ADVERTISEMENT

അഭിനയവും മോഡ‍ലിങ്ങുമൊക്കെയായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരമാണ് ഹണി റോസ്. ഇന്ന് സമൂഹമാധ്യമത്തിലും സജീവമാണ് താരം. സിനിമയിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയുമെല്ലാം സുപരിചിതയായ ഹണിയുടെ പെരുമ മലയാളവും കടന്ന് തെന്നിന്ത്യയിലാകെ പടര്‍ന്നിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹണി പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ നിമിഷങ്ങള്‍ക്കകം വൈറലാകും. ഹോട്ട് ലുക്കില്‍ സ്‌റ്റൈലിഷ് മേക്കോവറിലായിരിക്കും മിക്കവാറും ഹണി റോസ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പടുന്നത്.

അമ്മയുടെ പ്രിയപ്പെ‌‌ട്ടവളായ ഹണിറോസിന് അമ്മയെ ഒാർക്കുവാനായി പ്രത്യേക ദിനം ആവശ്യമില്ലന്നാണ് പറയുന്നത്. മാതൃദിനം ഞാൻ അമ്മയ്ക്കായി മാറ്റിവയ്ക്കാറില്ല, എന്റെ എല്ലാ ദിവസങ്ങളിലും ഞാൻ അമ്മയെ ഒാർക്കും. അമ്മയുടെ എന്ത് ആവശ്യത്തിനും സന്തോഷത്തിനും അമ്മയോടൊപ്പം ഞാൻ എപ്പോഴും ഉണ്ടാകാറുണ്ടെന്നും താരം പറയുന്നു. സോഷ്യൽമീഡിയയിലൂടെ നിരവധിപേർ അമ്മയൊടൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്. അമ്മയോടുള്ള ബഹുമാനവും സ്നേഹവും ആ എഴുത്തുകളിലൂടെ വായിച്ചറിയാം. അത് വളരെ സന്തോഷം നല്‍കുന്നതാണ്.

അമ്മയോടൊപ്പം

അമ്മയോ‌‌‌ടൊപ്പം ചെലവഴിക്കുന്ന ഒാരോ നിമിഷവും മറക്കാനാവാത്തതാണ്. ഞാനും അമ്മയും ഒരുമിച്ച് യാത്രകൾ ഒരുപാട് നടത്തിയിട്ടില്ലെങ്കിലും പോയ യാത്രകൾ എന്നും പ്രിയപ്പെ‌ട്ടതാണ്. ആദ്യമൊക്കെ സിനിമ ലൊക്കേഷനുകളിലും ഷോയ്ക്കുമെല്ലാം അമ്മ തന്നെയായിരുന്നു വന്നിരുന്നത്. അങ്ങനെ നോക്കുമ്പോള്‍ ആള്‍ കൂറേയിടങ്ങളില്‍ എനിക്കൊപ്പം സഞ്ചരിച്ചിട്ടുണ്ട്. പക്ഷേ നമ്മള്‍ പ്ലാന്‍ ചെയ്ത് എവിടേയ്‌ക്കെങ്കിലും ട്രിപ്പ് പോകാമെന്ന് വച്ചാല്‍ അമ്മ പുറകോട്ട് വലിയും.

