ഷാര്‍ജയില്‍ പോയാലും കുട്ടനാട്ടുകാരന് തോണി തുഴഞ്ഞേ പറ്റൂ; ചാക്കോച്ചന്
Mail This Article
ഷാര്‍ജയില്‍ വെക്കേഷന് പോയി, അവിടെ നിന്നും കയ്യില്‍ തുഴയും അരികില്‍ തോണിയുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍. വെള്ളവും തോണിയും തുഴയും കണ്ടാല്‍, എവിടെയായാലും കുട്ടനാട്ടുകാരന് സഹിക്കാന്‍ പറ്റില്ലെന്ന് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിനൊപ്പം കുറിച്ചു.
ഷാര്‍ജയില്‍ ഇത്തരത്തില്‍ തോണി തുഴയാനും മറ്റും സഞ്ചാരികള്‍ക്ക് അവസരമൊരുക്കുന്ന ഒട്ടേറെ ഇടങ്ങളുണ്ട്. ഷാര്‍ജയിലെ കോർണിഷ് സ്ട്രീറ്റിലുള്ള അല്‍ മജാസ് വാട്ടര്‍ഫ്രണ്ട് പാര്‍ക്കില്‍ സിംഗിൾ കയാക്കുകൾ, ഇരട്ട കയാക്കുകൾ, പെഡൽ ബോട്ടുകൾ, ഇലക്ട്രിക് ബോട്ടുകൾ എന്നിങ്ങനെ ഒട്ടേറെ വിനോദങ്ങളുണ്ട്. രാവിലെ ഏഴുമണിക്ക് തുറക്കുന്ന പാര്‍ക്ക്, രാത്രി പന്ത്രണ്ടുമണി വരെ തുറന്നിരിക്കും. എത്ര ആളുകള്‍ വന്നാലും കൈകാര്യം ചെയ്യാനാവുന്നത്ര ഉപകരണങ്ങളും മറ്റും ഉള്ളതിനാല്‍ ഇവിടെ ആദ്യമേ ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. എന്നാല്‍ അമ്പതു പേരില്‍ കൂടുതലുള്ള ഗ്രൂപ്പ് ആണെങ്കില്‍ മാത്രം വിളിച്ച് ബുക്ക് ചെയ്യണം.
ആയിരക്കണക്കിന് വർഷങ്ങൾ നീണ്ടുനിൽക്കുന്ന ചരിത്രവും സംസ്കാരവുമുള്ള ഷാര്‍ജ, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി അറിയപ്പെടുന്നു. ആവേശകരമായ ജലസാഹസികവിനോദങ്ങള്‍ തീരദേശനഗരമായ ഷാര്‍ജയില്‍ പലയിടത്തുമുണ്ട്. ഷാർജയിൽ അതിമനോഹരമായ കടൽത്തീരങ്ങളുണ്ട്, വിനോദസഞ്ചാരികളും പ്രദേശവാസികളും ഒരുപോലെ ഇവിടങ്ങളിലേക്ക് ഒഴുകിയെത്തുന്നു.
ഷാർജയിലെ ഏറ്റവും മികച്ച വാട്ടർ സ്പോർട്സുകളിൽ ഒന്നാണ് കനോയിങ്. കടലിലെ ആഴം കുറഞ്ഞ വെള്ളത്തിലൂടെ ആളുകൾക്ക് ഇരുന്ന് തുഴയാൻ കഴിയുന്ന ഭാരം കുറഞ്ഞ ഇടുങ്ങിയ തോണിയാണിതിന് ഉപയോഗിക്കുന്നത്. ചെറുപ്പക്കാർക്കിടയിൽ വളരെയധികം പ്രചാരമുള്ള വളരെ രസകരമായ മറ്റൊരു കായിക വിനോദമാണ് ജെറ്റ് സ്കീയിംഗ്. ഷാർജയിലെ ഏറ്റവും മികച്ച ജല വിനോദങ്ങളിൽ ഒന്നാണിത്.
ഓക്‌സിജൻ മാസ്‌കുമായി വെള്ളത്തിനടിയിൽ നീന്തുകയും ഡൈവ് ചെയ്യുകയും താഴെയുള്ള സമുദ്രത്തിന്‍റെ അദ്ഭുതക്കാഴ്ചകൾ കാണുകയും ചെയ്യുന്ന സ്‌നോർക്കലിംഗും സ്കൂബ ഡൈവിംഗും കപ്പല്‍ ബോട്ട് യാത്രകളുമെല്ലാം ഷാര്‍ജയിലെ മിക്ക ബീച്ചുകളിലുമുണ്ട്. വിൻഡ്‌സർഫിംഗും വാട്ടർ സ്കീയിംഗും പോലുള്ള ഇനങ്ങളും ഷാർജയിലെ ബീച്ചുകളിൽ വളരെ ജനപ്രിയമാണ്. ഇവയ്ക്കായി ബീച്ചുകളില്‍ത്തന്നെ പരിശീലനം നൽകുന്ന സർട്ടിഫൈഡ് വിദഗ്ധരും ഇൻസ്ട്രക്ടർമാരും ഉണ്ട്. കൂടാതെ, തുടക്കക്കാർക്ക് സർഫിംഗ് പാഠങ്ങൾ നൽകുന്ന സർഫിംഗ് സ്കൂളുകളും ഷാർജയിലെ ബീച്ചുകളിലുണ്ട്.
വേക്ക്ബോർഡിംഗ്, ഡോനട്ട് റൈഡുകൾ, ബനാന റൈഡുകൾ എന്നിവ ഷാർജയിലെ മറ്റു ചില ജലവിനോദങ്ങളാണ്. നഗരത്തിലെ ഏറ്റവും ട്രെൻഡി ജല കായിക വിനോദമായ ഫ്ലൈബോർഡിംഗ് ഷാർജയിലെ പല ബീച്ചുകളിലും ലഭ്യമാണ്. വാട്ടർ സ്‌പോർട്‌സ് പ്രവർത്തനങ്ങൾക്കു പുറമേ, കടലിനു മുകളില്‍ പറക്കുന്ന പാരാസെയിലിംഗ്, ബീച്ച് ടെന്നീസ്, ബീച്ച് വോളിബോൾ തുടങ്ങിയവയും ഷാർജയിലെ മികച്ച ബീച്ചുകളിലുണ്ട്.
ഷാർജയിലെ മിക്കവാറും ബീച്ചുകളിൽ ഷവർ, വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങൾ എന്നിവയുണ്ട്, അതിനാൽ ബീച്ചുകൾ സന്ദർശിക്കുന്ന ആളുകൾക്ക് വസ്ത്രം മാറി കടലിൽ നീന്താൻ കഴിയും. ഷാർജയില്‍ കടലിൽ നീന്തുന്നത് സുരക്ഷിതമാക്കാന്‍ എല്ലായിടത്തും അംഗീകൃത ലൈഫ് ഗാർഡുകളുമുണ്ട്.
ഷാർജ കോർണിഷ് ബീച്ച്, കോറൽ ബീച്ച് റിസോർട്ട്, ഖോർഫക്കൻ ബീച്ച്, ലൂ ലൂവാ ബീച്ച്, അൽ ഫിഷ് ബീച്ച് തുടങ്ങിയവ വളരെ പ്രസിദ്ധമാണ്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള തണുപ്പുള്ള മാസങ്ങളാണ് ഷാർജയിലെ ബീച്ചുകൾ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. പൊതു ബീച്ചുകളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക വിഭാഗങ്ങളുണ്ട്.