ADVERTISEMENT

നിരന്തരം യാത്രകള്‍ നടത്തുന്ന ആളാണ്‌ നടി സാനിയ ഇയ്യപ്പന്‍. ഈ വര്‍ഷം പകുതിയാകും മുന്‍പേ തന്നെ ലോകത്തിന്‍റെ ഒട്ടേറെ ഭാഗങ്ങളിലേക്ക് സാനിയ യാത്രകള്‍ നടത്തിക്കഴിഞ്ഞു. ഇക്കുറി പിറന്നാള്‍ അടിച്ചുപൊളിക്കാന്‍ അല്‍പം സ്പെഷൽ ആയൊരു യാത്രയിലാണ് സാനിയ.

കെനിയയാണ് സാനിയ പിറന്നാള്‍ ആഘോഷത്തിനായി തിരഞ്ഞെടുത്തത്. ഇവിടെ നിന്നുള്ള ഒട്ടേറെ മനോഹര ദൃശ്യങ്ങള്‍ സാനിയ പങ്കുവച്ചിട്ടുണ്ട്. 

തനിച്ചാണ് സാനിയയുടെ കെനിയന്‍ യാത്ര. പിറന്നാളിന് താന്‍ സ്വയം കൊടുത്ത ഒരു സമ്മാനം ആണിതെന്ന് സാനിയ കുറിച്ചു. കെനിയക്കാരോടൊപ്പം ആടിപ്പാടുന്ന വിഡിയോകളും ഈ കൂട്ടത്തിലുണ്ട്. കൂടാതെ സിംഹത്തിന്റെയും പുള്ളിപുലിയുടെയും വിഡിയോയും സീബ്രാകൂട്ടത്തിനടുത്ത് നില്‍ക്കുന്ന സാനിയയുടെ ദൃശ്യങ്ങളുമൊക്കെ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

തെക്കുപടിഞ്ഞാറൻ കെനിയയിൽ സ്ഥിതി ചെയ്യുന്ന മസായ് മാരയാണ് ഈ ദൃശ്യങ്ങളില്‍ കാണുന്ന സ്ഥലം. ആഫ്രിക്കയിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ് ഇത്. 1,510 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ സ്ഥലം, സമുദ്രനിരപ്പിൽ നിന്ന് 1,500 മുതല്‍ 2,170 മീറ്റർ വരെ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. മൃഗസ്നേഹികളുടെ പറുദീസയായ ഈ സ്ഥലം, 95-ലധികം ഇനം സസ്തനികൾക്കും 570 ലധികം ഇനം പക്ഷികൾക്കും ആതിഥേയത്വം വഹിക്കുന്നു. സിംഹങ്ങൾ, ചീറ്റകൾ, ആനകൾ, കാണ്ടാമൃഗങ്ങൾ, ആഫ്രിക്കൻ എരുമകൾ, കാട്ടുപോത്ത്, ജിറാഫ്, സീബ്ര തുടങ്ങി നിരവധി മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ഇവിടെ കാണാനാവും.

'ഗ്രേറ്റ് മൈഗ്രേഷൻ' ആണ് മസായി മാരയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. തെക്കൻ സെറെൻഗെറ്റിയിൽ നിന്ന് മസായ് മാറയിലേക്ക് പച്ചപ്പും ധാതു സമ്പന്നമായ മേച്ചിൽപ്പുറങ്ങളും വെള്ളവും തേടി ലക്ഷക്കണക്കിന്‌ മൃഗങ്ങള്‍ എത്തുന്നതാണിത്. സാധാരണയായി ജൂലൈ മുതൽ ഒക്ടോബർ വരെ ഈ കാഴ്ച കാണാം. മൂവായിരത്തിലധികം മുതലകളുള്ള മാരാ നദി മുറിച്ചുകടന്നാണ് ഈ മൃഗങ്ങള്‍ അത്രയും എത്തുന്നത്. ഭക്ഷണസാധനങ്ങൾ കുറയുകയും മസായ് മാരയിൽ മഴ കുറയുകയും ചെയ്യുമ്പോള്‍ ഇവയെല്ലാം തിരിച്ച് സെറെൻഗെറ്റിയിലേക്ക് മടങ്ങുന്നു .

ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങൾ 'ലയണ്‍ സീസണ്‍' എന്നാണ് അറിയപ്പെടുന്നത്. സിംഹങ്ങളെ നേരിട്ട് കാണാന്‍ പറ്റിയ മറ്റൊരു സമയമാണിത്. സഞ്ചാരികള്‍ക്ക് വർഷം മുഴുവനും സഫാരി യാത്രകള്‍ നടത്താന്‍ അനുയോജ്യമായ ഇടമാണ് മസായ് മാര.

English Summary: Saniya Enjoys Holiday in Kenya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com