ADVERTISEMENT

ആദ്യകാലത്ത് സഞ്ചാരികൾ യാത്ര ചെയ്യാൻ വടക്കുനോക്കി യന്ത്രത്തെയും പിന്നീട് ഭൂപടത്തെയുമായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് പുസ്തകങ്ങളും യാത്രയെ സ്വാധീനിച്ചു. ഇന്റർനെറ്റ് അവതരിച്ചതോടെ ഗൂഗിളിന്റെ പിന്നാലെയായി. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയ ആണ് യാത്രകൾ തീരുമാനിക്കുന്നത്. ഇൻസ്റ്റഗ്രാം റീലുകളും യുട്യൂബ് വിഡിയോകളും കണ്ട് യാത്ര തീരുമാനിക്കുന്നതിൽ വരെയെത്തി നമ്മുടെ സഞ്ചാരങ്ങൾ.

Image Credit: scaliger/istockphoto
Image Credit: scaliger/istockphoto

സോഷ്യൽ മീഡിയയിൽ വൈറലായി ഹിറ്റാകുന്ന എത്രയെത്ര സ്ഥലങ്ങളാണ് ഉള്ളത്. ഇപ്പോൾ നിരന്തരം സോഷ്യൽ മീഡിയയിൽ കാണുന്ന ഒരു സ്ഥലമാണ് അസർബൈജാൻ.  അതിപ്പോൾ ജപ്പാനിലെ ചെറി പൂക്കളായാലും കസാഖിസ്ഥാന്റെ മനോഹാരിത ആയാലും എല്ലാം ഇൻസ്റ്റഗ്രാം റീലുകളിലൂടെയാണ് സഞ്ചാര പ്രിയരിലേക്ക് എത്തുന്നത്. നിലവിൽ അസർബൈജാൻ ആണ് ഇന്ത്യൻ സഞ്ചാരികളെ ഇരുകൈയും നീട്ടി മാടിവിളിക്കുന്ന വിദേശരാജ്യം.

Azerbaijan. Image Credit: SERGEI MUGASHEV/istockphoto
Azerbaijan. Image Credit: SERGEI MUGASHEV/istockphoto

നേരത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നെങ്കിലും ഇപ്പോൾ ഒരു സ്വതന്ത്രരാജ്യമാണ് അസർബൈജാൻ. കാസ്പിയൻ കടലിന് പടിഞ്ഞാറു ഭാഗത്തായാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. റഷ്യ, ജോർജിയ, അർമേനിയ, ഇറാൻ, തുർക്കി എന്നിവയാണ് അസർബൈജാന്റെ അയൽരാജ്യങ്ങൾ.  കിഴക്ക് കാസ്പിയൻ കടലും വടക്ക് റഷ്യയുമായി യൂറേഷ്യയിലെ തെക്കൻ കോകസസ് മേഖലയിലാണ് ഈ രാജ്യം. 1.1 കോടി മാത്രമാണ് ഇവിടുത്തെ ജനസംഖ്യ.  ഇന്ത്യയിൽ നിന്ന് ഇപ്പോൾ ഈ യൂറേഷ്യ രാജ്യത്തേക്ക് നിരവധി സഞ്ചാരികളാണ് ഒഴുകുന്നത്. അസർബൈജാനിൽ തന്നെ ഏറ്റവും ആകർഷകമാകുന്നത് തലസ്ഥാന നഗരിയും രാജ്യത്തെ ഏറ്റവും വലിയ നഗരവുമായ ബാകു ആണ്. ബാകുവിൽ എത്തുന്നവർക്ക് യൂറോപ്പിൽ എത്തിയ ഒരു ഫീൽ ആണ് ലഭിക്കുന്നത് എന്നതു തന്നെയാണ് തലസ്ഥാന നഗരം ഇത്രയും പ്രധാനപ്പെട്ടതാകാൻ കാരണം. അതുകൊണ്ടു തന്നെ അസബൈജാനിലേക്ക് എത്തുന്ന സഞ്ചാരികളുടെ പ്രധാനപ്പെട്ട ആകർഷണത്തിൽ ഒന്ന് തലസ്ഥാനമായ ബാകു ആണ്.

