സമുദ്രക്ഷേത്രവും സാഹസിക ഊഞ്ഞാലും ; യാത്രാ ചിത്രങ്ങൾ പങ്കുവച്ച് മീരാ നന്ദന്‍
Mail This Article
അവതാരകയും അഭിനേത്രിയും റേഡിയോ ജോക്കിയുമെല്ലാമായി മലയാളികളുടെ സ്വീകരണമുറികള്‍ക്ക് പ്രിയപ്പെട്ട മീരാ നന്ദന്‍ ബാലി യാത്രയുടെ വിശേഷങ്ങള്‍ പങ്കുവച്ചു. ബാലിയിലെ ചരിത്രപ്രസിദ്ധമായ ഒട്ടേറെ ലൊക്കേഷനുകളില്‍ നിന്നും എടുത്ത ചിത്രങ്ങള്‍ മീരയുടെ ഇന്‍സ്റ്റഗ്രാമില്‍ കാണാം.
തനഹ് ലോട്ട് എന്ന സമുദ്രക്ഷേത്രം
ബാലിനീസ് ഭാഷയില്‍, 'കടലിലെ കര' എന്നാണ് തനഹ് ലോട്ട് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഡെൻപസാറിന് ഏകദേശം 20 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി, തബനാനിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, വര്‍ഷങ്ങളായി സമുദ്രത്തിന്‍റെ വേലിയേറ്റം കൊണ്ടു രൂപപ്പെട്ട ഒരു വലിയ പാറക്കൂട്ടത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഈ ക്ഷേത്രത്തിലെ പ്രധാന ദേവത ദേവ ബരുണ അല്ലെങ്കിൽ ഭട്ടാര സെഗരയാണ്. ബാലിനീസ് തീരത്തിനു ചുറ്റുമുള്ള ഏഴ് കടൽ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.
പതിനാറാം നൂറ്റാണ്ടില്‍, ബാലിയിലെ ഒരു ശൈവ സന്യാസിയും സഞ്ചാരിയുമായിരുന്ന ദാംഗ്യാങ് നിരാർത്ഥയാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. തെക്കൻ തീരത്തുകൂടെയുള്ള തന്‍റെ യാത്രയ്ക്കിടയിൽ ഈ മനോഹരപ്രദേശം കണ്ട അദ്ദേഹം, കടൽ ദൈവങ്ങളെ ആരാധിക്കാനുള്ള ഒരു പുണ്യസ്ഥലമായി ഇവിടം തിരഞ്ഞെടുത്തു എന്ന് പുരാണം പറയുന്നു. പാറക്കെട്ടുകൾ നിറഞ്ഞ ദ്വീപിന്‍റെ അടിത്തട്ടിൽ വസിക്കുന്ന വിഷമുള്ള കടൽപ്പാമ്പുകൾ ക്ഷേത്രത്തെ ദുരാത്മാക്കളിൽ നിന്നും നുഴഞ്ഞുകയറ്റക്കാരിൽ നിന്നും സംരക്ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടേക്കുള്ള പ്രവേശനം സൗജന്യമല്ല. വിനോദസഞ്ചാരികള്‍ക്കുള്ള ഒട്ടേറെ ഭക്ഷണശാലകളും ഇവിടെയെങ്ങും കാണാം
ബെരാതൻ ക്ഷേത്രത്തിലെ കാഴ്ചകള്‍
പ്രശസ്ത ശൈവക്ഷേത്രമായ ബെരാതനു മുന്നില്‍ നില്‍ക്കുന്ന ചിത്രവും മീര പങ്കുവച്ചിട്ടുണ്ട്. ബാലിയിലെ ഒരു പർവത തടാക റിസോർട്ട് പ്രദേശമായ ബെഡുഗുലില്‍, ബ്രട്ടൻ തടാകത്തിന്‍റെ തീരത്താണ് ഈ ക്ഷേത്ര സമുച്ചയം. 1633 ൽ പണികഴിപ്പിച്ച ഈ ക്ഷേത്രം ബാലിനീസ് ജലം, തടാകം, നദി ദേവതയായ ദേവി ദാനു എന്നിവര്‍ക്കായി സമർപ്പിച്ചിരിക്കുന്നു. കൂടാതെ ഒരു ബുദ്ധ ആരാധനാലയവും ഇതിനകത്തുണ്ട്.
പച്ചപ്പിന്‍റെ ഉത്സവമേളവുമായി തെഗല്ലലംഗ് റൈസ് ടെറസ്
ബാലിയുടെ ഏറ്റവും പച്ചപ്പ് നിറഞ്ഞ പ്രദേശമായാണ് ഉബുദ് രാജ്യാന്തര സഞ്ചാരികൾക്കിടയില്‍ അറിയപ്പെടുന്നത്. സമൃദ്ധമായ വനങ്ങളും പാടങ്ങളും പച്ചപ്പും നിറഞ്ഞ പ്രദേശമാണ് തെഗല്ലലംഗ് റൈസ് ഫീൽഡ്സ്. തട്ടുതട്ടായി കൃഷിചെയ്ത നെല്‍പ്പാടങ്ങള്‍ കണ്ണിനു വിരുന്നൊരുക്കുന്നു. പെജെങ്, കാംപുഹാൻ, തെഗല്ലലംഗ് എന്നിങ്ങനെ മൂന്നു പ്രദേശങ്ങളിലാണ് ഇവിടെ ഇങ്ങനെ ടെറസ് കൃഷി കാണുന്നത്. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഒന്നായി തെഗല്ലലംഗ് പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഉബുദില്‍ നിന്നും കാറില്‍ വെറും ഇരുപതു മിനിറ്റ് യാത്രയേ ഇവിടേയ്ക്ക് ഉള്ളു. കൂടാതെ വിനോദസഞ്ചാരികള്‍ക്ക് കാറോ മോട്ടോർ സൈക്കിളോ വാടകയ്ക്ക് എടുക്കാനുള്ള സൗകര്യവും ഉണ്ട്.