മാര്‍വെലസ് മെല്‍ബണ്‍: വർണക്കാഴ്ചകൾ 72 മണിക്കൂർ കൊണ്ടു കണ്ടുവരാം
Mail This Article
മെല്‍ബണിലേക്ക് ആദ്യമായി എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് പാരമ്പര്യവും സംസ്‌കാരവും ഇഴചേര്‍ന്ന കലിഡോസ്‌കോപിക് വര്‍ണക്കാഴ്ചകളാണ്. 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടിഷുകാരാണ് യാര നദിയുടെ തീരത്ത് മെല്‍ബണ്‍ നഗരം പണിതുയര്‍ത്തുന്നത്. തദ്ദേശീയരായ ഓസ്‌ട്രേലിയക്കാര്‍ അവരുടെ ഭാഷയില്‍ ഈ നാടിനെ ‘നാം’ എന്നാണ് വിളിച്ചിരുന്നത്. പിന്നീട് സ്വര്‍ണം തേടി ഇവിടെയെത്തിയവര്‍ ഈ നാടിനെ 'മാര്‍വെലസ് മെല്‍ബണ്‍' എന്ന് അദ്ഭുതത്തോടെ വിളിച്ചു. ഓസ്‌ട്രേലിയയുടെ ആകെ സാംസ്‌കാരിക തുടിപ്പുകളുള്ള നഗരമാണ് മെല്‍ബണ്‍. സഞ്ചാരികള്‍ക്ക് മെല്‍ബണ്‍ ആസ്വദിക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. പല ശൈലിയിലുള്ള കെട്ടിടങ്ങള്‍ക്കിടയിലെ തെരുവുകളിലൂടെ വെറുതേ നടക്കാനിറങ്ങാം, സുന്ദരവും വിശാലവുമായ പൂന്തോട്ടങ്ങളിലേക്കു പോവാം, വിലമതിക്കാനാവാത്ത കലാസൃഷ്ടികളുള്ള കാഴ്ചബംഗ്ലാവുകള്‍ സന്ദര്‍ശിക്കാം, ആരവങ്ങള്‍ ഉറങ്ങുന്ന വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനം (എംസിജി) ആസ്വദിക്കാം. 72 മണിക്കൂറില്‍ മെല്‍ബണ്‍ ആസ്വദിക്കാനുള്ള വഴികളെക്കുറിച്ചാണ് ഇനി പറയുന്നത്.
കല, സാംസ്‌കാരികം
ഓസ്‌ട്രേലിയയിലെ ഏറ്റവും പഴക്കമുള്ള കാഴ്ചബംഗ്ലാവായ നാഷനല്‍ ഗാലറി ഓഫ് വിക്ടോറിയയില്‍നിന്നു തന്നെ നമുക്ക് തുടങ്ങാം. 70,000ത്തിലേറെ കലാസൃഷ്ടികളുള്ള വലിയ മ്യൂസിയമാണിത്. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്താണ് നിങ്ങള്‍ വരുന്നതെങ്കില്‍ പ്രത്യേക വിഷയങ്ങളില്‍ നടത്തുന്ന കലാപ്രദര്‍ശനങ്ങള്‍ ആസ്വദിക്കാം. ഓസ്‌ട്രേലിയയിലെ കലാസൃഷ്ടികള്‍ക്കുവേണ്ടി മാത്രമായുള്ള ഒരിടം– അതാണ് ഫെഡറേഷന്‍ സ്‌ക്വയറിലെ ഇയാന്‍ പോട്ടര്‍ സെന്റര്‍ എന്‍ജിവി. ഓസ്‌ട്രേലിയന്‍ സെന്റര്‍ ഫോര്‍ മൂവിങ് ഇമേജസിലെ (എസിഎംഐ) പ്രദര്‍ശനങ്ങളും ഒഴിവാക്കരുത്. തെക്കു കിഴക്കന്‍ ഓസ്‌ട്രേലിയയിലെ പ്രാചീന മനുഷ്യരുടെ സംസ്‌കാരിക പ്രദര്‍ശനശാലയായ കൂരി ഹെറിറ്റേജ് ട്രസ്റ്റും മെല്‍ബണ്‍ മ്യൂസിയവും തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടങ്ങള്‍ തന്നെ.
