനന്തപുരം സിറ്റിയില്‍ ഒരു ഫെസ്റ്റ് നടക്കുന്നുണ്ടായിരുന്നു. അപ്‌സരയും അമ്മയും ചേച്ചിയും കൂടി അന്ന് അച്ഛനൊപ്പം പോയി ആ ഫെസ്റ്റ് കണ്ടു. പിന്നെ സിറ്റി മുഴുവന്‍ കറങ്ങി. അപ്‌സര രണ്ടു നില ബസൊക്കെ കാണുന്നത് അന്നായിരുന്നു. അത് വലിയ അദ്ഭുതമായിരുന്നെന്ന് അപ്‌സര പറയുന്നു. അതായിരുന്നു മറക്കാനാവാത്ത ഒരു യാത്രാനുഭവം.
ചെറുപ്രായത്തിലേ അച്ഛന്‍ മരിച്ചു. ജീവിതംതന്നെ അപ്രതീക്ഷിതമായ യാത്രകളിലേക്കു മാറിയതോടെ യഥാർഥ യാത്രകളെന്നത് പിന്നെ സ്വപ്‌നമായി. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ നിന്ന് ടൂര്‍ പോയതാണ് കുട്ടിക്കാലത്തെ മറ്റൊരു യാത്രാനുഭവം. തിരുവനന്തപുരത്തെ മ്യൂസിയം, ബീച്ച് എന്നിവയിലൊതുങ്ങുന്ന അന്നത്തെ സ്‌കൂള്‍ ട്രിപ്പുകള്‍ വളരെയധികം ആസ്വദിച്ചിരുന്നുവെന്നും അപ്‌സര ഓര്‍ത്തെടുക്കുന്നു.
യാത്രയ്ക്കായൊരു കൂട്ട്...
വിവാഹശേഷമാണ് യാത്രകള്‍ക്കായി ഒരു കൂട്ട് കിട്ടുന്നത്. ഭര്‍ത്താവ് ആല്‍ബിനും കടുത്ത യാത്രാപ്രേമിയായതുകൊണ്ട് വിവാഹശേഷമാണ് അപ്‌സര കൂടുതലും യാത്ര ചെയ്തിട്ടുളളത്. അച്ഛന്റെ കൂടെ തിരുവനന്തപുരത്തുളള കറക്കമല്ലാതെ ദൂരെയുളള ബന്ധുക്കളുടെ കല്യാണങ്ങള്‍ക്കായിരുന്നു വിവാഹത്തിനു മുന്‍പുളള യാത്രകള്‍. എന്നാലിപ്പോള്‍, യാത്രപോയാലോ എന്ന് ആലോചിച്ച് തീരും മുൻപേ യാത്ര പോയിരിക്കും.
വിദേശയാത്രകളോ കേരളത്തിന് പുറത്തേക്ക് അധികം യാത്രകളോ അപ്‌സര നടത്തിയിട്ടില്ല. നമ്മുടെ നാട്ടില്‍ത്തന്നെ കണ്ടുതീര്‍ക്കാന്‍ ഇടങ്ങള്‍ നിരവധിയുളളപ്പോള്‍ അതുകഴിയട്ടെ ആദ്യമെന്നാണ് അപ്‌സരയുടെ പക്ഷം. എന്നിരുന്നാലും വിദേശയാത്രകളും നോര്‍ത്തിന്ത്യന്‍ യാത്രകളും സ്വപ്‌നം പോലെ കൂടെകൊണ്ടുനടക്കുന്നുണ്ട് അപ്‌സര.
സ്വപ്‌നയാത്ര
51 രാജ്യങ്ങളില്‍ പോവുകയെന്നതാണ് അപ്‌സരയുടേയും ഭര്‍ത്താവ് ആല്‍ബിന്റെയും സ്വപ്‌ന പദ്ധതി. അതിനായുളള പ്ലാനിങ്ങിലാണവര്‍. ആ യാത്രകള്‍ക്ക് മനസ്സില്‍ തുടക്കമിട്ടെങ്കിലും സാഹചര്യങ്ങളൊത്തുവരാനായി അല്‍പംകൂടി കാത്തിരിക്കേണ്ടതായുണ്ടെന്ന് പറയുന്നു അപ്‌സര. മഞ്ഞുളള സ്ഥലങ്ങള്‍ കാണണമെന്ന സ്വപ്‌നവും താമസിയാതെ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് അപ്‌സര.
