ADVERTISEMENT

‘‘ ഒരു ഡോക്ടറോ എൻജിനീയറോ വീട്ടിൽ മരണം നടന്നാലും ജോലിക്കു പോകാതിരിക്കില്ലല്ലോ. അത്രയേ ഞാനും ചെയ്യുന്നുള്ളൂ. യാത്രകൾ എന്റെ ജോലിയുടെ ഭാഗമാണ്. പലതും ഒഴിവാക്കാനാവാത്തതുമാണ്. എന്നെ ഞാനാക്കിയത് എന്റെ അച്ഛനാണ്. അച്ഛനോട് എനിക്കുള്ള കടമ നിറവേറ്റുന്നത് അദ്ദേഹം നേടിത്തന്ന സംഗീതത്തിലൂടെയാണ്. അല്ലാതെ അച്ഛൻ മരിച്ചതിനു പുറകേ കറങ്ങിയടിച്ചുനടക്കുകയാണെന്നു പറയുന്നവരോട് എനിക്കൊന്നും പറയാനില്ല. ഞാനും എന്റെ കുടുംബവും കടന്നുപോകുന്ന വിഷമഘട്ടങ്ങൾ പുറത്തുനിൽക്കുന്നവർക്ക് അറിയില്ല. യാത്രകളിലൂടെ നമുക്ക് പലതും മറികടക്കാനാകും. ഞാൻ നടത്തുന്ന ഭൂരിഭാഗം യാത്രകളും എന്റെ ജോലിയുടെ ഭാഗമാണ്. പറയുന്നവർക്ക് എന്തും പറയാം.”

 

സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും ഏറ്റവും കൂടുതൽ ആക്രമണം നേരിടുന്നവരിലൊരാളാണ് അമൃത സുരേഷ്. പ്രത്യേകിച്ചൊരു മുഖവുരയുടെ ആവശ്യമില്ല അമൃതയ്ക്ക്. മലയാളികൾക്കു സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ അടുത്തറിയാവുന്ന ഗായിക. യാത്രാപ്രേമിയായ അമൃതയും മകളും ഇത്തവണത്തെ ഓണാവധി ചെലവിട്ടത് സൗത്ത് ഗോവയിലായിരുന്നു. ‘‘മുൻപ് അച്ഛനും അമ്മയും അഭിരാമിയും മോളും (പാപ്പു) ഞാനും കൂടി ഗോവയ്ക്ക് പോയിട്ടുണ്ടെങ്കിലും അന്ന് പാപ്പു തീരെ ചെറിയ കുട്ടിയായിരുന്നു, അങ്ങനെ നോക്കുമ്പോൾ ഇതാണ് അവളുടെ ആദ്യ ഗോവ യാത്ര, അന്ന് നോർത്ത് ഗോവയായിരുന്നു, ഇത്തവണ ഞങ്ങൾ പോയത് സൗത്ത് ഗോവയ്ക്കും’’– അമൃത പറഞ്ഞു തുടങ്ങി. ‘‘ഞാൻ സോളോ ട്രാവലറാണ്. ഒറ്റയ്ക്ക് ഒരുപാട് യാത്രകൾ നടത്താറുണ്ട്. അങ്ങനെ പോയി എനിക്ക് ഇഷ്ടപ്പെടുന്ന സ്ഥലങ്ങൾ നോട്ട് ചെയ്ത് വച്ച് തിരിച്ചെത്തി പാപ്പുവുമായി ഒന്നുകൂടി പോയിവരും.’’

 

യാത്രകൾ എന്റെ ജോലിയുടെ ഭാഗമാണ്

 

ഈ യാത്ര ചെയ്യാനുള്ള കാരണം തന്നെ ഞങ്ങളുടെ അച്ഛനാണ്. അച്ഛൻ ഏപ്രിലിലാണ് മരിച്ചത്. എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിൽക്കുന്ന ആളായിരുന്നു അച്ഛൻ. വീട്ടിലെ എന്തുകാര്യത്തിനും യാത്ര പോകാനും ആഘോഷങ്ങളാണെങ്കിലുമെല്ലാം മുമ്പിൽ നിന്ന് എല്ലാം നോക്കുന്നത് അദ്ദേഹമായിരുന്നു. അച്ഛനില്ലാത്ത സ്പേയ്സ് എന്നുപറയുന്നത് ഞങ്ങളെ സംബന്ധിച്ച് ഒന്നുമില്ലാത്തൊരവസ്ഥയാണ്. പാപ്പു അച്ഛനുമായി വളരെ അടുപ്പമായിരുന്നു, വൈകുന്നേരം നടക്കാൻ പോകുന്നതും വീട്ടിൽ അവൾക്കു വേണ്ടതെല്ലാം ചെയ്യുന്നതും ഉറക്കുന്നതു പോലും അച്ഛനായിരുന്നു. അതുകൊണ്ടുതന്നെ മോളെ അദ്ദേഹത്തിന്റെ വിയോഗം ഏറെ ബാധിച്ചിട്ടുണ്ട്. അതിൽനിന്നു കുഞ്ഞിന്റെ അവസ്ഥയിലൊരു മാറ്റം ഉണ്ടാകണം എന്നു കരുതിക്കൂടിയാണ് ഞങ്ങൾ അവധി കിട്ടിയപ്പോൾ ഗോവയ്ക്ക് പോയത്. പക്ഷേ അതും പലർക്കും സഹിക്കാൻ പറ്റാത്തതായി. സോഷ്യൽ മീഡിയയിലൊക്കെ എത്രമാത്രം മോശം കമന്റുകളാണ് ഓരോരുത്തരും ഇടുന്നത്. ഞാൻ എന്റെ അച്ഛന്റെ മരണം ആഘോഷിക്കുകയാണെന്നു വരെ പറഞ്ഞു. 