ചരിത്രപ്രസിദ്ധമായ മെല്‍ബണിലെ ഫ്‌ളിന്‍ഡേഴ്‌സ് സ്റ്റേഷനു മുന്നില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ സ്വയം മറന്നു പോവും. സ്വര്‍ണ നിറമുള്ള ചുവരുകളും ചെമ്പിന്റെ താഴികക്കുടവും ക്ലോക്കുമെല്ലാമുള്ള ഈ പരമ്പരാഗത കെട്ടിടം ഇന്ന് ഒരുപാട് മനുഷ്യരുടെ സംഗമ സ്ഥാനമാണ്. മെല്‍ബണിലെ ഏറ്റവും പഴക്കമുള്ള റെയില്‍വേ സ്റ്റേഷനാണ് ഫ്‌ളിന്‍ഡേഴ്‌സ് സ്റ്റേഷന്‍. പുസ്തകശാലയും പ്രസംഗ ഹാളും മുകള്‍ നിലയില്‍ നൃത്തശാലയുമൊക്കെയായിട്ടാണ് ആദ്യം ഈ കെട്ടിടം നിര്‍മിച്ചത്. പിന്നീട് ഈ പ്രൗഢിയാര്‍ന്ന കെട്ടിടത്തെ റെയില്‍വേ സ്റ്റേഷനായി മാറ്റിയെടുക്കുകയായിരുന്നു.
ലൈന്‍സ് ആന്‍ഡ് ആര്‍ക്കേഡ്‌സ്
ലൈന്‍വേസ് എന്നു വിളിക്കുന്ന ഇടനാഴികളായ ലൈന്‍സ് ആന്‍ഡ് ആര്‍ക്കേഡ്‌സ് നിരവധിയുണ്ട് മെല്‍ബണില്‍. വിക്ടോറിയന്‍ കാലഘട്ടത്തില്‍ നിര്‍മിച്ച ഈ ഇടനാഴികള്‍ക്ക് ഇരുവശവുമുള്ള കെട്ടിടങ്ങളില്‍ മനോഹര വരകളും കഫേകളും ബാറുകളും സന്ദര്‍ശകരെ കാത്തിരിക്കുന്നു. ഏഷ്യന്‍, ഓസ്‌ട്രേലിയന്‍, മെക്‌സിക്കന്‍, സൗത്ത് അമേരിക്കന്‍ എന്നിങ്ങനെ പലതരം ഭക്ഷണങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലകളും മെല്‍ബണിലെ ഈ തെരുവോരങ്ങളിലുണ്ട്. ഹൊസെയ്‌രി ലൈന്‍ പോലുള്ളവ ഗ്രാഫിറ്റി വരകളാല്‍ സമ്പന്നമാണ്. ഹാര്‍ഡ്‌വെയര്‍ ലൈന്‍, ഡക്ക്‌ബോര്‍ഡ് പ്ലേസ്, ഡിഗ്രേവ്‌സ് സ്ട്രീറ്റ് എന്നീ ലൈന്‍വേസും പ്രസിദ്ധമാണ്.
പാര്‍ക്കുകളും പൂന്തോട്ടങ്ങളും
വിക്ടോറിയന്‍ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന നിര്‍മിതികളും ആകാശം മുട്ടുന്ന കെട്ടിടങ്ങളും മാത്രമല്ല മെല്‍ബണിലുള്ളത്. മനോഹരമായ പൂന്തോട്ടങ്ങളുടെയും പാര്‍ക്കുകളുടെയും കേന്ദ്രം കൂടിയാണ് മെല്‍ബണ്‍. പ്രകൃതിസുന്ദരമായ ഈ പൂന്തോട്ടങ്ങളിലൂടെ നടന്നാസ്വദിക്കാന്‍ മാത്രമല്ല, ചിലയിടങ്ങളില്‍ ഗോള്‍ഫ് കളിക്കാന്‍ വരെ അവസരമുണ്ട്. യാരാവില്ലെ ഗാര്‍ഡെന്‍സ്, ഫിറ്റ്‌സ്‌റോയ് ഗാര്‍ഡന്‍സ്, ഫ്‌ളാഗ്സ്റ്റാഫ് ഗാര്‍ഡന്‍സ് എന്നിങ്ങനെ മെല്‍ബണിന്റെ പല ഭാഗങ്ങളിലായി പല തരം പൂന്തോട്ടങ്ങളും പാര്‍ക്കുകളുമുണ്ട്.
