ഫൊട്ടോഗ്രഫി പാഷനാക്കിയ ചങ്ങാതിമാരുടെ മരുഭൂമി യാത്ര; ദുബായ് അൽ ഖുദ്രയിലെ കാഴ്ചകൾ
Mail This Article
ഫൊട്ടോഗ്രാഫർമാരുടെ യാത്ര അല്ലെങ്കിൽ ഫൊട്ടോഗ്രാഫർമാർക്കൊപ്പമുള്ള യാത്രകൾ എന്നും വർണാഭമായിരിക്കും. സാധാരണ സഞ്ചാരികൾ കാണുന്ന കാഴ്ചകൾക്കപ്പുറമുള്ള ഫ്രെയിമുകളും ഫൊട്ടോഗ്രഫി ദൃശ്യങ്ങളുമാകും അവരുടെ കാഴ്ചകളിൽ തെളിയുക. അത്തരത്തിൽ ഫൊട്ടോഗ്രഫി പാഷനാക്കിയ ഒരു കൂട്ടം ചങ്ങാതിമാർ മരുഭൂമിയിലൂടെ നടത്തിയ യാത്രയുടെ വിവരണമാണിവിടെ. ദുബായിലെ അൽ ഖുദ്രയിലേക്കായിരുന്നു ഇവരുടെ യാത്ര.
വണ്ടികൾ തലങ്ങും വിലങ്ങും വന്നുപോകുന്ന നാലുവരിപ്പാതയുടെ അരികിൽ അൽ ഖുദ്രയിലേക്കുള്ള യാത്ര തുടങ്ങുന്നതിനു വേണ്ടി കാത്തു നിൽക്കുകയാണ്. നല്ല തണുപ്പുണ്ട്, എല്ലായ്‌പ്പോഴും എന്നതു പോലെ പ്രതാപേട്ടൻ പിക് ചെയ്യാനായി നച്ചുവിനെയും സുലീഫിനെയും കൂട്ടി വെളുപ്പിനെ നാല് മണിക്ക് എത്തും, അവിടുന്നങ്ങോട്ട് ഞങ്ങളുടെ യാത്രയിൽ കിളികളും കാടുകളും വന്യ മൃഗങ്ങളും നിറഞ്ഞ സംസാരങ്ങൾ വന്നു നിറയും ഒപ്പം രസകരമായ അനുഭവങ്ങളും. ഓരോരുത്തരും അവരവർക്ക് അറിയാവുന്ന എല്ലാ അറിവുകളും പങ്കുവച്ച് യാത്രയുടെ രസം ആഴത്തിൽ നിറയ്ക്കും.
ഇതുപോലെ മറ്റൊരു വണ്ടിയിൽ കിഷോറും ജോമോനും ജോബിയും അവരുടെ യാത്ര തുടങ്ങി കാണും. ലക്ഷ്യം അൽ ഖുദ്ര തന്നെ. ഒന്നര മണിക്കൂർ ഉണ്ട് ഇവിടുന്നു അൽ ഖുദ്രയിലേക്ക്. ഞങ്ങൾ പകുതി വഴി എത്തിയപ്പോഴേക്കും ഡോക്ടർ നൗഷാദും ജോഷിയേട്ടനും ഫാമിലിയും അവിടെ എത്തിയ വിവരം പറയാൻ വിളിച്ചു...ഞങ്ങൾ അധികം വൈകില്ല എന്നു പറഞ്ഞു ഫോൺ വച്ചു.
