കുട്ടിക്കാലത്ത് അധികം യാത്ര പോയിട്ടില്ല; ഇപ്പോൾ കുടുംബവുമൊത്തു പോകുന്നു: ഹൈബി ഈഡൻ
Mail This Article
ഹൈബി ഈഡൻ മുഖവുര വേണ്ടാത്ത രാഷ്ട്രീയ വ്യക്തിത്വമാണ്. യുവനേതാക്കളിൽ പ്രമുഖൻ. എംഎൽഎയായിരുന്നപ്പോഴും എംപിയായിരിക്കുമ്പോഴും ജനസമ്മതനായ നേതാവ്. ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽനിന്നു ഹൈബി ഈഡനെ മാറ്റി ചിന്തിക്കുകയാണെങ്കിൽ എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിന്, ചിലപ്പോൾ ലോകം ചുറ്റുന്നൊരു സഞ്ചാരിയായിരിക്കും എന്ന് അദ്ദേഹം മറുപടി നൽകും. യാത്രകളെ ഏറെ സ്നേഹിക്കുന്ന, കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഹൈബി ഈഡൻ തന്റെ യാത്രാനുഭവങ്ങളും കേരളത്തിലെ ടൂറിസം മേഖലയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പറയുന്നു.
ഇസ്തംബുൾ തെരുവുകളിൽ മധുരം നുകർന്ന് ഞങ്ങൾ നടന്നു
യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന, കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന ഒരാളാണ് ഞാൻ. പ്രവർത്തന മേഖല ഇതായതിനാൽ കൂടുതൽ രാജ്യങ്ങളിലേക്കും സ്ഥലങ്ങളിലേക്കുമെല്ലാം സഞ്ചരിക്കാനുള്ള അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. എംഎൽഎ ആയിരുന്നപ്പോൾ ഞങ്ങൾ എംഎൽഎമാരുടെ ഒരു ഗ്രൂപ്പുണ്ടായിരുന്നു. ഞങ്ങൾ സമയം കിട്ടുമ്പോൾ യാത്രകൾ സംഘടിപ്പിക്കാറുമുണ്ട്. അങ്ങനെ കുറേ യാത്രകൾ പോയി. എംപിയായപ്പോൾ അത് കുറഞ്ഞുവെന്ന് പറയാം. ഒപ്പം കോവിഡ് നിയന്ത്രണങ്ങളും കൂടിയായപ്പോൾ കഴിഞ്ഞ കുറച്ചുനാളായി അധികം യാത്രകൾ ഇല്ലാതിരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം കുടുംബവുമൊത്ത് തുർക്കി സന്ദർശിക്കാനായി.
കുട്ടിക്കാലത്ത് ഫാമിലിയോടൊപ്പം യാത്ര ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. എന്റെ മകളെ ലോകം കാണിക്കണം എന്നാഗ്രഹിക്കുന്നയാളാണ് ഞാൻ. തുർക്കി യാത്ര ഞങ്ങൾ എല്ലാവരും ആസ്വദിച്ചു. ഇസ്തംബുളിൽ മാത്രമായിരുന്നു പോയതെങ്കിലും നാലു ദിവസം അവിടെ തങ്ങി എതാണ്ട് ആ നാട് പൂർണമായും കണ്ടറിഞ്ഞാണ് മടങ്ങിയത്. ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ അത്ര തിരക്കുള്ള ഒരു സ്ഥലമല്ല ഇസ്തംബുൾ. എന്നാൽ എന്നെപ്പോലൊരാളെ സംബന്ധിച്ച് വളരെ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു അത്. കാരണം ഞാൻ ഭക്ഷണം ആസ്വദിക്കുന്നയൊളാണ്. നോൺവെജ് ഭക്ഷണങ്ങൾ ആസ്വദിക്കുന്ന, മധുരപലഹാരങ്ങൾ ഇഷ്ടപ്പെടുന്നവർക്കൊക്കെ തിരഞ്ഞെടുക്കാവുന്ന ഡെസ്റ്റിനേഷനാണ് ഇസ്തംബുൾ.
