അതീവ ഗ്ലാമറസായി മൗറീഷ്യസിലെ ബീച്ചിൽ അനുപമ; മറ്റൊരു വിശേഷം കൂടിയുണ്ട്!
Mail This Article
മൗറീഷ്യസിലെ റിസോര്‍ട്ടില്‍ ഇരുപത്തെട്ടാം പിറന്നാള്‍ ആഘോഷമാക്കി നടി അനുപമ പരമേശ്വരന്‍. ഇവിടെ നിന്നുള്ള അടിപൊളി ചിത്രങ്ങള്‍ അനുപമ പോസ്റ്റ് ചെയ്തു. ലേ മെറീഡിയന്‍ ഐല്‍ മൗറിസ് റിസോര്‍ട്ടിലാണ് താരത്തിന്‍റെ ആഘോഷം. പിറന്നാള്‍ മാത്രമല്ല, ഈ വേളയ്ക്ക് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. അനുപമ സിനിമയില്‍ എത്തിയിട്ട് പത്തു വര്‍ഷം തികയുന്നു. പതിനെട്ടാം വയസ്സിലാണ് അനുപമ എന്ന നടിയെ ആദ്യമായി വെള്ളിത്തിരയില്‍ കാണുന്നത്. പ്രേമത്തിലെ മേരിയായി എത്തിയ ആ ചുരുണ്ട മുടിക്കാരിയെ പ്രേക്ഷകര്‍ ഹൃദയത്തില്‍ ഏറ്റെടുത്തു. പിന്നീട് മറ്റു ഭാഷകളിലേക്ക് നീങ്ങിയ അനുപമ, തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ മികച്ച നടിയായി പേരെടുത്തു. തെന്നിന്ത്യയൊട്ടാകെ ലക്ഷക്കണക്കിന് ആരാധകര്‍ അനുപമയ്ക്കുണ്ട്.
ഇത്രത്തോളം എത്താന്‍ സഹായിച്ച ആരാധകരോടും പ്രേക്ഷകരോടും അനുപമ ഒപ്പമുള്ള കുറിപ്പില്‍ നന്ദി രേഖപ്പെടുത്തി. ഒട്ടേറെ താരങ്ങളും അനുപമയ്ക്കു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. മാരിയറ്റിന്‍റെ കീഴിലുള്ള ലേ മെറീഡിയന്‍ ഐല്‍ മൗറിസ് പഞ്ചനക്ഷത്ര റിസോര്‍ട്ട്, മൗറീഷ്യസിലെ പോയിന്‍റെ ഓക്സ് പിമെന്‍റ്സ് ബീച്ചിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഇന്ത്യൻ മഹാസമുദ്രത്തിന്റെ അതിമനോഹരമായ കാഴ്ചകളുള്ള 261 മുറികളും സ്യൂട്ടുകളും ഇവിടെയുണ്ട്. എല്ലാ മുറികളിലും എയർ കണ്ടീഷനിങ്, മിനിബാർ, ടെലിഫോൺ, സാറ്റലൈറ്റ് ചാനലുകളുള്ള ഫ്ലാറ്റ് സ്‌ക്രീൻ ടെലിവിഷൻ, കോംപ്ലിമെന്ററി വൈ-ഫൈ, ഇൻ-റൂം സേഫ്, പ്രത്യേക ഷവറുള്ള ബാത്ത്‌റൂം എന്നിവയുൾപ്പെടെ അത്യാഡംബര സൗകര്യങ്ങൾ ഉൾപ്പെടുന്നു.
എല്ലാ മുറികളില്‍ നിന്നും, വിശാലമായ ബീച്ചിലേക്ക് നേരിട്ട് നടന്നു കയറാനാകും എന്നതാണ് മറ്റൊരു സവിശേഷത. വലിയ പൂള്‍ ഏരിയയും ബാലിനീസ് മസാജുകളും ഹോട്ട് സ്റ്റോൺ തെറാപ്പികളും കൂടാതെ സ്റ്റീം ബാത്ത്, നീരാവിക്കുളി, ഹോട്ട് ടബ്, സ്നോ റൂം എന്നിവയുള്ള സ്പാ സെന്‍ററുമുണ്ട്. ജലവിനോദങ്ങളും മറ്റും താൽപ്പര്യമുള്ള അതിഥികൾക്ക്, കയാക്കിങ്, സ്‌നോർക്കെലിങ്, വിൻഡ്‌സർഫിങ്, ഡൈവിങ് എന്നിവയുണ്ട്.
മൗറീഷ്യസിന്റെ തലസ്ഥാനമായ പോർട്ട് ലൂയിസിലെ കടൽത്തീരത്ത് നിന്നു 16 കിലോമീറ്റർ അകലെയാണ് ഐൽ മൗറീസ് മെറിഡിയൻ. ഇന്ത്യക്കാര്‍ക്കിടയില്‍ മാലദ്വീപ് പോലെത്തന്നെ ഏറെ ജനപ്രിയമായ ഒരു ദ്വീപ് രാജ്യമാണ് മൗറീഷ്യസ്. ഇന്ത്യൻ വംശജരുടെ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമാണ് ഇവിടം. ജനസംഖ്യയിൽ എഴുപതു ശതമാനത്തോളം ഇന്ത്യൻ വംശജരാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ മനോഹരമായ ഈ ദ്വീപ് രാഷ്ട്രം, തടാകങ്ങൾ, ബീച്ചുകൾ, ബഹുവർണ്ണ പവിഴപ്പുറ്റുകൾ, മഴക്കാടുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയെല്ലാം കൊണ്ട് അനുഗ്രഹീതമാണ്.
മൗറീഷ്യസിലെ ഗ്രാൻഡ് ബേ, പെരേബെരെ, ബെല്ലെ മേരെ, ബ്ലൂ ബേ തുടങ്ങിയ ബീച്ചുകള്‍ വര്‍ഷംതോറും ആയിരക്കണക്കിനു ഹണിമൂണ്‍ സഞ്ചാരികളെ ആഘോഷാരവങ്ങളോടെ വരവേല്‍ക്കുന്നു. പല നിറത്തിലുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ ചമരെൽ എന്ന ചെറിയ ഗ്രാമം മൗറീഷ്യസിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിൽ ഒന്നാണ്. കൂടാതെ, സാഹസിക പ്രേമികൾക്ക് സ്കൈ ഡൈവിങ്, ബൈക്കിങ്, സിപ്‌ലൈനിങ്, ട്രെക്കിങ്, പാരാഗ്ലൈഡിങ്, ഹെലികോപ്റ്റർ & സീപ്ലെയിൻ യാത്രകൾ എന്നിങ്ങനെയുള്ള വിനോദങ്ങളും പരീക്ഷിക്കാം.
ഇന്ത്യൻ പൗരന്മാർ മൗറീഷ്യസ് വീസയ്ക്ക് മുൻകൂട്ടി അപേക്ഷിക്കേണ്ടതില്ല എന്നൊരു പ്രത്യേകത കൂടിയുണ്ട്. സാധുവായ യാത്രാ രേഖകൾ ഉണ്ടെങ്കിൽ മൗറീഷ്യസ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോൾ മൗറീഷ്യസ് വീസ ലഭിക്കും. ഈ വീസ ഓൺ അറൈവൽ 60 ദിവസം വരെ ഉപയോഗിക്കാം. മാത്രമല്ല, സാധുവായ വീസ ഉള്ള ഇന്ത്യക്കാര്‍ക്ക് 90 ദിവസം വരെ ഇവിടെ താമസിക്കാം.