‘ഹൗ മെനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ടൻ ഡിസി ടു മയാമി’; യാത്രാ ചിത്രങ്ങളുമായി സിജു വിൽസൺ
Mail This Article
‘‘ഹൗ മെനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ടൻ ഡിസി ടു മയാമി ബീച്ച്...’’അമേരിക്കയിൽ കൂട്ടുകാരൻ പോയിട്ടില്ല എന്നു തെളിയിക്കാൻ ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന സിനിമയിൽ ശ്രീനിവാസൻ മോഹൻലാലിനോടു ചോദിക്കുന്ന ചോദ്യാമാണിത്. മയാമി എന്ന സ്ഥലപ്പേരു കേൾക്കുമ്പോൾ ഈ സിനിമ കണ്ടിട്ടുള്ളവരുടെ നാവിലേക്ക് ഓടിയെത്തുന്നുന്ന ചോദ്യമാണിത്. കാണാത്ത കാഴ്ചകളും അറിയാത്ത വീഥികളും പരിചിതരല്ലാത്ത മനുഷ്യരും ഇവയെല്ലാം സമ്മാനിക്കുന്ന സ്വാതന്ത്ര്യമല്ലേ യാത്രകളെ അവിസ്മരണീയമാക്കുന്നത്? അത്തരമൊരു യാത്രയിലാണ് മലയാളത്തിന്റെ പ്രിയതാരം സിജു വിൽസൺ. ഇത്തവണ താരത്തിന് മധുരതരമായ ഓർമകൾ സമ്മാനിക്കുന്നത് അമേരിക്കയുടെ മായിക സൗന്ദര്യമാണ്. രാജ്യത്തിലെ കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം മയാമിയിൽ നിന്നും മൻഹാട്ടനിലെ പ്രശസ്തമായ ടൈം സ്‌ക്വയറിൽ നിന്നുമുള്ള നിരവധി ചിത്രങ്ങളും താരം തന്റെ ആരാധകർക്കും സുഹൃത്തുക്കൾക്കുമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
കാഴ്ചകൾ പോലെ തന്നെ മയാമിയിലെ വേനൽക്കാല രാത്രികൾക്കും നീളം കൂടുതലാണ്. ഈ നഗരത്തിലേക്കു ധാരാളം സന്ദർശകരെത്തുന്ന സമയം വേനൽക്കാലമാണ്. ബീച്ചുകളും രാത്രികാല ആഘോഷങ്ങളും എന്നുവേണ്ട സന്ദർശകരെ ആവേശത്തിലാഴ്ത്താൻ തക്കതായ നിരവധി വിനോദോപാധികൾ ഈ നഗരത്തിലുണ്ട്. വൈവിധ്യപൂർണമായ സംസ്കാരവും അതിനൊപ്പം തന്നെ ഭക്ഷണപ്രേമികളെ തൃപ്തിപ്പെടുത്തുന്ന തനതുവിഭവങ്ങളും കലാ സാംസ്‌കാരിക സംഗമങ്ങളുമൊക്കെ മയാമിയിലെത്തുന്ന അതിഥികളുടെ മനം നിറയ്ക്കും. ധാരാളം സെലിബ്രിറ്റീസ് തങ്ങളുടെ അവധിക്കാലം ചെലവഴിക്കാനായി തിരഞ്ഞെടുക്കുന്ന ഇടമാണ് സൗത്ത് ബീച്ച്. നിരവധി കടകളും റസ്റ്റോറന്റുകളും താമസ സൗകര്യങ്ങളുമൊക്കെ ഈ ബീച്ചിനു സമീപത്തുണ്ട്.
അമേരിക്കയിലെ ഏറ്റവും വലിയ ട്രോപ്പിക്കൽ മൃഗശാലയാണ് മയാമി സൂ. 750 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഇവിടെ മൂവായിരത്തോളം മൃഗങ്ങളെ കാണുവാൻ കഴിയും. അപൂർവങ്ങളും മറ്റെവിടെയും കാണുവാൻ കഴിയാത്തതുമായ നിരവധി ജന്തു ജീവ ജാലങ്ങളെ കാണാൻ കഴിയുന്നയിടമാണ് ജംഗിൾ ഐലൻഡ്. ചെറു നീരൊഴുക്കുകളും വെള്ളച്ചാട്ടങ്ങളും അത്യപൂർവ വൃക്ഷങ്ങളുമൊക്കെയിവിടെയുണ്ട്. മൽസ്യങ്ങൾ, കടലാമകൾ, സ്രാവുകൾ, പക്ഷികൾ, ഉരഗങ്ങൾ എന്നിവയെ കാണണമെന്നുള്ളവർക്കു സന്ദർശിക്കാവുന്നയിടമാണ് സീഅക്വേറിയം. കോറൽ കാസിൽ മ്യൂസിയം, ഹോളോകാസ്റ്റ് സ്മാരകം, 1986 ലെ നിർമിതിയായ ഗെസു ദേവാലയം, ഫ്രീഡം ടവർ എന്ന് തുടങ്ങി നിരവധി കാഴ്ചകൾ ഈ നഗര ഹൃദയത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്നു.
