ADVERTISEMENT

രുഭൂമിയും കടലും ഒത്തുചേരുന്ന ഒരു അത്യപൂർവ പ്രതിഭാസം –  ഖത്തറിലെ ഇൻലാൻഡ് സീ അഥവാ ഖോർ അൽ ഉദയ്ദ് എന്ന പേർഷ്യൻ ഉൾക്കടല്‍. മരുഭൂമിയുടെ സ്വർണവർണ മണൽത്തരികളും കരിനീല ഉൾക്കടലും ഒരേ സ്ഥലത്ത് സംഗമിക്കുന്ന മനോഹര ദൃശ്യം. ഇവിടുത്തെ സൂര്യോദയവും അസ്തമനവും അവിസ്മരണീയമാണ്. ലോകത്തിലെ ഏറ്റവും മികച്ച 100 ബീച്ചുകളിൽ ഒന്നായി ഖത്തറിന്‍റെ ഇൻലാൻഡ് ഉൾക്കടലും ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടു. ലണ്ടൻ ആസ്ഥാനമായുള്ള ബീച്ച് അറ്റ്‌ലസ് പുറത്തിറക്കിയ പുതിയ പട്ടികയിലാണ് 2024-ലെ ഗോൾഡൻ ബീച്ച് അവാർഡിൽ ബീച്ചുകളുടെ ക്ലാസിക് സൗന്ദര്യത്തിനപ്പുറം, പ്രകൃതി വൈവിധ്യം, പ്രാദേശിക സമൂഹിക മൂല്യം, സാംസ്കാരിക പ്രാധാന്യം തുടങ്ങിയ അൽഗോരിതം ഉപയോഗിച്ച്  ലോകമെമ്പാടുമുള്ള യാത്രാവിദഗ്ധർ, ഇൻഫ്ലുവൻസേഴ്സ്, ഫൊട്ടോഗ്രാഫർമാർ, ബ്ലോഗർമാർ, പത്രപ്രവർത്തകർ തുടങ്ങിയവരാണ് ലോകത്തിലെ ഏറ്റവും മികച്ച 100 ബീച്ചുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തത്. കുടംബമായി ഖത്തറിലെ സീലൈനിലുള്ള ഇൻലാൻഡ് സീ കാണാന്‍ പോയതിന്‍റെ വിശേഷങ്ങള്‍ ആകട്ടെ ഇന്ന്.

qatar-travel-07
qatar-travel-09
qatar-travel-03
qatar-travel-05

നേരത്തെ ബുക്ക് ചെയ്തതനുസരിച്ചു ടൂര്‍ കമ്പനിയുടെ വാഹനത്തില്‍ ഞങ്ങൾ കുടുംബമായി ഇൻലാൻഡ് സീ ബീച്ചിലേക്ക് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ദോഹയിൽനിന്നു യാത്ര ആരംഭിച്ചു. ഒമാനി സ്വദേശിയായ മുഹമ്മദ്‌ ആയിരുന്നു ഞങ്ങളുടെ സാരഥി. ദോഹയിൽനിന്ന് വക്ര മിസൈദ് വഴി സീലൈന്‍ ബീച്ച്, അവിടെ നിന്നു മരുഭൂമിയിലൂടെ ഏകദേശം 45 കിലോമീറ്റർ സഞ്ചരിച്ച് സൗദി അറേബ്യയ്ക്കു സമീപമുള്ള ഖത്തറിന്റെ അതിർത്തിപ്രദേശമായ ഇൻലാൻഡ് സീ ബീച്ച്, ഇതായിരുന്നു ഞങ്ങളുടെ യാത്രാപദ്ധതി. അവിടേക്കുള്ള യാത്രയെക്കുറിച്ചും അവിടുത്തെ കടലിനെ പറ്റിയുമൊക്കെ ഒരുപാട് കേട്ടിട്ടുണ്ട്. മണല്‍കൂനകളിലൂടെയുള്ള യാത്രയും കടലിൽ ഇറങ്ങാനും അസ്തമയസൂര്യനെ കാണാനുമുള്ള ആഗ്രഹത്തിലാണ് യാത്ര, നീലും നേവയും ആവേശത്തിലാണ്. 

