ADVERTISEMENT

യാത്രകളെ ജീവനുതുല്യം സ്നേഹിക്കുന്നയാളാണ് ബല്‍റാം മേനോന്‍. യാത്രാ അനുഭവങ്ങള്‍ അറിയാനിഷ്ടമുള്ളവര്‍ക്ക് വളരെ സുപരിചിതമായിരിക്കും ഈ പേര്. കൊച്ചിക്കാരനാണ് ബൽറാം മേനോൻ. സഞ്ചാരം മാത്രമല്ല ഫൂഡ് വ്ലോഗര്‍ കൂടിയാണ്. ഏതാണ്ട് 44 രാജ്യങ്ങൾ ചുറ്റിയ അനുഭവ സമ്പത്തുണ്ട് ബൽറാമിന്. ബൊളീവിയ, ബ്രസീല്‍, പെറു, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്കു നടത്തിയ യാത്രകളുടെ രസകരമായ അനുഭവങ്ങളും വിശേഷങ്ങളും മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുകയാണ് ബല്‍റാം.

യൂറോപ്പിന്റെ ഷെങ്കന്‍ വീസയും പിന്നെ അഞ്ചു വര്‍ഷത്തേക്കുളള ബ്രസീലിയന്‍ വീസയും ബല്‍റാമിനുണ്ട്. പെറു വീസ നേരത്തേ എടുത്തുവച്ചിരുന്നു. പോകുന്നത് ബൊളീവിയയിലേക്കാണെങ്കിലും അവിടേക്കുളള വീസ എടുത്തിരുന്നില്ല. ഡല്‍ഹിയില്‍ ബൊളീവിയന്‍ എംബസിയില്ല. അവിടെ അന്വേഷിച്ചപ്പോള്‍ ഇന്ത്യക്കാര്‍ക്ക് വീസ ഓണ്‍ അറൈവല്‍ ഉണ്ടെന്നാണ് അറിഞ്ഞത്. ഗൂഗിള്‍ ചെയ്താലും അങ്ങനെയാണ് വിവരം ലഭിക്കുക. അതുപ്രകാരം വീസയ്ക്കുവേണ്ട രേഖകളെല്ലാം കരുതിയിരുന്നു. ബൊളീവിയയില്‍ യെല്ലോ ഫീവര്‍ വാക്സിനേഷന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായതിനാല്‍ അതും കരുതി. അങ്ങനെ റിയോ ഡി ജനീറോയില്‍നിന്ന് ബല്‍റാം മേനോന്‍ സാവോ പോളോ നഗരത്തിലേക്ക് പോകാന്‍ തീരുമാനിച്ചു. അവിടെനിന്നാണ് ബൊളീവിയയിലേക്കു പറക്കുന്നത്.

5Machu-Pichu

ബല്‍റാം അതിരാവിലെ റിയോ ഡി ജനീറോയില്‍ നിന്ന് സാവോ പോളോയിലേക്കു പോയി. വിമാനത്താവളത്തിലെ ഔദ്യോഗിക നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ബോര്‍ഡിങ് ആയപ്പോഴാണ് എയര്‍ലൈന്‍ സ്റ്റാഫ് പറയുന്നത് ബൊളീവിയയിലേക്ക് പോകാനാവില്ലെന്ന്. ഇന്ത്യക്കാര്‍ക്ക് ബൊളീവിയയില്‍ വീസ ഓണ്‍ അറൈവലില്ലെന്ന് അവര്‍ അറിയിച്ചു. മറ്റൊരു രാജ്യത്തു വച്ച് നമ്മുടെ യാത്ര നിരസിക്കപ്പെട്ടാല്‍ പിന്നെ എയര്‍ലൈന്റെ ഉത്തരവാദിത്തമാണ് യാത്രികന്‍ കയറിയ ഇടത്തുതന്നെ തിരികെ കൊണ്ടു ചെന്നാക്കുക എന്നുളളത്. ഇല്ലെങ്കില്‍ എയര്‍ലൈന്‍ വലിയ തുക ഫൈനായി നല്‍കേണ്ടിവരും. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും അവര്‍ തയാറാകില്ല. അതേസമയം ബൊളീവിയയിലേക്കുളള ഫ്‌ളൈറ്റും അവിടെ ചെന്നാല്‍ താമസിക്കേണ്ട ഹോട്ടലും ബുക്ക് ചെയ്തിരുന്നു. അതിനെല്ലാം അടച്ച പണവും നഷ്ടം. ഏതായാലും ബൊളീവിയന്‍ വീസ കിട്ടുമോയെന്ന് ഒന്നുകൂടി ശ്രമിക്കാന്‍തന്നെ ബല്‍റാം തീരുമാനിച്ചു.