ന്യൂയോർക്കിലെ മാൻഹാട്ടനിൽ സ്ഥിതി ചെയ്യുന്ന ടൈംസ് സ്‌ക്വയർ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട നഗരങ്ങളിലൊന്നാണ്. ന്യൂയോർക്കിന്റെ വ്യാവസായിക, സാംസ്‌കാരിക കേന്ദ്രം കൂടിയാണിവിടം. വിനോദത്തിനും സമയം ചെവഴിക്കുന്നതിനുമായി നിരവധി മാർഗങ്ങൾ ഇവിടെയുണ്ട്. നഗരഹൃദയത്തിൽ അദ്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളുമായി കലാകാരന്മാർ, വൈവിധ്യമാർന്ന വിഭവങ്ങൾ രുചിക്കാൻ ഭക്ഷണശാലകൾ തുടങ്ങിയവ അതിൽ ചിലതു മാത്രം.
ചരിത്രവും കാഴ്ചകളും അറിഞ്ഞു ഈ നഗരത്തിലൂടെ ബസിൽ യാത്ര ചെയ്യാം. മൻഹാട്ടൻ, അപ് ടൗണിലെയും ഡൗൺ ടൗണിലെയും കാഴ്ചകൾ എന്നിവയാണ് പ്രധാനമായും ഈ യാത്രയിൽ കാണുവാൻ കഴിയുക. കൂട്ടത്തിൽ നഗരത്തിന്റെ ചരിത്രപരമായ കഥകളും കേൾക്കാം. ടൈംസ് സ്‌ക്വയർ, മാഡിസൺ സ്‌ക്വയർ ഗാർഡൻ, ദി എമ്പയർ സ്റ്റേറ്റ് ബിൽഡിങ്, ചൈനാടൗൺ, ദി ബ്രോഡ് വേ തീയേറ്റർ ഡിസ്ട്രിക്റ്റ് തുടങ്ങി നിരവധി കാഴ്ചകളാണ് ബസ് യാത്രയുടെ സമ്മാനം. രാത്രിയിലെ നഗര സൗന്ദര്യം ആസ്വദിക്കാനും ബസ് ടൂർ സംഘടിപ്പിക്കപ്പെടുന്നുണ്ട്.
ലോക പ്രശസ്ത മെഴുകു മ്യൂസിയമായ മാഡം തുസാഡ്‌സ് + മാർവെൽ യൂണിവേഴ്‌സ് 4 ഡി എന്നിവയും ഈ നഗര ഹൃദയത്തിലുണ്ട്. മൈക്കിൾ ജാക്‌സനൊപ്പം നൃത്തം ചെയ്യാനും ടെയ്‌ലർ സ്വിഫ്റ്റിനൊപ്പം പാടാനും മുഹമ്മദ് അലിയുടെ ഇടിക്കൂട്ടിലെ കാഴ്ചകളിലേക്കും ഈ മ്യൂസിയം സന്ദർശകരെ ക്ഷണിക്കും. നഗരത്തിന്റെ സമ്പന്നമായ ചരിത്രവും സംസ്കാരവുമെല്ലാം വെളിപ്പെടുത്തുന്ന നിരവധി പ്രശസ്തരുടെ മെഴുകു പ്രതിമകൾ ഇവിടെ കാണാം. ടൈംസ് സ്‌ക്വയർ ദിവസത്തിലെ ഇരുപത്തിനാലു മണിക്കൂറും സജീവമാണ്. പലതരത്തിലുള്ള സംഗീതോപകരണങ്ങൾ വായിക്കുന്ന നിരവധി കലാകാരന്മാരും ലൈവ് മ്യൂസിക് പ്രകടനങ്ങളുമാണ് അതിനു പുറകിൽ.