 

ഒരു ഡോക്ടറുടെ വീട്ടിൽ മരണം നടന്നാൽ അദ്ദേഹം ജോലി തുടരില്ലേ. ഞാനും അത്രയേ ചെയ്തുള്ളു. അച്ഛന്റെ മരണശേഷം കുറച്ചധികം യാത്രകൾ ചെയ്യേണ്ടിവന്നു, കാനഡ ടൂർ നടത്തി. ഈ അവസരങ്ങളൊക്കെ എനിക്കു നേടാനായത് എന്റെ അച്ഛൻ എനിക്കൊപ്പം ഉണ്ടായിരുന്നതുകൊണ്ടാണ്. അദ്ദേഹമാണ് എന്റെ ഉള്ളിൽ സംഗീതം നിറച്ചത്. എന്റേയും അഭിരാമിയുടേയും ഗുരുവാണ് അദ്ദേഹം. പാട്ടുപാടുന്നതിനു പകരം കരഞ്ഞുകൊണ്ട് മാറിനിൽക്കാനോ പോകുന്ന സ്ഥലങ്ങളിൽ കണ്ണടച്ച് ഒന്നും കാണാതെ നിൽക്കാനോ സാധിക്കില്ല. സത്യത്തിൽ ഒത്തിരിക്കാര്യങ്ങളെ മറികടക്കാനും ചെയ്യാനും ചിന്തകളെ മാറ്റാനും യാത്രകൾ നമ്മളെ സഹായിക്കും. എനിക്ക് അങ്ങനെ കുറച്ച് അവസരങ്ങൾ കിട്ടിയെങ്കിലും അമ്മയും പാപ്പുവും വീട്ടിൽത്തന്നെയായിരുന്നു. അവരും ഈ വിഷമഘട്ടം തരണം ചെയ്യേണ്ടവരല്ലേ. ഇപ്പോഴും രാത്രിയിൽ അപ്പാപ്പയെ ഓർത്ത് എഴുന്നേൽക്കാറുണ്ട് പാപ്പു. ഈയൊരു സാഹചര്യത്തിനുകൂടി മാറ്റം വരണം എന്നുകരുതിയാണ് മോളെയും കൂട്ടി യാത്ര പോയത്. 

 

കറങ്ങിയടിക്കലല്ല, മകൾക്കൊപ്പമുള്ള യാത്രകൾ എക്സ്പീരിയൻസാണ് 

 