ഒരു സംഭവം പറയാം. കുറച്ചുനാള്‍ മുമ്പാണ്. ശരിക്കുപറഞ്ഞാല്‍ ഞങ്ങള്‍ ഒരുമിച്ചൊരു യാത്ര പോയത് ചിലപ്പോള്‍ അതാകും. മുന്നാറിലേക്കായിരുന്നു ആ യാത്ര.ഞാനും അമ്മയും അച്ഛനും എന്റെ ഒരു സുഹൃത്തും ഡ്രൈവറും മാത്രം. തൊടുപുഴയിലെ വീട്ടില്‍ നിന്നും പുറപ്പെട്ട് മൂന്നാറെത്തിയിട്ടും അമ്മ കാറില്‍ നിന്നും പുറത്തിറങ്ങിയില്ല. പോട്ടെ അമ്മ ഇറങ്ങുന്നില്ലെങ്കില്‍ വേണ്ട, ഇത് ഞങ്ങളെക്കൂടി ഒന്നും ചെയ്യിപ്പിക്കാത്ത അവസ്ഥ. പാവം എങ്ങനെയൊക്കെയോ തിരിച്ച് വീട്ടിലെത്തി എന്നുപറഞ്ഞാല്‍ മതിയല്ലോ. പിന്നെ യാത്ര പോകാമെന്ന് പറഞ്ഞ് ഞാന്‍ അമ്മയുടെ അടുത്ത് ചെന്നിട്ടില്ല.

honey-rose-travel3

വിദേശത്ത് ഷൂട്ട് ഉള്ളപ്പോഴും അമ്മ പോരുമായിരുന്നോ?

വിദേശത്ത് ഷൂ‌ട്ട് ഉണ്ടെങ്കിലും അമ്മ എന്റെ ഒപ്പം വരാറുണ്ടായിരുന്നു. പിന്നെ തനിച്ച് പോകാനായി എന്നായപ്പോള്‍ അമ്മ പതുക്കെ മാറി, അച്ഛനും ഞാനുമായി പിന്നിട് സഞ്ചാരങ്ങള്‍. അമ്മ അങ്ങനെ യാത്രകള്‍ ഇഷ്ടപ്പെടുന്നൊരാളല്ല. എങ്കിലും നേരത്തെ പറഞ്ഞതുപോലെ നമ്മള്‍ വല്ലാതെ നിര്‍ബന്ധിക്കുകയാണെങ്കില്‍ കൂടെ വരും. അടുത്ത മാസം ഒരു ‌‌‌ട്രിപ്പുണ്ട്. എന്തായാലും വരാതിരിക്കാന്‍ പറ്റില്ല. ജൂണില്‍ അയര്‍ലന്‍ഡിലേക്ക പോകുകയാണ് ഞങ്ങള്‍. ഒരു ഷോയുടെ ഭാഗമായിട്ടുള്ള യാത്രയാണ്. രണ്ട് ദിവസത്തെ ഷോയാണ്. അതുകഴിഞ്ഞ് 10 ദിവസം കൂടി ഞങ്ങള്‍ അവിടെ നില്‍ക്കും. അവി‌ടുത്തെ കാഴ്ചകൾ കാണണം എന്നതാണ് മോഹം. അവിടുത്തെ കാലാവസ്ഥ മാത്രമാണ് ഒരു വിഷയം. ഇപ്പോള്‍ തന്നെ അവിടെ തണുപ്പാണ്. എങ്കിലും അവിടെ കുറച്ചധികം എക്‌സ്‌പ്ലോര്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.

ആരേയും അമ്പരപ്പിക്കുന്ന ക്ലിഫ്സ് ഓഫ് മോഹര്‍ മുതല്‍ കില്ലര്‍ണി നാഷണല്‍ പാര്‍ക്ക് വരെ, ഏതൊരു സഞ്ചാരിയേയും ആദ്യ യാത്രയില്‍ ആരാധകരാക്കി മാറ്റാന്‍ അയര്‍ലന്‍ഡിന് കഴിയും. പട്ടിക ചുരുക്കുക ബുദ്ധിമുട്ടാണ്,എങ്കിലും അയര്‍ലന്‍ഡ് സന്ദര്‍ശനത്തില്‍ കുറച്ച് സ്ഥലങ്ങൾ തീര്‍ച്ചയായും കാണണം. 

