ADVERTISEMENT

1969 ൽ റോബിൻ മക് ലൂഹൻ എന്ന ഒരു അപ്രശസ്തനായ കോപ്പി റൈറ്റർ മാർട്ടിൻ ആൻ വോൾസ് ഏജൻസിക്കു വേണ്ടി രചിച്ച വാചകം ‘ചരിത്രസ്നേഹികളുടെ വിർജീനിയ’ എന്നായിരുന്നു. കടൽത്തീരങ്ങളെ സ്നേഹിക്കുന്നവരുടെ വിർജീനിയ, മലകളെ സ്നേഹിക്കുന്നവരുടെ വിർജീനിയ എന്നിങ്ങനെ പല രീതിയിൽ പ്രകടിപ്പിക്കാവുന്ന ഒരു പരസ്യവാചകം. എന്നാൽ ഏജൻസിയിലുണ്ടായ അവസാനവട്ട കൂടിയാലോചനയിൽ അത് ‘വിർജീനിയ ഫോർ ലവേഴ്സ്’ എന്നു ചുരുങ്ങി. വേണമെങ്കിൽ ‘കമിതാക്കളുടെ വിർജീനിയ’ എന്നോ ‘സ്നേഹിക്കാനൊരു വിർജീനിയ’ എന്നോ പോലും വ്യാഖ്യാനിക്കാവുന്ന വാചകം. അരനൂറ്റാണ്ടു പിന്നിട്ടിട്ടും വിർജീനിയയെ ഇന്നും ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്നത് ഈ വാചകമാണ്.

image11
മാരി ബെറ്റ് റസ്റ്ററൻറ്

 

വ്യത്യസ്തം ഈ പ്രഭാതഭക്ഷണം

image2
മാരി ബെറ്റിലെ പ്രഭാത ഭക്ഷണം

 

ലളിതവും വേഗവും വേണ്ട പ്രഭാതഭക്ഷണം തേടിയുള്ള യാത്ര ഹോട്ടലിനു തൊട്ടടുത്ത് പെറ്റിറ്റ് മാരിബെറ്റിൽ അവസാനിച്ചു. വ്യത്യസ്തമായ ഒരു ഫാസ്റ്റ് ഫുഡ് ജോയിന്റ്. ജീവിതത്തിന്റെ എല്ലാ തുറകളിലും പെട്ടവർ നിന്നും ഇരുന്നും നടന്നും ഭക്ഷണം കഴിക്കുന്ന അമേരിക്കൻ രീതി. സാൻഡ് വിച്ചും ഓംലറ്റും ഹോട്ട് ചോക്ലേറ്റുമടങ്ങിയ ഭക്ഷണം വ്യത്യസ്തം, രുചികരം. ജാസൻ, പാട്രിക് എന്നീ രണ്ടു സുഹൃത്തുക്കൾ കോർപറേറ്റ് ജോലികളിൽനിന്നു മുക്തരായി തുടങ്ങിയ റസ്റ്ററൻറിൽ യൂറോപ്യൻ ഫാസ്റ്റ് ഫുഡ് രീതിയാണ്. സംഗതി വിജയമായെന്ന് തിരക്ക് തെളിയിക്കുന്നു. ഇവരുടെ പുത്രിമാരുടെ പേരാണീയിടത്തിന്; മാരിയൻ, ബെറ്റി സങ്കലനം, മാരിബെറ്റ്...

 

IMG_7428
തോമസ് ജെഫേഴ്സന്റെ ഭവനം

തോമസ് ജെഫേഴ്സ്ൻ, എന്നത്തെയും ഹീറോ

 

ഇന്നത്തെ യാത്രകളുടെ മുഖ്യ ആകർഷണം അമേരിക്കയുടെ മൂന്നാമത് പ്രസിഡന്റ് തോമസ് ജെഫേഴ്സനാണ്. അദ്ദേഹത്തിന്റെ ഭവനവും തോട്ടവും അടങ്ങുന്ന മോണ്ടിച്ചെല്ലോ സന്ദർശിക്കുന്നു. അമേരിക്കയുടെ ആദ്യ പ്രസിഡന്റ് ജോർജ് വാഷിങ്ടനടക്കം എട്ടു പ്രസിഡന്റുമാരുടെ നാടാണ് വിർജീനിയ.