ഒരൊറ്റ പാര്‍ക്ക് മാത്രം സന്ദര്‍ശിക്കാനേ ഉദ്ദേശ്യമുള്ളൂവെങ്കില്‍ റോയല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍സ് തിരഞ്ഞെടുക്കാം. 94 ഏക്കറിലേറെ പരന്നു കിടക്കുന്ന ഈ പൂന്തോട്ടത്തില്‍ 8,500 ലേറെ കുടുംബങ്ങളിലുള്ള അരലക്ഷത്തിലേറെ സസ്യജാലങ്ങളുണ്ട്. ഇവിടെയുള്ള മുള്‍ച്ചെടികളുടെ തോട്ടം കാണാം, തടാകത്തില്‍ ചെറു തോണി തുഴയാം, എന്തിനേറെ, ഒരു അഗ്നിപര്‍വതം പോലും ഇവിടെ കാണാനാവും!
ഭക്ഷണം
ഓസ്‌ട്രേലിയയിലെ കാപ്പിയുടെ തലസ്ഥാനമെന്ന് മെല്‍ബണിനെ വിശേഷിപ്പിക്കാം. ഓരോ തെരുവിലും പ്രസിദ്ധമായ കഫേകളും കണ്ടെത്താനാവും. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും മുന്തിയ ഇനം കാപ്പിക്കുരുക്കള്‍ ഇവിടേക്കെത്തുന്നു. കൈകൊണ്ടു വറുത്തെടുക്കുന്ന കാപ്പി കുരുക്കള്‍പൊടിച്ചുള്ള കാപ്പിക്കും ഇവിടം പ്രസിദ്ധമാണ്. കാപ്പിക്കു പുറമേ വൈവിധ്യമാര്‍ന്ന ഭക്ഷണത്തിനും പ്രസിദ്ധമാണ് മെല്‍ബണ്‍. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ഭക്ഷണങ്ങളും തനതു ഭക്ഷണങ്ങളും ഇവിടെ ലഭിക്കും. ഭക്ഷണം രുചിച്ചു നോക്കാന്‍ മാത്രമായി മെല്‍ബണ്‍ തെരുവിലൂടെ നടന്നാല്‍ പോലും നഷ്ടമാവില്ല. ലോകത്തിലെ മികച്ച 100 ഭക്ഷണശാലകളില്‍ ഇടം നേടിയ ജിംലെറ്റ് പോലുള്ള റസ്റ്ററന്റുകളും മെല്‍ബണ്‍ നഗരത്തിനു സ്വന്തമാണ്.
കായികം
നിങ്ങള്‍ ഒരു ക്രിക്കറ്റ് പ്രേമിയാണെങ്കിലും അല്ലെങ്കിലും മെല്‍ബണിലെത്തിയാല്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് എംസിജി അഥവാ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്. ക്രിക്കറ്റിന്റെ മാത്രമല്ല പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ ഫുട്‌ബോളിന്റെ കൂടി കേന്ദ്രമായിരുന്നു എംസിജി. മെല്‍ബണിലെ കായിക വൈവിധ്യം എംസിജിയില്‍ ഒതുങ്ങുന്നില്ല. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വേദിയായ മെല്‍ബണ്‍ പാര്‍ക്കും റഗ്ബിയും ക്രിക്കറ്റും ടെന്നിസും ഫുട്‌ബോളുമൊക്കെ നടക്കുന്ന വിശാലമായ എഎഎംഐ പാര്‍ക്കുമെല്ലാം മെല്‍ബണ്‍ ജീവിതത്തിന്റെ ഭാഗമാണ്.
