ഇന്ത്യയിലെ പ്രധാന സ്ഥലങ്ങളിലൂടെ സൈക്കിൾ യാത്ര നടത്തിയ മലയാളികള്‍
Mail This Article
അറിവിന്റെ വാതായനങ്ങൾ തുറക്കുന്നതാണ് ഓരോ യാത്രയും. അവ പുതിയ അറിവുകൾ നേടാനുള്ള അവസരമാണ്. എന്നാൽ, ആ യാത്രകൾ സൈക്കിളിൽ ആയാലോ? വിവിധ സംസ്‌കാരങ്ങളെയും ജീവിതരീതികളെയും അടുത്തറിയാനും അതിന്റെ ഭാഗമാകാനും ഏറ്റവും നല്ലത് സൈക്കിൾ തന്നെ. കൊച്ചിയിൽ നിന്നാണ് സുഹൃത്തുക്കളായ ജയറാം വിഷ്ണു, അരവിന്ദ് ബാലചന്ദ്രൻ, ബാലമുരളി കൃഷ്ണ, ജോയൽ തോമസ് എന്നിവർ 2022 ഒക്ടോബർ 20ന് സൈക്കിളിൽ കയറിയത്.
കൊച്ചി ടു ഹിമാലയ
കാറിലാണ് യാത്രയെങ്കിലും പ്രധാന സ്ഥലങ്ങളിൽ സൈക്ലിങ് ചെയ്യുന്നതിനായി വണ്ടിയിൽ സൈക്കിൾ റാക്ക് ഘടിപ്പിച്ചു രണ്ടു സൈക്കിളുകൾ ഫിറ്റ് ചെയ്തു - ക്രാഡിയാക് ഗണ്ണർ (Cradiac Gunner) എന്ന ഹൈബ്രിഡ് ബൈക്കും, ക്രോ റോഗ് (Crow Rogue) എന്ന എംടിബിയും. രണ്ടും 21 സ്പീഡ് ബൈക്കുകളാണ്. കൊച്ചിയിൽനിന്നു നേരെ പോയത് കോയമ്പത്തൂർ ഇഷ യോഗ ഫൗണ്ടേഷനിൽ. സൈക്ലിങ്ങിന് അനുയോജ്യമായ ഇടം. അവിടെനിന്നു ബെംഗളൂരുവിൽ.
സൈക്ലിങ് ഹബ് എന്നു വിശേഷിപ്പിക്കാവുന്ന നഗരം. ബെംഗളൂരു റാൻഡോണേഴ്‌സ് എന്ന സൈക്ലിങ് ക്ലബ്ബിനൊപ്പം കുറച്ചുസമയം ചെലവഴിച്ചു. എല്ലാത്തരം സൈക്ലിസ്റ്റുകൾക്കും അനുയോജ്യമാണിവിടം. അടുത്ത ലക്ഷ്യം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഹംപിയായിരുന്നു.
ഹംപി എന്ന അദ്ഭുതം
ഹംപി മറ്റൊരു ലോകമാണ്. ഈ പുരാതന നഗരം അടുത്തറിയാനുള്ള നല്ല മാർഗമാണ് സൈക്ലിങ്. വിരൂപാക്ഷ ക്ഷേത്രം, വിത്തല ക്ഷേത്രം, ബഡാവിലിംഗ തുടങ്ങി വളരെ പ്രശസ്തമായ ക്ഷേത്രങ്ങൾ മുതൽ ജലസംഭരണികൾ, കനാലുകൾ എന്നിവ അടങ്ങുന്ന മനോഹരങ്ങളായ കാഴ്ചകളാൽ സമ്പന്നമാണ് ഈ നഗരം. സ്ഥലം ചുറ്റിക്കാണുന്നതിനു പ്രതിദിനം 500 രൂപയ്ക്ക് സൈക്കിളുകൾ വാടകയ്ക്കു കിട്ടും.