സാവോ പോളോയില്‍നിന്ന് ബൊളീവിയിലേക്ക്

സാവോ പോളോയില്‍നിന്ന് ഒന്നര മണിക്കൂര്‍ യാത്രചെയ്തു വേണം ബൊളീവിയന്‍ എംബസിയിലേക്ക് എത്താന്‍. അവിടെ ചെന്നപ്പോള്‍ നോട്ടറിയുടെ അറ്റസ്‌റ്റേഷന്‍ വേണമെന്ന് എംബസി അധികൃതര്‍. അന്യനാട്ടില്‍ അത് എളുപ്പമല്ലെന്നു മനസ്സിലാക്കിയപ്പോള്‍ ബൊളീവിയന്‍ മോഹം തൽക്കാലം മാറ്റിവയ്ക്കാന്‍തന്നെ ബല്‍റാം തീരുമാനിച്ചു. കയ്യില്‍ പെറു വീസയുണ്ടെന്ന ധൈര്യത്തില്‍ നേരെ വിമാനത്താവളത്തില്‍ ചെന്ന് പെറുവിലേക്കുളള ടിക്കറ്റെടുത്തു. സാധാരണ സാവോ പോളോയില്‍നിന്ന് 80 ഡോളറാണ് പെറുവിലേക്കുളള വിമാനയാത്രയ്ക്ക്. എന്നാല്‍ അവസാന നിമിഷത്തെ ടിക്കറ്റെടുക്കലായതിനാല്‍ 500 ഡോളറാണ് ബല്‍റാമിന് നല്‍കേണ്ടി വന്നത്. പെറുവില്‍ ചെന്നാല്‍ ബൊളീവിയയിലേക്കുളള വീസ കിട്ടാന്‍ സാധ്യത കൂടുതലാണെന്ന് ബല്‍റാമിന് വിവരം കിട്ടിയിരുന്നു. അതും യാത്ര പെറുവിലേക്കുതന്നെ മതിയെന്ന തീരുമാനത്തെ ശക്തിപ്പെടുത്തി. അങ്ങനെ പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ ബല്‍റാം പറന്നിറങ്ങി. അന്നു രാത്രി അവിടെ തങ്ങി. മുന്നോട്ടുളള യാത്രാ വഴികളെകുറിച്ച് കൃത്യമായ ധാരണ ആ രാത്രി തന്നെ മനസ്സിലുറപ്പിച്ചു.

3Train-Peru-Rail-Manorama

ലിമയില്‍നിന്ന് ആയിരം കിലോമീറ്റര്‍ ദൂരെയുളള ഒരു സ്ഥലമാണ് കുസ്‌കോ. അവിടെ ഒരു ബൊളീവിയന്‍ എംബസിയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ബല്‍റാം പിറ്റേന്ന് രാവിലെതന്നെ കുസ്‌കോയിലേക്ക് തിരിച്ചു. ബൊളീവിയന്‍ വീസ ലഭിക്കാന്‍ ഓണ്‍ലൈനായി കുറച്ച് കാര്യങ്ങള്‍ ചെയ്യാനുണ്ട്. എംബസി അധികൃതര്‍ പറഞ്ഞപ്രകാരം അതെല്ലാം കൃത്യമായി ചെയ്തു. പിന്നീട് വീസ കിട്ടാനായുളള കാത്തിരിപ്പായിരുന്നു. അങ്ങനെ അന്ന് രാത്രി കുസ്‌കോയില്‍ തങ്ങി. രാവിലെ എട്ടരയ്ക്ക് ബൊളീവിയന്‍ എംബസിയില്‍ എത്തി. എന്നാല്‍ ഭാര്യയുടെ ഫോണ്‍ നമ്പര്‍ കൊടുത്തില്ലെന്ന നിസ്സാര കാര്യം പറഞ്ഞ് അവര്‍ അപേക്ഷ തളളിക്കളയുകയാണുണ്ടായത്. ബല്‍റാം വീണ്ടും ഓണ്‍ലൈന്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി എംബസിയിലേക്ക് തിരികെ ചെന്നു. ഒരുമണിക്കൂര്‍ കഴിഞ്ഞു വരാനുളള അവരുടെ നിര്‍ദേശപ്രകാരം പത്തരയോടുകൂടി ചെന്നപ്പോള്‍ അവിടെ വീസ അടിച്ചുവച്ചിരിക്കുന്നു. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു അപ്പോഴെന്ന് പറയുന്നു ബല്‍റാം. ബൊളീവിയന്‍ വീസ കയ്യിലെത്തിയ സന്തോഷത്തിലും സമാധാനത്തിലും അടുത്ത ദിവസങ്ങളില്‍ പെറു മുഴുവന്‍ ചുറ്റിക്കാണാന്‍ ബല്‍റാം തീരുമാനിക്കുകയും ചെയ്തു.