 

ജെഫേഴ്സന്റെ പിൻമുറക്കാരിയായ ഗെയ്ൽ ജെസോപ്പ്
ജെഫേഴ്സന്റെ പിൻമുറക്കാരിയായ ഗെയ്ൽ ജെസോപ്പ്

മൂന്നു കാര്യങ്ങളിലാണ് ജെഫേഴ്സൻ ശ്രദ്ധേയനാകുന്നത്. ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസിന്റെ രചയിതാവ്, ആർക്കും എന്തിലും വിശ്വസിക്കാം എന്ന് അടിവരയിടുന്ന മത സ്വാതന്ത്ര്യത്തിനുള്ള സ്റ്റാച്യു ഓഫ് വിർജീനിയയുടെ പ്രേരക ശക്തി, വിദ്യാധനം സർവധനാൽ പ്രധാനം എന്നു പ്രാവർത്തികമാക്കിയ യൂണിവേഴ്സിറ്റി ഓഫ് വിർജീനിയയുടെ സ്രഷ്ടാവ്.

വ്യത്യസ്ത പ്രണയ കഥ: സാലി ഹെമിങ്സ്,  ജെഫേഴ്സൻ
വ്യത്യസ്ത പ്രണയ കഥ: സാലി ഹെമിങ്സ്, ജെഫേഴ്സൻ

 

എല്ലാ സ്വാതന്ത്ര്യങ്ങൾക്കുംവേണ്ടി വാദിക്കുമ്പോഴും അദ്ദേഹത്തിന്റെ വീട്ടിൽ കുറഞ്ഞത് 600 ആഫ്രിക്കൻ അടിമകളുണ്ടായിരുന്നു. ഇന്നത്തെ ചിന്തയിൽ വിരോധാഭാസം. അന്നത് നാട്ടുനടപ്പ്. അദ്ദേഹത്തിന്റെ അടിമകളിൽ സതേൺ എന്നൊരു ഭക്ഷ്യരീതി ഉണ്ടായിവന്നതിൽ പങ്കു വഹിച്ച നല്ലൊരു ആഫ്രിക്കൻ ഷെഫുണ്ടായിരുന്നു. അമേരിക്കയ്ക്കു പുറത്താണെങ്കിലും അൽപനാൾ സ്വാതന്ത്ര്യം ലഭിച്ച അപൂർവം അടിമകളിൽപ്പെട്ട ഒരു ഭാര്യയുമുണ്ടായിരുന്നു. ഈ ഭാര്യയുടെ ഏറ്റവും പുതിയ തായ് വഴിയിൽപ്പെട്ട ഗെയ്‌ൽ ജെസോപ്പുമായുള്ള സംഭാഷണത്തോടെയാണ് മൊണ്ടിച്ചെല്ലോ പര്യടനം ആരംഭിക്കുന്നത്.

 

ജെഫേഴ്സൻ കുടുംബം. ഭാര്യ മാർത്ത, കുട്ടികൾ
ജെഫേഴ്സൻ കുടുംബം. ഭാര്യ മാർത്ത, കുട്ടികൾ

നാലാം തലമുറയിലെ ജെഫേഴ്സൻ

 

തെല്ലു നേരത്തേയെത്തിയതിനാൽ ജെസോപ്പിനായി ചെറിയൊരു കാത്തിരിപ്പ്. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലുമെന്നപോലെ ഗിഫ്റ്റ് ഷോപ്പും മറ്റു സൗകര്യങ്ങളുമുണ്ട്. സമയം പോകും. പണവും പോകും. കാരണം ഗിഫ്റ്റ് ഷോപ്പിൽക്കയറിയാൽ വാങ്ങിപ്പോകും. വാങ്ങി.

 

ജെഫേഴ്സന്റെ അടിമ ഭാര്യയായിരുന്ന സാലി ഹെമിങ്സിന്റെ നാലാം തലമുറയിൽ പിറന്ന ഗെയ്ൽ ജെസോപ്പ് കൃത്യസമയത്തു തന്നെ എത്തി. കാഴ്ചയിൽ ആഫ്രിക്കൻ ലക്ഷണങ്ങൾ കുറവ്. മുടിയും രൂപവും കൂടുതൽ യൂറോപ്യൻ. കാരണം സാലി ഹെമിങ്സ് തന്നെ യൂറോപ്യൻ പിതാവിലായിരുന്നു ജനിച്ചത്.