അവിടെനിന്നു സൈക്ലിസ്റ്റുകളുടെ സ്വപ്നമായ ഗോവയിലേക്കായിരുന്നു യാത്ര.വൈവിധ്യങ്ങളുടെ സംഗമസ്ഥാനമാണ് ഈ കൊച്ചു സംസ്ഥാനം. സൈക്ലിങ്ങിലൂടെ ഗോവ എന്ന സംസ്ഥാനത്തിന്റെ ആരും കാണാത്ത സൗന്ദര്യം ഞങ്ങളറിഞ്ഞു. ഇവിടെയും സൈക്കിളുകൾ വാടകയ്ക്കു കിട്ടും.
മുംബൈ മറൈൻ ഡ്രൈവിലെ നൈറ്റ് റൈഡ്
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ റൂട്ടുകളിലൊന്നായ ഗോവ - മുംബൈ ഹൈവേയിലൂടെ മഹാനഗരത്തിലെത്തിയപ്പോൾ യാത്ര തുടങ്ങി ആറു ദിവസം പിന്നിട്ടിരുന്നു. വൈകുന്നേരം ഗണ്ണറും ക്രോ റോഗുമായി മുംബൈ നഗരത്തിലൂടെ ചുറ്റിനടന്നു. ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ് ഹോട്ടൽ വഴി റൈഡ് ചെയ്തു. നരിമാൻ പോയിന്റിൽ തുടങ്ങി മലബാർ ഹിൽ വരെ പോകുന്ന പ്രശസ്തമായ മറൈൻ ഡ്രൈവിലൂടെ കടൽകാറ്റേറ്റ് സൈക്ലിങ് ആസ്വദിച്ചു.
ഉപ്പ് മരുഭൂമിയിലൂടെ ഒരു റൈഡ്
രാവിലെ മുംബൈയിൽനിന്നുള്ള യാത്ര അവസാനിച്ചത് രാത്രി ഗുജറാത്തിലെ രാജ്പിപ്ലയിലായിരുന്നു. അന്നവിടെ കഴിച്ചുകൂട്ടി. പിറ്റേന്നു വഡോദര വഴി കച്ചിലേക്ക്. ലോകത്തിലെ ഏറ്റവും വലിയ ഉപ്പുപാടം. ഈ ഉപ്പ് മരുഭൂമി ആസ്വദിക്കാൻ ജൂൺ മുതൽ സെപ്റ്റംബർ ഒഴികെ ബാക്കി ഏതു മാസവും തിരഞ്ഞെടുക്കാം. ഇവിടെ റൈഡ് ചെയ്യുമ്പോൾ പഞ്ചർ ട്യൂബും കിറ്റും കരുതണം. ഇവിടത്തെ ഓഫ്–റോഡിങ് പാതക
ളിൽ പംങ്ചർ സാധ്യത കൂടുതലാണ്. മരുഭൂമിയിൽ റൈഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ലൈറ്റ് ഫുൾ സ്ലീവ് ഡ്രസ്, സൺ ക്രീം, സൺഗ്ലാസ്, ഗ്ലവ്‌സ്, ഹെൽമറ്റ്, ഷൂസ് എന്നിവ ധരിച്ചു വേണം സൈക്ലിങ്.
മണൽക്കൂനകൾക്കിടയിലൂടെ
കച്ചിൽനിന്നു സുവർണ നഗരമായ ജയ്‌സാൽമീറിലേക്കു പോയി. ഥാർ മരുഭൂമിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ജയ്‌സാൽമീർ യുനെസ്‌കോയുടെ ലോകപൈതൃകസ്ഥാനങ്ങളിലൊന്നാണ്. ഓർമകൾ സമ്മാനിക്കുന്നതായിരുന്നു ജയ്സാൽമീറിലെ സൈക്ലിങ്. നല്ല ഓർമകളുമായി പിന്നെ ചെന്നെത്തിയത് ജോധ്പുരിലാണ്. 15–ാം നൂറ്റാണ്ടിൽ മാൻഡോറിലെ രാജാവായിരുന്ന റാവോ
ജോധാ റാത്തോർ ആണ് ഈ പട്ടണം സ്ഥാപിച്ചത്. രാജസ്ഥാനിലെ പിങ്ക് സിറ്റിയായ ജയ്പുർ കഴിഞ്ഞാൽ വലിയ രണ്ടാമത്തെ നഗരം. അന്നവിടെ തങ്ങി. പിറ്റേന്നു ഡൽഹി ലക്ഷ്യമാക്കി നീങ്ങി.