ടർക്കിഷ് ബക്ലാവ എന്ന സ്വീറ്റ്സ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുപോലെ തുർക്കിയിലെ കോഫിയും ഏറെ പ്രശസ്തമാണ്. അവിടുത്തെ ഏത് ഷോപ്പിൽ ചെന്ന് കോഫി ഓർഡർ ചെയ്താലും അതിന്റെ കൂടെ അവർ വളരെ ച്യൂയി ആയ ഒരു മധുരപലഹാരവും നൽകും. കോഫിയിൽ മധുരം ഇടില്ല. അതൊക്കെ എനിക്ക് പുതിയൊരനുഭവമായിരുന്നു. ഞങ്ങൾ സ്വീറ്റ്സ് സ്ട്രീറ്റിലൂടെ ഈ മധുരപലഹാരങ്ങൾ ഒക്കെ കഴിച്ച് നടന്നു. പല തരത്തിലുള്ള റോളുകൾ, വളരെ വ്യത്യസ്തമായ ആഹാരരീതിയും ഭക്ഷണങ്ങളും എല്ലാം ആസ്വദിക്കാനായ സ്ഥലമായിരുന്നു അത്. ഞാൻ നന്നായി ഭക്ഷണം കഴിച്ച് ആസ്വദിച്ച് നടന്ന സ്ഥലം തുർക്കിയാണെന്ന് പറയാം. അതുപോലെ അവിടുത്തെ മറ്റൊരു പ്രശസ്തമായ സ്ട്രീറ്റ് ഫുഡാണ് കുംബിർ. വളരെ രുചിയേറിയ, സാലഡ് പോലെയൊരു വിഭവമാണത്. വലിയ ഉരുളക്കിഴങ്ങുകൊണ്ടാണ് അതുണ്ടാക്കുന്നത്. ഭക്ഷണപ്രിയനായതിനാൽ ഇതുപോലെ രുചികരമായ പലതും ആസ്വദിക്കാനുള്ള അവസരം തുർക്കി നൽകി.
രണ്ട് കാര്യങ്ങളാണ് തുർക്കിയെക്കുറിച്ച് എനിക്ക് എടുത്തുപറയാനുള്ളത്. ഒന്ന്, മലയാളികൾ അധികം എത്തിപ്പെടാത്ത, അധികം തിരക്കില്ലാത്ത എന്നാൽ അതിമനോഹരമായൊരു നാട്. രണ്ട് ഇസ്തംബുളിന്റെ ഓരോ തെരുവിനും പറയാനുണ്ടാകും നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രകഥകൾ. ഹാഗിയ സോഫിയ പോലെയുള്ള ചരിത്രനിർമിതികൾ, പള്ളികൾ, വാസ്തുവിദ്യാ അദ്ഭുതങ്ങൾ, അങ്ങനെ ഒരു ചരിത്രാന്വേഷിയെന്ന നിലയിൽ അല്ലെങ്കിൽ ഒരു പഠിതാവെന്ന നിലയിൽ നമ്മൾ കാണാനാഗ്രഹിക്കുന്ന ഒരു വലിയ ലോകം ഒളിച്ചിരിക്കുന്ന സ്ഥലം കൂടിയാണ് തുർക്കി. പഴയ സിൽക്ക് റോഡിൽ, ബോസ്പോറസിന്റെ തീരത്ത്, യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഇസ്തംബുൾ, നൂറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന അവിശ്വസനീയമായ ചരിത്രത്തിന്റെ തുറന്ന പുസ്തകമാണ്. ഇസ്തംബുൾ പോലെ ലോകത്ത് മറ്റൊരിടവും ഉണ്ടാകില്ല. രണ്ട് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഇസ്തംബുൾ വൈവിധ്യങ്ങളുടെ നഗരമാണ്. അവിടം കാണാനാവുക എന്നത് ഒരു യാത്രികനെ സംബന്ധിച്ച് മുതൽക്കൂട്ടാണ്.
നോർവേ: പഠിക്കാനേറെയുള്ള നാട്
ഈയടുത്ത് നോർവേയ്ക്ക് പോയിരുന്നു. എംപി എന്ന നിലയിൽ ഔദ്യോഗികമായി പോയതായിരുന്നുവെങ്കിലും വളരെ നല്ലൊരു അനുഭവമായിരുന്നു അത്. നോർവേ സാധാരണ ആളുകൾക്ക് പോകാൻ പറ്റാത്ത, എന്നാൽ അതിമനോഹരമായ സ്ഥലമാണ്.
നോർവേ ഇന്ത്യ വിജ്ഞാന പരിപാടിയിൽ പങ്കെടുത്ത ഇന്ത്യൻ എംപിമാരുടെ സംഘത്തിലായിരുന്നു ഞാൻ. 2018 ഡിസംബറിൽ നോർവീജിയൻ സർക്കാർ തയാറാക്കിയ നോർവേ ഇന്ത്യ സ്ട്രാറ്റജി 2030 ന്റെ ഭാഗമായാണ് ഇന്ത്യൻ സംഘം നോർവേയിലെത്തിയത്. നോർവേയുടെ തലസ്ഥാനമായ ഓസ്‍ലോയിലായിരുന്നു വിജ്ഞാന വിനിമയ പരിപാടി നടന്നത്. അവിടെ ലോക്കൽ ബോഡി ഇലക്‌ഷൻ നടക്കുന്ന സമയമായിരുന്നതിനാൽ അവരുടെ തിരഞ്ഞെടുപ്പ് രീതികളെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു.