The-Grandsons-Room-on-Monticellos-third-floor
ജെഫേഴ്സന്റെ കൊച്ചുമകന്റ മുറി
jeffersons-bed-chamber
ജെഫേഴ്സന്റെ മുറി
മോണ്ടിച്ചെല്ലോ
മോണ്ടിച്ചെല്ലോയിലെ മുറികൾ
Montocello-Dining-Room
മോണ്ടിച്ചെല്ലോ ഡൈനിങ് റൂം

 

പത്രപ്രവർത്തകയും എഴുത്തുകാരിയുമായ ജെസോപ്പ് ‘റിക്ലമേഷൻ’ എന്നൊരു പുസ്തകത്തിന്റെ രചയിതാവാണ്, ഗവേഷകയാണ്. അവരോടൊപ്പമിരുന്ന് ചരിത്രത്തോടൊപ്പം ഒരു കോഫി. അപ്പോഴാണ് സാലി ഹെമ്മിങ്സിനെപ്പറ്റി കൂടുതൽ കേൾക്കുന്നത്. അതിപ്രതാപവാനായ പ്രസിഡന്റിന്റെ അതീവ സുന്ദരിയായ കറുത്ത ഭാര്യ. അമേരിക്കയിലെ ആഫ്രിക്കൻ വനിതകളിലെ അതി പ്രശസ്ത. സങ്കരമാണെങ്കിലും ആഫ്രിക്കൻ എന്ന വിളിയും ശക്തനായ ജെഫേഴ്സന്റെ രണ്ടാം ഭാര്യയായിട്ടും അടിമയെന്ന വിശേഷണവും പേറി ജീവിച്ചു. സ്വത്തിൽ ഇവർക്കും മക്കൾക്കും പിൻമുറക്കാർക്കും അവകാശമില്ല. രേഖകളിൽ സ്ഥാനമില്ല. 1700 കളുടെ തുടക്കത്തിലെ അതിസങ്കീർണമായ സാമൂഹിക വ്യവസ്ഥകൾ ജെസോപ്പ് വിശദീകരിച്ചു.

 

Aerial-of-Monticello_s-West-Lawn
മോണ്ടിച്ചെല്ലോ, അയ്യായിരം ഏക്കറിൽ പരന്നു കിടക്കുന്ന തോട്ടവും വലിയ ബംഗ്ലാവും.

സാലി ഹെമ്മിങ്സ് എന്ന അതിജീവിത

virginia
മോണ്ടിച്ചെല്ലോയിൽ നിന്നുള്ള സെൽഫി

 

മോണ്ടിചെലോയിലെ കാഴ്ചകൾ
മോണ്ടിചെലോയിലെ കാഴ്ചകൾ, മിക്കി ടവേണിന്റെ കവാടം

തോമസ് ജെഫേഴ്സന്റെ ആദ്യ ഭാര്യ മാർത്തയുടെ അർധ സഹോദരിയാണ് സാലി ഹെമിങ്സ്. പിതാവ് ഒരാളാണ്– പ്ലാന്ററായിരുന്ന ഇംഗ്ലിഷ് വംശജൻ ജോൺ വേയ്ൽസ്. അമ്മ ആഫ്രിക്കൻ അടിമ ബെറ്റി ഹെമിങ്സ്. അടിമയുടെ മകൾ എക്കാലവും അടിമ തന്നെ. സാലിയെ കൂടാതെ ജയിംസ് ഹെമിങ്സ് എന്ന പിൽക്കാലത്തെ പ്രശസ്തനായ ഫ്രഞ്ച് ഷെഫ് അടക്കം അഞ്ചു കുട്ടികൾ കൂടിയുണ്ട് ഈ ബന്ധത്തിൽ.  

