ADVERTISEMENT

യാത്രകള്‍ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്‌, അതിനു ചെറുത് വലുത് എന്ന വ്യത്യാസം ഇല്ല. ഓരോ തവണയും യാത്രകളിലേക്കും എത്തിച്ചേരുന്നത് ഓരോ തരത്തിലാണെന്നു മാത്രം. ഇത്തവണ ചൈനയിലേക്ക് പ്രീ-പ്ലാന്‍ഡായ ഒരു ‘വലിയ’ യാത്രയായിരുന്നു. സുഹൃത്തിനൊപ്പം ബിസ്സിനസ്‌ ആവശ്യത്തിനായി  ഷാങ്ങ്ഹായിയിലേക്ക് പോയത്. ഷാങ്ങ്ഹായിൽ നിന്ന് തലേന്നു രാത്രിയിലാണ് ബെയ്ജിങ്ങില്‍ എത്തിയത്. ലോകമഹാത്ഭുതങ്ങളിൽ ഒന്നായ ‘ഗ്രേറ്റ് വാള്‍ ഓഫ് ചൈന’ കാണാൻ പോകുന്നു എന്നുള്ളത് ഞങ്ങളെ വളരെ ആവേശഭരിതരാക്കുന്നതായിരുന്നു. 

The Great Wall of China
The Great Wall of China. Image Credit : Cibi Mathew

 

The Great Wall of China
The Great Wall of China. Image Credit : Cibi Mathew

അവിടേക്കുള്ള ടൂര്‍ ഒരു സുഹൃത്ത് വഴി നേരത്തേ തന്നെ ക്രമീകരിച്ചിരുന്നു. കൃത്യം 6.30ന് യാത്ര പോകാനുള്ള കാറുമായി ഗൈഡ് ജാക്ക് ഹോട്ടലില്‍ എത്തി. യാത്രയിലുടനീളം വന്‍മതിലിന്റെ ചരിത്രവും വിശേഷങ്ങളും എല്ലാം ഒരു ചരിത്ര അധ്യാപകന്‍  വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ്‌ എടുക്കുന്നത് പോലെ ജാക്ക് വിവരിച്ചു തന്നുകൊണ്ടിരുന്നു. ഇടയ്ക്കിടക്ക് ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍ ചോദ്യങ്ങളും ചോദിച്ചിരുന്നു അദ്ദേഹം. മാൻഡറിൻ  ഭാഷ ഇടകലർന്ന ഇംഗ്ലീഷ്, ഞങ്ങള്‍ക്ക് മനസ്സിലാക്കാൻ ആദ്യം കുറച്ച് വിഷമമായിരുന്നു. ചൈനീസ് വംശജന്‍ ആയ ജാക്ക്,  ഇവിടുത്തെ ഒരു ഔദ്യോഗിക ടൂര്‍ ഗൈഡ് ആണ്, ഇംഗ്ലീഷ് വിളിപ്പേര് സ്വയം തിരഞ്ഞെടുത്തതാണെന്നു പറഞ്ഞു. ലോകമഹാത്ഭുതമായ വന്മതിലിനെ പറ്റിയുള്ള ആത്മാഭിമാനം അയാളുടെ ഓരോ വാക്കിലും സ്ഫുരിക്കുന്നുണ്ടായിരുന്നു. ഗ്രേറ്റ് വാളിലെ മുതിയാനു (Mutiyanu) ഭാഗം ആണ് ഞങ്ങള്‍ കാണാൻ പോകുന്നത്. ബെയ്ജിങ്ങിൽ  നിന്ന് ഏകദേശം 2 മണിക്കൂർ യാത്രയുണ്ട് അവിടെയെത്താന്‍. ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു, കാഴ്ചകള്‍ക്ക് അത്  അസൗകര്യം ഉണ്ടാക്കരുതേ എന്ന പ്രാര്‍ത്ഥനയായിരുന്നു മനസ്സില്‍. 

