ബാലിയുടെ 'ആത്മീയ ഹൃദയം'; ഉബുദിൽ അവധി ആഘോഷിച്ച് നവ്യ
Mail This Article
ഇന്തൊനീഷ്യയിലെ സുന്ദരഭൂമിയായ ബാലിയില്‍നിന്നു യാത്രാ ചിത്രങ്ങളുമായി നടി നവ്യാ നായര്‍. നവ്യയ്ക്കൊപ്പം മകനും ഉണ്ട്. ബാലിയിലെ ഉബുദില്‍ ടീഷര്‍ട്ടും ഷോര്‍ട്ട്സുമണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ നവ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ബാലിയുടെ ‘ആത്മീയ ഹൃദയഭൂമി’ എന്ന് അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ഉബുദ്. നെൽപാടങ്ങൾക്കും കുത്തനെയുള്ള മലയിടുക്കുകൾക്കും ഇടയിൽ ഗിയാൻയാർ റീജൻസിയുടെ മധ്യ താഴ്‌വരയിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. പുരാതനക്ഷേത്രങ്ങൾക്കും കലാപരമായ പൈതൃകത്തിനും പേരുകേട്ട ഈ ഗ്രാമം ലോകമെങ്ങുംനിന്നുള്ള സഞ്ചാരികളെ ആകർഷിക്കുന്നു.
കഫേകൾ, ഗാലറികൾ, യോഗ സ്റ്റുഡിയോകൾ, ബോട്ടിക്കുകൾ, മ്യൂസിയങ്ങള്‍ തുടങ്ങിയവയുള്ള നഗരപ്രദേശങ്ങളും നെല്‍പാടങ്ങളും ആട്ടിന്‍പറ്റങ്ങളുമെല്ലാമുള്ള നാട്ടിന്‍പുറങ്ങളും ഇടതൂര്‍ന്ന മഴക്കാടുകളും ഇവിടെ കാണാം. ബാലിയുടെ ഒരു കൊച്ചുപതിപ്പ് എന്നാണ് ഉബുദിനെ വിശേഷിപ്പിക്കുന്നത്. ഇവിടെ വിനോദസഞ്ചാരികള്‍ക്കായി സ്പെഷല്‍ ആനസവാരിയും മിന്നാമിന്നികളെ കാണാനുള്ള ടൂറുമെല്ലാം ഒരുക്കാറുണ്ട്.
ബ്ലാങ്കോ നവോത്ഥാന മ്യൂസിയം, പുരി ലൂക്കിസൻ മ്യൂസിയം, നേക ആർട്ട് മ്യൂസിയം, അഗുങ് റായ് മ്യൂസിയം ഓഫ് ആർട്ട് എന്നിങ്ങനെ ഇവിടെ നിരവധി ആർട്ട് മ്യൂസിയങ്ങളുമുണ്ട്. ടെഗല്ലലംഗ് റൈസ് ടെറസും കെഹൻ ക്ഷേത്രവുമെല്ലാം വിശദമായി കാണേണ്ട കാഴ്ചകളാണ്.
ബാലിയിലേക്ക് എത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണം വര്‍ഷംതോറും കൂടി വരികയാണ്. ഇന്തൊനീഷ്യയിലെ 17,000 ദ്വീപുകളില്‍ വച്ച് ഏറ്റവും മനോഹരമായ, പച്ചപ്പ് നിറഞ്ഞ പ്രകൃതിയും ശാന്തമായ കടലോരങ്ങളും സമ്പല്‍സമൃദ്ധിയുമെല്ലാം ബാലിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. ഒപ്പം സാഹസിക സഞ്ചാരികള്‍ക്കായി ഒട്ടേറെ വിനോദങ്ങളുമുണ്ട്.
പുരാതനമായതും സാംസ്കാരികമൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നതുമായ ഒട്ടേറെ ഉള്‍ഗ്രാമങ്ങള്‍ ബാലിയിലുണ്ട്. ഈസ്റ്റ് ബാലിയിലെ കരംഗസെം റീജൻസിയിലുള്ള തെംഗനൻ, ബംഗ്ലി റീജൻസിയിൽ സ്ഥിതിചെയ്യുന്ന പരമ്പരാഗത ഗ്രാമങ്ങളിലൊന്നായ പെംഗ്ലിപുരൻ, ഡെൻപാസറിന് വടക്കുകിഴക്ക് എട്ട് കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ബട്ടുബുലൻ, 'ബറ്റുവാൻ പെയിന്റിങ്ങി'ന് പ്രശസ്തമായ ബറ്റുവാൻ, ഗിയാൻയാർ റീജൻസിയിലുള്ള മാസ് എന്നിവയെല്ലാം അത്തരം ചില ഇടങ്ങളാണ്.
തനതായ കലാപാരമ്പര്യത്തിനും വാസ്തുവിദ്യയ്ക്കും പരമ്പരാഗത സംസ്കാര രീതികള്‍ക്കും പ്രകൃതിയോടിണങ്ങിയുള്ള ജീവിതരീതിയ്ക്കും പ്രസിദ്ധമാണ് ഈയിടങ്ങള്‍. മാത്രമല്ല, സംസ്കാരവും പാരമ്പര്യവും നിലനിര്‍ത്തിക്കൊണ്ടു തന്നെ ജനങ്ങള്‍ക്ക് സാമ്പത്തികമായിപ്രയോജനം ചെയ്യുന്ന രീതിയിലുള്ള ടൂറിസം മേഖല കെട്ടിപ്പടുക്കുന്നതിൽ ഈ ഗ്രാമങ്ങള്‍ ലോകത്തിനു തന്നെ മാതൃകയാണ്.
കൂടാതെ സ്കൂബ ഡൈവിങ്ങും സ്നോര്‍ക്കലിങ്ങും പോലുള്ള ജലവിനോദങ്ങള്‍ ബാലിയില്‍ എല്ലായിടത്തും ലഭ്യമാണ്. ഓപ്പണ്‍ ബാറുകള്‍, റൂഫ്ടോപ് റസ്റ്ററന്റുകൾ തുടങ്ങി കൂട്ടുകാര്‍ക്കൊപ്പം വരുന്നവര്‍ക്ക് അടിച്ചു പൊളിക്കാന്‍ പറ്റിയ കുട്ടയും സഞ്ചാരികള്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റാണ്.
വര്‍ഷം മുഴുവന്‍ സഞ്ചാരയോഗ്യമാണെങ്കിലും ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ് ബാലി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. മിഡ്-സീസൺ മാസങ്ങളിൽ കടകളിലും റസ്റ്ററന്റുകളിലും ഹോട്ടലുകളിലുമെല്ലാം പൊതുവേ തിരക്ക് കുറവാണ്. ഒക്ടോബര്‍ ആകുമ്പോഴേക്കും വിമാനനിരക്കും പൊതുവേ കുറയാറുണ്ട്.