ഇതാണ് സ്വർഗത്തിലെ തീവണ്ടി യാത്ര; വിസ്മയങ്ങളുടെ നാട്ടിലൂടെ
Mail This Article
ബോളിവുഡ് ചിത്രങ്ങളിലെ പാട്ടുകളിലൂടെയാണ് നമ്മളില്‍ പലരും സ്വിറ്റ്‌സര്‍ലൻഡിന്റെ സൗന്ദര്യം ആദ്യം കണ്ടിട്ടുണ്ടാവുക. എവിടെ തിരിഞ്ഞാലും മനോഹരമായ പ്രകൃതി ദൃശ്യങ്ങളുള്ള നാട്. സ്വിറ്റ്‌സര്‍ലൻഡിലേക്കുള്ള ടിക്കറ്റെടുക്കാന്‍ വേറെയും ഒരുപാട് കാരണങ്ങളുണ്ട്.
മലകയറ്റക്കാരുടെ സ്വര്‍ഗം
ആല്‍പ്‌സ് പര്‍വത നിരകളോട് ചേര്‍ന്നുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനം തന്നെയാണ് സ്വിറ്റ്‌സര്‍ലൻഡിനെ മലകയറ്റക്കാരുടെ സ്വര്‍ഗീയ ഭൂമിയാക്കുന്നത്. സ്വിസ് ആല്‍പ്‌സ് എന്നു വിളിക്കുന്ന ഈ പ്രദേശത്ത് നിരവധി ഹൈക്കിങ്ങ് റൂട്ടുകളാണുള്ളത്. മഞ്ഞു പുതച്ച മലനിരകളും ഇടതൂര്‍ന്ന പൈന്‍ മരക്കാടുകളും നീലാകാശത്തെ പ്രതിഫലിപ്പിക്കുന്ന അരുവികളുമെല്ലാം ഓരോ മലകയറ്റങ്ങളേയും സവിശേഷമാക്കുന്നു. ലഭ്യമായ പ്രകൃതി വിഭവങ്ങളെ നല്ല രീതിയില്‍ പരിപാലിക്കുന്നുവെന്നതാണ് സ്വിറ്റ്‌സര്‍ലൻഡിന്റെ പ്രധാന മേന്മ. ഹൈക്കിങ്ങ് റൂട്ടുകളും മികച്ച രീതിയില്‍ പരിപാലിക്കപ്പെടുന്നുണ്ട്.
മനോഹരം, ട്രെയിന്‍ യാത്ര
നിങ്ങള്‍ സ്വിറ്റ്‌സര്‍ലൻഡിലേക്ക് പോകുന്നുണ്ടെങ്കില്‍ ഒരിക്കലും ട്രെയിന്‍ യാത്ര ഒഴിവാക്കരുത്. സ്വിറ്റ്‌സര്‍ലൻഡിന്റെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ ശാന്തമായി അറിയാന്‍ ട്രെയിന്‍ യാത്രയോളം യോജിച്ച മറ്റൊന്നില്ല. ഒരൊറ്റ ട്രെയിന്‍ യാത്ര മതി നിങ്ങളുടെ സോഷ്യല്‍മീഡിയകളില്‍ റീലുകളും സ്‌റ്റോറികളും നിറക്കാനായി. ട്രെയിന്‍ യാത്രയ്ക്കു മുമ്പേ ഒന്ന് മനസില്‍ വേണം. പൊതുവേ സമയനിഷ്ഠയുള്ളതിനാല്‍ കൃത്യ സമയത്ത് ട്രയിന്‍ യാത്രക്കെത്തുന്ന കാര്യം മറക്കരുത്. ഇല്ലെങ്കില്‍ നല്ലൊരു യാത്ര നിങ്ങള്‍ക്ക് മോശം ശീലം കൊണ്ട് നഷ്ടമായെന്നു വരാം.
ഭക്ഷണം
ചീസും പാല്‍ ചോക്ലേറ്റും മാത്രമല്ല പരമ്പരാഗത സ്വിസ് ഭക്ഷണവും നിങ്ങളെ അമ്പരപ്പിക്കും. വിഭവങ്ങളും രുചിയും മാത്രമല്ല അത് വിളമ്പുന്ന രീതിയും മനോഹരമാണ്. ഫ്രഞ്ച്, ഇറ്റാലിയന്‍, ജര്‍മന്‍ വിഭവങ്ങള്‍ തങ്ങളുടേതായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് സ്വിറ്റ്‌സര്‍ലണ്ടുകാര്‍ വിളമ്പാറുണ്ട്.
ഫോട്ടോഗ്രാഫര്‍മാരേ, ഇതിലേ...
