ADVERTISEMENT

വിനോദ സഞ്ചാരത്തിന് വലിയ പ്രാധാന്യമുള്ള രാജ്യമാണ് ബഹാമസ്. കരീബിയന്‍ ദ്വീപു രാഷ്ട്രമായ ബഹാമസ് ഫ്‌ളോറിഡയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ്. മനോഹരമായ കടലും തീരങ്ങളുമാണ് ബഹാമസിലേക്ക് സഞ്ചാരികളെ പ്രധാനമായും ആകര്‍ഷിക്കുന്നത്. നിരവധി സ്വകാര്യ ദ്വീപുകളും ബീച്ചുകളും ഇവിടെയുണ്ട്. മീന്‍പിടുത്തവും ബോട്ടിങ്ങും സ്‌കൂബ ഡൈവിങ് പോലുള്ള സമുദ്ര വിനോദങ്ങളും ഇവിടെ ആസ്വദിക്കാനാവും. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളൊഴികെ പൊതുവേ ചൂടുള്ള കാലാവസ്ഥയാണിവിടെ. തലസ്ഥാനമായ നസ്സാവു, പാരഡൈസ് ഐലന്‍ഡ്, ഗ്രാന്‍ഡ് ബഹാമാസ് ഐലന്‍ഡ് എന്നിവയിലേക്കുള്ള യാത്രകള്‍ക്ക് ട്രെയിനുകളെയും ആശ്രയിക്കാനാവും.

 

1452468759
Rob Atherton/shutterstock

ബഹാമസിലെ നോര്‍ത്ത് ബിമിനി ദ്വീപിന്റെ പടിഞ്ഞാറുഭാഗത്തെ കടലിലാണ് ബിമിനി റോഡുള്ളത്. 800 മീറ്ററോളം നീളത്തിലുള്ള ഈ റോഡ് നഷ്ടനഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അറ്റ്‌ലാന്റിസിലേക്കുള്ള പാതയാണെന്ന് കരുതുന്നവരുമുണ്ട്. 1968ലാണ് മുങ്ങല്‍ വിദഗ്ധര്‍ സമുദ്ര നിരപ്പില്‍നിന്നു 18 അടി താഴെയുള്ള ബിമിനി റോഡ് കണ്ടെത്തുന്നത്. 

 

ദീര്‍ഘചതുരാകൃതിയിലുള്ള വലിയ ചുണ്ണാമ്പുകല്ലുകള്‍ നിരത്തിയിട്ടിരിക്കുന്നതുപോലാണ് ഇതിന്റെ രൂപം. രൂപത്തിന്റെ പ്രത്യേകത കൊണ്ട് ബിമിനി വാള്‍ എന്നും ഇതിനെ വിളിക്കാറുണ്ട്. പാതയാണെന്നും മതിലാണെന്നും സമുദ്രജലം കയറാതിരിക്കാന്‍ നിര്‍മിച്ച കടല്‍ഭിത്തിയാണിതെന്നുമൊക്കെയുള്ള വാദങ്ങളുണ്ട്. എങ്കിലും ഇന്നും ഇത് മനുഷ്യന്‍ നിര്‍മിച്ചതാണോ പ്രകൃതി നിര്‍മിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 

1453962647
Sheldon B/shutterstock

 

ഗ്രീക്ക് നാടോടിക്കഥകളിലും മറ്റും പറഞ്ഞിട്ടുള്ള പൗരാണിക നഗരമാണ് അറ്റ്‌ലാന്റിസ്. സുപ്രസിദ്ധ ഗ്രീക്ക് തത്വചിന്തകനായ പ്ലേറ്റോയാണ് അറ്റ്‌ലാന്റിസിന് പ്രചാരം നല്‍കിയത്. അദ്ദേഹത്തിന്റെ തിമേയുസ്, ക്രിറ്റിയാസ് തുടങ്ങിയ രചനകളില്‍ അറ്റ്‌ലാന്റിസിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒമ്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍വപ്രതാപിയായി നിലനിന്നിരുന്ന ജനസമൂഹമായിരുന്നു അറ്റ്‌ലാന്റിസിലേതെന്നാണ് പ്ലേറ്റോ പറഞ്ഞത്. ഇന്നത്തെ കണക്കു പ്രകാരം 11,600 വര്‍ഷം പഴക്കമുണ്ടാവും അറ്റ്‌ലാന്റിസിന്റെ സുവര്‍ണകാലത്തിലേക്ക്. 

 

നിര്‍മാണവിദ്യകളിലും എൻജിനീയറിങ്ങിലുമെല്ലാം മുന്നിട്ടു നിന്നവരായിരുന്നു അറ്റ്‌ലാന്റിസുകാരെന്നാണ് പ്ലേറ്റോ വിവരിക്കുന്നത്. വികസിതമായ ഭരണ സംവിധാനവും ഇവിടെയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈ നാട് പിന്നീട് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിപ്പോകുകയായിരുന്നുവെന്നാണ് കഥകളിലൂടെ പ്രചരിച്ചത്. ഇന്നും അറ്റ്‌ലാന്റിസ് മിത്താണോ സത്യമാണോ എന്ന കാര്യം തേടുകയാണ് പല ഗവേഷകരും. 

 

ബിമിനി റോഡ് അറ്റ്‌ലാന്റിസിലേക്കുള്ള പാതയാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. സാമാന്യത്തിലധികം വലുപ്പമുള്ള ദീര്‍ഘചതുരാകൃതിയിലുള്ള ചുണ്ണാമ്പുകല്ലുകളുടെ നിര്‍മിതിയാണിത്. ഓരോ കല്ലിനും ഒമ്പതു മുതല്‍ 12 അടി വരെ നീളവും ആറു മുതല്‍ ഒമ്പത് അടി വരെ ഉയരവുമുണ്ട്. ബീച്ച് റോക്ക് എന്ന് വിളിക്കപ്പെടുന്ന ബഹാമസില്‍ കാണപ്പെടുന്ന കല്ലുകളാണ് ബിമിനി റോഡിലുള്ളത്. 

 

ഒറ്റ നോട്ടത്തില്‍ ഒരു റോഡു പോലെ തോന്നിപ്പിക്കുന്നതു കൊണ്ടാണ് ബിമിനി റോഡിന് ആ പേരു ലഭിച്ചത്. എന്നാല്‍ ഇത് മനുഷ്യ നിര്‍മിതമാണെന്ന് ഉറപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുമില്ല. പ്രത്യേകിച്ച് എന്തെങ്കിലും തരത്തിലുള്ള ആയുധങ്ങള്‍ പ്രയോഗിച്ചതിന്റെ അടയാളങ്ങള്‍ ഈ കല്ലുകളിലില്ല. പ്രകൃതിയില്‍ ഏതു രീതിയിലാണ് നിര്‍മിക്കപ്പെട്ടതെന്നതിനെക്കുറിച്ചും വ്യക്തതയില്ല.

 

English Summary: mysterious Bimini Road in Bahamas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com