കോള്‍ഡ്പ്ലേ, ചിയാങ്ങ് മായ്... പാർവതിയുടെ കൊച്ചു കൊച്ചു വലിയ സന്തോഷങ്ങള്‍
Mail This Article
തായ്‌ലൻഡ് യാത്രയുടെ വിശേഷങ്ങളുമായി നടി പാർവതി തിരുവോത്ത്. പ്രകൃതി ഭംഗിയാര്‍ന്ന ഇടങ്ങളില്‍ നിന്നും പോസ് ചെയ്യുന്ന ഒട്ടേറെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നടി പോസ്റ്റ് ചെയ്തു. പ്രശസ്ത റോക്ക് ബാന്‍ഡായ കോള്‍ഡ്പ്ലേയുടെ കോണ്‍സെര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഒരു ചിത്രത്തില്‍, മഞ്ഞ നിറമുള്ള പൂക്കള്‍ക്കു കീഴില്‍ മുകളിലേക്കു നോക്കി നില്‍ക്കുന്ന പാര്‍വതിയെ കാണാം. ഈ പൂക്കള്‍ മണക്കരുതെന്നും അത് അപകടകരമായേക്കാം എന്നും നടി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വടക്കൻ തായ്‌ലൻഡിലെ ഏറ്റവും വലിയ നഗരമായ ചിയാങ് മായ് പ്രദേശത്തു നിന്നുള്ള ചിത്രങ്ങളും പാർവതി പോസ്റ്റ് ചെയ്തിട്ടുണ്ട്. തായ്‌ലൻഡിലെ രണ്ടാമത്തെ വലിയ നഗരം കൂടിയായ ചിയാങ്ങ് മായ്, ബാങ്കോക്കിന് 700 കിലോമീറ്റർ വടക്ക് തായ് ഹൈലാൻഡ്സ് എന്നറിയപ്പെടുന്ന ഒരു പർവത പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. ചാവോ ഫ്രായ നദിയുടെ പ്രധാന പോഷകനദിയായ പിംഗ് നദിയും പ്രധാന വ്യാപാര പാതകളും കാരണം, ചരിത്രകാലം മുതല്‍ക്കേ വളരെ പ്രാധാന്യമുള്ള ഈ നഗരം ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക് കാരണം വായു, ജല മലിനീകരണം, മാലിന്യ സംസ്കരണ പ്രശ്നങ്ങൾ, ഗതാഗതക്കുരുക്ക് എന്നിങ്ങനെയുള്ള ഒട്ടേറെ പ്രത്യാഘാതങ്ങളും ഇക്കാലയളവില്‍ നഗരം നേരിട്ടിട്ടുണ്ട്.
ചിയാങ് മായ് നഗരത്തിൽ, തായ് ഭാഷയിൽ വാട്ട് എന്നു വിളിക്കുന്ന 117 ബുദ്ധക്ഷേത്രങ്ങളുണ്ട്. നഗരത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള ഡോയി സുതേപ്പ് പർവതത്തിലുള്ള വാട്ട് ഫ്ര ദാറ്റ് ഡോയി സുതേപ്പ് ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രശസ്തം. 1,073 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം, പതിനാലാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണെന്നു കരുതുന്നു.
ചിയാങ് മായിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമായ വാട്ട് ചിയാങ് മാൻ പതിമൂന്നാം നൂറ്റാണ്ടു മുതലുള്ളതാണ്. മാർബിൾ ഫ്രാ സില, ക്രിസ്റ്റൽ ഫ്രാ സതാങ് മാൻ എന്നിങ്ങനെ വിളിക്കപ്പെടുന്ന രണ്ടു ബുദ്ധപ്രതിമകള്‍ ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
വടക്കൻ തായ് ശൈലിയിലുള്ള വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് വാട്ട് ഫ്രാ സിംഗ് ക്ഷേത്രം. ചിയാങ് മായിയുടെ ആദ്യത്തെ ബാമർ ഭരണാധികാരിയായിരുന്ന നവ്രഹ്ത മിൻസോ രാജാവിന്റെ ചിതാഭസ്മം അടങ്ങിയിരിക്കുന്നതായി കരുതപ്പെടുന്ന അസാധാരണമായ പാത്രത്തിന്റെ ആകൃതിയിലുള്ള സ്തൂപമുള്ള വാട്ട് കു താവോ, ധ്യാനകേന്ദ്രമായ വാട്ട് റാംപോങ്, സന്യാസിമാർ പഠനം നടത്തുന്ന മഹാചുലലോങ്കോൺ രാജവിദ്യാലയ ബുദ്ധ സർവകലാശാലയുള്ള വാട്ട് സുവാൻ ഡോക്ക് എന്നിവയും പ്രധാന ബുദ്ധക്ഷേത്രങ്ങളില്‍പ്പെടുന്നു.