 

പച്ചക്കറിത്തോട്ടം
മോണ്ടിച്ചെല്ലോയിലെ പച്ചക്കറിത്തോട്ടം

മാർത്തയെ വിവാഹം കഴിപ്പിച്ചു വിട്ട് അധികം വൈകാതെ ജോൺ വേയ്ൽസ് മരിച്ചു. അങ്ങനെ വെയ്ൽസിന്റെ 135 അടിമകളെക്കൂടി ജെഫേഴ്സനു ലഭിച്ചു. അതിൽപ്പെട്ടതാണ് സാലി. മൊണ്ടിച്ചെല്ലോയിലെ അടിമലായത്തിൽ ചെറു പ്രായത്തിലെത്തിയ സാലിക്ക് മറ്റുള്ളവരെക്കാൾ തെല്ലു പരിഗണന കൂടുതൽ ലഭിക്കാൻ കാരണം മാർത്തയെന്ന അർധസഹോദരിയുടെ സ്വാധീനമാകണം.

തോമസ് ജെഫേഴ്സന്റെ ശവകുടീരം
തോമസ് ജെഫേഴ്സന്റെ ശവകുടീരം

 

സാലി: പ്രണയത്തിനായ് അടിമത്തം വിടാത്തവൾ

മിക്കി ടവേണിലെ പ്രശസ്തമായ ക്ലാസിക് ഭോജ്യങ്ങൾ
മിക്കി ടവേണിലെ പ്രശസ്തമായ ക്ലാസിക് ഭോജ്യങ്ങൾ

 

മിക്കി ടവേണ്‍സിനടുത്ത് ഗിഫ്റ്റ് ഷോപ്പായി മാറിയ മിൽ
മിക്കി ടവേണ്‍സിനടുത്ത് ഗിഫ്റ്റ് ഷോപ്പായി മാറിയ മിൽ, ബിയർ മഗുകൾ...

ഇതിനിടെ ജെഫേഴ്സന്റെ ഭാര്യ മാർത്ത മരിച്ചു. പാരിസിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് മിനിസ്റ്റർ എന്ന അംബാസഡർ പദവി വഹിച്ചിരുന്ന ജെഫേഴ്സൻ സഹോദരന്റെ സംരക്ഷണയിൽ കുട്ടികളെ ഏൽപിച്ചാണ് പോയിരുന്നത്. ഇളയ പുത്രി ലൂസി ഇക്കാലഘട്ടത്തിൽ പെട്ടെന്നുണ്ടായ രോഗബാധയിൽ മരിച്ചു. ഇതോടെ രണ്ടാമത്തെ മകൾ മേരിയെ പാരിസിൽ കൊണ്ടു പോയി സംരക്ഷിക്കാമെന്നു ജെഫേഴ്സൻ തീരുമാനിച്ചു. മുഖ്യ സഹായിയായി തിരഞ്ഞെടുത്തവരിൽ 14 തികയാത്ത സാലിയുമുണ്ടായിരുന്നു. 44 ാം വയസ്സിൽ വിഭാര്യനായ ജെഫേഴ്സൻ സാലിയിൽ അനുരക്തനായി. ആ ബന്ധത്തിന്റെ പാരമ്യത്തിൽ സാലിക്കു സ്വാതന്ത്ര്യം നൽകാൻ അദ്ദേഹം തയാറായി. എന്നാൽ ജെഫേഴ്സനൊപ്പം നാട്ടിലേക്കു മടങ്ങാനായിരുന്നു സാലിയുടെ തീരുമാനം. തിരികെയെത്തിയപ്പോൾ വിർജീനിയയിലെ നിയമപ്രകാരം സാലി വീണ്ടും അടിമയായി. വേണമെങ്കിൽ ജെഫേഴ്സനെ ഉപേക്ഷിച്ച് പാരിസിൽ സ്വതന്ത്ര ജീവീതം തുടരാമായിരുന്നെങ്കിലും സാലി ജന്മനാട്ടിലെ അടിമത്തമാണ് തിരഞ്ഞെടുത്തത്. പ്രണയ പർവം...