ചുമ്മാ കറങ്ങിനടക്കുന്നതിനു പകരം നമുക്ക് കൂടുതൽ എക്സ്പീരിയൻസുകൾ നൽകുന്ന യാത്രകളാണ് ഞാൻ എപ്പോഴും പാപ്പുവിനൊപ്പം പോകുമ്പോൾ തിരഞ്ഞെടുക്കുന്നത്. നമ്മൾ കാണാത്തതും അറിയാത്തതുമായ കാഴ്ചകളാണ് ഓരോ യാത്രയും സമ്മാനിക്കുന്നത്. യാത്ര ചെയ്യുമ്പോഴാണ് നമ്മൾ പല കാര്യങ്ങളും പഠിക്കുന്നത്. പിന്നെ ശ്രദ്ധിക്കുന്ന മറ്റൊരു കാര്യം, കഴിവതും മലയാളികളുള്ള സ്ഥലങ്ങൾ ഒഴിവാക്കലാണ്. നമ്മുടെ നാട്ടുകാർ എവിടെ വച്ചു കണ്ടാലും സ്നേഹത്തോടെയാണ് പെരുമാറാറുള്ളത്. പക്ഷേ പ്രൈവസി എന്നൊന്നുണ്ടല്ലോ. അതുകൊണ്ട് ഞാൻ മിക്കവാറും അധികം നമ്മളെ അറിയുന്ന ആളുകളില്ലാത്ത സ്ഥലങ്ങളാണ് തിരഞ്ഞെടുക്കുന്നത്. നോർത്ത് ഗോവയിൽ പരിചയക്കാരുണ്ട്. അതുകൊണ്ട് ഞങ്ങളുടെ യാത്ര സൗത്ത് ഗോവയിലേയ്ക്ക് ആക്കുകയായിരുന്നു. എല്ലാവരേയും പോലെ തട്ടുകടയിൽനിന്നു ഭക്ഷണം കഴിക്കാനും ബീച്ചിൽ പോയിരിക്കാനുമെല്ലാം നമുക്കും ആഗ്രഹമുണ്ടാകും. എന്റെ മകളും അതൊക്കെ അറിയണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. അതുപോലെ കുറച്ചുകൂടി പ്രകൃതിയുമായി ഇണങ്ങിയ സ്ഥലങ്ങളിലേക്കാണ് പോകുന്നത്. ഇന്നത്തെ നമ്മുടെ കുട്ടികൾ വളരുന്നത് നേച്ചറുമായി യാതൊരു ബന്ധവുമില്ലാതെ ടെക്നോളജിയുടെ ഒരു ലോകത്താണ്. അപ്പോൾ അതുകൂടി ഉൾപ്പെടുത്തിയുള്ള യാത്രകളാണ് ഞാൻ പാപ്പുവിനൊപ്പം നടത്തുന്നത്. ഇപ്രാവശ്യത്തെ ട്രിപ്പിൽ ഞങ്ങൾ കയാക്കിങ്, ട്രക്കിങ് ഒക്കെ ചെയ്തു, ഒപ്പം കയ്യടിച്ചാൽ കുമിളകൾ പൊങ്ങിവരുന്ന മിറാക്കിൾ ബബിൾലേക്കും കണ്ടാണ് മടങ്ങിയത്.

 

ഞാനും അച്ഛനും അഭിരാമിയും പാപ്പുവും കൂടി വരാനിരുന്ന സ്ഥലമായിരുന്നു ഗോവയിൽ ഞങ്ങൾ താമസിച്ച റിസോർട്ട്. അച്ഛന്റെ വേർപാടിന്റെ വേദനയിൽനിന്നു പാപ്പുവും പുറത്തുകടക്കണമെന്ന് ഞങ്ങൾക്ക് തോന്നിയപ്പോഴാണ് ഈ ട്രിപ്പ് പ്ലാൻ ചെയ്തത്. ഈയടുത്ത് നടത്തിയതിൽ മനസ്സ് നിറഞ്ഞൊരു യാത്ര ഇതുതന്നെയാണ്. കാനഡയിൽ പ്രോഗ്രാമിന് പോയപ്പോൾ നയാഗ്ര വെള്ളച്ചാട്ടം കണ്ടിരുന്നു. അതൊരു അദ്ഭുതം തന്നെയാണ്, അത് അവിടെത്തന്നെ പോയി കണ്ടനുഭവിക്കേണ്ട കാഴ്ചയാണ്. നാട്ടിലേക്കു മടങ്ങിപ്പോരുന്ന ദിവസമാണ് അത് കാണുന്നത്. ഇനി ചിലപ്പോൾ കാണാനായില്ലെങ്കിലോ എന്ന ചിന്തയിൽ, എല്ലാവരും എഴുന്നേൽക്കുന്നതിനു മുൻപേ വെളുപ്പിന് അഞ്ച് മണിയ്ക്ക് ഞാൻ ഒറ്റയ്ക്ക് പോയി കാണുകയായിരുന്നു. എന്നിരുന്നാലും എനിക്ക് പാപ്പുവിനെയും കൊണ്ട് പോയ ഈ ഗോവൻ ട്രിപ്പ് തന്നെയാണ് ഏറ്റവും മനസ്സു നിറച്ച യാത്ര.  

 

കുട്ടിയെയും കൊണ്ടുള്ള യാത്ര ഒരു പാക്കേജ് പോലെയാണ്

 