കുളു, മണാലിയിലേക്ക് പോകാന്‍ നേരത്തേ തീരുമാനിച്ചതായിരുന്നു. എന്നാല്‍ ഷൂട്ടിങ് തിരക്കുകള്‍, കൊറോണ അങ്ങനെ പല കാരണങ്ങള്‍ മൂലം അത് നീണ്ടുപോവുന്നു. താമസിയാതെ അതും സഫലമാകാനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇരുവരും. അപ്‌സര ഏറ്റവും അധികം മോഹത്തോടെ കാത്തിരിക്കുന്ന യാത്ര പക്ഷേ ഇതൊന്നുമല്ല, അത് മൂകാംബികയിലേക്കാണ്. മൂകാംബികാദേവി വിചാരിക്കണം നമ്മളവിടെ എത്തിപ്പെടണമെങ്കില്‍ എന്ന വിശ്വാസക്കാരിയാണ് അപ്‌സര. അതുകൊണ്ടുതന്നെ പല തവണ മുടങ്ങിയ യാത്ര എന്ന് തരപ്പെടുമെന്നറിയില്ലെന്നും അപ്‌സര പറയുന്നു.
ബീച്ച് മുഖ്യം ബിഗിലെ...
യാത്ര എങ്ങോട്ട് എന്നതിനേക്കാള്‍, യാത്ര പോകുന്നതിനാണ് പ്രാധാന്യമെന്നാണ് അപ്‌സര പറയുന്നത്. യാത്ര പോകുന്നിടം ബീച്ചായാലും കാടായാലും കുന്നായാലും ഷോപ്പിങ് മാളായാലും അത് ആസ്വദിക്കുക, മനസ്സറിഞ്ഞ് സന്തോഷിക്കുക. ഇതാണ് അപ്‌സരയുടെയും ആല്‍ബിന്റെയും യാത്രാപോളിസി. അതുകൊണ്ടുതന്നെ ഓരോ യാത്രകളും കഴിഞ്ഞുവരുമ്പോള്‍ മൊത്തം ഫ്രഷാവും. എത്ര സന്തോഷത്തിലായാലും വിഷമത്തിലായാലും പോയിരിക്കാനിഷ്ടപ്പെടുന്നയിടം ബീച്ചാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ മിക്കതും ബീച്ചിലുളളതായിരിക്കും. ‘അതുകണ്ട് പലരും ചോദിക്കാറുണ്ട് ബീച്ച് നിങ്ങളുടെ സ്വന്തമാണോ എന്ന്’– അപ്‌സര ചിരിയോടെ പറയുന്നു.
വേളാങ്കണ്ണി യാത്ര
ഒരേ സ്ഥലത്തേക്ക് വീണ്ടും വീണ്ടും പോകുന്നതിനേക്കാള്‍ പുതിയ പുതിയ സ്ഥലങ്ങളിലേക്ക് യാത്രതിരിക്കാനാണ് അപ്‌സരയ്ക്കിഷ്ടം. അതുപോലെ ഒറ്റയ്ക്കുളള യാത്രകളെക്കാള്‍ കൂട്ടുകാരോ കുടുംബമോ ഒപ്പമുളള യാത്രകളാണ് കൂടുതല്‍ സന്തോഷമെന്നും അപ്‌സര പറയുന്നു. കല്യാണം കഴിഞ്ഞ സമയത്ത് ഫുള്‍ കറക്കമായിരുന്നു. പഴനി, വേളാങ്കണ്,ണി പിന്നെ തമിഴ്‌നാടില്‍ പേരറിയാത്ത പല സ്ഥലങ്ങളിലും കറങ്ങി ഒടുവില്‍ വീട്ടില്‍ തിരിച്ചെത്തിയതേ ഉണ്ടായിരുന്നുളളു. അപ്പോള്‍ സുഹൃത്തിന്റെ കുട്ടികള്‍ പറഞ്ഞു മൂന്നാറില്‍ പോവാമെന്ന്. അങ്ങനെ ആദ്യ യാത്രയ്ക്ക് പിന്നാലെ വീണ്ടുമൊരു യാത്ര. പിറ്റേന്ന് വെളുപ്പിന് മൂന്നാറില്‍ പോയി കറങ്ങി ഒന്നു രണ്ട് ദിവസം കഴിഞ്ഞാണ് തിരികെയെത്തിയതെന്ന് അപ്‌സര പറയുന്നു.