 

പെറുവിലെ ഇരട്ട നഗരങ്ങള്‍

2Train-Machu-Pichu-Manorama

 

ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും വളരെ സമ്പന്ന രാജ്യമാണ് പെറു. ലോക പൈതൃക പട്ടികയിലുളള 12 സൈറ്റുകള്‍ സ്ഥിതി ചെയ്യുന്നത് പെറുവിലാണ്. ലിമയാണ് പെറുവിന്റെ തലസ്ഥാനം. രാജ്യത്തെ ഏറ്റവും വലിയ നഗരവും ലിമ തന്നെയാണ്. രാഷ്ട്രീയ പ്രതിസന്ധികളെതുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്താണ് ബല്‍റാം പെറുവിലെത്തുന്നത്. അവിടത്തെ പ്രസിഡന്റായ ദിനാ ബൊലുവാര്‍ട്ടിനെതിരെ പുറത്താക്കപ്പെട്ട പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയുടെ പിന്തുണക്കാര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ രാജ്യത്തൊട്ടാകെ മാര്‍ച്ച് നടത്തുകയും തെരുവുകള്‍ തടയുകയും ചെയ്തു. സമരവും പ്രതിഷേധ പ്രകടനങ്ങളും കണ്ട് ഒരു നിമിഷം കേരളമാണോ എന്നുപോലും സംശയിച്ചുപോയെന്ന് ഒരു ചിരിയോടെ ബല്‍റാം പറയുന്നു.

 

1Cusco-Town

പെറുവിലെ രാഷ്ട്രീയ പ്രതിസന്ധി അവിടെയെത്തുന്ന സഞ്ചാരികളെ ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് ബല്‍റാം പെറുവിലെത്തിയത്. പ്രതീക്ഷിച്ച പോലെതന്നെ വലിയ തടസങ്ങളില്ലാതെ പെറുവിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം സന്ദര്‍ശിക്കാനും അവിടത്തെ തനത് ഭക്ഷണം രുചിച്ചറിയാനും ബല്‍റാമിന് സാധിച്ചു. ലോകാദ്ഭുതങ്ങളില്‍ ഒന്നായ മാചുപിചു, റെയിന്‍ബോ മൗണ്ടെയിന്‍ എല്ലാം മനോഹരമായ അനുഭവങ്ങളാണ് ബല്‍റാമിന് സമ്മാനിച്ചത്.

travel78

 

മരണം മുന്നില്‍ കണ്ട് പറന്നിറങ്ങിയവര്‍

 

6Ceviche-Peru-Special-food-

പെറുവിനെ കുറിച്ച് പറയും മുന്‍പ് അറിയേണ്ട ഒന്നാണ് ഇന്‍ക സംസ്‌കാരം. ലോകത്ത് നിലനിന്നിരുന്ന ഏറ്റവും വലിയ സംസ്‌കാരങ്ങളില്‍ ഒന്നായിരുന്നു ഇന്‍കയെന്ന് ചരിത്രം പറയുന്നു. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിലായിരുന്നു ഇന്‍ക സാമ്രാജ്യം നിലനിന്നിരുന്നത്. ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം ഇന്നത്തെ പെറുവിലെ കുസ്‌കോയായിരുന്നു. ഇന്‍കകളുടെ ശക്തികേന്ദ്രമെന്നു തന്നെ പറയാം കുസ്‌കോയെ. ഇരുപതിലേറെ ചെറു നഗരങ്ങള്‍ അവിടെ അന്നുണ്ടായിരുന്നതായാണ് കണക്കാക്കുന്നത്. ഭരണതലത്തിലും വികസനത്തിന്റെ കാര്യത്തിലും ഒരുപാട് മുന്നിലായിരുന്നു ഇന്‍ക ജനത. ജലസേചന സംവിധാനങ്ങള്‍, കൊട്ടാരങ്ങള്‍, ആരാധനാലയങ്ങള്‍, കോട്ടകള്‍, ബാല്‍ക്കണിയും ശൗചാലയങ്ങളുമുളള വീടുകള്‍, വിദഗ്ധമായി പണിത റോഡുകള്‍, തൂക്കുപാലങ്ങള്‍, അഴുക്കുചാലുകള്‍, തട്ടുതട്ടായുളള കൃഷി രീതികള്‍ അങ്ങനെ പലതും അക്കാലത്ത് അവര്‍ നിര്‍മിച്ചിരുന്നു. എത്രയോ വര്‍ഷം മുന്‍പ് ഇന്‍കകളുണ്ടാക്കിയ ആധുനിക രീതിയിലുളള ആ നഗരം ഇന്നും സഞ്ചാരികളെ വീസ്മയിപ്പിക്കുകയാണ്.

