ഉരുള്‍പൊട്ടലുണ്ടായെന്ന് അപ്പോഴാണ് അറിയുന്നത്, ശരിക്കും ഭയന്നു; അനുഭവം പങ്കിട്ട് സ്വാസിക
Mail This Article
കുഞ്ഞുന്നാളില്‍ സ്വാസിക കണ്ട സ്വപ്‌നമാണ് അമേരിക്കയിലേക്കു പറക്കുന്നത്. വെറുമൊരു സ്വപ്‌നം മാത്രമായി തീരാവുന്ന ആഗ്രഹം മാത്രമായിരുന്നു അത്. എന്നാല്‍ അഭിനയരംഗത്തെത്തിയപ്പോള്‍ അതും സാധ്യമായി. ഒരു ഷോയുടെ ഭാഗമായി ആദ്യമായി അമേരിക്കയില്‍ പോയപ്പോള്‍ ലഭിച്ച സന്തോഷവും ആത്മവിശ്വാസവും വലുതായിരുന്നെന്നും എന്റെ ഒരു കുഞ്ഞ് ആഗ്രഹം ഒടുവിലിതാ സാധിച്ചിരിക്കുന്നുവെന്ന് ലോകത്തോട് വിളിച്ചു പറയണമെന്ന് തോന്നിയെന്നും സ്വാസിക പറയുന്നു. കൂട്ടിവച്ച സ്വപ്‌നങ്ങളോരോന്നും നേടിയെടുക്കുന്ന തിരക്കിലും സ്വാസിക തന്റെ വിശേഷങ്ങളും യാത്രാനുഭവങ്ങളും മനോരമ ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ്.
ചതുരത്തിനുളളില്‍..
സ്വാസികയുടെ കരിയറിലെ മികച്ച ചിത്രമാണ് ചതുരം. സെലേന എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതിനൊപ്പം ചിത്രം ഒരുപാട് ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി. ഏതാണ്ട് 40 ദിവസമാണ് ഈ സിനിമക്കായി സ്വാസിക ചെലവഴിച്ചത്. മുണ്ടക്കയത്തായിരുന്നു ഷൂട്ടിങ്. അവിടെ അടുത്തുളള റിസോര്‍ട്ടിലായിരുന്നു താമസം. ലൊക്കേഷനിലേക്കും അവിടുന്ന് തിരിച്ചുമുളള ചെറിയ യാത്രകള്‍പോലും വളരെ രസകരമായിരുന്നുവെന്ന് സ്വാസിക ഓര്‍ത്തെടുക്കുന്നു:
തനി നാട്ടിന്‍പുറമാണ് മുണ്ടക്കയം. അവിടത്തെ കാഴ്ചകളും ചതുരം സെറ്റിലെ എല്ലാവരുമൊന്നിച്ചുളള സംസാരവും ഭക്ഷണം കഴിക്കലും ഒക്കെ വളരെ നല്ലൊരു വൈബായിരുന്നു. കുട്ടിക്കാനം, പാഞ്ചാലിമേട് എന്നിവിടങ്ങളിലേക്കെല്ലാം യാത്രചെയ്തിരുന്നു. നാട്ടിന്‍പുറവും ടൂറിസ്റ്റ് സ്‌പോട്ടുമായ മുണ്ടക്കയത്തെ യാത്രയും ഷൂട്ടിങ്ങും ഒരുമിച്ചു ചേര്‍ന്നപ്പോൾ വേറിട്ട ഒരു അനുഭവമായിരുന്നു. മറക്കാനാവില്ല കരിയറിലെ ആ യാത്രയും.
അമേരിക്ക അമേരിക്ക...
സ്‌കൂളില്‍ പഠിക്കുന്ന കാലംതൊട്ടുളള ആഗ്രഹമാണ് അമേരിക്ക കാണണമെന്നത്. അത് എന്നെങ്കിലും സാധിക്കുമോ എന്നൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. പിന്നീട് അഭിനയരംഗത്തെത്തിയപ്പോഴാണ് അമേരിക്കയില്‍ ഷോ ചെയ്യാന്‍ അവസരം ലഭിക്കുന്നത്. ഒരു മാസത്തോളം അവിടെ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അമേരിക്കയില്‍ ഒരുപാട് ഇടങ്ങളില്‍ പോകാന്‍ സാധിച്ചു.
