‘‘ഇപ്പോൾ ബാലി...പിന്നെ കാലി’’; ക്രിസ്മസ് വെക്കേഷന്‍ യാത്രയുമായി മംമ്ത മോഹന്‍ദാസ്
Mail This Article
ബാലിയില്‍ നിന്നും വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മംമ്ത മോഹന്‍ദാസ്. കലിഫോര്‍ണിയയില്‍ ജീവിക്കുന്ന മമ്ത "ആദ്യം ബാലി.. പിന്നെ കാലി" എന്ന ക്യാപ്ഷനൊപ്പം, റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചു. പിങ്കില്‍ നീല പ്രിന്റുള്ള ഡ്രെസ്സും കഴുത്തില്‍ പൂമാലയുമായി നില്‍ക്കുന്ന മംമ്തയെ ചിത്രത്തില്‍ കാണാം.
ബാലിയിലെ റിംബ ജംബരന്‍ റിസോര്‍ട്ടില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്. ജിംബരൻ ബേയ്‌ക്ക് അഭിമുഖമായി, 90 ഹെക്‌ടർ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ പഞ്ചനക്ഷത്ര റിസോര്‍ട്ട് സെലിബ്രിറ്റികള്‍ അടക്കമുള്ളവരുടെ പ്രിയപ്പെട്ട ആഡംബര വിശ്രമകേന്ദ്രമാണ്. മനോഹരമായ 403 മുറികൾ ഉള്‍പ്പെടുന്ന റിസോര്‍ട്ടില്‍, കുട്ടികള്‍ക്കായി കിഡ്സ് ക്ലബ്, വാട്ടർ സ്ലൈഡുള്ള കുളം എന്നിവയുണ്ട്.
റോക്ക് ബാർ, ആഹ് യാറ്റ് അബലോൺ സീഫുഡ് റസ്റ്ററന്റ് പോലുള്ള 19 റസ്റ്ററന്റുകളും ബാറുകളും ഉൾപ്പെടെയുള്ള ഭക്ഷണസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആധികാരിക ബാലിനീസ് ഗ്രാമാനുഭവം നല്‍കുന്ന ഔട്ട്‌ഡോർ ആംഫി തിയേറ്ററുള്ള ഒരു റസ്റ്ററന്റാണ് റിംബയുടെ കാംപോങ് ബാലി. താമസക്കാര്‍ക്ക് അടുത്തുള്ള റിസോട്ടായ അയാനയിലേക്കുള്ള കോംപ്ലിമെന്ററി ആക്‌സസും ലഭിക്കും. അയാനയിലും റിംബയിലുമായി 12 പൂളുകള്‍ ഉണ്ട്, അക്വാട്ടോണിക് സീവാട്ടർ തെറാപ്പി നടത്തുന്ന ഒരു ലോകോത്തര സ്പായും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, മനോഹരമായ സ്വകാര്യ ബീച്ചില്‍ താമസക്കാര്‍ക്കു വിശ്രമിക്കാം.
ചെലവു കുറഞ്ഞ യാത്രകൾ ആഗ്രഹിക്കുന്ന ഇന്ത്യന്‍ സഞ്ചാരികൾക്കു മികച്ച ഒരു ഓപ്ഷനാണ് ഇന്തോനേഷ്യയിലെ ബാലി. ഇന്തോനേഷ്യയിലെ 17,000 ദ്വീപുകളില്‍ ഒന്നായ ബാലിയില്‍, ശാന്തമനോഹരമായ കടലോരങ്ങളും വിശാലമായ നെല്‍പാടങ്ങളും അഗ്നിപര്‍വ്വതങ്ങളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളും എന്നു തുടങ്ങി, പറഞ്ഞാല്‍ തീരാത്തത്ര കാഴ്ചകളും അനുഭവങ്ങളുമുണ്ട്. ബാലിയുടെ ആത്മീയ ഹൃദയഭൂമിയായ ഉബുദ്, മൗണ്ട് ബത്തൂർ, ബാലിയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ പുര ബെസാകിഹ് തുടങ്ങി ഒട്ടേറെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വര്‍ഷം തോറും ആയിരക്കണക്കിനു സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളാണ് ബാലി സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം.