ബാലി യാത്ര പ്ലാന്‍ ചെയ്യുകയാണോ? ഈയിടങ്ങള്‍ മറക്കല്ലേ
Mail This Article
പ്രകൃതിസ്നേഹികള്‍ മുതല്‍ സാഹസിക സഞ്ചാരികള്‍ വരെ, എല്ലാത്തരം യാത്രക്കാര്‍ക്കും എന്തെങ്കിലുമൊക്കെ കാത്തുവെച്ചിരിക്കുന്ന ഒരിടമാണ് ഇന്തൊനീഷ്യയിലെ ബാലി. ഇന്തൊനീഷ്യയിലെ 17,000 ദ്വീപുകളില്‍ ഒന്നായ ബാലിയില്‍, ശാന്തമനോഹരമായ കടലോരങ്ങളും വിശാലമായ നെല്‍പാടങ്ങളും അഗ്നിപര്‍വ്വതങ്ങളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളും എന്നു തുടങ്ങി, പറഞ്ഞാല്‍ തീരാത്തത്ര കാഴ്ചകളും അനുഭവങ്ങളുമുണ്ട്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് അധികം ചെലവില്ലാതെ പോയിവരാവുന്ന ഒരിടം എന്നൊരു സവിശേഷത കൂടിയുണ്ട് ബാലിക്ക്, അതുകൊണ്ടുതന്നെ ഹണിമൂണ്‍ യാത്രകള്‍ക്കും ഒട്ടേറെപ്പേര്‍ ഇവിടം തിരഞ്ഞെടുക്കുന്നു. ഈ വര്‍ഷം ബാലിയിലേക്ക് യാത്ര പ്ലാന്‍ ചെയ്യുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ചിലയിടങ്ങളിലൂടെ...
1. ഉബുദ്
ബാലിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വച്ച് നോക്കുമ്പോള്‍ ഒരു സമ്പൂർണ പാക്കേജാണ് ഉബുദ്. ബാലിയുടെ ആത്മീയ ഹൃദയഭൂമി എന്നാണ് ഉബുദ് അറിയപ്പെടുന്നത്. പുരാതനക്ഷേത്രങ്ങൾക്കും കലാപരമായ പൈതൃകത്തിനും ഏറെക്കാലമായി ആദരിക്കപ്പെടുന്ന ഈ ഗ്രാമം സമീപ വർഷങ്ങളിൽ പ്രവാസികളെയും യോഗികളെയും ഡിജിറ്റൽ നാടോടികളെയും ആകർഷിക്കുന്ന ഒരിടമായി വളര്‍ന്നുകഴിഞ്ഞു. കഫേകൾ, ഗാലറികൾ, യോഗ സ്റ്റുഡിയോകൾ, ബോട്ടിക്കുകൾ, മ്യൂസിയങ്ങള്‍ എന്നിവയെല്ലാം നിറഞ്ഞ നഗരപ്രദേശങ്ങളും, അവയില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തമായി നെല്‍പ്പാടങ്ങളും ആട്ടിന്‍പറ്റങ്ങളുമെല്ലാമുള്ള നാട്ടിന്‍പുറങ്ങളും ഇവിടെ കാണാം. ബാലിയുടെ ഒരു കൊച്ചുപതിപ്പ് എന്നാണ് ഉബുദിനെ വിശേഷിപ്പിക്കുന്നത്. ഇവിടെ വിനോദസഞ്ചാരികള്‍ക്കായി സ്പെഷ്യല്‍ ആനസവാരിയും മിന്നാമിന്നികളെ കാണാനുള്ള ടൂറുമെല്ലാം ഒരുക്കാറുണ്ട്.
2. ബത്തൂർ പര്‍വതവും തടാകവും
ഇന്തൊനീഷ്യയിലെ ബാലി ദ്വീപിലെ അഗുങ് പർവതത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്തായി, കാൽഡെറകളുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു സജീവ അഗ്നിപർവതമാണ് മൗണ്ട് ബത്തൂർ. ഇത് കിന്റമണി അഗ്നിപർവതം എന്നും അറിയപ്പെടുന്നു. 13 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കാൽഡെറയുടെയും കാൽഡെറയുടെ വലിയൊരു ഭാഗം മുഴുവനും നിറഞ്ഞുകിടക്കുന്ന മനോഹരമായ തടാകത്തിന്‍റെയും കാഴ്ച സന്ദർശകർക്ക് ആസ്വദിക്കാം.
3. പുര ബെസാകിഹ്
ബാലിയിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ് പുര ബെസാകിഹ്. ഇവിടെ ബാലിയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഒരു ക്ഷേത്രമുണ്ട്. ഏകദേശം 86 കുലക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും ഒരു വലിയ സമുച്ചയമാണിത്. ബാലിയെ തിന്മയിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് ഒൻപത് ദിശകളുള്ള ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് ഐതിഹ്യങ്ങൾ പറയുന്നു. ബാലിയിലെ ഏറ്റവും വലുതും പവിത്രവുമായ ക്ഷേത്രമായാണ് ബെസാകിഹ് കണക്കാക്കപ്പെടുന്നത്. ജാതിമതഭേദമന്യേ ഇവിടെ സന്ദര്‍ശനം നടത്താം.