ആഴ്ചയിൽ ഒരിക്കൽ ഖുദ്രയിൽ കണ്ടുമുട്ടുന്ന മറ്റു ചിലർ കൂടെ ഉണ്ട് - അരുൺ , ആസാദ് , മഞ്ചേഷ് , അനിൽ ഏട്ടൻ. എല്ലാവരും സലാം വച്ച ശേഷം ഒരു ലൊക്കേഷൻ കൺഫേം ചെയ്തു സൂര്യോദയം തൊട്ടുള്ള ആദ്യത്തെ ഒരു മണിക്കൂറിനു വേണ്ടിയുള്ള കാത്തിരിപ്പാണ് പിന്നെ. അരിച്ചു കയറുന്ന തണുത്ത വെളുപ്പാൻ കാലം. നിറങ്ങൾ അടുക്കി ചേർത്തു വച്ച മനോഹരമായ കാഴ്ച ആസ്വദിച്ച് അനുഭവിക്കാൻ പറ്റുന്ന, വിശാലമായ ആകാശത്തു നിന്നും ചുക ചുകപ്പൻ മേഘങ്ങൾ അടർന്നു വന്നു മരങ്ങളിൽ തങ്ങി നിൽക്കുന്ന മനസ്സ് കുളിർപ്പിക്കുന്ന കാഴ്ച തുടങ്ങുമ്പോൾ എല്ലാവരും ക്യാമറ സെറ്റ് ചെയ്തു റെഡി ആയി നിൽക്കും.
നിറയെ അരയന്നങ്ങൾ, ഫ്ളമിംഗോകൾ, വിവിധ നിറത്തിലും പല തരത്തിലുമുള്ള അനേകായിരം സ്വദേശികളും വിദേശികളുമായ കിളികൾ നിറഞ്ഞ തടാകം. കിട്ടാവുന്ന അത്രയും ഫോട്ടോകൾ എല്ലാവരും ക്യാമറയിലേക്ക് പകർത്തും. മൈഗ്രേറ്ററി കിളികളുടെ പേരുകൾ, അവയുടെ സ്വഭാവങ്ങൾ തുടങ്ങി എല്ലാം പിന്നീടുള്ള ചർച്ചയിലേക്ക് വരും.
സൂര്യോദയം കഴിഞ്ഞശേഷം ഒരു കോഫി ബ്രേക്ക് - അരുണിന്റെ തെർമോസ് ഫ്ലാസ്കിൽ എല്ലാവര്ക്കും വേണ്ടി ചുക്ക് കാപ്പി ഉണ്ട് , കൂട്ടത്തിൽ ആരെങ്കിലും ഉപ്പുമാവോ മറ്റോ കൊണ്ടുവന്നിട്ടുണ്ടാവും - ഇത് ഞങ്ങളുടെ “സാറ്റർഡേ ബ്രേക്ക്ഫാസ്റ്റ് റുട്ടീൻ ”. എല്ലാരും ഒന്നിച്ചിരുന്നു ഭക്ഷണവും കാപ്പിയും കഴിച്ചു അൽപ നേരം വിശ്രമിച്ച ശേഷം വീണ്ടും പടം പിടിത്തം തുടങ്ങും.
താളത്തിൽ ഇണയ്ക്കു ചുറ്റും നൃത്തം ചവിട്ടുന്ന ആഫ്രിക്കൻ ക്രൗൺ ക്രയിൻ, കുഞ്ഞോളങ്ങൾ വെട്ടുന്ന നീലത്തടാകത്തിലെ കറുത്തതും വെളുത്തതുമായ അരയന്നങ്ങളും കുട്ടികളും, മുങ്ങാങ്കുഴി ഇട്ടു കൊക്കിൽ മീനുമായി പൊങ്ങുന്ന നീർകാക്കകൾ , തുമ്പികളുടെ പിന്നാലെ പാഞ്ഞു അവയെ കൊക്കിലാക്കുന്ന ബീ ഈറ്ററുകൾ, വാട്ടർ ബേർഡ്‌സ്, ഇരയെ പ്രതീക്ഷിച്ചു വട്ടമിട്ടു പറക്കുന്ന പരുന്തുകൾ, ഇരുകാലിലും മീനുമായി വെള്ളത്തിൽ നിന്നും പൊങ്ങി പറക്കുന്ന ഓസ്‌പ്രെ, ചെടികൾക്കിടയിലൂടെ ഉയർന്നു നോക്കുന്ന ഹൗബറ ബസ്റ്റാർഡ്, ആഫ്രിക്കൻ വേഴാമ്പലായ റെഡ് ബിൽഡ്, പൂത്തു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ ഒളിച്ചു നോക്കുന്ന മാനുകളും അവറ്റകളുടെ കുട്ടികളും, ഭയം നിഴലിപ്പിക്കുന്ന കണ്ണുകളുമായി ഡെസേർട് ഹരേ, നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന സ്വർണ നിറമുള്ള മണലിലൂടെ നടന്നു നീങ്ങുന്ന അറേബ്യൻ ഓറിക്സുകൾ തുടങ്ങി നിരവധി കിളികളും മൃഗങ്ങളും കൂടാതെ സൂചി തുമ്പികൾ, ചിത്രശലഭങ്ങൾ തുടങ്ങി അഗാമ വരെയുള്ള നിറഞ്ഞ കാഴ്ചയുടെ വിരുന്നാണ് ഓരോ ഫൊട്ടോഗ്രാഫേഴ്സിനും അൽ ഖുദ്ര തരുന്നത്.