The Great Wall of China
The Great Wall of China. Image Credit : Cibi Mathew

 

The Great Wall of China
The Great Wall of China. Image Credit : Cibi Mathew

എട്ട് മണിയോടെ ഞങ്ങള്‍ മുതിയാനു ടൂറിസ്റ്റ് സെന്ററിൽ എത്തി.  ട്രെക്കിങ്ങിനു താല്പര്യം ഉള്ളവര്‍ക്ക് അവിടെ നിന്നും വൻമതിൽ ഉള്ള കുന്നിലേക്കു ട്രക്കിങ് തുടങ്ങാം. കൂടുതല്‍ ടൂറിസ്റ്റുകളും മുകളിലേക്ക് പോകാൻ കേബിൾ വേയും തിരിച്ചിറങ്ങാൻ തെന്നി വരാൻ പറ്റുന്ന ഗോണ്ടോലാ 

The Great Wall of China
The Great Wall of China. Image Credit : Cibi Mathew

റൈഡുമാ‌ണ് ഉപയോഗിക്കാറുള്ളത്. ഞങ്ങള്‍ കേബിൾ വേയിലൂടെ മുകളിലേക്ക് യാത്ര തിരിച്ചു. തിരിച്ചിറങ്ങുമ്പോൾ ഇവിടെത്തന്നെ കാണാം എന്ന് പറഞ്ഞു ജാക്ക് തന്‍റെ വാഹനത്തിലേക്ക് മടങ്ങി.

The Great Wall of China
The Great Wall of China. Image Credit : Cibi Mathew

 

The Great Wall of China
The Great Wall of China. Image Credit : Cibi Mathew

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ മനുഷ്യനിർമ്മിതിയാണ് വന്‍മതിൽ,  ചൈനയുടെ അഭിമാനവും ലോകത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രവുമാണ് ഇന്നിത്. BC 221 നും 207 നും ഇടയിൽ ക്വിൻ രാജവംശത്തിന്റെ കാലത്താണ് യൂറേഷ്യൻ ആക്രമണങ്ങളിൽ നിന്നു തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാനായി മതിൽ പണി ആരംഭിച്ചത്. ഹാൻ രാജവംശത്തിന്റെ കാലത്ത് ജോലി തുടർന്നുവെങ്കിലും എ.ഡി. 220 ൽ നിർത്തി,  പിന്നീട് ആയിരം വർഷത്തോളം നിർമാണം മുടങ്ങി. ചെങ്കിസ്ഖാന്റെ ഭീഷണിയോടെ 1115-ൽ പദ്ധതി പുനരാരംഭിച്ചു. മിംഗ് രാജവംശത്തിന്റെ കാലം (1368 - 1644) വരെ ഇതിന്‍റെ പണി തുടര്‍ന്നിരുന്നു. ഏകദേശം 21,196 കിലോമീറ്റർ (13,171 മൈൽ) നീളവും 9.1 മീറ്റർ (30 അടി) വീതിയും 15 മീറ്റർ (50 അടി) ഉയരവുമുണ്ട് വന്മതിലിന്. നമ്മുടെ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ദൂരം 3,700 കിലോമീറ്റര്‍ ആണ് എന്നോര്‍ക്കുമ്പോള്‍ നമുക്ക് ഊഹിക്കാൻ  സാധിക്കും വന്‍മതിലിന്റെ നീളം!. 7,000 ത്തിൽപരം വാച്ച് ടവറുകൾ, സൈനികർക്കുള്ള ബ്ലോക്ക് ഹൗസുകൾ, പുക സിഗ്നലുകൾ അയയ്ക്കാൻ ഉള്ള ബീക്കണുകൾ, ഗോപുരങ്ങൾ എന്നിവയുണ്ട്  ഒരേ ശൈലിയിൽ,  ചെത്തിയൊരുക്കിയ കല്ലും കുമ്മായവും കൊണ്ട്  നിർമ്മിച്ച മതിലിൽ ഉടനീളം. 