ഇന്ത്യാ ഗേറ്റ്–രാഷ്ട്രപതി ഭവൻ
ഇന്ത്യാ ഗേറ്റ്-രാഷ്ട്രപതി ഭവൻ റോഡിലൂടെയുള്ള സൈക്ലിങ് അസാധാരണ അനുഭവമാണ്. കനത്ത ട്രാഫിക് ഒഴിവാക്കാൻ അതിരാവിലെ സൈക്കിൾ ചവിട്ടുകയാണ് ഉത്തമം. പ്രഭാത സവാരിക്ക് ഇറങ്ങുന്നവർക്കും സൈക്കിൾ യാത്രക്കാർക്കും സ്‌കേറ്റർമാർക്കും പ്രിയപ്പെട്ട വഴിയാണിത്. ലുധിയാന തലസ്ഥാന നഗരത്തോടു യാത്ര പറഞ്ഞ് ഏഷ്യയിലെ ഏറ്റവും വലിയ സൈക്കിൾ നിർമാണകേന്ദ്രമായ ലുധിയാനയിലെത്തി. കേരളത്തിൽനിന്നുള്ള നാഷനൽ ബ്രാൻഡായ ക്രാഡിയാക്കിന്റെ നിർമാണശാലയും ഇവിടെയാണ്. അതുകൊണ്ടുതന്നെ വൈകുന്നേരം ആ ഫാക്ടറി സന്ദർശിച്ച് പ്രവർത്തനങ്ങൾ കണ്ടു. ഫാക്ടറിയിലെ ജീവനക്കാർ ക്രാഡിയാക് മോഡലുകൾ പരിചയപ്പെടുത്തി. ഞങ്ങളുടെ യാത്രയെക്കുറിച്ചറിഞ്ഞ് അവരുടെ ആർ ആൻഡ് ഡിയിലുള്ള ഏറ്റവും പുതിയ മോഡലായ ക്രാഡിയാക് എക്‌സ് സി 900(Cradiac XC 900) എന്ന 24 സ്പീഡ് എംടിബി ടെസ്റ്റ് ഡ്രൈവിനായി തന്നു. ക്രാഡിയാക് എക്‌സ് സി 900 സൈക്കിൾ റാക്കിൽ ഘടിപ്പിച്ചു ഞങ്ങൾ യാത്ര തുടങ്ങി.
ലുധിയാനയിൽനിന്നു നേരെ വാഗ അതിർത്തിയിലേക്കു പോയി. പഞ്ചാബിലെ അമൃത്‌സറിനും പാക്കിസ്ഥാനിലെ ലഹോറിനും ഇടയിലുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലാണ് വാഗ അതിർത്തി. വാഗയിൽനിന്നു സുവർണ ക്ഷേത്രത്തിലേക്ക്. വൈദ്യുതദീപങ്ങളാൽ അലങ്കരിച്ച സുവർണക്ഷേത്രത്തിലെ താഴികക്കുടം രാത്രിയിൽ കാണാൻ പ്രത്യേക ഭംഗിയാണ്. ഹിമാചൽപ്രദേശിലേക്കായിരുന്നു അടുത്ത യാത്ര.