ഡെസേർട് ഈഗിൾസ് എന്നാണ് ഞങ്ങളുടെ ഈ കൊച്ചു ഗ്രൂപ്പിന്റെ പേര്. ജീവിതത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ ഫൊട്ടോഗ്രാഫി എന്ന കോമൺ പാഷൻ വേണ്ടി ഒരുമിച്ചു ചേർന്നതിൽ നിന്നും ഉണ്ടായി വന്നതാണ് 13 സുഹൃത്തുക്കളുടെ ഈ ഗ്രൂപ്പ്. സാമൂഹിക മാധ്യമങ്ങളിൽ നിന്നും വളരെ നല്ല പ്രതികരണമാണ് ഞങ്ങൾ ഓരോരുത്തരും ഖുദ്രയിൽ നിന്നുമെടുത്ത ഫോട്ടോകൾക്ക് കിട്ടുന്നത്.
ഓരോ യാത്രയും വ്യത്യസ്തമായ ഓരോ അനുഭവങ്ങളാണ്. കാത്തിരുന്നു ഫോട്ടോ എടുക്കുമ്പോഴുളള സന്തോഷം, ഫോട്ടോ എടുക്കാൻ പറ്റാതെ പോവുമ്പോഴുളള സങ്കടം. പല ചിത്രങ്ങളും പകർത്താൻ വേണ്ടി ദിവസങ്ങളോളം ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്.
ശനിയാഴ്ച ദിവസം ചുരുണ്ടു കൂടി ഉറങ്ങേണ്ടുന്നതിനു പകരം - കഷ്ടപ്പെട്ട് ഇത്രയും ദൂരം സഞ്ചരിച്ച് മണിക്കൂറുകളോളം ഉള്ള കാത്തിരിപ്പ്. ചിലപ്പോൾ ഒന്നും കിട്ടിയെന്നു വരില്ല. പക്ഷേ ഒരാഴ്ചത്തെ ജോലിത്തിരക്കിനു ശേഷം മനസ്സിനെ റീസെറ്റ് ചെയ്യാൻ അൽ ഖുദ്രയിലേക്കുള്ള ഈ യാത്ര ഞങ്ങളെ എല്ലാവരെയും ഏറെ സഹായിക്കും. ഓരോ ഫോട്ടോയുടെ പിന്നിലും എല്ലാവർക്കും ഓരോ രസകരമായ കഥകൾ പറയാൻ ഉണ്ടാകും.
ഉച്ചയോടു കൂടി തിരികെ വീടുകളിലേക്ക്. അടുത്ത വീക്കെൻഡിനായുള്ള കാത്തിരിപ്പാണ് പിന്നെ.
ലേഖിക
(വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫർ, ആർട്ടിസ്റ്റ്, കവയത്രി. ദുബായിൽ ക്രിയേറ്റിവ് ഡിസൈനർ ആയി ജോലി ചെയ്യുന്നു).