 

ബ്ലെൻഹീം വിനിയാഡിലെ ബ്രൂവർ
ബ്ലെൻഹീം വിനിയാഡിലെ ബ്രൂവർ, വൈൻ ടേസ്റ്റിങ്ങിനുള്ള കുപ്പികൾ
Vineyard Hills
വീഞ്ഞുപാടങ്ങൾ. Image Credit : Andriy Blokhin/ shutterstock.com

അടിമകൾ എന്നും അടിമകൾ

 

down-town-pedestal-mall
ഡൗൺ ടൗൺ പെഡസ്ട്രിയൻ മാളിലെ ഇഷ്ടിക പാകിയ വഴി
image3

ജെഫേഴ്സൻ സാമൂഹിക പരിഷ്കരണ വാദിയായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പുരയ്ക്കു താഴെ യാതനയനുഭവിക്കുന്ന അടിമകളുടെ താവളമുണ്ടായിരുന്നു. വീടിന്റെ താഴത്തെ അറയിൽ മറ്റ് അടിമകളിൽനിന്നു വ്യത്യസ്തരായി രണ്ടാം ഭാര്യയും പ്രിയപ്പെട്ട ഷെഫ് ജയിംസ് ഹെമിങ്സും നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടു. അവരുടെ മുറികൾ ഇപ്പോഴും അതേ രീതിയിലുണ്ട്. മറ്റ് അടിമകൾ ലയങ്ങളിൽ മുറികൾ പങ്കു വച്ചപ്പോൾ ഇവർക്ക് രണ്ടാൾക്കും മികച്ച മുറിയും സൗകര്യങ്ങളും.

 

മറക്കാനാവുമോ ഈ മോണ്ടിച്ചെല്ലോ

 

അയ്യായിരം ഏക്കറിൽ പരന്നു കിടക്കുന്ന തോട്ടവും വലിയ ബംഗ്ലാവുമാണ് മോണ്ടിച്ചെല്ലോ. ഈ ചരിത്രശേഷിപ്പ് കാണാതെ വിർജീനിയ സന്ദർശനം പൂർത്തിയാവില്ല. 95 ഡോളർ വില വരുന്ന ബിഹൈൻഡ് ദ് സീൻസ് ടൂറും സ്ലേവറി ടൂറും അടക്കം പലതരം ടൂറുകളുണ്ട്. 42 ഡോളറിന്റെ ഹൈലൈറ്റ്സ് ടൂറാണെടുത്തത്. കുട്ടികൾക്ക് 13 ഡോളർ. ടിക്കറ്റ് www.monticello.org വെബ്സൈറ്റിൽ നിന്നെടുക്കാം. 45 മിനിറ്റ് ദീർഘിക്കുന്ന ടൂറിൽ വീടും തോട്ടവും പച്ചക്കറിത്തോട്ടവും അടിമത്താവളവും ഗൈഡിനൊപ്പം നടന്നു കാണാം. ജെഫേഴ്സന്റെ ശവകുടീരവും സന്ദർശനത്തിൽപെടും.

 

പണി തീരാത്ത വീട്

 

യൂറോപ്യൻ, പ്രത്യേകിച്ച് ഫ്രഞ്ച് വാസ്തുവിദ്യയുടെ സ്വാധീനമുള്ള കെട്ടിടമാണിത്. 1768 ൽ പണി തുടങ്ങി. 1770 ൽ പ്രധാനഭാഗം പൂർത്തിയായി. 1772 ൽ വിവാഹശേഷവും പണി തുടർന്നു. ഭാര്യയുടെ മരണം 1782 ൽ. തുടർന്ന് ഫ്രാൻസിലേക്കു പോയ അദ്ദേഹം തിരിച്ചത്തിയപ്പോൾ പണി പുനരാരംഭിച്ചു. ഈ ഭാഗങ്ങൾക്കാണ് ഫ്രഞ്ച് സ്വാധീനം അധികം. 1809 ൽ പണി ഏതാണ്ട് പൂർത്തിയായി. പിന്നീടും പലതവണ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. ജെഫേഴ്സന്റെ മരണം വരെ ഇത്തരം പണികൾ തുടർന്നു. കയറും മുമ്പേ, ഏക്കറുകൾ പടർന്ന പുൽത്തകിടിയിൽ നിന്നൊരു ചിത്രമെടുത്തു.