qatar-travel-06
qatar-travel-12

ദോഹ മുതൽ സീലൈൻ ബീച്ച് വരെ 60 കിലോമീറ്റർ ഹൈവേയിലൂടെ യാത്ര. സീലൈനില്‍ ഇറങ്ങി കുറച്ചു സമയം ചെലവഴിക്കാന്‍ അവസരമുണ്ടായിരുന്നു. അനുവും നേവയും അവിടെ ഒരു ഒട്ടക സവാരി നടത്തി, നീല്‍ പോണി സവാരിയും. പരമ്പരാഗത ബദൂവിയന്‍ ടെന്റില്‍ കാവ കുടിച്ചു കുറച്ചു വിശ്രമിച്ചതിനു ശേഷം മരുഭൂമിയാത്രയ്ക്ക് ഞങ്ങള്‍ തയ്യാറെടുത്തു. വൈകുന്നേരത്തെ വെയിലിന്റെ കാഠിന്യം കാറ്റുള്ള കാലാവസ്ഥയായതിനാൽ അറിഞ്ഞില്ല. മണലിലൂടെയുള്ള സുഗമമായ യാത്രയ്ക്കായി വാഹനത്തിന്റെ ടയറുകളിലെ കാറ്റ് പകുതി ഒഴിച്ചു മുഹമ്മദ്‌ തയാറായി. ഞങ്ങളുമായി വാഹനം മരുഭൂമിയിലൂടെ സവാരി ആരംഭിച്ചു. നോക്കെത്താദൂരത്തോളം മണല്‍കുന്നുകള്‍. ഒരു പുല്‍നാമ്പ് പോലും മുളയ്ക്കാത്ത കഠിനപ്രദേശം. ഞങ്ങളുടെ ലാന്‍ഡ്‌ ക്രൂയിസര്‍ മരുഭൂമിയിലെ മണൽ കുന്നുകളിലേക്കു പാഞ്ഞുകയറി. മണൽക്കൂനകളിലൂടെ കുത്തനെ കയറ്റിയും ഇറക്കിയും മുഹമ്മദ് ഡെസെര്‍ട്ട് സഫാരിയുടെ ആവേശം ഞങ്ങളിലേക്ക് എത്തിച്ചു, ത്രസിപ്പിക്കുന്ന  ഡ്യൂൺ ബാഷിങ്! നിരവധി മറ്റു വാഹനങ്ങൾ പലയിടത്തും കാണാമായിരുന്നു. നിസാൻ പട്രോളും ലക്സസും ജിഎംസിയും സഞ്ചാരികളെ കൊണ്ടു കുതിക്കുന്ന കാഴ്ചകള്‍. 4WD വാഹനങ്ങൾ മാത്രം പോകുന്ന പ്രദേശം ആണ് ഇവിടം. പരിശീലനം സിദ്ധിച്ച ഡ്രൈവര്‍മാരാണ് ഇവിടേക്കു സഞ്ചാരികളെ കൊണ്ടുപോകുന്നത്. ആവേശകരവും   സാഹസികവുമായ യാത്രയായതിനാൽ എല്ലാ മുൻകരുതലും എടുത്തു വേണം പോകാൻ. 

qatar-travel-11
qatar-travel-02
qatar-travel-10

മരുഭൂമിയിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ ഇടയ്ക്ക് മുഹമ്മദ് ഒരു മണൽകുന്നില്‍ വാഹനം നിര്‍ത്തി. അവിടെവച്ച് ഞങ്ങള്‍ക്ക് അറബികളുടെ തലയില്‍കെട്ടായ ഗുത്റ കെട്ടിത്തരികയും ഫോട്ടോകള്‍ എടുത്തു നല്‍കുകയും ചെയ്തു. ചവിട്ടിയാൽ കാൽ പൂണ്ടു പോവുന്ന അത്രയും തരിമണൽ, മരുക്കാറ്റ് മണലില്‍ ചിത്രങ്ങള്‍ കോറിയിടുന്നു. ദൂരെയായി താഴെ കടല്‍ കാണാം. ഉപ്പ് പാളികളും മറ്റ് ധാതുക്കളും കൊണ്ട് മൂടിയിരിക്കുന്ന തീരം. ഉപ്പ് സാന്നിധ്യം കാരണം അവിടം വെളുത്തതായി കാണപ്പെടുന്നു. കുറച്ചു സമയം അവിടെ ചെലവഴിച്ചതിനു ശേഷം ഞങ്ങൾ വാഹനത്തില്‍ മുന്നോട്ടുപോയി. വേലിയിറക്ക സമയത്തു വെള്ളം ഇറങ്ങുന്ന സ്ഥലങ്ങളിലൂടെയും മറ്റ് ഏതൊക്കെയോ വഴികളിലൂടെയുമാണ് മുന്നോട്ടു നീങ്ങുന്നത്. 