 

പ്രകൃതിയെ ആരാധിച്ചിരുന്നവരാണ് ഇന്‍കകള്‍. കൃഷിയെ അടിസ്ഥാനമാക്കിയാണ് അവര്‍ ജീവിച്ചിരുന്നത്. ചോളം, മധുരക്കിഴങ്ങ്, കപ്പ, പരുത്തി, ഉരുളക്കിഴങ്ങ് തുടങ്ങിവയെല്ലാം അവര്‍ കൃഷിചെയ്തു. എന്നാല്‍ ഇന്‍ക ജനതയുടെ സന്തോഷകരമായ ജീവിതം അധികകാലം നീണ്ടു നിന്നില്ല. കുസ്‌കോ നഗരം സ്പാനിഷുകാര്‍ അക്രമിച്ച് കീഴടക്കി. അന്നത്തെ യുദ്ധങ്ങളില്‍ നിരവധിപേരാണ് കൊല്ലപ്പെട്ടത്. മാത്രമല്ല ഇന്‍കകള്‍ നിര്‍മിച്ച ആധുനിക നഗരത്തിന്റെ പലഭാഗങ്ങളും അവര്‍ നശിപ്പിക്കുകയും ചെയ്തു. പറക്കണമെന്ന ആഗ്രഹം ഇന്‍കകളില്‍ പലര്‍ക്കുമുണ്ടായിരുന്നത്രെ. ഏതായാലും മരിക്കാന്‍ പോവുകയാണ്, എന്നാല്‍ ഇനി പറന്നിട്ടാകാം ബാക്കിയെന്ന് തീരുമാനിച്ച് ഇന്‍കകളില്‍ പലരും പര്‍വതങ്ങള്‍ക്ക് മുകളില്‍ കയറി പറക്കും പോലെ താഴേക്കു ചാടി എന്നും അവിടത്തുകാര്‍ പറഞ്ഞുകേള്‍ക്കാം. അങ്ങനെ ജീവിതത്തിലെ ആഗ്രഹം നിറവേറ്റാനായി മലമുകളില്‍നിന്ന് അവര്‍ മരണത്തിലേക്കു പറന്നിറങ്ങിയത് ഓര്‍ക്കുമ്പോള്‍തന്നെ ഒരു നടുക്കം തോന്നുമെന്ന് ബല്‍റാം പറയുന്നു.

4Rainbow-Mountain-Manorama

 

അങ്ങനെയിരിക്കെ വര്‍ഷങ്ങള്‍ക്കുശേഷം ഹിറാം ബിങ്കാമെന്ന അമേരിക്കകാരനായ പുരാവസ്തുഗവേഷകന്‍ കുസ്‌കോയില്‍ മാചുപിചുവെന്ന ഒരു ലോകാദ്ഭുതമുണ്ടെന്ന് കണ്ടെത്തി. അത്രകാലം അറിയപ്പെടാതെ കിടന്ന ആ ഇന്‍കാ നഗരം അതോടെ ലോകശ്രദ്ധനേടുകയും ചെയ്തു.

 

ദ് ലോസ്റ്റ് സിറ്റി

 

നഷ്ടനഗരം അഥവാ ദ് ലോസ്റ്റ് സിറ്റിയെന്നാണ് മാചുപിച്ചു അറിയപ്പെടുന്നത്. ഏഴ് ലോകാദ്ഭുതങ്ങളില്‍ ഒന്ന്. പെറുവിലെ പ്രധാന നഗരമായ കുസ്‌കോയില്‍ നിന്നുവേണം മാചുപിചുവെന്ന ലോകാദ്ഭുതത്തിലേക്ക് എത്താന്‍. സാധാരണ മാച്ചുപിച്ചുവില്‍ പോയാല്‍ മണിക്കൂറുകള്‍ ക്യു നില്‍ക്കണം. എന്നാല്‍ അടിയന്തരാവസ്ഥ കാരണം ടൂറിസ്റ്റുകള്‍ കുറവായിരുന്നതിനാല്‍ ബല്‍റാമിന് എളുപ്പം അവിടെ ചെന്നെത്താന്‍ സാധിച്ചു.  