ക്ഷേത്രത്തില്‍ നിന്നും നോക്കിയാല്‍ കാണുന്ന കാഴ്ച മനോഹരമാണ്. ചുറ്റും കുന്നുകളുടെയും അരുവികളുടെയും തട്ടുതട്ടായികിടക്കുന്ന നെല്‍പ്പാടങ്ങളുടെയും ദൃശ്യം ഇവിടെ നിന്നും കാണാം.
4. തുലാംബെൻ
ബാലിയുടെ വടക്കുകിഴക്കൻ തീരത്തുള്ള ഒരു ചെറിയ മത്സ്യബന്ധന ഗ്രാമമാണ് തുലാംബെൻ. ബാലിയിലെ ഏറ്റവും പ്രശസ്തമായ ഡൈവ് സൈറ്റുകളിൽ ഒന്നാണിത്. സാധാരണയായി മെയ് മുതൽ ജൂലൈ വരെ നീണ്ടുനിൽക്കുന്ന തെക്കുകിഴക്കൻ മൺസൂൺ ആരംഭിക്കുന്ന സമയത്തും, പൊതുവെ ശാന്തമായ കാലാവസ്ഥയുള്ള ഒക്‌ടോബർ, നവംബർ മാസങ്ങളിലുമാണ് ഇവിടെ ഡൈവിംഗിന് പറ്റിയ സീസണ്‍.
1942- ൽ തകര്‍ന്ന ഒരു ആര്‍മി കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ ഇവിടെയുണ്ട്. തുലാംബെനിൽ നിന്നും ആരംഭിച്ച്, പെമുതെറനിൽ അവസാനിക്കുന്ന ഡൈവിങ് ആണ് ഏറ്റവും ജനപ്രിയം.
5. ആയുങ്ങ് നദി
ബാലിയിൽ വളരെ പ്രചാരമുള്ള ഒരു കായിക വിനോദമാണ് റാഫ്റ്റിങ്. ഇതില്‍ത്തന്നെ എന്നാൽ വൈറ്റ് ആയുങ്ങ് നദിയിലെ വാട്ടർ റാഫ്റ്റിങ് ഏറെ ജനപ്രിയമാണ്. ബാലിയിലെ ഏറ്റവും വലിയ നദിയായ ആയുങ്ങ് ഉബുദിലാണ് സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളെ നദിക്ക് മുകളിലൂടെ ഒരു ചങ്ങാട ബോട്ടില്‍, 10 കിലോമീറ്ററിലധികം കൊണ്ടുപോകും. തുടക്കക്കാർക്കും കുടുംബങ്ങൾക്കുമെല്ലാം ഈ യാത്ര ഏറെ അനുയോജ്യമാണ്. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട്, ഈ യാത്രയിലുടനീളം സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നു.
6. തീർത എംപുൽ
ബാലിയിലെ തമ്പക്‌സിറിങ് പട്ടണത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ബാലിനീസ് വിഷ്ണുക്ഷേത്രമാണ് തീർത എംപുൽ. 962 AD-ൽ, വാർമദേവ രാജവംശത്തിന്‍റെ ഭരണകാലത്ത് നിർമിച്ച ഈ ക്ഷേത്രം പ്രശസ്തമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ്. തീർത എംപുൽ എന്നാൽ ബാലിനീസ് ഭാഷയിൽ വിശുദ്ധ വസന്തം എന്നാണര്‍ത്ഥം. ഇവിടെയുള്ള ക്ഷേത്രക്കുളത്തിൽ ശുദ്ധജലം ഒഴുകിവരുന്ന ഒരു നീരുറവയുണ്ട്, ബാലിനീസ് ഹിന്ദുക്കൾ ഈ വെള്ളം വിശുദ്ധമായി കണക്കാക്കുന്നു.
മനോഹരമായ കൊത്തുപണികളോടു കൂടിയ ക്ഷേത്രത്തിന്, നിസ്ത മണ്ഡല അല്ലെങ്കിൽ പുറം ഭാഗം, മധ്യമണ്ഡല അല്ലെങ്കിൽ മധ്യഭാഗം, ഉത്തമ മണ്ഡല എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. ബാലിയുടെ സാംസ്കാരിക പാരമ്പര്യത്തിന്‍റെ അടയാളങ്ങളില്‍ ഒന്നായാണ് ക്ഷേത്രം കണക്കാക്കപ്പെടുന്നത്.
English Summary: Best Places to Visit in Bali