qatar-travel-08
qatar-travel-13
qatar-travel-01

2007-ൽ ഖോർ അൽ ഉദയ്ദ്നെ നാച്ചുറല്‍ റിസേര്‍വ് മേഖലയായി പ്രഖ്യാപിക്കയും യുനെസ്‌കോയുടെ ലോക പൈതൃക സാധ്യതാ പട്ടികയിൽ ഉള്‍പ്പെടുത്തുകയും ചെയ്തു. ഖത്തറും സൗദി അറേബ്യയും യുഎഇയും തമ്മിൽ സംഘർഷം നില നിന്നിരുന്ന പ്രദേശമായിരുന്നു ഖോർ അൽ ഉദയ്ദ്.  2021ൽ സൗദി അറേബ്യയും ഖത്തറും അതിർത്തി പുനർ നിർണയിക്കുകയും ഖോർ അൽ ഉദയ്ദ് ഉപദ്വീപിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തി കൂടുതൽ തെക്കോട്ട് നീക്കി സൗദി അറേബ്യ ഖത്തറിന് ഈ പ്രദേശം പൂര്‍ണ്ണമായി വിട്ടു നല്‍കുകയുമുണ്ടായി. ഖത്തറിലെ ഒരുപക്ഷേ ഏറ്റവും ചരിത്ര പ്രധാനമായ സ്ഥലമായിരിക്കാം ഖോർ അൽ ഉദയ്ദ്. 19-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ കടൽക്കൊള്ളക്കാരുടെ അഭയകേന്ദ്രമായി ഖോർ അൽ ഉദയ്ദ് വർത്തിച്ചിരുന്നു എന്നതാണ് ചരിത്രം. കുടിയേറിപ്പാർത്ത കടൽ കൊള്ളക്കാരും കുറച്ച് ഖത്തറികളും ചേർന്നു അബൂദാബി തീരത്തു നിന്നു പോയ കപ്പലുകൾ കൊള്ളയടിച്ചതിൽ ബ്രിട്ടിഷ് കപ്പലുകളും ഉണ്ടായിരുന്നു. ബ്രിട്ടിഷ് കോളനി രാജ്യങ്ങളിൽ നിന്നും ചരക്കുകള്‍ കൊണ്ടു പോവുന്ന കപ്പലുകൾ റാഞ്ചിയത് അവർക്കു സഹിച്ചില്ല. തൽഫലമായി ബ്രിട്ടിഷ് പട്ടാളം നാവികസേനയെ അയച്ചു കടൽകൊള്ളക്കാരുടെ ബോട്ടുകൾ പിടിച്ചെടുക്കുകയും അവരുടെ ഒരു കപ്പലിനു തീയിടുകയും ചെയ്തു. തുടർന്ന് ബ്രിട്ടിഷ് സര്‍ക്കാരിന്റെ സമ്മർദ്ദ ഫലമായി ഖോർ അൽ ഉദയ്ദ് ഒഴിപ്പിച്ച സൈനിക നടപടിയിൽ (അന്ന് ഖത്തർ ബ്രിട്ടിഷ് ഗവൺമെന്റിന്റെ കീഴിലുള്ള അബുദാബി പ്രവിശ്യയുടെ ഭാഗമായിരുന്നു) അൻപത് പേരോളം കൊല്ലപ്പെടുകയും ചെയ്തു എന്നാണ് ചരിത്രം.