 

മാച്ചു പിച്ചുവിലേക്ക് രണ്ടു രീതിയില്‍ പോകാം. ഒന്നുകില്‍ മൂന്നു ദിവസത്തെ ട്രക്കിങ്ങിലൂടെ. അല്ലെങ്കില്‍ ആദ്യം ബസിലും പിന്നീട് തീവണ്ടിയിലും കയറിയി മാചുപിച്ചു ബേസ് സെന്ററിലെത്താം. കുസ്‌കോയില്‍ നിന്ന് പുലര്‍ച്ച മൂന്നരയ്ക്കുതന്നെ ബല്‍റാം ബസില്‍ കയറി. ചെന്നിറങ്ങുന്ന സ്റ്റേഷനില്‍ നിന്ന് ഇന്‍കാ റെയില്‍ ഉണ്ട്. അതില്‍ വേണം മാച്ചുപിച്ചുവിലേക്ക് പോകാൻ. ലോകത്തിലെ മികച്ച 20 ആഡംബര തീവണ്ടികളില്‍ ഒന്നാണ് ഇന്‍കാ ട്രെയിന്‍. അത്യാധുനിക സൗകര്യങ്ങളും ഭക്ഷണവും പാട്ടും നൃത്തവുമെല്ലാം ആസ്വദിക്കാനുളള അവസരം ബല്‍റാമിന് ഈ യാത്രയില്‍ ലഭിച്ചു. ഈ തീവണ്ടി ചെന്നുനിന്നത് മാച്ചുപിച്ചു ട്രക്കിങ്ങിന്റെ ബേസ് പോയിന്റിലാണ്. അവിടെനിന്ന് ബല്‍റാം നടന്നിറങ്ങി മാച്ചുപിച്ചുവിലെ കാഴ്ചകള്‍ കാണാനായി. ഒരു ദിവസം മുഴുവന്‍ കാണാനുളള കാഴ്ചകളുണ്ട് മാചുപിചുവില്‍. മാപ്പ് നോക്കിയാണ് പലയിടങ്ങളിലേക്കും നടന്നത്. അങ്ങനെ നടന്നുനടന്ന് മലയുടെ മുകളില്‍ എത്തി. അവിടെനിന്നു നോക്കിയാല്‍ ആ നഗരത്തിന്റെ മനോഹാരിത മുഴുവന്‍ ആസ്വദിക്കാനാവും. ഇന്‍കകളില്‍ മരണപ്പെടുന്നവരെ അടക്കിയിരുന്ന മലകളും അവിടെനിന്ന് കാണാനാവുമെന്ന് ബല്‍റാം പറയുന്നു.  

 

മഴവില്‍ പര്‍വതങ്ങള്‍

 

പെറുവിലെ മറ്റൊരു വിസ്മയമാണ് മഴവില്‍ പര്‍വതങ്ങള്‍. ആന്‍ഡീസ് പര്‍വത നിരകള്‍ക്കിടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചിത്രങ്ങളിലും കാര്‍ട്ടൂണുകളിലും മറ്റും കാണുന്ന, പല നിറങ്ങള്‍ വാരിവിതറിയ പര്‍വതങ്ങള്‍. ശരിക്കും ഇത് യഥാർഥമാണോ എന്നുതോന്നും. ഏതാണ്ട് രണ്ടര മണിക്കൂര്‍ നടന്നു കയറിയാലേ റെയിന്‍ബോ മൗണ്ടനിലെത്തൂ. മാത്രമല്ല വളരെ കഠിനമാണ് ആ ട്രെക്കിങ്. എന്നിരുന്നാലും മലമുകളില്‍ ചെന്നെത്തിയാല്‍ കാണാവുന്ന മനോഹരദൃശ്യം സങ്കല്‍പിച്ച് ബല്‍റാം മടിയില്ലാതെ കയറി.  

 

ചുവപ്പ്, വെളള, മഞ്ഞ, ചാരനിറം, ഓറഞ്ച് അങ്ങനെ നീളുന്നു മഴവില്‍ പര്‍വതത്തിലെ നിറങ്ങള്‍. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഈ പര്‍വ്വതം രൂപപ്പെട്ടപ്പോള്‍ ഭൂമിക്കടിയിലുണ്ടായിരുന്ന ധാതുലവണങ്ങളും അവയ്‌ക്കൊപ്പം ഉയര്‍ന്നുവന്നു. ഈ ധാതുലവണങ്ങള്‍ പിന്നീട് കാലാവസ്ഥാ മാറ്റത്തിന് വിധേയമായി പല രാസമാറ്റങ്ങളും സംഭവിച്ചു. അതോടെ പലനിറങ്ങളും കൈവന്നു. വര്‍ണാഭമായ മലനിരകള്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഏതോ സ്വപ്‌നഭൂമിയിലെത്തിയ പോലെയാണ് തോന്നിയതെന്ന് ബല്‍റാം ഓര്‍ത്തെടുക്കുന്നു.

