ADVERTISEMENT

ഡിസ്നിയുടെ സിനിമകള്‍ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാവില്ല. ഓരോ തവണയും ഡിസ്നിയുടെ സിനിമ ആരംഭിക്കുന്നതിന് മുന്‍പായി, പ്രത്യേക ആകൃതിയില്‍ നിര്‍മ്മിച്ച ഒരു കൊട്ടാരത്തിന്‍റെ ചിത്രം കാണിക്കുന്നത് കണ്ടിട്ടില്ലേ? ഈ ഡിസ്നി കാസിലിനായി വാൾട്ട് ഡിസ്നിയ്ക്ക് പ്രചോദനമേകിയത് ജര്‍മ്മനിയിലെ ഒരു കോട്ടയാണ്.

ജർമനിയിലെ ബവേറിയൻ ആൽപ്‌സ് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ന്യൂഷ്‌വാൻസ്റ്റൈൻ കാസിൽ ആണിത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ കോട്ടകളിലൊന്നായ ഇത്, 1869 ൽ ലുഡ്‌വിഗ് രണ്ടാമൻ രാജാവാണ് നിര്‍മിച്ചത്. ഭ്രാന്തനായ രാജാവ് എന്നറിയപ്പെട്ടിരുന്ന ലുഡ്‌വിഗ് രാജാവ്‌, തന്‍റെ തീരാത്ത ഫാന്‍റസികള്‍ക്ക് രൂപം കൊടുക്കുകയായിരുന്നു ഈ കൊട്ടാരത്തിലൂടെ. നിർഭാഗ്യവശാൽ, കൊട്ടാരം പൂർത്തിയാകുന്നതിന് മുമ്പ് രാജാവ് മരിച്ചു, 1886 ൽ അദ്ദേഹത്തിന്‍റെ മരണത്തിന് ഏഴ് ആഴ്ചകൾക്ക് ശേഷം ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

castle2
SeanPavonePhoto/Istock

ഗോഥിക്, റോമനെസ്ക് ശൈലികളില്‍ നിന്നും കടംകൊണ്ട രീതികള്‍ സമന്വയിപ്പിച്ച് നിർമിച്ച ന്യൂഷ്വാൻസ്റ്റൈൻ കാസിൽ, കലയുടെയും വാസ്തുവിദ്യയുടെയും അതിശയകരമായ മിശ്രണമാണ്. ഉയർന്ന ഗോപുരങ്ങൾ, സങ്കീർണ്ണമായ കൊത്തുപണികൾ എന്നിവയാൽ കോട്ടയുടെ പുറംഭാഗം ശ്രദ്ധേയമാണ്. മുറികളും ഹാളുകളും ഫർണിച്ചറുകളും മനോഹരമായ കലാസൃഷ്ടികളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

കോട്ടയിലെ ഏറ്റവും പ്രശസ്തമായ മുറികളിലൊന്നാണ് സിംഹാസന മുറി, അതിൽ സ്വർണം പൂശിയ വെങ്കലവും വിലയേറിയ കല്ലുകളും കൊണ്ട് നിർമ്മിച്ച അതിശയകരമായ സിംഹാസനമുണ്ട്. രാജാവിന് ഏറ്റവും പ്രിയപ്പെട്ട സംഗീതസംവിധായകനായിരുന്ന റിച്ചാർഡ് വാഗ്നറുടെ ഏറ്റവും പ്രശസ്തമായ ഓപ്പറകളിലൊന്നായ പാർസിഫലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന പെയിന്റിംഗുകളാൽ മുറി അലങ്കരിച്ചിരിക്കുന്നു. 

300 ലധികം അതിഥികൾക്ക് ഇരിക്കാവുന്ന സിംഗർസ് ഹാൾ ആണ് മറ്റൊരു ശ്രദ്ധേയമായ മുറി. വാഗ്നറുടെ ഓപ്പറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന ചുമർചിത്രങ്ങളാൽ ഈ ഹാളും അലങ്കരിച്ചിരിക്കുന്നു. സ്റ്റാലാക്റ്റൈറ്റുകളും വെള്ളച്ചാട്ടവുമുള്ള ഒരു ഗുഹയോട് സാമ്യമുള്ള, രാജാവിന്‍റെ കിടപ്പുമുറി ഉൾപ്പെടെ നിരവധി രസകരമായ മുറികളും കോട്ടയിൽ ഉണ്ട്. പ്രസിദ്ധമായ "ഡിസ്നിലാൻഡ് കാസിലിന്‍റെ" രൂപകല്പനയ്ക്ക് പ്രചോദനമായത് ഈ മുറിയാണെന്ന് പറയപ്പെടുന്നു. കടൽ ഷെല്ലുകൾ കൊണ്ട് പൊതിഞ്ഞ ഒരു ചെറിയ മുറി, ഒരു ഗുഹ പോലെ രൂപകൽപ്പന ചെയ്ത ഗ്രോട്ടോ, സങ്കീർണ്ണമായ മരം കൊത്തുപണികളും ആകർഷകമായ പുസ്തകങ്ങളുടെ ശേഖരവും ഉൾക്കൊള്ളുന്ന പഠനമുറി എന്നിവയുമുണ്ട്.

ആൽപ്‌സി, ഹോഹെൻഷ്‌വാങ്കൗ തടാകങ്ങളെ അഭിമുഖീകരിക്കുന്ന ഈ കോട്ടയ്ക്ക് ചുറ്റും ഗംഭീരമായ ബവേറിയൻ ആൽപ്‌സ് പർവതനിരകളുടെ കാഴ്ചയാണ്. സന്ദർശകർക്ക് സമീപത്തുള്ള വനങ്ങളിലൂടെ ഉല്ലാസയാത്ര നടത്താം. കോട്ടയുടെയും ചുറ്റുമുള്ള ഭൂപ്രകൃതിയുടെയും അതിമനോഹരമായ കാഴ്ചകൾ കാണാന്‍ അടുത്തുള്ള മരിയൻബ്രൂക്ക് പാലത്തിനു മുകളില്‍ കയറി നടക്കാം.

പ്രതിവർഷം 1.5 ദശലക്ഷം സന്ദർശകരാണ് ന്യൂഷ്വാൻസ്റ്റീൻ കാസിലില്‍ എത്തുന്നത് എന്നാണ് കണക്ക്.  യൂറോപ്പിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കാസില്‍, സുരക്ഷാ കാരണങ്ങള്‍ മൂലം 35 മിനിറ്റ് ഗൈഡഡ് ടൂർ വഴി മാത്രമേ സന്ദർശിക്കാൻ കഴിയൂ, കോട്ടയ്ക്കുള്ളിൽ ഫോട്ടോഗ്രാഫി അനുവദനീയമല്ല. 

ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള പീക്ക് സീസണിൽ, ന്യൂഷ്വാൻസ്റ്റൈനിൽ പ്രതിദിനം 6,000 സന്ദർശകര്‍ എത്തുന്നു. മുൻകൂട്ടി റിസർവേഷൻ ചെയ്യാത്ത അതിഥികൾക്ക് മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നേക്കാം. ടിക്കറ്റ് ഇല്ലാത്തവർക്ക് ഗ്രൗണ്ടും മുറ്റവും സന്ദർശിക്കാം, അവരെ കോട്ടയുടെ ഉൾവശത്തേക്ക് പ്രവേശിപ്പിക്കില്ല. 

English Summary: The haunting story behind the castle that inspired Disney

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com