 

പ്രൗഢഗംഭീരമായ വലിയ വീട്ടിൽ ശ്രദ്ധേയമായ രണ്ടു കാര്യങ്ങൾ. ഒന്ന് ജെഫേഴ്സന്റെ വായനമുറി. ആയിരക്കണക്കിനു പുസ്തകങ്ങൾ അടുക്കിയ വായനമുറി അറിവിന് അദ്ദേഹം നൽകിയ പ്രാധാന്യം വ്യക്തമാക്കുന്നു. രണ്ട് അദ്ദേഹത്തിന്റെ ഓഫിസ് കം കിടപ്പുമുറി. ഓഫിസിന്റെയും കിടപ്പുമുറിയുടെയും ഇടയ്ക്കുള്ള ഭിത്തിയിലാണ് കിടക്ക ക്രമീകരിച്ചിരിക്കുന്നത്. രണ്ടു വശത്തുനിന്നും കയറാം. ജെഫേഴ്സൻ വിഭാര്യനായിരുന്നുവെന്നു പ്രഖ്യാപിക്കുന്ന, ഒരാൾക്കു മാത്രം കിടക്കാനുള്ള കിടക്ക.

 

 മടിയിൽ കനമില്ലാത്തവർ വഴിയിൽ പേടിക്കണോ?

 

തോമസ് ജെഫേഴ്സൻ എന്ന കർഷകൻ തൊടിയിലെ പച്ചക്കറിത്തോട്ടത്തിൽ ഇന്നും ‘പൂത്തുലഞ്ഞു നിൽക്കുന്നു’. ജെഫേഴ്സൻ ഫൗണ്ടേഷൻ ഈ തോട്ടം നന്നായി പരിപാലിക്കുന്നുണ്ട്. പണ്ടു കാലത്ത് ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നായി പുതിയതരം പച്ചക്കറി വിത്തുകൾ കൊണ്ടുവന്ന് ഇവിടെ കൃഷി ചെയ്തിരുന്നു. കുടുംബാംഗങ്ങളും അടിമകളും മൃഷ്ടാന്നം ഭക്ഷിക്കുന്നതിനു പുറമെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കൊടുത്തു വിടുകയും ചെയ്തിരുന്നു.

 

ദുഃഖകരമായ വസ്തുത, ശവകുടീരം നിൽക്കുന്ന ചെറിയ പ്രദേശമൊഴികെ ബാക്കിയൊന്നും ഇന്നു ജെഫേഴ്സൻ കുടുംബത്തിന്റേതല്ല. ആദർശധീരരായ എല്ലാ പഴയ രാഷ്ട്രീയ പ്രവർത്തകരെയും പോലെ, ജെഫേഴ്സൻ മരിക്കുമ്പോഴേക്കും അദ്ദേഹം പാപ്പരായിരുന്നു. അവസാന നാണയവും അറിവിന്റെ വളർച്ചയ്ക്കായി വിർജീനിയ യൂണിവേഴ്സിറ്റിക്ക് സംഭാവന ചെയ്തു. കടക്കെണിയിൽപ്പെട്ടു നിർവാഹമില്ലാതെ മകൾ 7500 ഡോളറിന് വീടും പറമ്പും വിറ്റു. പിന്നീട് 1834 ൽ ജെഫേഴ്സന്റെ കടുത്ത ആരാധകനായിരുന്ന കമ്മഡോർ ഉറിയ പി ലെവി വീടു വാങ്ങി സംരക്ഷിച്ചു. 1923 ൽ തോമസ് ജെഫേഴ്സൻ ഫൗണ്ടേഷൻ ലെവി കുടുംബത്തിൽനിന്നു തിരികെ വാങ്ങി. വില 5 ലക്ഷം ഡോളർ.

 

ചരിത്രത്തിൽ ഒരു ഉച്ചയൂണ്...