 

കോക്കാ ലീവ്സ്

 

കൊക്കെയ്ന്‍ എന്നു കേട്ടാല്‍ നമ്മള്‍ ഇന്ത്യക്കാര്‍ ഒന്ന് പേടിക്കും. എന്നാല്‍ കൊക്കെയ്ന്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കോക്കാ ലീവ്‌സ് പെറുവിലുളളവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കോക്ക ലീവ്സ് ഉൽപാദിപ്പിക്കുന്ന രാജ്യം കൂടിയാണ് പെറു. അവിടെ കോക്കാ ഇലകള്‍ ചുമ്മാ വായിലിട്ട് ചവയ്ക്കുന്നതു മുതല്‍ കോക്ക ഇലകളിട്ട ചായ കുടിക്കുന്നതുവരെ ആ നാട്ടുകാരുടെ ശീലമാണ്.

പെറുവില്‍നിന്ന് പണ്ടു കാലത്ത് കോക്കാ ഇലകള്‍ യൂറോപ്പിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. അവര്‍ അത് കോക്കകോള എന്ന പാനീയത്തില്‍ ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ കോക്കകോളയില്‍ കൊക്കെയ്ന്‍ ഉപയോഗപ്പെടുത്തുന്ന കാര്യം പിന്നീട് ജനശ്രദ്ധയിലെത്തുകയും അത് ഒട്ടേറെ പ്രതിഷേധങ്ങളുയര്‍ത്തുകയും ചെയ്തു. അതോടെ കൊക്കെയ്ന്‍ ഉപയോഗിച്ചുളള കൊക്ോ കോള നിര്‍മ്മാണം അവസാനിപ്പിക്കുകയും പിന്നീട് സോഫ്റ്റ് ഡ്രിങ്കായി ആ പേരില്‍ത്തന്നെ ഇന്നു കാണുന്ന കോക്ക കോള എത്തുകയും ചെയ്തുവെന്ന് പറയപ്പെടുന്നു.

വളരെ ഉയര്‍ന്ന പ്രതലത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശമാണ് പെറു. അതുകൊണ്ടുതന്നെ അവിടെയെത്തുവര്‍ക്ക് ആള്‍ട്ടിട്ട്യൂഡ് സിക്‌നസ് സ്വാഭാവികമാണ്. എന്നാല്‍ കോക്കോ ഇലയിട്ട ചായ കുടിച്ചാല്‍ തണുപ്പിനെ ഒരുപരിധി വരെ അതിജീവിക്കാന്‍ സാധിക്കുമെന്ന് ബല്‍റാം സ്വന്തം അനുഭവത്തില്‍ നിന്ന് പറയുന്നു.

ഇനി ബൊളീവിയ...

വൈവിധ്യമാര്‍ന്ന പ്രകൃതിയാണ് പെറുവിനുളളത്. മലകളും കാടും കടല്‍തീരവും ഒപ്പം മുരുഭൂമി വരെ ഇവിടെ കാണാം. ബല്‍റാം ഏറ്റവുമധികം യാത്ര ചെയ്തത് പെറുവിലാണ്. ബൊളീവിയന്‍ യാത്ര/dക്കു പുറപ്പെട്ട് എത്തിച്ചേര്‍ന്ന ഇടമാണ് പെറു. അതിനാല്‍ പെറുവിനോട് തൽക്കാലത്തേക്ക് വിടപറഞ്ഞ് ഒട്ടും താമസിയാതെ ബൊളീവിയയിലേക്ക് പോകാനുളള ആലോചനയിലായി ബല്‍റാം. ഒട്ടേറെ തടസങ്ങള്‍ തരണം ചെയ്തുകിട്ടിയ ബൊളീവിയന്‍ വീസ കയ്യിലുണ്ടെങ്കിലും ഇനിയും എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടാകുമോ എന്ന ഭയം ബല്‍റാമിനെ അലട്ടിയിരുന്നു. വരുന്നതു വരട്ടെ, പോകാനുളള വഴിയിലൂടെ മുന്നോട്ടുതന്നെ എന്നുറപ്പിച്ച്, പെറുവിനോട് തിരികെ വരും വഴി കാണാമെന്ന യാത്രപറച്ചിലോടെ ബല്‍റാം കുസ്‌കോയില്‍നിന്ന് തിരിച്ചു.