ന്യൂയോര്‍ക്ക് സിറ്റിയാണ് അവിടെ ഏറ്റവും ഇഷ്ടമായത്. രണ്ട് രാത്രിയും പകലും അവിടെ ഉണ്ടായിരുന്നു. പലതരത്തിലുളള ഭക്ഷണങ്ങള്‍ കഴിക്കാനും ന്യൂയോര്‍ക്കിലെ നൈറ്റ് ലൈഫ് ആസ്വദിക്കാനും അവസരം ലഭിച്ചു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത യാത്രയായിരുന്നു അമേരിക്കന്‍ യാത്ര. ഇനിയും അവസരം ലഭിച്ചാല്‍ അമേരിക്കയിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടെന്നും സ്വാസിക പറയുന്നു.
വയനാടും മുത്തങ്ങയും
ഷൂട്ടിങ്ങ് ആവശ്യങ്ങള്‍ക്കായും വീട്ടുകാര്‍ക്കും കസിന്‍സിനൊപ്പവുമാണ് സ്വാസിക കേരളത്തിലൂടെ യാത്ര ചെയ്തിട്ടുളളത്. ചെറിയ യാത്രകളാണെങ്കിലും അതെല്ലാം മനോഹരമായിരുന്നുവെന്ന് സ്വാസിക ഓര്‍ത്തെടുക്കുന്നു. നമ്മുടെ നാടിന്റെ ഭംഗിയും കാലാവസ്ഥയും മറ്റെവിടെയും കിട്ടില്ല. യാത്ര പോയതില്‍ വയനാടിനോടാണ് സ്വാസികക്ക് കൂടുതലിഷ്ടം. പലതവണ വയനാടിന്റെ കുളിരിലേക്ക് യാത്ര പോയിട്ടുണ്ട്. ഓരോ തവണ അവിടെ പോയിവരുമ്പോഴും ഒരു പ്രത്യേക ഊര്‍ജം ലഭിച്ച പോലെതോന്നും. അത്രയ്ക്ക് ഭംഗിയും സുഖവുമുളള അന്തരീക്ഷമാണ് ആ നാടിനെന്ന് സ്വാസിക പറയുന്നു.
ആ യാത്ര വല്ലാതെ മടുപ്പിച്ചു
അവധിക്കാലത്ത് വിദേശത്ത് പോവുകയെന്നത് തൽക്കാലം സ്വാസികയുടെ ലിസ്റ്റിലില്ല. എന്നാല്‍ ഷോയുടെ ഭാഗമായി ഒട്ടേറെ വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട്. അങ്ങനെയാണ് ദുബായിലേക്കു പോയത്. മൂന്ന് ദിവസം തുടര്‍ച്ചയായി ഷോ ചെയ്ത് ഒടുവില്‍ നാലാം ദിവസം നാട്ടിലേക്ക് തിരികെയെത്തിയ ഒരു യാത്രയായിരുന്നു അത്.
വിശ്രമിക്കാനോ സ്ഥലങ്ങള്‍ കാണാനോ സമയമുണ്ടായിരുന്നില്ല. യാത്രയുടെ സുഖവും സന്തോഷവുമൊന്നുമുണ്ടായിരുന്നില്ല. പകരം വല്ലാത്ത മടുപ്പായിരുന്നു. ആ മടുപ്പേറിയ യാത്ര ആവര്‍ത്തിക്കാതിരിക്കാന്‍ പിന്നീടുവരുന്ന ഷോകളില്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ആ യാത്രയ്ക്ക് ശേഷവും ദുബായില്‍ ഷോ ചെയ്യാന്‍ പലതവണ പോയിട്ടുണ്ട്. അതെല്ലാം മനോഹരമായ യാത്രകളായിരുന്നുവെന്നും ദുബായില്‍ ചുറ്റിക്കറങ്ങാനും അവിടത്തെ രുചികള്‍ അടുത്തറിയാനും സാധിച്ചെന്നും സ്വാസിക പറയുന്നു.
കസിന്‍സാണ് താരം...
കസിന്‍സാണ് സ്വാസികയുടെ പ്രിയ സഹയാത്രികര്‍. അവര്‍ 15 പേരുണ്ട്. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് പലയിടങ്ങളിലേക്കും അവര്‍ക്കൊപ്പം യാത്ര പോകാറുണ്ട്. മനസ്സ് വല്ലാതെ ടെന്‍ഷനാകുമ്പോള്‍ കസിന്‍സിനെ വിളിക്കും എല്ലാവരും ഒത്തുകൂടും. ചിലപ്പോള്‍ വീട്ടിലായിരിക്കും അല്ലെങ്കില്‍ റിസോര്‍ട്ടില്‍. അങ്ങനെ എവിടെങ്കിലും ഒരുമിച്ച് കൂടും. അത് വല്ലാത്തൊരു സന്തോഷമാണ്.