എവിടെ തിരിഞ്ഞാലും മനോഹരമായ പ്രകൃതി ദൃശ്യങ്ങളാല്‍ സമ്പന്നാണ് സ്വിറ്റ്‌സര്‍ലൻഡ്. ആല്‍പ്‌സും തെളിനീരൊഴുകുന്ന അരുവികളും പച്ച പുല്‍മേടുകളും കളിവീടുകളെപോലെ മനോഹരമായ നിര്‍മിതികളുമെല്ലാം സ്വിറ്റ്‌സര്‍ലണ്ടിലെ തെളിഞ്ഞ കാലാവസ്ഥയില്‍ മനോഹര ചിത്രങ്ങളായി മാറും.
ഗ്രിന്‍ഡെല്‍വാല്‍ഡ് ഗ്രാമം
പോകുന്ന നാടുകളിലെ പല കാര്യങ്ങളും തിരിച്ചുവന്ന ശേഷമാണ് നമ്മള്‍ അറിയാറ്. ഈ ഗ്രാമത്തെക്കുറിച്ച് ഒരിക്കലും അങ്ങനെയുള്ള അറിവാകരുത് നിങ്ങള്‍ക്ക്. മുത്തശ്ശിക്കഥകളില്‍ നിന്നും നേരിട്ട് ഇറങ്ങി വന്നതുപോലെ മനോഹരമായ ഗ്രാമമാണിത്. ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സെറ്റിട്ടതുപോലുള്ളൊരു ഗ്രാമമാണ് ഗ്രിന്‍ഡെല്‍വാല്‍ഡ്.
വാച്ചുകള്‍
നിര്‍ത്താതെ പ്രവര്‍ത്തിക്കുന്നതിന് സ്വിസ് വാച്ചുകളെ പോലെ എന്നു പറയുന്നതു തന്നെ മതി സ്വിസ് വാച്ചുകള്‍ക്കുള്ള പരസ്യം. ടൈറ്റാനിയത്തിലും 18 കാരറ്റ് സ്വര്‍ണത്തിലും ചില്ലിലും രത്‌നങ്ങളിലുമൊക്കെ നിര്‍മിക്കുന്ന വാച്ചുകള്‍ അതി മനോഹരവുമാണ്. റോളക്‌സ്, പീറ്റര്‍ ഫിലിപെ, ഒമേഗ, കാര്‍ട്ടിയര്‍ എന്നീ പ്രസിദ്ധ വാച്ച് നിര്‍മാതാക്കളെല്ലാം സ്വിറ്റ്‌സര്‍ലൻഡില്‍ നിന്നുള്ളവരാണ്.
ആര്‍ട്ട് ഗാലറികള്‍
കലയ്ക്ക് സ്വിസുകാര്‍ വലിയ ബഹുമാനം കൊടുക്കുന്നതുകൊണ്ടുതന്നെ അവരുടെ ആര്‍ട്ട് ഗാലറികളും കാണേണ്ടതു തന്നെയാണ്. തനത് കലാസൃഷ്ടികളേക്കാള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാസൃഷ്ടികളുടെ ഏറ്റവും സുന്ദരമായ പ്രദര്‍ശന ശാലകളാണ് സ്വിറ്റ്‌സര്‍ലൻഡ് നിര്‍മിച്ചിരിക്കുന്നത്.
പാല്‍കട്ടിയും പാല്‍ ചോക്ലേറ്റും
ലോകത്തു തന്നെ ഏറ്റവും വിപുലമായും വ്യത്യസ്തമായും പാല്‍ക്കട്ടി അഥവാ ചീസ് നിര്‍മിക്കുന്നത് സ്വിറ്റ്‌സര്‍ലൻഡുകാരാണ്. പ്രതിവര്‍ഷം 1.89 ലക്ഷം ടണ്‍ ചീസാണ് ഇവര്‍ ഉത്പാദിപ്പിക്കുന്നത്. പാല്‍കട്ടിയില്‍ മാത്രം 475 വ്യത്യസ്ത ഇനങ്ങള്‍ ഇവിടെയുണ്ട്.
1875ല്‍ ഡാനിയേല്‍ പീറ്റര്‍ എന്ന സ്വിറ്റ്‌സര്‍ലണ്ടുകാരനാണ് മില്‍ക് ചോക്ലേറ്റിന്റെ രുചിക്കൂട്ട് കണ്ടെത്തിയത്. ഇതിനായി ഏഴ് വര്‍ഷവും ആയിരക്കണക്കിന് മണിക്കൂറുകളും അദ്ദേഹത്തിന് ചിലവിടേണ്ടി വന്നു. ഇന്ന് സ്വിറ്റ്‌സര്‍ലണ്ടിന്റെ മുക്കിലും മൂലയിലും രുചികരമായ മില്‍ക്ക് ചോക്ലേറ്റുകള്‍ വില്‍ക്കുന്ന കടകളുണ്ട്. പരമ്പരാഗത സ്വിസ് പാല്‍ചോക്ലേറ്റുകള്‍ ആരുടേയും വായില്‍ വെള്ളമോടിക്കുന്നതാണ്.
English Summary: Amazing Places to visit in Switzerland