The Great Wall of China
The Great Wall of China. Image Credit : Cibi Mathew

 

ചെങ്കുത്തായ മലയുടെ കയറ്റിറക്കങ്ങളിലും മറ്റു പ്രദേശങ്ങളിലുമെല്ലാം ഇന്നത്തെ നിർമ്മാണ സങ്കേതിക വിദ്യകളോ മറ്റ് ആധുനിക ഉപകരണങ്ങളോ ഒന്നും ഇല്ലാതെയിരുന്ന കാലഘട്ടത്തിൽ ഇങ്ങനെയൊരു നിർമ്മിതി ആശ്ചര്യപ്പെടുത്തുന്നത് തന്നെയാണ് എന്നു നിസ്സംശയം പറയാൻ സാധിക്കും. ബഹിരാകാശ യാത്രികർക്ക് ചന്ദ്രനിൽ നിന്ന് നഗ്നനേത്രം കൊണ്ട് ഭൂമിയിൽ കാണാൻ കഴിയുന്ന ഒരേ ഒരു മനുഷ്യ നിർമ്മിതമായ വസ്തു വന്മതിൽ ആണെന്ന അഭ്യൂഹങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എങ്കിലും പലയിടത്തും അങ്ങനെ കേട്ടിരുന്നു. ചില പ്രദേശങ്ങളില്‍  പ്രകൃതിക്ഷോഭവും മറ്റു ആക്രമണങ്ങള്‍ മൂലവും കേടുപാടുകളും തകര്‍ച്ചയും മതിലിനു നേരിട്ടിട്ടുണ്ട് എങ്കിലും ചൈനീസ്‌ ഗവണ്മെന്റ് ഇതിന്‍റെ പരിപാലനം ഇപ്പോള്‍ മികച്ച രീതിയില്‍ നടത്തുന്നു എന്ന് മനസ്സിലാക്കാന്‍ സാധിച്ചു.  

IMG_E7215
സുഹൃത്ത് ജോസിനൊപ്പം ലേഖകൻ

മിംഗ് ഭരണ കാലത്ത് പണിത ഭാഗങ്ങൾ ആണ് ഏറ്റവും മികച്ച രീതിയിൽ നിർമ്മിക്കപെട്ടത്. അതില്‍ത്തന്നെ മുതിയനു ഭാഗമാണ് നിലവിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷികുന്നത്. രാവിലെ തന്നെ സഞ്ചാരികളുടെ നല്ല തിരക്ക്, കേബിൾ വേയിലൂടെ ഞങ്ങള്‍ മുകളിലേക്കുള്ള യാത്ര ആരംഭിച്ചു. അങ്ങ് മുകളിൽ വന്മതിൽ കണ്ടുതുടങ്ങിയപ്പോൾ ചെറുതല്ലാത്ത സന്തോഷം മനസ്സിൽ അലതല്ലി. പതിനഞ്ചു മിനിറ്റിനുള്ളിൽ മുകളിലെത്തി. മഴ മാറി ചെറുതായി മഞ്ഞുവീഴ്ച ഉണ്ടായിരുന്നെങ്കിലും മഞ്ഞില്‍ പുതച്ചുനില്‍ക്കുന്ന വന്മതിലിന് വന്യമായ ഒരു സൗന്ദര്യം ഉണ്ടെന്നു തോന്നി. 

 