ലാച്ചിൻ ചെക്ക്‌പോയിന്റിൽ അസർബൈജാൻ പതാക (Photo by EMMANUEL DUNAND / AFP)
ലാച്ചിൻ ചെക്ക്‌പോയിന്റിൽ അസർബൈജാൻ പതാക (Photo by EMMANUEL DUNAND / AFP)

അസർബൈജാനിലേക്ക് സഞ്ചാരികളെ എത്തിക്കുന്നത് റീൽസ് മാത്രമല്ല

നേരത്തെ അസർബൈജാനിലേക്ക് പോയി വരുന്നതിന് വിമാനടിക്കറ്റ് നിരക്ക് 50,000 രൂപയെങ്കിലും ആകുമായിരുന്നു. എന്നാൽ, ഇപ്പോൾ ഡൽഹിയിൽ നിന്ന് ബാകുവിലേക്ക് പോയി വരുന്നതിന് 30,000 - 40000 രൂപയാണ്  ചെലവ്. 2022നെ അപേക്ഷിച്ച് 2023ൽ 22 ശതമാനമാണ് അസർബൈജാനിലേക്കുള്ള ടിക്കറ്റ് നിരക്കിൽ കുറവ് വന്നത്. കൂടാതെ ഡൽഹിയിൽ നിന്ന് നേരിട്ടുള്ള വിമാനവും ഉണ്ട്. അഞ്ച് മണിക്കൂർ യാത്ര കൊണ്ട് അസർബൈജാനിലേക്ക് എത്താം. കൂടാതെ, അസർബൈജാനിലേക്ക് വളരെ എളുപ്പത്തിൽ ഇ-വീസ സ്വന്തമാക്കാനും കഴിയും. 1600 രൂപയാണ് വീസയ്ക്ക് ഏകദേശം ചെലവ് വരുന്നത്. ആദ്യം സർക്കാരിന്റെ ഓൺലൈൻ പോർട്ടലിൽ എത്തി വീസയ്ക്ക് അപേക്ഷിക്കുക, ഡാറ്റ പൂരിപ്പിച്ച് പണമടയ്ക്കുക, മൂന്ന് ദിവസത്തിനുള്ളിൽ ഇ-മെയിൽ വഴി വീസ ലഭിക്കും. 

നഗോർണോ-കരാബാക്കിലെ അസർബൈജാൻ നിയന്ത്രിത മേഖലയുടെ വിദൂരദൃശ്യം (Photo by AFP)
നഗോർണോ-കരാബാക്കിലെ അസർബൈജാൻ നിയന്ത്രിത മേഖലയുടെ വിദൂരദൃശ്യം (Photo by AFP)

യൂറോപ്പിനോടുള്ള സ്നേഹം ഇന്ത്യക്കാരെ അസർബൈജാനിലേക്ക് എത്തിക്കുന്നു

ഇന്ത്യക്കാർ യൂറോപ്പിലേക്ക് യാത്ര പോകാൻ വളരെ ഇഷ്ടപ്പെടുന്നവരാണ്. ഇൻസ്റ്റഗ്രാമിൽ കാണുന്ന റീലുകൾ അതിന് തെളിവാണ്. എന്നാൽ യൂറോപ്പ് യാത്ര അത്ര എളുപ്പമല്ല. വീസ പ്രക്രിയ തന്നെ വളരെ മനം മടുപ്പിക്കുന്നതാണ്. കൂടാതെ യൂറോപ്പ് യാത്ര നമ്മുടെ പോക്കറ്റ് കീറുന്നതുമാണ്. എന്നാൽ, ഈ പറയുന്ന മടുപ്പുകളൊന്നുമില്ല എന്നതും യൂറോപ്പിന്റെ സാമ്യതയുമാണ് അസർബൈജാനിലേക്ക് ഇന്ത്യക്കാർ ഒഴുകുന്നതിനുള്ള കാരണം. യൂറോപ്പിന് പകരം ഒരു ബദൽ ഓപ്ഷൻ ആയി അസർബൈജാൻ മാറിക്കഴിഞ്ഞു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആണ് ഇത്തരത്തിൽ അസർബൈജാന് സഞ്ചാരികൾക്കിടയിൽ പ്രിയം നൽകിയത്. മനോഹരമായ പ്രകൃതിദൃശ്യങ്ങളും വാസ്തുവിദ്യയും കാരണം ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്നത് ഒരു യൂറോപ്യൻ അനുഭവം ആണ്. കിഴക്കൻ യൂറോപ്പിൽ കാണുന്നതിന് സമാനമായ വാസ്തുവിദ്യയാണ് തലസ്ഥാനമായ ബാകുവിൽ കാത്തിരിക്കുന്നത്. എന്നാൽ, വസ്തുതാപരമായി ഇതിൽ ചെറിയ തെറ്റുണ്ട്. അസർബൈജാൻ നേരത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. അതുകൊണ്ടു തന്നെ ഇവിടെ നിരവധി റഷ്യൻ വാസ്തുവിദ്യ കാണാൻ കഴിയും. ഇതാണ്, യുറോപ്യൻ വാസ്തുവിദ്യയാണെന്നു പലരും പ്രചരിപ്പിക്കുന്നത്.