മെല്‍ബണിലെ മാര്‍ക്കറ്റുകള്‍
ഒരു മാര്‍ക്കറ്റ് പോലും സന്ദര്‍ശിക്കാതെ മെല്‍ബണില്‍നിന്നു നിങ്ങള്‍ക്ക് മടങ്ങാനാവില്ല. 700 ലേറെ സ്റ്റാളുകളുള്ള ക്യൂന്‍ വിക്ടോറിയ മാര്‍ക്കറ്റാണ് കൂട്ടത്തില്‍ ഏറ്റവും പഴക്കമുള്ളത്. ദ് ഗ്രാന്‍ഡ് വിക് എന്നു വിളിക്കുന്ന ഈ ചന്തയില്‍നിന്നു പ്രാദേശിക കലാസൃഷ്ടികള്‍ മുതല്‍ എന്തും ലഭിക്കും. എങ്കിലും പാല്‍ക്കട്ടിയും ഒലിവുമൊക്കെ ചേരുവകളായുള്ള പ്രാദേശിക ഭക്ഷണങ്ങള്‍ക്കാണ് ഇവിടം പ്രസിദ്ധം. വാരാന്ത്യങ്ങള്‍ അടക്കം ആഴ്ചയില്‍ നാലു ദിവസം തുറക്കുന്ന സൗത്ത് മെല്‍ബണ്‍ മാര്‍ക്കറ്റും പഴമയുടെ പാരമ്പര്യം പേറുന്നതാണ്. തനതു കൈത്തറി ഉൽപന്നങ്ങളാണു തേടുന്നതെങ്കില്‍ വാരാന്ത്യങ്ങളിലുള്ള റോസി ആര്‍ട്ടിസ്റ്റ് മാര്‍ക്കറ്റ് ലക്ഷ്യം വയ്ക്കാം. തീരത്തോടു ചേര്‍ന്നുള്ള എസ്പ്ലാന്‍ഡെ മാര്‍ക്കറ്റും പ്രസിദ്ധമാണ്.
ഒരു പകല്‍ യാത്ര
വൈന്‍ രുചിക്കുന്നതു മുതല്‍ വന്യമൃഗങ്ങളെ കാണുന്നതു വരെ ലക്ഷ്യമിട്ട് ഒറ്റപ്പകല്‍ നീളമുള്ള യാത്രകളും മെല്‍ബണില്‍ സാധ്യമാണ്. പഫിങ് ബില്ലി സ്റ്റീം ട്രെയിന്‍ യാത്രയ്ക്ക് നിങ്ങളെ ഒറ്റയടിക്കു മുത്തശ്ശിക്കഥകളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോവാന്‍ സാധിക്കും. ഫിലിപ് ദ്വീപിലെ പെന്‍ഗ്വിനുകളും യാര താഴ്‌വരയിലെ രുചിയേറും വൈനുകളും ഓസ്‌ട്രേലിയയിലെ സ്വര്‍ണഖനനത്തിന്റെ ചരിത്രം പേറുന്ന സോവറിന്‍ ഹില്ലും ആല്‍ബയിലെ ചൂടു നീരുറവയിലെ കുളിയും മോണിങ്ടൻ ഉപദ്വീപിലെ ഫാം സന്ദര്‍ശനങ്ങളും പ്രസിദ്ധമായ ഗ്രേറ്റ് ഓഷ്യന്‍ റോഡ് വഴിയുള്ള ഡ്രൈവുമെല്ലാം മെല്‍ബണിലെത്തുന്ന സഞ്ചാരികള്‍ക്ക് വ്യത്യസ്ത അനുഭവങ്ങളായിരിക്കും.
സിംഗപ്പൂര്‍ എയര്‍ലൈന്‍സ്
ഇന്ത്യയില്‍നിന്ന് ഓസ്‌ട്രേലിയയിലേക്കു പറക്കാന്‍ യോജിച്ച എയര്‍ലൈനുകളിലൊന്നാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍. മുംബൈ, ഡല്‍ഹി, കൊച്ചി, ബാംഗളൂരു, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍നിന്ന് ഓസ്‌ട്രേലിയയിലേക്ക് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ പറക്കുന്നു. ക്രിസ് ഫ്‌ളയര്‍ അംഗമാണ് നിങ്ങളെങ്കില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കും. ബിസിനസ് ക്ലാസിലെ യാത്രകളില്‍ വൈഫൈയും നേരത്തേ ഇഷ്ടഭക്ഷണം ബുക്ക് ചെയ്യാനുള്ള സൗകര്യവും വിമാനത്താവളങ്ങളിലെ ലോഞ്ചുകളിലേക്കുള്ള പ്രവേശനവുമെല്ലാം ആസ്വദിക്കാം. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ തന്നെ ട്രാവല്‍ എക്‌സ്പീരിയന്‍സ് പ്ലാറ്റ്‌ഫോമായ പെലാഗോ വഴി ഓസ്‌ട്രേലിയന്‍ യാത്രകളെ കൂടുതല്‍ അനായാസമാക്കാനാവും.
Content Summary : Melbourne in 72 hours, offers travellers a variety of daytrips from wine tasting to wildlife spotting.