ദക്ഷിണാഫ്രിക്കയിലെ ‘മേശ’ പര്‍വതത്തിന് മുകളിലൂടെ നദിയ മൊയ്തു
Mail This Article
പ്രശസ്തമായ ടേബിൾ മൗണ്ടന്‍റെ മുകളില്‍ നിന്നുള്ള വിഡിയോയുമായി നടി നദിയ മൊയ്തു. പർവതത്തിന്‍റെ മുകളില്‍ വീശിയടിക്കുന്ന കാറ്റില്‍, മുടി ഒതുക്കാന്‍ കഷ്ടപ്പെടുന്ന നടിയെ വിഡിയോയില്‍ കാണാം. ദക്ഷിണാഫ്രിക്കയിലെ കേപ് ഉപദ്വീപിലാണ് ടേബിൾ മൗണ്ടന്‍ അഥവാ ടാഫേൽബെർഗ്. ഇതിന്‍റെ മുകള്‍വശം ഒരു മേശ പോലെ പരന്നതായതിനാലാണ് ഈ പേര് ലഭിച്ചത്. കേപ് ടൗണിനോടു ചേർന്ന് ടേബിൾ ബേയ്ക്കഭിമുഖമായി സ്ഥിതിചെയ്യുന്ന ടേബിൾ മൗണ്ടൻ, കടലില്‍ നിന്നും 200 കിലോമീറ്റര്‍ ദൂരത്തു നിന്നു കാണാം. ടേബിൾ ക്ലോത്ത് എന്നു വിളിക്കുന്ന ഒരു വെളുത്ത മേഘപടലം മിക്കസമയത്തും ഈ പർവതത്തെ ആവരണം ചെയ്തു കാണുന്നത് കൗതുകകരമായ കാഴ്ചയാണ്.
ഒരു കേബിൾ വേയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ടേബിൾ മൗണ്ടൻ ഏരിയൽ കേബിൾവേ, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 302 മീറ്റർ ഉയരമുള്ള ടാഫെൽബർഗ് റോഡിലെ ലോവർ കേബിൾ സ്റ്റേഷനിൽ നിന്ന് 1,067 മീറ്റർ ഉയരത്തിലുള്ള പർവതത്തിന്‍റെ മുകളിലെ പീഠഭൂമിയിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നു. കയറ്റത്തിലും ഇറക്കത്തിലും 360 ഡിഗ്രിയിൽ കറങ്ങുന്ന പുതിയ കേബിൾ കാറുകൾ കേപ് ടൗൺ, ടേബിൾ ബേ, ലയൺസ് ഹെഡ്, റോബൻ ഐലൻഡ് എന്നിവയുടെയും, അറ്റ്ലാന്റിക് കടൽത്തീരത്തിന്‍റെയും മനോഹരമായ കാഴ്ചകള്‍ ഇങ്ങനെ ആസ്വദിക്കാം.
ഇന്ന് ദക്ഷിണാഫ്രിക്കയിലെ ഒരു പ്രധാന ദേശീയ സംരക്ഷിത പ്രദേശമാണ് ടേബിൾ മൗണ്ടൻ. ദക്ഷിണാഫ്രിക്കയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ദേശീയോദ്യാനമാണ് ടേബിൾ മൗണ്ടൻ നാഷണൽ പാർക്ക്, പ്രതിവർഷം നാലര ദശലക്ഷം ആളുകള്‍ ഇവിടം സന്ദര്‍ശിക്കുന്നു എന്നാണു കണക്ക്.
ടേബിൾ പർവതത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം പീഠഭൂമിയുടെ കിഴക്കേ അറ്റത്താണ്. ഇത് സമുദ്രനിരപ്പിൽ നിന്ന് 1,086 മീറ്റർ ഉയരത്തിലാണ്, പീഠഭൂമിയുടെ പടിഞ്ഞാറൻ അറ്റത്തുള്ള കേബിൾ സ്റ്റേഷനേക്കാൾ ഏകദേശം 19 മീറ്റർ ഉയരമുള്ള ഈ പ്രദേശം, മക്ലിയർസ് ബീക്കണ്‍ എന്നറിയപ്പെടുന്നു.