പ്ലാനില്ലാതെ പെട്ടെന്നുളള യാത്രകളാണ് ഇതുവരെ സംഭിച്ചിട്ടുളളത്. ഷൂട്ടില്ലാത്ത ദിവസമാണെങ്കില്‍ ‘ന്നാ ശരി എങ്ങോട്ടേലും പോകാ’മെന്ന് പറഞ്ഞ് യാത്ര പോകും. അവിടന്ന് ചിലപ്പോ മറ്റ് ഇടങ്ങളിലേക്ക് എത്തും. അങ്ങനത്തെ യാത്രകളാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്തിടെ പോയ യാത്ര വേളാങ്കണ്ണിയിലേക്കായിരുന്നു. എറണാകുളത്ത് ഷൂട്ടിങ് കഴിഞ്ഞ് ആല്‍ബിന്റെ വീട്ടിലേക്ക് വന്നതായിരുന്നു അപ്‌സര. അതിനിടെയാണ് ആല്‍ബിന്റെ സുഹൃത്ത് ഷാജന്‍ വേളാങ്കണ്ണിക്കു വരുന്നോ എന്ന് ചോദിച്ചത്. ഒടുക്കം അവരോടൊപ്പം വണ്ടിയില്‍ കയറിയിരുന്നപ്പോഴാണ് ഞങ്ങളും വേളാങ്കണ്ണിക്കു യാത്ര പോകുകയാണെന്നു ബോധം വന്നതെന്നും അപ്‌സര പറയുന്നു.
സീരിയലിലെ ജയന്തിയേടത്തി
ഒരുപാട് നെഗറ്റീവ് ഷേഡുളള ക്യാരക്ടേഴ്‌സ് നേരത്തെ ചെയ്തിട്ടുണ്ടെങ്കിലും ആളുകള്‍ സ്വീകരിച്ചത് ഇപ്പോൾ തകൃതിയായി പോകുന്ന സീരിയലിലെ ജയന്തിയെയാണ്. പുരുഷന്‍മാരാണ് കൂടുതലായും അഭിപ്രായം പറയാറെന്ന് പറയുന്നു അപ്‌സര. ജയന്തിയെ കാണുമ്പോള്‍ തല്ലാന്‍ തോന്നിയിട്ടുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. ജയന്തി വരുമ്പോഴേ സീരിയല്‍ കാണാന്‍ രസമുളളു എന്ന് പറഞ്ഞവരുമുണ്ട്. അതു കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്.
ജയന്തിയെന്ന കഥാപാത്രത്തെ സ്വീകരിച്ചതിന്റെ തെളിവായാണ് ഈ അഭിപ്രായങ്ങളെ കരുതുന്നത്. കലാകാരിയെന്ന നിലയിലുളള വലിയ അംഗീകാരമാണ് ആളുകളുടെ സ്‌നേഹമെന്നും അപ്‌സര പറയുന്നു. ജയന്തിയെന്ന കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിച്ചതിന് അപ്‌സരയ്ക്ക് അവാര്‍ഡും കിട്ടിയിട്ടുണ്ട്.
ജീവിതവും സമൂഹമാധ്യമവും
നല്ല രീതിയില്‍ സപ്പോര്‍ട് ചെയ്യുന്നവരും അതുപോലെതന്നെ മോശം പറയുന്നവരും ഒരുപോലെ ഉളള മേഖലയാണ് സോഷ്യല്‍ മീഡിയ. ആവശ്യമുളളതിന് പ്രതികരിക്കാതിരിക്കുകയും ആവശ്യമില്ലാത്തതിന് അഭിപ്രായം പറയുകയുമാണ് അവിടെ പലപ്പോഴും നടക്കുന്നത്. അങ്ങനെയുളളവര്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നാണ് തനിയ്ക്ക് തോന്നാറെന്ന് പറയുന്നു അപ്‌സര. അത്തരക്കാരോട് പ്രതികരിക്കാന്‍ പോവാറില്ല.
പിന്നെ ഒരുപരിധി വിടുമ്പോള്‍ ഇനി മേലാല്‍ അവര്‍ ഇത്തരത്തില്‍ മോശം പറയരുതെന്ന് കരുതി നല്ല ചുട്ട മറുപടി കൊടുക്കാറുണ്ടെന്നും അപ്‌സര പറയുന്നു. സീരിയലിലെ സ്വഭാവം തന്നെയാണോ വീട്ടിലുമെന്ന് ചോദിക്കുന്നവരുണ്ട്. ഭര്‍ത്താവിന്റെ അടുത്തുപോലും ചോദിച്ചവരുണ്ട്. കഥാപാത്രത്തെ കഥാപാത്രമായി കാണാന്‍ കഴിയാത്തവരാണ് അവര്‍. അവര്‍ക്ക് ഞാന്‍ നല്ല മറുപടി കൊടുക്കാറുണ്ടെന്നും അപ്‌സര.
English Summary: Most Memorable Travel Experience by Apsara