 

ഇവിടെയെല്ലാം ചരിത്രമാണ്. ഈ ഉച്ച ഭക്ഷണം പോലും. തികച്ചും വ്യത്യസ്തമായ ഒരു റസ്റ്ററൻറിലാണ് ഭക്ഷണം. മിക്കി ടവേൺ. പതിനെട്ടാം നൂറ്റാണ്ടിലെ ഭക്ഷണമാണ് ഉച്ചയ്ക്കു മാത്രം തുറക്കുന്ന ഹോട്ടലിൽ വിളമ്പുക. കാടിനു നടുവിൽ ജെഫേഴ്സൻ ഭവനം സന്ദർശിക്കാനെത്തുന്നവർക്കു വേണ്ടി മാത്രമായുള്ള റസ്റ്ററന്റ്. 1784 ൽ സ്ഥാപിതം. ഇവിടെയായിരുന്നില്ല, താഴെ ഹൈവേയിലായിരുന്നു തുടക്കം. പിൽക്കാലത്ത് പ്രവർത്തനം നിലച്ചപ്പോൾ 1927 ൽ വനിതാ സംരംഭക മാർക്ക് ഹാൻഡേഷ് സൻ വാങ്ങി. ജീർണാവസ്ഥയിൽനിന്നു പുനരുദ്ധരിച്ച് 17 മൈൽ മാറി ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. അന്നത്തെ പരിമിത സൗകര്യങ്ങളിൽ ട്രക്കുകളിൽ കയറ്റിയാണ് മാസങ്ങൾ നീണ്ട കഠിനാദ്ധ്വാനത്താൽ ഇവിടെയെത്തിച്ചത്.  

 

റസ്റ്ററന്റിൽ കയറിയാൽ നൂറ്റാണ്ടുകൾ പിന്നോട്ടു പോകും. കെട്ടിടം ഏതാണ്ട് പഴയ രീതിയിൽത്തന്നെ സംരക്ഷിച്ചിരിക്കുന്നു. സതേൺ ഫ്രൈഡ് ചിക്കൻ, മാരിനേറ്റഡ് ബേക്ക്ഡ് ചിക്കൻ, ഹിക്കറി സ്മോക്ഡ് പോർക്ക് ബാർബിക്യൂ, ടുമാറ്റോ സ്റ്റ്യൂ, ബ്ലാക് ഐ പീസ്, ബട്ടർ മിൽക് ബിസ്കറ്റ്, മാഷ്ഡ് പോട്ടറ്റോ എന്നിവയൊക്കെയുള്ള വിഭവസമൃദ്ധമായ ഭക്ഷണം. ബീയറും വെള്ളവുമൊക്കെ കുടിക്കാനുള്ള സതേൺ സ്റ്റൈൽ മഗ് നമ്മുടെ സ്റ്റീൽ മഗുകൾ പോലുണ്ട്. റോഡിനരികിൽ പഴയൊരു ജലനിയന്ത്രിത മിൽ ഗിഫ്റ്റ്ഷോപ്പായി മാറ്റിയിരിക്കുന്നു. ഇവിടുത്തെ മിൽ ഇപ്പോഴും പ്രവർത്തനക്ഷമം. ഇനി യാത്ര വ്യത്യസ്തമായ ഒരു വിനിയാഡിലേക്ക്...

 

 

 

വീഞ്ഞൊഴുകുന്ന വിർജീനിയ

 

വീഞ്ഞ് സായിപ്പിന്റെ ജീവിതശൈലിയുടെ ഭാഗമായതിനാൽ ജയിംസ് ടൗണിലെ ആദ്യ കുടിയേറ്റ കാലഘട്ടമായ 1619 ൽത്തന്നെ മുന്തിരിത്തോട്ടങ്ങൾ ചെറിയ തോതിൽ നട്ടു തുടങ്ങി. പലതിലുമെന്നപോലെ 1807 ൽ വീഞ്ഞു വ്യവസായത്തിനും തുടക്കമിട്ടത് തോമസ് ജെഫേഴ്സനായിരുന്നു. ഏറ്റവും ഗുണമേന്മയുള്ള, കാലാവസ്ഥയ്ക്കു പറ്റിയ മുന്തിരി വിത്തുകൾ ജെഫേഴ്സൻ എത്തിച്ചു കൃഷി ചെയ്തു. മോണ്ടിച്ചെല്ലോ വൈൻ കമ്പനി ഇന്നും പ്രവർത്തിക്കുന്നു. വൈൻ മാത്രമല്ല, വിസ്കിയും ജെഫേഴ്സൻ ബ്രാൻഡിങ്ങിൽ ഇന്നും ലഭ്യം. ഗിഫ്റ്റ് ഷോപ്പിൽ കണ്ടു. വാങ്ങിയില്ല. വലിയ വില. ചരിത്രമല്ലേ, വില കൂടും. പക്ഷേ നമുക്കതു വാങ്ങാനുള്ള പാങ്ങില്ല.