അസർബൈജാനിൽ ചെലവും കുറവാണ്

ഒരു അസർബൈജാനി മാനറ്റിന് ലഭിക്കുന്ന ഇന്ത്യൻ രൂപ എന്നത് 48.82 രൂപയാണ്. യൂറോപ്പുമായി താരതമ്യം ചെയ്യുകയാണെങ്കിൽ അസർബൈജാൻ വളരെ ചെലവ്  കുറഞ്ഞ സ്ഥലമാണ്. എന്നാൽ, ഭക്ഷണത്തിന്റെ വിലയെല്ലാം ഇന്ത്യയിലെ വിലയുടേതിന് സമാനമാണ്. മുകളിൽ പറഞ്ഞ എല്ലാ കാരണങ്ങളും അസർബൈജാൻ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാകുന്നു. സോഷ്യൽ മീഡിയയിലും അസർബൈജാൻ യാത്രാ കഥകൾ വൈറലാകാൻ തുടങ്ങിയതോടെ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ഇക്കാരണങ്ങളാൽ തന്നെ സോഷ്യൽ മീഡിയയിൽ അസർബൈജാൻ വലിയ ഹിറ്റായി മാറുകയാണ്. സ്ത്രീകൾക്കും ഈ രാജ്യം സുരക്ഷിതമായതിനാൽ ഇവിടേക്ക് തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളുമുണ്ട്. വലിയ ചരിത്രവും സംസ്കാരവും ഉള്ള ഒരു രാജ്യം കൂടിയാണ് അസർബൈജാൻ. എപ്പോഴും സഹായിക്കാൻ സന്നദ്ധരായിട്ടുള്ള, സൗഹാർദപരമായി പെരുമാറുന്ന ആളുകളുള്ള സ്ഥലം കൂടിയാണ് ഈ രാജ്യം. 

ബാകു മുതൽ കാസ്പിയൻ കടൽത്തീരം വരെ, അസർബൈജാനിൽ കാണേണ്ടത്

തലസ്ഥാന നഗരമായ ബാകുവിൽ നിരവധി കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ആധുനിക വാസ്തുവിദ്യയുടെയും പുരാതന ലാൻഡ് മാർക്കുകളുടെയും സമന്വയത്തിന് പേരുകേട്ട സ്ഥലമാണ് ബാകു. അതുകൊണ്ട് തന്നെ അസർബൈജാൻ യാത്ര ആരംഭിക്കുന്നത് ബാകുവിൽ നിന്നാകുന്നത് നന്നായിരിക്കും. ചരിത്രപ്രസിദ്ധമായ പഴയ നഗരം, സഹ ഹദിദ് ഡിസൈൻ ചെയ്ത ഹൈദർ അലിയേവ് സെന്റർ എന്നിവയെല്ലാം നിർബന്ധമായും കണ്ടിരിക്കണം.

960459128
Atashgah Zoroastrian Fire Temple

ഗോബുസ്ഥാൻ ദേശീയ പാർക്ക് മറ്റൊരു പ്രധാനപ്പെട്ട സ്ഥലമാണ്. പാറകളിലെ പുരാതനമായ കൊത്തു പണികളും അഗ്നിപർവതങ്ങളും മനോഹരമായ ഭൂപ്രകൃതിയും കാണേണ്ടത് തന്നെയാണ്. യുനെസ്കോ ലോക പൈതൃക കേന്ദ്രം കൂടിയാണ് ഗോബുസ്ഥാൻ. പ്രകൃതി സ്നേഹികൾക്കും അസർബൈജാൻ ഒരു അടിപൊളി സ്ഥലമാണ്. ലോകത്തിലെ മഡ് വോൾക്കാനോകളുടെ ഒരു കേന്ദ്രം കൂടിയാണ് അസർബൈജാൻ. കോകസസ് പർവത നിരകളുടെ താഴ് വരയിലുള്ള മനോഹരമായ നഗരമായ ഷെക്കി, മലനിരകളിലെ പ്രസിദ്ധമായ റിസോർട്ട് പട്ടണമായ ഗബാല തുടങ്ങി നിരവധി പ്രസിദ്ധമായ സ്ഥലങ്ങളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. കാസ്പിയൻ കടൽത്തീരവും ബോട്ട് യാത്രകളും ആസ്വദിക്കാവുന്നതാണ്. അസർബൈജാനി ഭക്ഷണരീതി രുചിച്ചറിയാനും മറക്കരുത്.  ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സമയമാണ് അസർബൈജാൻ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. 

English Summary:

Azerbaijan, including its capital Baku, is generally considered a safe destination for solo travelers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com