അവിടുത്തെ കേബിൾ വേ സ്റ്റേഷനിൽ നിന്നും നടന്ന് മതിലിന്റെ മുകളിലേക്ക് കയറി ഇടതു ഭാഗത്തേക്ക് നടന്നാൽ കൂടുതൽ കാഴ്ചകൾ കാണാൻ കഴിയുക എന്ന് ഗൈഡ്  ജാക്കിൽ നിന്നും മനസ്സിലാക്കിയിരുന്നു. അത് പ്രകാരം പടികൾ കയറി മതിലിന്റെ മുകളിൽ എത്തി  നടത്തം ആരംഭിച്ചു. രണ്ടുവശത്തും സംരക്ഷണ ഭിത്തിയുള്ള, ഉടനീളം കരിങ്കൽ പാകിയ നല്ല വീതിയുള്ള ഒരു വീഥി പോലെയാണ് മുകളിൽ കയറിയാൽ കാണാൻ സാധിക്കുക. ഇടതൂര്‍ന്ന വനം ആണ് മതിലിനു താഴെ ഇരുവശത്തും. നൂറ്റാണ്ടുകൾ നീണ്ട മനുഷ്യപ്രയത്നത്തിന്‍റെ ഫലമായ ഒരു മഹാനിർമ്മിതി, ആശ്ചര്യപ്പെടുത്തുന്ന ഒന്ന്! മനസ്സില്‍ എന്തെന്നില്ലാത്ത ഒരു നിര്‍വൃതി, കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്ന ഒരു ലോകമഹാത്ഭുതത്തില്‍ കയറാന്‍ സാധിച്ച സന്തോഷം. നിരന്ന പ്രദേശത്തു കെട്ടിപ്പൊക്കിയ ഒരു വലിയ മതില്‍ ആണ് വന്‍മതില്‍ എന്നതായിരുന്നു മുന്‍പ് എന്‍റെ ധാരണ. പക്ഷെ വളഞ്ഞും തിരിഞ്ഞും മലകളിലൂടെ കുത്തനെ മുകളിലേക്കും കീഴ്പ്പോട്ടുമൊക്കെ കെട്ടിപ്പൊക്കിയ ഒരു മഹാവിസ്മയമാണിത് എന്ന് ഇപ്പോഴാണ് മനസ്സിലായത്. 

 

എത്രയധികം മനുഷ്യരുടെ കൂട്ടായ അധ്വാനം ഇതിനായി ചിലവഴിച്ചിട്ടുണ്ടാകാം, എത്ര ജീവനുകള്‍ നഷ്ടപെടുത്തിയാകും ഈ മതില്‍  നിർമ്മിച്ചെടുത്തത് എന്നിങ്ങനെയുള്ള ചിന്തകള്‍ മനസ്സിലൂടെ കടന്നുപോയി. മതിലില്‍ പല സ്ഥലങ്ങളിലായി ഇടവിട്ട് ചൈനീസ്‌ പരമ്പരാഗത ശൈലിയിലുള്ള വാച്ച്ടവറുകള്‍ കാണാന്‍ സാധിക്കും. വാച്ച്‌ടവർ 14 മുതൽ 24 വരെ ഉള്ള ഭാഗങ്ങളിൽ നിന്നാണ് ഏറ്റവും മനോഹരമായ ദൃശ്യങ്ങൾ ലഭിച്ചത്. തൂമഞ്ഞില്‍ കുളിച്ചു നിൽക്കുന്ന വന്മതിലും അതിന്റെ സമീപമുള്ള മലനിരകളും മനസ്സിൽ നിന്ന് മായാത്ത കാഴ്ച സമ്മാനിച്ചു. കയറ്റിറക്കങ്ങളിൽ കൂടി നടത്തം തുടർന്നു, ഏകദേശം ഒന്നര മണിക്കൂർ നടത്തത്തിനു ശേഷം വാച് ടവർ 20 വരെ എത്തി. നന്നായി ക്ഷീണിച്ചു തുടങ്ങിയിരിക്കുന്നു, ചില ഭാഗത്ത്‌ കുത്തനെ മുകളിലേക്കു കയറാന്‍ പടികള്‍ ഉണ്ടെങ്കിലും നല്ല ശാരീരികക്ഷമത വേണം കയറാനും ഇറങ്ങാനും. ഏകദേശം ഒന്നര മണികൂർ നടത്തത്തിനു ശേഷം നന്നേ ക്ഷീണിച്ച ഞങ്ങള്‍ ഒരു വാച്ച് ടവറില്‍ കുറച്ചു സമയം വിശ്രമിച്ചു. 