honey-rose-travel

ക്ലിഫ്‌സ് ഓഫ് മോഹര്‍, കൗണ്ടി ക്ലെയര്‍

അറ്റ്‌ലാന്റിക് തീരമാണിതെന്ന്  വിശ്വസിക്കാനാവില്ല. 700 അടിയില്‍ കൂടുതല്‍ ഉയരത്തില്‍ അറ്റ്‌ലാന്റിക് തീരത്ത് അഞ്ച് മൈല്‍ വരെ നീണ്ടുകിടക്കുന്ന ക്ലിഫാണിത്. ഉഗ്രമായി ആഞ്ഞടിക്കുന്ന തിരമാലകളെ നോക്കി നില്‍ക്കുമ്പോള്‍ ഭൂമിയുടെ അറ്റത്താണെന്ന ഫിലായിരിക്കും. ക്ലിഫിന് അറ്റം മുഴുവന്‍ നീരീക്ഷണ പ്ലാറ്റ്‌ഫോമുകല്‍ ഉള്ളതിനാല്‍ ധൈര്യമായി കാഴ്ച്ചകളാസ്വദിക്കാം.

കിന്‍സേല്‍, കൗണ്ടി കോര്‍ക്ക്

അയര്‍ലൻഡിലെ ഏറ്റവും വര്‍ണാഭമായ ചെറുപട്ടണങ്ങളിലൊന്നായ കിന്‍സേല്‍, കോര്‍ക്കിന്റെ തെക്ക് ഭാഗത്തുള്ള കടല്‍ത്തീരത്താണ് സ്ഥിതിച്ചെയുന്നത്. കടല്‍ത്തീരത്തെ കാറ്റേറ്റ് പല വര്‍ണത്തിലെ ചായം പൂശിയ വീടുകള്‍ കണ്ട് ആ തെരുവോരത്തുകൂടി നടക്കണം. 

ഗാല്‍വേ

honey-rose-travel2

അയര്‍ലൻഡിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള ഈ  തുറമുഖ നഗരം ഐറിഷ് പാരമ്പര്യത്തിന് പേരുകോട്ടതാണ്. ചായം പൂശിയ വീടുകളിലും കല്ലുകള്‍ പാകിയ തെരുവുകളിലും ബാറുകളിലും പബ്ബുകളിലും ഐറിഷ് സംഗീതത്തിന്റെയും പാട്ടിന്റെയും നൃത്തത്തിന്റെയും ആഘോഷങ്ങള്‍ ആസ്വദിക്കാം.

കില്ലര്‍ണി നാഷണല്‍ പാര്‍ക്ക്

കൗണ്ടി കെറിയുടെ ഹൃദയഭാഗത്ത്, കില്ലര്‍ണി നാഷണല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നു. അയര്‍ലൻഡിലെ ഏറ്റവും വലിയ പര്‍വതനിരയായ മക്ഗില്ലിക്കുഡിസ് റീക്സിന്റെ താഴ് വരയിലായി 26,000 ഏക്കര്‍ പരന്നുകിടക്കുന്ന ഗംഭീര വനപ്രദേശമാണിത്. ഇതൊരു യുനെസ്‌കോ ബയോസ്ഫിയര്‍ റിസര്‍വ് കൂടിയാണ്.

തിരക്കുകള്‍ കാരണം പലപ്പോഴും എവിടേയ്ക്കും പോകാനാകുന്നില്ല എന്നൊരു സങ്കടമുണ്ട് ഹണി റോസിന്. വെറുതെ കാറെടുത്ത് കറങ്ങി നടക്കാന്‍ പോലും ഇഷ്ടപ്പെടുന്നൊരാളാണ് താനെന്നും എന്നാല്‍ അതുപോലും പലപ്പോഴും സാധ്യമാകാറില്ലെന്നും ഇനി കുറച്ച് ട്രിപ്പുകളൊക്കെ പ്ലാന്‍ ചെയ്യണമെന്നതാണ് ഹണിറോഡിന്റെ ആഗ്രഹം.

English Summary: Honey Rose memorable travel experience with mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com