ചരിത്രപ്രാധാന്യമർഹിക്കുന്ന സ്ഥലമാണ് ഓസ്‍ലോ തുറമുഖം. നോർവേയിലെ ഏറ്റവും വലിയ ചരക്ക്, യാത്രാ തുറമുഖമാണത്. ഓസ്‍ലോയുടെ കാലാവസ്ഥാ തന്ത്രത്തിലും ഗ്രീൻ ഷിഫ്റ്റിലും ഈ തുറമുഖം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ലോകത്തിലെ ആദ്യത്തെ സീറോ-എമിഷൻ തുറമുഖമാകുക എന്ന ലക്ഷ്യത്തോടെ 2030 ഓടെ, കാർബൺ ഡൈ ഓക്സൈഡ്, സൾഫർ ഓക്സൈഡ്, നൈട്രജൻ ഓക്സൈഡ്, കണികാ പദാർത്ഥങ്ങൾ എന്നിവയുടെ എമിഷൻ 85 ശതമാനം കുറവ് വരുത്താൻ ലക്ഷ്യമിടുന്ന തുറമുഖമാണിത്. നോർവേ സീറോ കാർബൺ എമിഷൻ പദ്ധതിയുടെ ഭാഗമായി തുറമുഖവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കാർബൺ മുക്തമാക്കികൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള ഹൈഡ്രജൻ ബേസ്ഡ് വെസലുകൾ നോർവേയ്ക്ക് വേണ്ടി നിർമിക്കുന്നത് കൊച്ചിൻ ഷിപ്‌യാർഡ് ആണ്. 580 കോടി രൂപയുടെ പദ്ധതി നമ്മുടെ നാടിനും ഒരു മുതൽക്കൂട്ടാണ്.
നോർവേയിലെ മാലിന്യ സംസ്കരണം നമ്മുടെ നാട്ടിലും മാതൃകയാക്കേണ്ടതാണ്. അതുപോലെ നോർവേ ഹൈഡ്രജൻ എനർജിയിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ കൊച്ചി വൈപ്പിൻ റോ- റോ സർവീസും ജങ്കാർ സർവീസും പോലെയുള്ളതൊക്കെ ഓസ്‍ലോയിൽ നടക്കുന്നത് ഇലക്ട്രിക് എനർജിയിലാണ്. ഇവിടുത്തെപ്പോലെ 20-30 വാഹനങ്ങളല്ല, ഒരേസമയം 100 ലധികം വാഹനങ്ങൾ കയറ്റിപ്പോകാനുള്ള ശേഷി ഈ സർവീസുകൾക്കുണ്ട്. അവിടുത്തെ ഭൂരിഭാഗം മെഷീനുകളും വാഹനങ്ങളും ബോട്ടുകളുമെല്ലാം പ്രവർത്തിക്കുന്നത് വൈദ്യുതിയിലാണ്. ശബ്ദമലിനീകരണമോ അന്തരീക്ഷ മലനീകരണമോ ഒന്നുമില്ലാത്ത നാടാണ് നോർവേ. ഓസ്‍ലോ മേയർ മരിയൻ ബോർഗനുമായി കൂടിക്കാഴ്ച നടത്താനും സാധിച്ചു. വളരെ ഊർജസ്വലയായ വ്യക്തിയാണവർ. ഔദ്യോഗിക യാത്ര ആയിരുന്നുവെങ്കിലും ഓസ്‍ലോ പോലെയുള്ള മനോഹരമായ സ്ഥലത്തെ അടുത്തറിയാനുള്ള അവസരം ഈ യാത്രയിലൂടെ ലഭിച്ചു. സമാധാനത്തിനുളള നൊബേൽ സമ്മാനം വിതരണം ചെയ്യുന്ന സിറ്റി ഹാൾ ഓസ്‍ലോയിലാണ്. അവിടെ പോകാനും കഴിഞ്ഞു.
നോർവേ പോലെയുള്ള രാജ്യങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തുമ്പോൾ നമ്മെ അലട്ടുന്ന ഒരു വലിയ പ്രശ്നം മാലിന്യസംസ്കരണമാണ്. ടൂറിസം മേഖലയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന കേരളം മാലിന്യസംസ്കരണത്തിൽ ഏറെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. മറ്റിടങ്ങളിൽ സ്വീകരിച്ചിരിക്കുന്ന പല രീതികളും നമുക്ക് ഇവിടെ കൊണ്ടുവരാവുന്നതാണ്. ലോകത്തിന്റെ ഓരോ കോണിൽ നിന്നും സഞ്ചാരികളെത്തുന്ന കേരളം പോലെയൊരു മനോഹരമായ നാട് മാലിന്യക്കൂമ്പാരത്തിനിടയിലൂടെ സഞ്ചരിച്ച് വേണം കാണേണ്ടത് എന്നത് അത്യന്തം സങ്കടം നിറഞ്ഞ കാര്യമാണ്. ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് എനിക്ക് പറയാനുള്ളതും ഇതുതന്നെയാണ്. വിനോദസഞ്ചാര മേഖലയിൽ നമ്മുടെ നാട് മുന്നേറണമെങ്കിൽ ഇത്തരം പ്രശ്നങ്ങൾ കൂടി നമ്മൾ പരിഹരിക്കേണ്ടിയിരിക്കുന്നു.
Content Summary : Travels of Hibi Eden MP to Istanbul and Norway.