ADVERTISEMENT

യൂറോപ്പിലെ അതിവേഗം വളരുന്ന ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് അല്‍ബേനിയ. ഇല്ലിയേറിയക്കാരും പുരാതന ഗ്രീക്കുകാരും വസിച്ചിരുന്ന ക്ലാസിക്കൽ കാലഘട്ടം മുതല്‍ക്കിങ്ങോട്ടുള്ള സമ്പന്നമായ സാംസ്കാരിക പൈതൃകവും, കടല്‍ത്തീരങ്ങളും പര്‍വതങ്ങളുമെല്ലാം നിറഞ്ഞ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും നാട്ടിന്‍പുറങ്ങളും പരമ്പരാഗത രുചിവൈവിധ്യങ്ങളുമെല്ലാം അല്‍ബേനിയയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്നു.  

ഒരുകാലത്ത് പുറംലോകത്ത് നിന്ന് പൂര്‍ണമായും മറയ്ക്കപ്പെട്ടിരുന്ന ഈ മനോഹരഭൂമി, ടൂറിസത്തിന്‍റെ പുത്തന്‍ സാധ്യതകള്‍ തേടുകയാണ് ഇപ്പോള്‍. കഴിഞ്ഞ വർഷം 7.5 ദശലക്ഷം സന്ദർശകരാണ് ഇവിടെയെത്തിയത്, അല്‍ബേനിയയുടെ ജനസംഖ്യയുടെ ഇരട്ടിയിലധികം വരുമിത്‌. 

അമിതടൂറിസം എന്നതിലുപരി, പരിസ്ഥിതി സൗഹൃദവും ഉത്തരവാദിത്തവും സുസ്ഥിരവുമായ ടൂറിസമാണ് അല്‍ബേനിയ ഉന്നംവയ്ക്കുന്നത്. ഗുണനിലവാരമുള്ള ടൂറിസം പാക്കേജുകളിലൂടെ കാർഷിക ടൂറിസവും ഇക്കോടൂറിസവും പോലുള്ള മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സാംസ്കാരിക പൈതൃകം, രുചികള്‍ മുതലായവയ്ക്കൊപ്പം,  ഹൈക്കിങ്, റാഫ്റ്റിങ് പോലുള്ള പ്രകൃതിസൗഹൃദപരമായ വിനോദങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. 

2081873068
GTW/shutterstock

ആല്‍പ്സ് മുതല്‍ മെഡിറ്ററേനിയൻ കടല്‍ വരെ

വടക്ക് പടിഞ്ഞാറ് മോണ്ടിനെഗ്രോ, വടക്ക് കിഴക്ക് കൊസോവോ, കിഴക്ക് നോർത്ത് മാസിഡോണിയ, തെക്ക് ഗ്രീസ് എന്നിവയുമായി അതിർത്തി പങ്കിടുന്ന തെക്കുകിഴക്കൻ യൂറോപ്പിലാണ് രാജ്യം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍, മെഡിറ്ററേനിയൻ കടലിന്‍റെ ഭാഗമായ അഡ്രിയാറ്റിക്, അയോണിയൻ കടലുകളാണ്. ഏകദേശം 481 കിലോമീറ്റർ ആണ് രാജ്യത്തിന്റെ തീരപ്രദേശത്തിന്‍റെ നീളം. മഞ്ഞുമൂടിയ അൽബേനിയൻ ആൽപ്‌സ്, ഷാർ, സ്കന്ദർബെഗ്, കൊറാബ്, പിൻഡസ്, സെറൗനിയൻ പർവതനിരകൾ മുതൽ, മെഡിറ്ററേനിയൻ കടൽ തീരങ്ങൾ വരെയുള്ള പ്രകൃതിവൈവിധ്യമാണ് അല്‍ബേനിയയെ ഏറ്റവും കൂടുതല്‍ ആകര്‍ഷണീയമാക്കുന്നത്.

പുതുമയായി കാർഷിക ടൂറിസം

യൂറോപ്പിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന 25 ാമത്തെ രാജ്യമാണ് അല്‍ബേനിയ. കൃഷിയും വിനോദസഞ്ചാരവും സമന്വയിപ്പിച്ചുകൊണ്ടുള്ള കാര്‍ഷിക ടൂറിസം അഥവാ അഗ്രി ടൂറിസമാണ് അൽബേനിയയുടെ ഒരു പ്രധാന ആകര്‍ഷണം. ഈ മേഖലയില്‍ സുസ്ഥിരമായ ടൂറിസത്തിനുള്ള സാധ്യത തിരിച്ചറിഞ്ഞ്, അല്‍ബേനിയന്‍ ഗവണ്മെന്‍റ് നൂറിലധികം ഗ്രാമങ്ങളില്‍ വിനോദസഞ്ചാരത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൃഷിയിടങ്ങളിലും ഫാമുകളിലും സഞ്ചാരികള്‍ക്കുള്ള താമസവും മറ്റും ഒരുക്കുന്നത് വഴി, പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാവുന്നു.