 

തിരികെ നടക്കാൻ തീരുമാനിച്ചു. മതിലിന്റെ മുകളിലൂടെ കയറിയ സ്ഥലത്തേക്ക് ഞങ്ങള്‍ തിരികെ നടന്നു. നല്ല തണുപ്പായിരുന്നെങ്കിലും നടത്തത്തിന്റെ കാഠിന്യം മൂലം അത് അനുഭവപ്പെട്ടില്ല. ധാരാളം ടൂറിസ്റ്റുകൾ, മതിലിന്റെ മുകളില്‍ നിറഞ്ഞു ആളുകള്‍ രണ്ടു വശത്തേക്കും നടക്കുന്നു. വിദേശികളുമായ ടൂറിസ്റ്റുകൾ മതിലിൽ ഉടനീളം ട്രെക്കിങ്ങ് ആസ്വദിക്കുന്നുണ്ടായിരുന്നു. ധാരാളം ചൈനാക്കാരെയും ഇവിടെ കാണാന്‍ സാധിച്ചു. ജീവിതത്തില്‍ ഒരിക്കലെങ്കിലും വന്‍മതില്‍ സന്ദര്‍ശിക്കുക എന്നുള്ളത് ഓരോ ചൈനാക്കാരന്‍റെയും ആത്മാഭിലാഷങ്ങളില്‍ ഒന്നാണ്. കുറെ ദൂരം നടന്ന ശേഷം ഞങ്ങള്‍ തിരിച്ചിറങ്ങാൻ തീരുമാനിച്ചു, മതിലിന്റെ മുകളിലേക്ക് കയറി വന്നിടത്തു തന്നെ താഴേക്കു പോകുന്ന പോയിന്റില്‍ എത്തി. തിരിച്ചിറങ്ങാൻ വളരെ രസകരമായ ഒരു റൈഡ് ഉണ്ടായിരുന്നു ഒരാൾക്കിരിക്കാൻ പറ്റുന്ന, തെന്നി ഇറങ്ങുന്ന, കുട്ടിക്കാലത്തെ അനുസ്മരിപ്പിക്കുന്ന ഒരു റൈഡ്. വീഴുമോ, പുറകിൽ വരുന്നവർ  ഇടിക്കുമോ എന്നൊക്കെ ആശങ്ക ഉണ്ടായിരുന്നെങ്കിലും സുരക്ഷിതമായി അതിൽ കൂടി തെന്നി താഴെ എത്തി. തിരിഞ്ഞു നോക്കുമ്പോൾ നൂറ്റാണ്ടുകളുടെ ചരിത്രവും പേറി തല ഉയർത്തി നീണ്ടു നിവർന്നങ്ങനെ വന്മതിൽ, മനസ്സിൽ നിന്ന് ഒരിക്കലും മായാത്ത ഒരു അനുഭവം അതു നൽകിയിരിക്കുന്നു. ടൂറിസ്റ്റ് സെന്ററിൽ തിരിച്ചെത്തി, ജാക്ക്  ഞങ്ങളെയും കാത്ത് അവിടെത്തന്നെ ഉണ്ടായിരുന്നു, തിരികെ ഞങ്ങൾ ഹോട്ടലിലേക്ക് യാത്രയായി.

 

നൂറ്റാണ്ടുകൾ നീണ്ട മനുഷ്യ പ്രയത്നത്തിന്‍റെ  വിസ്മയിപ്പിക്കുന്ന ഒരു ബാക്കിപത്രം. ഇനി ഒരിക്കലും ഇതുപോലെ ഒരു നിര്‍മ്മിതി ലോകത്ത് ഉണ്ടാവുകയില്ല എന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ഏത് ലോകത്ഭുത പട്ടികയിലും ആദ്യസ്ഥാനങ്ങളില്‍ ചൈനയിലെ വന്‍മതില്‍ ഇടംപിടിക്കുന്നതില്‍ ഒട്ടും അതിശയോക്തി എനിക്ക് ഇപ്പോള്‍ തോന്നുന്നില്ല. ഒരിക്കലും മറക്കാനാകാത്ത ഒരു അത്ഭുതകാഴ്ച തന്നെയായിരുന്നു വന്‍മതില്‍, ഒരു യഥാര്‍ത്ഥ ലോകാത്ഭുതം!. 

 

Content Summary : The Great Wall of China is visible from Beijing.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com