 

അതിസാഹസികം ലാപാസ് യാത്ര

 

കുസ്‌കോയില്‍ നിന്ന് ബൊളീവിയന്‍ തലസ്ഥാന നഗരമായ ലാപാസിലേക്കാണ് ബല്‍റാമിന് പോകേണ്ടത്. ഫ്ളൈറ്റില്‍ കയറിയാല്‍ വെറും 45 മിനിറ്റ് കൊണ്ട് ലാപാസിലെത്തും. എന്നാല്‍ അതിന് നല്‍കേണ്ട തുക 80,000 രൂപവരും. ബൊളീവിയന്‍ യാത്രയ്ക്കായി നേരത്തേ നടത്തിയ തയാറെടുപ്പുകളില്‍ വലിയ തോതില്‍ നഷ്ടമുണ്ടായതിനാല്‍ ഇനിയും വലിയൊരു തുക ചിലവഴിക്കാന്‍ ബല്‍റാമിന് മനസുണ്ടായില്ല. അപ്പോഴാണ് കുസ്‌കോയില്‍ നിന്ന് ലാപാസിലേക്ക് ബസുണ്ടെന്ന് അറിയുന്നത്. ഏതാണ്ട് 10-12 മണിക്കൂര്‍ വരും യാത്ര. ഒരുപാട് സമയം വണ്ടിയിലിരിക്കണമെങ്കിലും ധനനഷ്ടം കുറയുമെന്ന ആശ്വാസത്തില്‍ ലാപാസിലേക്കുളള ബസ് ബുക്ക് ചെയ്ത് കാത്തിരുന്നു. എന്നാല്‍ വീണ്ടും ബല്‍റാമിനെ കാത്തിരുന്നത് തടസങ്ങള്‍ തന്നെയായിരുന്നു.

 

പെറു - ബൊളീവിയ ബോര്‍ഡറില്‍ പൂണോ എന്നൊരു സ്ഥലമുണ്ട്. അവിടെ ആഭ്യന്തര സംഘര്‍ഷം നടക്കുകയാണെന്നും അതിനാല്‍ ആ ബോര്‍ഡര്‍ അടച്ചിരിക്കുകയാണെന്നും വിവരം കിട്ടി. ഇനിയെന്തു ചെയ്യുമെന്ന ആശയക്കുഴപ്പത്തിലായി ബല്‍റാം. രാത്രി പത്തരയ്ക്ക് ഒരു ബസുണ്ടെന്നും അതില്‍ എട്ടു മണിക്കൂര്‍ യാത്ര ചെയ്താല്‍ കുസ്‌കോയില്‍ നിന്ന് പൂണോയിലെത്താമെന്നും ബസ് സ്റ്റേഷനിലുളളവര്‍ അറിയിച്ചു. പിന്നീട് പൂണോയില്‍ നിന്ന് ലാപാസിലേക്ക് ബോട്ടുമാര്‍ഗം പോകാനാവുമെന്നും അവര്‍ പറഞ്ഞു. ബോട്ടുയാത്രയും ഏതാണ്ട് എട്ടു മണിക്കൂര്‍ വരും. മണിക്കൂറുകള്‍ നീണ്ട യാത്രയും പുറമെ അനധികൃതമായ റൂട്ടുമായതിനാല്‍ അല്‍പം പേടിയോടെയാണ് ബല്‍റാം യാത്രക്കൊരുങ്ങിയത്.

 

സഞ്ചാരയോഗ്യമായ തടാകത്തിലൂടെ

 

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സഞ്ചാരയോഗ്യമായ തടാകങ്ങളില്‍ ഒന്നാണ് ടിറ്റിക്കാക്ക തടാകം. അതിലൂടെയാണ് ബല്‍റാം ബോട്ടില്‍ യാത്ര ചെയ്തത്. ആ ബോട്ട് ചെന്നുനിന്നത് കസാനി എന്ന സ്ഥലത്താണ്. ബോട്ട് നിര്‍ത്തിയിടാനുളള ജെട്ടിയൊന്നും അവിടെ ഉണ്ടായിരുന്നില്ല. മാത്രമല്ല ശരിയായ റൂട്ടല്ലാത്തതുകൊണ്ട് അവര്‍ കരയിലേക്ക് ബോട്ട് അടുപ്പിച്ചുമില്ല. അവിടെ കൂട്ടമായി നിര്‍ത്തിയിട്ട ബോട്ടുകളുടെ മുകളിലൂടെ ലഗേജും വലിച്ച് ബല്‍റാം കരപിടിച്ചു. കാസാനിയിലെത്തുംവരെ യാത്രയുടെ അപകടസാധ്യതകളെകുറിച്ച് അധികം ചിന്തിച്ചിരുന്നില്ലെന്ന് ബല്‍റാം പറയുന്നു. പിന്നീടാണ് ആ യാത്രയുടെ റിസ്‌കിനെകുറിച്ച് മനസ്സിലാക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ യാത്രപോലും അവസാനിപ്പിക്കേണ്ടി വന്നേനെ.

