ADVERTISEMENT

മലയാളികളുടെ പ്രിയ താരം റെബ മോണിക്ക ജോണിന് അഭിനയത്തോട് മാത്രമല്ല, യാത്രകളോടും പ്രണയമാണ്. വിദേശത്തും സ്വദേശത്തുമടക്കം നിരവധിയിടത്തേക്കാണ് താരം ട്രിപ്പ് പോകുന്നത്. മനോഹര സ്ഥലത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാനും റെബ മറക്കാറില്ല. കഴിഞ്ഞ വർഷമായിരുന്നു റെബയുടെയും ദുബായ് സ്വദേശിയായ ജോയ്മോൻ ജോസഫിന്റെയും വിവാഹം. ഇരുവരും വിവാഹശേഷം യാത്രകളുടെ ലോകത്തായിരുന്നു. ഹണിമൂണ്‍ യാത്രയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

ഇപ്പോഴിതാ ആദ്യ വിവാഹ വാർഷികം ബാലിയിൽ ആഘോഷമാക്കുകയാണ്. അതിമനോഹരമായ നിരവധി ചിത്രങ്ങളും വിഡിയോയും ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.  'ഇതുവരെയുള്ള എന്റെ മികച്ച ദിവസങ്ങൾക്ക് നന്ദി , ഒരുപാട് സന്തോഷമുണ്ട്,ഞാൻ ഒരിക്കലും ചിന്തിക്കാത്ത വിധത്തിൽ നീ എന്റെ ജീവിതം മികച്ചതാക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു, ഇന്നും എല്ലാ ദിവസവും' പങ്കുവച്ച ചിത്രത്തിനൊപ്പം റെബ കുറിച്ചു. നിരവധിപേർ വിവാഹവാർഷിക ആശംസകളും അറിയിച്ചിട്ടുണ്ട്. ബാലിയിലെ നുസ ലെംബോംഗൻ ഹോട്ടലിൽ നിന്നുള്ള കാഴ്ചകളും റെബ സമൂഹമാധ്യമത്തിൽ പങ്കിട്ടിട്ടുണ്ട്. 

ഓരോ തവണയും ബാലി എന്ന സ്വര്‍ഗഭൂമി പകര്‍ന്നു തരുന്ന അനുഭവങ്ങളും വ്യത്യസ്തമായിരിക്കും.സെലിബ്രിറ്റികള്‍ അടക്കമുള്ളവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ഒരു ഇടം കൂടിയാണ് ബാലി. ഇവിടെ എത്തുന്ന ആരും ഒരു നിമിഷം സംശയിച്ചു പോകും, ഇത് സ്വര്‍ഗമാണോ എന്ന്. മനോഹരമായ നീലാകാശവും കാഴ്ചകളുമാണ് സന്ദർശകരെ കാത്തിരിക്കുന്നത്. പരമ്പരാഗത നൃത്തങ്ങൾ, അഗുങ് മല നിരകൾ, മല കയറ്റം ബീച്ചുകൾ – സഞ്ചാരികൾക്കു വേണ്ടതെല്ലാം ഒരുക്കിയ നാട്. 

പാര്‍ട്ടിക്ക് പറ്റിയ ഇടം, മഞ്ഞവെളിച്ചം ഒഴുകുന്ന കുട്ട

ബാലിയില്‍ കുട്ട എന്ന് പേരുള്ള ഒരു ഇടമുണ്ട്. പാര്‍ട്ടി പ്രാന്തന്മാര്‍ക്ക് ഇവിടേക്ക് പോകാം. ബാലിയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് അല്‍പം പരിഷ്കാരം കൂടുതലുള്ള സ്ഥലമാണ് ഇവിടം. യാത്രികര്‍ക്ക് മികച്ച പല ഓഫറുകളും കിട്ടും. ഓപ്പണ്‍ ബാറുകള്‍, റൂഫ്ടോപ്‌ റെസ്റ്റോറന്റുകൾ തുടങ്ങി സംഘം ചേര്‍ന്ന് വരുന്നവര്‍ക്ക് അടിച്ചു പൊളിക്കാന്‍ പറ്റിയ എല്ലാം ഇവിടെ ഉണ്ട്. രാത്രി മുഴുവന്‍ മഞ്ഞവെളിച്ചവും പതിഞ്ഞ സംഗീതവുമൊക്കെ ആസ്വദിച്ച് ഇവിടെ ചെലവഴിക്കാം.

രുചി അറിയണം

പരമ്പരാഗത ബാലിനീസ് സംസ്കാരത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ് ഭക്ഷണം എന്നത് . ഏറെക്കുറെ വിചിത്രമായ ബാലിനീസ് ഭക്ഷണം രുചിച്ചേ ഇവിടെ നിന്നും തിരിച്ചു പോരാവൂ. നാസി ഗോറെംഗ്, സാംബൽ മാതാ, സതായ്, നാസി ടെപെങ് എന്നിങ്ങനെ നിരവധി തനതു രുചികളുണ്ട്.

യാത്ര പോകാം

സാധാരണയായി മറ്റു ദ്വീപ്‌ രാജ്യങ്ങളില്‍ ഒക്കെ പോകുമ്പോള്‍ ഉള്ള ഏറ്റവും വലിയ ബുദ്ധിമുട്ടാണ് ഗതാഗത സൗകര്യം ചെലവേറിയതാണ് എന്നത്. എന്നാല്‍ ബാലിയില്‍ അധിക നിരക്കില്ലാതെ തന്നെ പ്രാദേശിക യാത്രകള്‍ നടക്കും. ഇ റിക്ഷകളും ഫെറി സൗകര്യങ്ങളും ബസുകളും എല്ലാം കുറഞ്ഞ ചെലവില്‍ യാത്രികര്‍ക്ക് ഉപയോഗപ്പെടുത്താം.

English Summary: Reba Monica John Enjoys Holida in Bali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com