അങ്ങനെ ഞങ്ങള്‍ വൈകുന്നേരം അഞ്ചുമണിയോടുകൂടി ഖോർ അൽ ഉദയ്ദ് കടലിടുക്കിൽ എത്തിച്ചേർന്നു. മരുഭുമിയിലേക്കു കടൽ തലോടി നിൽക്കുന്ന ലോകത്തിലെ അപൂർവ സ്ഥലങ്ങളിൽ ഒന്നായ മനോഹര കടൽത്തീരം ഞങ്ങൾക്കു മുന്നിൽ. നല്ല തണുത്ത കാറ്റും തെളിഞ്ഞ ആകാശവും നീലക്കടലും ചേർന്നു ഒരു വല്ലാത്ത അനുഭവമാണ് ഇവിടം നല്‍കിയത്. കത്തിനിന്ന സൂര്യന്‍ ചക്രവാള സീമയിലേക്കു മെല്ലെ നീങ്ങുന്നു. അതിന് പശ്ചാത്തലമായി കടലിനെ തൊട്ടു നിൽക്കുന്ന ഡ്യൂണുകള്‍ മനസ്സിനു കുളിർമ നൽകുന്ന കാഴ്ച തന്നെയാണ്. ഈ മുനമ്പിൽ നിന്ന് നോക്കിയാൽ ഒരു ചെറിയ കടലിടുക്കിനപ്പുറം സൗദി അറേബ്യ കാണാം. ബീച്ചിൽ കളിക്കുന്നവരെയും മീൻ പിടിച്ചു ചുട്ടു തിന്നുന്നവരെയുമൊക്കെ കണ്ടു. ഇന്‍ലാന്‍ഡ്‌ സീ ബീച്ച് അപകടകരമായ ബീച്ച് ആണ്, അതുകൊണ്ടു അവിടേക്ക് ഇറങ്ങുമ്പോൾ ശ്രദ്ധവേണം എന്ന് മുഹമ്മദ്‌ ഓര്‍മിപ്പിച്ചു. ഹൈ ടൈഡ് ആണെങ്കിൽ വെള്ളത്തിലൂടെ കുറച്ചുദൂരം നടന്നാലേ ബീച്ച് എത്തുകയുള്ളൂ. തണുപ്പ് കാലത്തു ഒരുപാടു ക്യാംപിങ്, ഡ്രൈവിങ് ആക്ടിവിറ്റികള്‍ ഇവിടെ ഉണ്ടാകും. ആമകൾ, ഓസ്പ്രേകൾ, കോർമോറന്റുകൾ, അരയന്നങ്ങൾ, കുറുക്കന്മാർ, ഉറുമ്പുകൾ എന്നിവയുള്ള സവിശേഷമായ ഒരു ആവാസവ്യവസ്ഥയാണ് ഖോർ അൽ ഉദയ്ദിൽ ഉള്ളത്. വേലിയിറക്കത്തിൽ പുരാതന സമുദ്രജീവികളുടെ ഫോസിലുകൾ കണ്ടെത്താനാകും. ഞങ്ങള്‍ക്കു തിരികെ പോകുവാനുള്ള സമയം ആകുന്നു എന്നു മുഹമ്മദ്‌ സൂചന നല്‍കി. നീലിനും നേവക്കും അവിടം വിട്ട് പോകുവാന്‍ മനസ്സില്ലായിരുന്നു. മുന്‍പ് ദുബായില്‍ ഡെസെര്‍ട്ട് സഫാരികള്‍ നടത്തിയിട്ടുണ്ടെങ്കിലും ഈ യാത്രയെ വ്യത്യസ്തമാക്കുന്നതു മരുഭൂമിയിലൂടെയുള്ള ഡ്രൈവിനു ശേഷം എത്തുന്ന ഇൻലാൻഡ് കടലാണ്. ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരുപിടി നല്ല ഓർമകളുമായി ഞങ്ങൾ ദോഹ ലക്ഷ്യമാക്കി തിരികെ യാത്രയായി.

English Summary:

A Family Adventure to Remember: Our Journey to Qatar's Breathtaking Inland Sea Beach.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com