 

വിർജീനിയിയയിൽ വൈൻ ടൂറിനായി ധാരാളം വീഞ്ഞു പാടങ്ങളുണ്ടെങ്കിലും തികച്ചും വ്യത്യസ്തമായ ഒരിടത്താണു പോയത്. ബ്ലെൻഹീം വിനിയാഡ്. അമേരിക്കയിൽ അറിയപ്പെടുന്ന സംഗീതജ്ഞനായ ഡേവ് മാത്യൂസിന്റെ ഉടമസ്ഥതയിലുള്ള ഈ വീഞ്ഞുപാടത്തിലെ മാസ്റ്റർ ബ്രൂവർ വനിതയാണ്. ഡേവിന്റെ സംഗീതവും കേട്ട് വീഞ്ഞുകൾ മാറി മാറി നുണഞ്ഞ് കുറച്ചു നേരം അവിടിരുന്നു. സംഗീത സായാഹ്നങ്ങൾ ഇവിടെ പതിവാണെങ്കിലും അന്നവിടം വിജനമായിരുന്നു. 200 കൊല്ലത്തെ പാരമ്പര്യമുള്ള 41 വീഞ്ഞു പാടങ്ങളിൽ ഒന്നെങ്കിലും കണ്ടില്ലെങ്കിൽ വിർജീനിയ യാത്ര പൂർണമാകുന്നില്ല. പോകുന്നവർ ശ്രദ്ധിക്കുക, ചൊവ്വാഴ്ചകൾ സന്ദർശന ദിനമല്ല.

 

ചരിത്രനഗര പാതകളിലൂടെ
 

മടങ്ങിയത് ഡൗൺ ടൗൺ പെഡസ്ട്രിയൻ മാൾ എന്ന പാതയിലേക്ക്. പേരു സൂചിപ്പിക്കുന്നതു പോലെ നഗരമധ്യം. ചാർലോട്സ് വിൽ നഗരത്തിന്റെ ചരിത്രത്തിൽ നിന്നൊരു ഏട് പറിച്ചു വച്ചിരിക്കുന്ന പാത. ഇഷ്ടിക പാകിയ റോഡിൽ വാഹനങ്ങൾക്കു പ്രവേശനമില്ല. നടന്നു പോകാം. നൂറിലധികം ബ്രാൻഡ് ഷോപ്പുകളും 30 റസ്റ്ററന്റുകളുമുള്ള സ്ട്രീറ്റിലെ എല്ലാ കെട്ടിടങ്ങളും നൂറ്റാണ്ടുകൾ പഴക്കമുള്ളത്. സ്ട്രീറ്റിന്റെ രണ്ടറ്റങ്ങളിലും തുറന്ന വേദികളുണ്ട്. ഇവിടെ വൈകുന്നേരങ്ങളിൽ പാട്ടും നൃത്തവും മറ്റു കലകളും ആസ്വദിക്കാം. കുറച്ചു നേരം അവിടെ ചെലവിട്ട ശേഷം കനക് ഇന്ത്യൻ കിച്ചണിൽ തനി ഇന്ത്യൻ ഭക്ഷണം. ഡ്രാഫ്റ്റ്സ് മാനിലേക്കു മടക്കം.

അടുത്ത ലക്കം : ജോർജ് വാഷിങ്ടണിന്റെ ഭവനം

Read Also വരൂ... നമുക്കു വിർജീനിയയിൽ പോയി രാപാർക്കാം, ഒന്നാം ഭാഗം...


Read Also ലുറേ കവേൺസ് ഗുഹയല്ല, ചാർലോട്​സ് വിൽ നഗരവുമല്ല, രണ്ടാം ഭാഗം...


Content Summary : Virginia is a beautiful state with a rich history and culture, there are many reasons to visit Virginia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com