 

ഒരു കുഗ്രാമമാണ് കസാനി. നമ്മുടെ നാട്ടിലെ തെരുവുകളില്‍ ലോട്ടറി കച്ചവടം നടത്തുന്ന പോലെയാണ് അവിടെ മണി എക്സ്ചേഞ്ചെന്ന് ബല്‍റാം പറയുന്നു. ഒരു കിലോമീറ്ററോളം നടന്നാണ് ബല്‍റാം കസാനിയിലെ ഇമിഗ്രേഷന്‍ സെന്ററിലേക്ക് എത്തിയത്. തുടര്‍ന്ന് നടപടിക്രമങ്ങളെല്ലാം ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കി ബല്‍റാം അടുത്ത യാത്രയ്ക്കുളള തയാറെടുപ്പാരംഭിച്ചു.

 

ബൊളീവിയയിലെ പ്രധാന നഗരങ്ങളിലൊന്നായ കോക്കബാമ്പയിലേക്കാണ് തുടര്‍ന്നുളള യാത്ര. ഏതാണ്ട് 25 മിനിറ്റ് വരും അവിടെയെത്താന്‍. അവിടന്ന് നാലുമണിക്കൂറുണ്ട് തലസ്ഥാന നഗരമായ ലാപാസിലേക്ക്. അങ്ങനെ ലാപാസ് ലക്ഷ്യമാക്കി ബല്‍റാം ഒരു ബസില്‍ കയറിയിരുന്നു. യാത്രയ്ക്കിടെ ബസ് നിര്‍ത്തിയിട്ടു. തുടര്‍ന്ന് പുഴ കടക്കണമെന്ന നിര്‍ദേശം യാത്രക്കാര്‍ക്കു കിട്ടി. ബസ് ജങ്കാറിലും യാത്രക്കാര്‍ ബോട്ടിലുമായി പുഴ കടന്നു. അക്കരെയെത്തി വീണ്ടും ബസില്‍ യാത്ര തുടര്‍ന്നു. ഒരു പത്തുമിനിറ്റിനുളളില്‍തന്നെ ബല്‍റാം ലാപാസില്‍ എത്തിച്ചേര്‍ന്നു. ലാപാസിലെത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. കുസ്‌കോയില്‍ നിന്ന് വണ്ടി കയറി ലാപാസിലെത്തും വരെ അനുഭവിച്ച ടെന്‍ഷന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ലെന്ന് പറയുന്നു ബല്‍റാം. എത്ര പണം കൊടുത്താലും കിട്ടാത്ത അനുഭവങ്ങളാണിവ.

 

സമുദ്രനിരപ്പിന് 3,500 കിലോമീറ്റര്‍ ഉയരെയുളള സ്ഥലമാണ് ലാപാസ്. അവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് സാധാരണ ആള്‍ട്ടിട്ട്യൂഡ് സിക്നസ് അനുഭവപ്പെടാറുണ്ട്. ബസിലും ബോട്ടിലുമെല്ലാം സഞ്ചരിച്ച് അവിടെയെത്തിയതുകൊണ്ടാവണം ആ കാലാവസ്ഥയുമായി ബല്‍റാമിന്റെ ശരീരം അപ്പോഴേക്കും പൊരുത്തപ്പെട്ടിരുന്നു.  ലാപാസിലെ ബസ് സ്റ്റേഷനില്‍ നിന്ന് ടാക്സി വിളിച്ച് ഹോസ്റ്റലിലെത്തി. ഈ യാത്രക്കിടയിലെല്ലാം സുരക്ഷിതത്വവും കുറഞ്ഞ ചെലവും പരിഗണിച്ച് ഹോസ്റ്റലുകളാണ് താമസിക്കാനായി ബല്‍റാം തിരഞ്ഞെടുത്തിരുന്നത്. അന്ന് അവിടെ തങ്ങി പിറ്റേന്ന് അതിരാവിലെതന്നെ ലാപാസ് നഗരം കാണാനിറങ്ങി. ബല്‍റാം കണ്ട ലാപാസിനെക്കുറിച്ച് അടുത്ത ഭാഗം

English Summary: memorable travel experience by Balram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com