തായ് പുതുവത്സരം ആഘോഷമായ സോങ്ക്രാൻ ആഘോഷിക്കാന്‍ ഒട്ടേറെ വിനോദസഞ്ചാരികള്‍ ഏപ്രില്‍ മാസത്തില്‍ ഇവിടെയെത്തുന്നു. പരേഡുകൾ, സൗന്ദര്യമത്സരങ്ങൾ എന്നിവയ്‌ക്കൊപ്പം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നഗരത്തിലുടനീളം നടക്കുന്നു. എല്ലാ വർഷവും ഫെബ്രുവരിയിലെ ആദ്യ വാരാന്ത്യത്തിൽ നടക്കുന്ന മൂന്ന് ദിവസത്തെ ഉത്സവമാണ് ചിയാങ് മായ് ഫ്ലവർ ഫെസ്റ്റിവൽ. പൂക്കളുടെ ഈ വർണക്കാഴ്ചയ്ക്കു സാക്ഷ്യം വഹിക്കാന്‍ ആയിരക്കണക്കിനു ആളുകളെത്തുന്നു.
ദോയി സുതേപ്പിലെ വിശാഖ ബുച്ചാ ദിനമാണ് ശ്രദ്ധേയമായ മറ്റൊരു ആഘോഷം. ഈ സമയത്ത് ആയിരക്കണക്കിന് ബുദ്ധമതക്കാർ സൂര്യാസ്തമയത്തിനുശേഷം കാൽനടയായി പർവതം കയറും. പ്രകൃതിഭംഗിക്കു പേരുകേട്ട ചിയാങ്ങ് മായില്‍ സന്ദര്‍ശിക്കേണ്ട ഒട്ടേറെ മനോഹരമായ സ്ഥലങ്ങളുണ്ട്. തായ്‌ലൻഡിലെ ഏറ്റവും പ്രശസ്തമായ ദേശീയ ഉദ്യാനങ്ങളിലൊന്നാണ് ഡോയി ഇന്റനോൺ. വെള്ളച്ചാട്ടങ്ങൾ, ഹൈക്കിങ്ങ് പാതകൾ, വ്യൂ പോയിന്റുകൾ, സൂര്യോദയം/സൂര്യാസ്തമയ കാഴ്ചകള്‍, പക്ഷി നിരീക്ഷണം, വർഷം മുഴുവനും തണുത്ത കാലാവസ്ഥ എന്നിവയ്ക്ക് പ്രശസ്തമാണ്.
നഗരത്തിന്റെ പടിഞ്ഞാറൻ അറ്റത്താണ് ഡോയ് സുതേപ്-പുയി ദേശീയോദ്യാനം ആരംഭിക്കുന്നത്. മ്യാൻമറിന്റെ അതിർത്തിക്കടുത്തുള്ള ഡോയി ചിയാങ് ഡാവോയും ഫാ ഡീയാങ് പർവതവും ഉൾപ്പെടുന്ന ചിയാങ് ഡാവോ ദേശീയോദ്യാനവും സന്ദര്‍ശിക്കേണ്ടതാണ്. പല ടൂർ കമ്പനികളും കുന്നുകൾക്കും വനങ്ങൾക്കുമിടയിൽ കാൽനടയായും ആനപ്പുറത്തും ട്രെക്കിങ്ങ് നടത്തുന്നുണ്ട്. വടക്കൻ തായ്‌ലൻഡിലെ ഏറ്റവും പഴക്കം ചെന്ന മൃഗശാലയും ചിയാങ്ങ് മായിലാണ് സ്ഥിതിചെയ്യുന്നത്. പ്രധാന തെരുവായ റാച്ചഡാംനോയെൻ റോഡിലുള്ള രാത്രി ചന്തയില്‍ ഉപ്പു മുതല്‍ കര്‍പ്പൂരം വരെ എന്തും വാങ്ങാം. തായ് മസാജ് നടത്തുന്ന ഒട്ടേറെ പാര്‍ലറുകളും നഗരത്തിന്‍റെ സവിശേഷതകളില്‍പ്പെടുന്നു.