ധൈര്യം പരീക്ഷിക്കാൻ നേപ്പാളിലേക്ക് പോകാം : ബഞ്ചി ജംപും ആകാശ ഊഞ്ഞാലും കാത്തിരിക്കുന്നു
Mail This Article
ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും ഉയരത്തിൽനിന്നുള്ള ബഞ്ചി ജംപായി കണക്കാക്കപ്പെടുന്നത് മക്കാവുവിലെ എജെ ഹാക്കറ്റ് ടവറിൽനിന്നുള്ള ജംപാണ്. ഭൂമിയിൽ നിന്ന് 764 അടി ഉയരത്തിലുള്ള ഇവിടെനിന്ന് താഴേക്കു ചാടാൻ ചില്ലറ ധൈര്യം പോരാ. എന്നാൽ അത്രയും ഉയരത്തിൽനിന്നു ചാടാനായി മക്കാവു വരെ പോകാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. അങ്ങനെയുള്ളവർക്ക് നമ്മുടെ തൊട്ടടുത്തായി ലോകത്തിലെ രണ്ടാമത്തെ വലിയ ബഞ്ചി ജംപ് സ്പോട്ട് ഉണ്ട്, അടുത്ത യാത്ര അങ്ങോട്ടേക്കായാലോ? ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ബഞ്ചി ജംപും ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്വിങ്ങും നേപ്പാളിലാണുള്ളത്.
ധൈര്യശാലികൾക്ക് സുവർണ്ണാവസരം
സാഹസികതയ്ക്കു പേരുകേട്ട നാടാണ് നേപ്പാൾ. നേപ്പാളിൽ രണ്ട് ബഞ്ചി ജംപ് സ്പോട്ടുകൾ മാത്രമാണുള്ളത്. ഒന്ന് ഭോട്ടേകോശി ബഞ്ചി ജംപ്. മറ്റൊന്ന് കുസ്മ ബഞ്ചി ജംപ്. കുസ്മ ബഞ്ചി ജംപ് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന ബഞ്ചി ജംപ് സ്പോട്ടാണ്. 228 മീറ്റർ ഉയരമുള്ള പാലത്തിന്റെ മുകളിൽ നിന്നാൽ താഴെ കാളിഗണ്ഡകി നദി ഒഴുകുന്നതു കാണാം. നദിക്കു മുകളിൽ 525 മീറ്റർ നീളമുള്ള പാലത്തിനു നടുവിലാണ് ബഞ്ചി ജംപ് സ്വിങ്ങിനുള്ള പ്ലാറ്റ്ഫോം. മക്കാവു എജെ ഹാക്കറ്റ് ടവറിലെ ജംപിങ് സ്പോട് 764 അടി ഉയരത്തിലാണ്. നേപ്പാളിലേതു 720 അടിയാണ്. നേപ്പാളിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം കൂടിയാണ് ഈ ജംപ് നടക്കുന്ന പാലം. റഷ്യയിലെ സോചി എജെ ഹാക്കറ്റ് സ്കൈബ്രിജ് ബഞ്ചി സൈറ്റിന് സമാനമായ രൂപകല്പനയിലാണ് ഈ കൂറ്റൻ മെയിൻ സ്പാൻ. ഈ പാലത്തിന് 200 ടൺ വരെ ഭാരം താങ്ങാൻ കഴിയും.
ബഞ്ചി ജംപ് മാത്രമല്ല, ഇവിടെ സഞ്ചാരികൾക്കായി ഒരു ആകാശ ഊഞ്ഞാൽ കൂടി സജ്ജീകരിച്ചിട്ടുണ്ട്. നദിക്കു കുറുകെ വലിയൊരു ഊഞ്ഞാലിൽ കയറിയിരുന്ന് ആടുന്നത് സങ്കൽപ്പിച്ചു നോക്കൂ.
കുസ്മ ബഞ്ചി ജംപിന്റെ മറ്റൊരു സൗന്ദര്യം ചുറ്റുമുള്ള അതിമനോഹരമായ കാഴ്ചയാണ്. ഇവിടം പ്രകൃതി ഭംഗിയാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ നിരവധി സഞ്ചാരികളാണ് ബഞ്ചി ജംപിനായി എത്തുന്നത്.
English Summary: Bungee jumping in Nepal is a popular activity for adventure seekers.