അസാധാരണമാംവിധം സമ്പന്നമായ ജൈവവൈവിധ്യവും ടേബിള്‍ മൗണ്ടന്‍റെ പ്രത്യേകതയാണ്. ഏകദേശം 2,285 ഇനം സസ്യങ്ങള്‍ ഇവിടെ ഉള്ളതായി കണക്കാക്കുന്നു. കൂടാതെ, മുള്ളൻപന്നികൾ, മംഗൂസുകൾ, പാമ്പുകൾ, പല്ലികൾ, ആമകൾ എന്നിവയും ടേബിൾ മൗണ്ടൻ ഗോസ്റ്റ് ഫ്രോഗ് , ടേബിൾ മൗണ്ടനിൽ മാത്രം കാണപ്പെടുന്ന അപൂർവ ഇനം ഉഭയജീവികളുടെയും ആവാസ കേന്ദ്രമാണ് ടേബിൾ മൗണ്ടൻ.
ഹൈക്കിങ്ങാണ് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട മറ്റൊരു വിനോദം. കൊടുമുടിക്കു ചുറ്റുമായി കുത്തനെയുള്ള നിരവധി പാറക്കെട്ടുകളുണ്ട്. പ്ലാറ്റെക്ലിപ് ഗോർജ് മലയിടുക്കാണ് ഇവയില്‍ ഏറ്റവും ജനപ്രിയം. രണ്ടര മണിക്കൂര്‍ കൊണ്ടു മുകളില്‍ എത്താം. ടേബിൾ പർവതത്തിന്‍റെ താരതമ്യേന താഴ്ന്ന പ്രദേശമായ ബാക്ക് ടേബിളിലൂടെയാണ് കൊടുമുടിയിലേക്കുള്ള ദൈർഘ്യമേറിയ വഴികൾ പോകുന്നത്. കിർസ്റ്റൻബോഷ് നാഷണൽ ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് ആരംഭിക്കുന്ന റൂട്ട് ഇവയില്‍ ഒന്നാണ്. സ്‌കെലിറ്റൺ ഗോർജ് വഴി മക്ലിയർസ് ബീക്കണിലേക്കുള്ള റൂട്ട് സ്മട്ട്സ് ട്രാക്ക് എന്നറിയപ്പെടുന്നു. കോൺസ്റ്റാന്റിയ നെക്ക്, സിസ്ലിയ പാർക്ക്, ന്യൂലാൻഡ്സ് ഫോറസ്റ്റ്, റോഡ്സ് മെമ്മോറിയൽ എന്നിവിടങ്ങളിൽ നിന്നുള്ള വഴികളും പർവതത്തിന്‍റെ താഴത്തെ ചെരിവുകളിൽ നിന്നും ആരംഭിക്കുന്നവയാണ്.
ടേബിൾ മൗണ്ടനിൽ റോക്ക് ക്ലൈംബിങ് വളരെ പ്രശസ്തമായ വിനോദമാണ്. കേബിൾ സ്റ്റേഷന് താഴെയുള്ള പാറക്കെട്ടുകളിലാണ് പ്രധാന കയറ്റങ്ങൾ സ്ഥിതി ചെയ്യുന്നത്. കൂടാതെ, ടേബിൾ പർവതത്തിന്‍റെ ചരിവുകളിൽ മൗണ്ടൻ ബൈക്കിങ് നടത്താവുന്ന ഒട്ടേറെ ട്രാക്കുകൾ ഉണ്ട്. ഇവിടെയുള്ള വളരെ പ്രശസ്തമായതും, കുത്തനെയുള്ളതുമായ ട്രാക്കിന്‍റെ പേരാണ് പ്ലം പുഡിംഗ് ഹിൽ.
സെപ്റ്റംബറിനും ഏപ്രിലിനും ഇടയിലുള്ള തിരക്കേറിയ മാസങ്ങളിൽ ടേബിൾ മൗണ്ടൻ സന്ദർശിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം ഈ സമയത്ത് കേബിൾവേയും മറ്റു വിനോദങ്ങളും വളരെ സജീവമായിരിക്കും.