പാപ്പുവിനൊപ്പമുള്ള എല്ലാ യാത്രകളും ഏറെ കരുതലോടെയും സജ്ജീകരണങ്ങളോടെയുമാണ് നടത്തുന്നത്. തണുപ്പുള്ളയിടത്തേക്കാണ് പോകുന്നതെങ്കിൽ അധികം ജാക്കറ്റ് മുതൽ ചുമയ്ക്കും പനിയ്ക്കുമുള്ള മരുന്നുവരെ അടങ്ങുന്ന ഒരു ബാഗും കൂടെയുണ്ടാകും. വലിയവർ യാത്ര ചെയ്യുമ്പോഴുള്ളതിനേക്കാൾ കുറേയേറെ കാര്യങ്ങൾ ശ്രദ്ധിച്ചുവേണം കുട്ടികളുമായി പോകുമ്പോൾ. ഒരു കോളിനപ്പുറം വിളിച്ചാൽ ഓടിയെത്തുന്ന ഒരു സുഹൃത്തോ പരിചയക്കാരോ ഉള്ളയിടങ്ങളിലേക്കു മാത്രമായിരിക്കും ഞാൻ പലപ്പോഴും പാപ്പുവിനൊപ്പമുളള യാത്ര പ്ലാൻ ചെയ്യുന്നത്. പാപ്പുവിനേയും കൊണ്ടുള്ള യാത്രകളെല്ലാം പുറപ്പെടുന്നതു മുതൽ തിരിച്ചെത്തുന്നതുവരെ എല്ലാ സ്ഥലങ്ങളും ഞാൻ നോക്കി വയ്ക്കും. അതുപോലെ രണ്ടുപേരെങ്കിലും എപ്പോഴും ഫോണിൽ കണക്ടായിരിക്കും. ഗോവയിൽ കാറിലായിരുന്നു യാത്ര. അപ്പോൾ മുഴുവൻ സമയവും ജിപിഎസ് ഓണായിരുന്നു. അങ്ങനെ കണ്ണുംപൂട്ടി ഞങ്ങൾ അവളെയും കൊണ്ട് എവിടേയും പോകാറില്ല. നമ്മൾ ഒറ്റയ്ക്കാണെങ്കിൽ എവിടെ വേണമെങ്കിലും ഓടിച്ചാടി നടക്കാം. വണ്ടിയൊന്ന് ബ്രേക്ക് ഡൗൺ ആയാലും നമ്മൾ ഹാൻഡിൽ ചെയ്യും. എന്നാൽ കുട്ടിയേയുംകൊണ്ട് ആകുമ്പോൾ അങ്ങനെ പറ്റില്ലല്ലോ. എപ്പോഴും സുരക്ഷിതമായിരിക്കാൻ ശ്രദ്ധിക്കും.

 

ഈജിപ്തും ഡിസ്നി ലാൻഡും 

 

എനിക്കങ്ങനെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം എന്നൊന്നുമില്ല. ഓരോ മൂഡു പോലെയാണ് എന്റെ ഓരോ യാത്രയും. എങ്കിലും ചെറിയ പ്രായം മുതൽ ആഗ്രഹിച്ചിട്ടും ഇതുവരെ പോകാനാവാത്ത ഒരു സ്ഥലം ഈജിപ്താണ്. ചെറുപ്പത്തിൽ മമ്മി റിട്ടേൺസ് ഒക്കെ കണ്ട കാലത്ത് മനസ്സിൽ കയറിക്കൂടിയ ആഗ്രഹമാണ്, പിന്നീട് ഈജിപ്തിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും വായിക്കുകയും കാണുകയുമെല്ലാം ചെയ്യും, പക്ഷേ ഇന്നുവരെ അവിടെ പോകാനായിട്ടില്ല. ഇപ്പോഴും ആ നാടിനെക്കുറിച്ചും മമ്മികളെയും പിരമിഡിനേയും കുറിച്ചുള്ള കഥകളെല്ലാം ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ കേൾക്കാൻ എനിക്കിഷ്ടമാണ്. അതുകൊണ്ട് എനിക്കൊരു ബക്കറ്റ് ലിസ്റ്റ് ഡെസ്റ്റിനേഷൻ ഉണ്ടെങ്കിൽ അത് ഈജിപ്താണ്. 

 

പിന്നെ മകളെയും കൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്നയിടം ഡിസ്നി ലാൻഡാണ്. അത് അവൾ വലുതാകുന്നതിന് മുൻപ് പോയി കാണണം എന്നുണ്ട്. ഞാൻ അവിടെ പോയത് എനിക്ക് ഏതാണ്ട് 20 വയസ്സുള്ളപ്പോഴാണ്. നമ്മൾ കുട്ടിയായിരിക്കുമ്പോൾ കാണാനിഷ്ടപ്പെടുന്ന ചിലതുണ്ടല്ലോ, അതാണ് ഡിസ്നി ലാൻഡ്. കാർട്ടൂൺ കാണുന്ന ഏത് കുട്ടികളുടെയും ഡ്രീം ഡെസ്റ്റിനേഷനാണല്ലോ അത്. അവിടെ പോകാൻ അങ്ങനെ പ്രായമൊന്നുമില്ല. ആരും അവിടെ ചെന്നാൽ കുട്ടികളായി മാറും. ഞാനവിടെ പോയി അത് എക്സ്പീരിയൻസ് ചെയ്തതുകൊണ്ടു തന്നെ പാപ്പുവിനെയും അത് കാണിക്കണം എന്നത് വലിയൊരാഗ്രഹമാണ്.

 

Content Summary : Amritha Suresh, passionate about travelling with kid.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com