അടുത്തിടെ സ്വാസിക കസിന്‍സിനൊപ്പം ബെംഗളൂരുവിൽ പോയിരുന്നു. പിന്നെ അട്ടപ്പാടി, മൂന്നാര്‍ ഒക്കെ ഇവര്‍ക്കൊപ്പം യാത്ര പോയിട്ടുണ്ട്. കസിന്‍സിന്റെ കൂടെ സ്ഥലങ്ങള്‍ കാണാനുളള യാത്ര എന്നതിലപ്പുറം എല്ലാവരും ഒന്നിച്ചിരിക്കുക എന്നതിനാണ് പ്രാധാന്യം. ചിലപ്പോള്‍ യാത്രയ്ക്കുപകരം ഏതെങ്കിലും റിസോര്‍ട്ടില്‍ എല്ലാവരും ഒന്നിച്ച് പോകും. അവിടെ ഭക്ഷണം പാകം ചെയ്ത്, അന്താക്ഷരി പോലുളള കളികള്‍ കളിച്ച്.. അങ്ങനെ ഒരുപാട് സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ പങ്കുവയ്ക്കും. ഒരുപാട് സംസാരിച്ച്, തല്ലുകൂടി ഉറങ്ങി, നല്ല ഭക്ഷണം കഴിച്ച് സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കുമ്പോള്‍ ലഭിക്കുന്ന എനര്‍ജി വേറെവിടെയും കിട്ടില്ല.
മറക്കില്ല, ആ യാത്ര
അടുത്തിടെ നീലക്കുറിഞ്ഞി പൂത്തതുകാണാന്‍ മൂന്നാറില്‍ പോയിരുന്നു. അമ്മ, ചിറ്റ, അമ്മായിമാര്‍ അങ്ങനെ ഞങ്ങള്‍ ലേഡീസ് മാത്രമായിരുന്നു യാത്രയില്‍ ഉണ്ടായിരുന്നത്. അവിടെ പോയിട്ട് തിരിച്ചുവരുമ്പോള്‍ നല്ല ബ്ലോക്ക്. മാത്രമല്ല മുന്നില്‍ പോയ വാഹനങ്ങളൊക്കെ തിരിച്ച് വരുന്നു. അപ്പോഴാണ് അറിയുന്നത് മുന്നില്‍ ഉരുള്‍പൊട്ടിക്കൊണ്ടിരിക്കുകയാണെന്ന്. നല്ല മഴയുമുണ്ടായിരുന്നു. രാത്രി ആന ഇറങ്ങുന്ന സ്ഥലമാണ്. മുന്നോട്ടും പിന്നോട്ടും വണ്ടിയെടുത്തു പോകാനുമാവില്ല. വണ്ടി ബ്ലോക്കായി അവിടെ കുടുങ്ങിപ്പോയാല്‍ എന്തു ചെയ്യുമെന്ന് ടെന്‍ഷനായിരുന്നു. കുറച്ചുനേരത്തേക്കാണെങ്കിലും ആകെ പേടിച്ചുപോയി. പിന്നെ പതുക്കെ എല്ലാം ശരിയായി വണ്ടി കടത്തിവിട്ട് തുടങ്ങിയപ്പോഴാണ് ആശ്വാസമായതെന്നും സ്വാസിക.
സ്വപ്‌ന യാത്ര
പാരിസും സ്വിറ്റ്‌സര്‍ലൻഡുമാണ് സ്വാസിക പോകാനാഗ്രഹിക്കുന്ന രാജ്യങ്ങള്‍. അഡ്വഞ്ചര്‍ ട്രെക്കിങ്ങിനോട് പൊതുവെ പ്രിയമുളള ആളല്ല. എന്നിരുന്നാലും ഒരവസരം കിട്ടിയാല്‍ പോയി നോക്കണമെന്നുണ്ടെന്നും സ്വാസിക.
കൂട്ടുകുടുംബമാണ് സ്വാസികയുടേത്. അമ്മ, അച്ഛന്‍, അനുജന്‍, ചിറ്റ, അവരുടെ മക്കള്‍, അമ്മൂമ്മ അങ്ങനെ ഏഴു പേരടങ്ങുന്നതാണ് കുടുംബം. സംവിധായകന്‍ ജയരാജിന്റെ സിനിമയാണ് സ്വാസികയുടേതായി ഇനി വരാനിരിക്കുന്നത്. തമിഴിലും ഒരു സിനിമ ചെയ്യുന്നുണ്ട്.
English Summary: Most Memorable Travel Experience by Swasika