ഹിമാലയൻ റൈഡ്
പിറ്റേന്നു രാത്രിയോടെ ഹിമാചലിലെത്തി. കൊടും തണുപ്പ് കാലുകളിലൂടെ അരിച്ചുകയറുന്നു. വിറച്ചു ഹോട്ടലിൽ ചെന്നു. രാവിലെ മഞ്ഞുവീണ റോഡിലൂടെ ക്രാഡിയാക് എക്‌സ് സി 900 എംടിബി ടെസ്റ്റ് റൈഡ് ചെയ്തു. ഹാൻഡിൽബാറും സീറ്റിങ് പൊസിഷനും പെർഫെക്റ്റ്. ഇരുന്നും സ്റ്റാൻഡ് അപ്പ് റൈഡിങ് പൊസിഷനുകളിലും സൈക്കിൾ ഓടിക്കാൻ എളുപ്പം. 24 സ്പീഡ് ഗിയർ ട്രാൻസ്മിഷനായതിനാൽ മലനിരകളിലൂടെ വേഗത്തിൽ സഞ്ചരിക്കാം. ബൈക്കിന്റെ സൂം സസ്പെൻഷൻ കുണ്ടും കുഴിയുമുള്ള വഴികളിലൂടെ യാത്ര എളുപ്പമാക്കി. എന്നാൽ, കൊടും തണുപ്പിലുള്ള സൈക്ലിങ് ദുസ്സഹമായിരുന്നു. ഇവിടെയും ചെറിയ തുക സെക്യൂരിറ്റിയായി നൽകി, ദിവസേന 500 രൂപ വാടകയ്ക്ക് സൈക്കിളുകൾ ലഭിക്കുന്ന സ്ഥലങ്ങളുണ്ട്. അവിടെനിന്നു ഹിമാചൽപ്രദേശിലെ സുന്ദരമായ ഗ്രാമങ്ങളിലൊന്നായ കസോളിലേക്ക് തിരിച്ചു.
‘മോശമായ കാലാവസ്ഥ എന്നൊന്നില്ല, മോശം വസ്ത്രം മാത്രം’ എന്നൊരു പഴയ ചൊല്ല് ഉണ്ട്. തണുത്ത കാലാവസ്ഥയിൽ വാട്ടർ പ്രൂഫ് ജാക്കറ്റ്, സൈക്ലിങ് ഗ്ലവ്, വാട്ടർപ്രൂഫ് ഷൂസ് (ഓവർഷൂസ്), സൈക്ലിങ് ക്യാപ്, നല്ല സൺഗ്ലാസ്സുകൾ എന്നിവ ധരിച്ചു മാത്രമേ സൈക്ലിങ് ചെയ്യാവൂ. അടുത്ത ലക്ഷ്യം പോണ്ടിച്ചേരിയായിരുന്നു.ലിറ്റിൽ ഫ്രാൻസ് പുതുച്ചേരി ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളിലൊന്ന്. ഇളം മഞ്ഞ നിറത്തിൽ കൊളോണിയൽ വാസ്തുവിദ്യയിൽ നിർമിച്ചിരിക്കുന്ന കെട്ടിടങ്ങൾ. ചിലയിടങ്ങൾ ഫ്രാൻസിലെ തെരുവുകൾപോലെ.
ഇവിടത്തെ ബീച്ചുകളിലൂടെയുള്ള സൈക്ലിങ് വ്യത്യസ്ത അനുഭവമായിരുന്നു. 19–ാം നൂറ്റാണ്ടിലെ ഓർമകളോടു വിടപറഞ്ഞ് നവംബർ 22ന് കൊച്ചിയിൽ തിരിച്ചെത്തി. വേറിട്ട അനുഭവമായിരുന്നു ഇന്ത്യയെ കണ്ടറിഞ്ഞുള്ള ഒരു മാസം നീണ്ട ഈ സൈക്കിൾ–കാർ യാത്ര.
English Summary: Bicycle Expedition Kerala Youth Discover Pangs of India