കോട്ടകളും വാസ്തുവിദ്യയും

മനോഹരമായ വാസ്തുവിദ്യയുടെ നേര്‍ക്കാഴ്ച ഒരുക്കുന്ന പുരാതനമായ ഒട്ടേറെ കോട്ടകള്‍ അല്‍ബേനിയയിലുണ്ട്. ബുന, കിർ, ഡ്രിൻ എന്നീ മൂന്ന് നദികളുടെ മധ്യഭാഗത്തുള്ള റോസാഫ കാസിൽ, ടിറാനയ്ക്ക് സമീപമുള്ള ഒരു മധ്യകാല കോട്ടയായ പെട്രേലെ കാസിൽ, 14 ആം നൂറ്റാണ്ടിലെ ചെറിയ കോട്ടയായ പ്രെസെ കാസിൽ എന്നിവയെല്ലാം ഇന്ന് അല്‍ബേനിയയിലെ ടൂറിസ്റ്റ് ആകര്‍ഷണങ്ങളാണ്.

2,500 വർഷത്തെ ചരിത്രമുള്ള ബട്രിന്‍റ് നാഷണൽ പാർക്കിലെ ഒരു ചെറിയ ദ്വീപിനുള്ളിലാണ് മറ്റൊരു പ്രധാന കോട്ടയായ അലി പാഷ കാസിൽ നിർമ്മിച്ചിരിക്കുന്നത്. വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളുടെയും ആകർഷണീയമായ പുരാവസ്തു സൈറ്റുകളുടെയും ഭവനമായ ബട്രിന്‍റ് ദേശീയോദ്യാനവും സന്ദര്‍ശിക്കാം. അഡ്രിയാറ്റിക്‌ കടല്‍ത്തീരത്തുള്ള റോഡോണി കാസിലും ഒരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമാണ്.

ആയിരം ജാലകങ്ങളുടെ നഗരം

അൽബേനിയയിലെ ഏറ്റവും മനോഹരമായ പട്ടണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ബെറാത്ത്, ഓട്ടോമൻ ശൈലിയിലുള്ള വീടുകൾക്ക് പേരുകേട്ടതാണ്. ക്രമത്തില്‍ അടുക്കടുക്കായി വിന്യസിച്ചിരിക്കുന്ന കുന്നിൻ മുകളിലെ വീടുകളിൽ നിന്നും പുറത്തേക്ക് നോക്കാനുള്ള മനോഹരമായ ജാലകങ്ങൾ ആണ് ഇവിടുത്തെ പ്രധാനകാഴ്ചകളില്‍ ഒന്ന്, ഇതുകാരണം,  "ആയിരം ജാലകങ്ങളുടെ നഗരം" എന്ന് ബെറാത്തിനെ വിളിക്കുന്നു. മലയോരത്ത് സ്ഥിതി ചെയ്യുന്ന ഓട്ടോമൻ ശൈലിയിലുള്ള മോസ്‌ക്കുകളും ബൈസന്റൈൻ പള്ളികളും ഇതിനെ മറ്റ് ബാൾക്കൻ നഗരങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നു. 

കല്ലുകളുടെ നഗരം

രാജ്യത്തിന്‍റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പഴയ പട്ടണമാണ് ജിറോകാസ്റ്റർ. കുന്നിനെ അഭിമുഖീകരിക്കുന്ന താഴ്വരയില്‍, മനോഹരമായ വാസ്തുവിദ്യയുള്ള 500 ഓളം വീടുകളും കെട്ടിടങ്ങളും 'സാംസ്കാരിക സ്മാരകങ്ങളായി' സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ കാഴ്ച കാരണം 'കല്ലുകളുടെ നഗരം' എന്ന് ജിറോകാസ്റ്റർ അറിയപ്പെടുന്നു.

മണല്‍ത്തിളക്കമുള്ള സുന്ദരതീരങ്ങള്‍

വൃത്തിയുള്ളതും വിശാലവുമായ തീരദേശ നഗരങ്ങളാണ് അല്‍ബേനിയയുടെ മുഖമുദ്ര. ചരിത്ര പ്രാധാന്യമുള്ള വ്‌ലോർ, തലസ്ഥാന നഗരമായ ടിറാനയിൽ നിന്ന് 35 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഡ്യൂറസ്, അയോണിയൻ കടലിന്‍റെ സൗന്ദര്യം പേറുന്ന സരണ്ടെ, അൽബേനിയൻ റിവിയേരയ്ക്കരികിലുള്ള ഹിമരെ തുടങ്ങിയവയെല്ലാം അല്‍ബേനിയയില്‍ സന്ദര്‍ശിക്കേണ്ട ബീച്ച് പട്ടണങ്ങളാണ്. കൂടാതെ, അൽബേനിയയിൽ 13 ഓളം ദ്വീപുകളുമുണ്ട്. കടല്‍ത്തീരങ്ങളിലെല്ലാം തന്നെ സമുദ്രവിനോദങ്ങളും സജീവമാണ്. 

സന്ദര്‍ശിക്കാന്‍ മികച്ച സമയം

ഏപ്രിൽ മുതൽ ജൂൺ വരെയും സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുമാണ് അൽബേനിയ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

English Summary: Albania eyes tourist boom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com