ADVERTISEMENT

ഒരു ദിവസം അളിയൻ വിളിച്ചു ചോദിച്ചു വിയറ്റ്‌നാമിന് പോരുന്നോ അവർ 5  പേർ ഒരു ഫൊട്ടോഗ്രാഫി ടൂർ പോകുന്നുണ്ട്, പ്രധാനമായും പക്ഷികളും വംശനാശത്തിനടുത്തുള്ള 4 തരം  കുരങ്ങുകളും ആണ് ലക്ഷ്യം. കൂടുതൽ ഒന്നും ആലോചിച്ചില്ല ഞാനും വരുന്നു എന്നു പറഞ്ഞു. പിന്നെ എല്ലാം പെട്ടന്നായിരുന്നു, വീസ, ടിക്കറ്റ് എല്ലാം റെഡി ആക്കി. 

Indochinese green magpie
Indochinese green magpie

ഞാൻ ഹോ ചി മീനിൽ എത്തിയപ്പോഴേക്കും ബാക്കിയുള്ളവരെല്ലാം നേരത്തെ എത്തിയിട്ടുണ്ട്. നേരത്തെ എത്തിയവർ ഹോ ചി മിൻ ചുറ്റി കറങ്ങി കണ്ടു. ഒരുപാടു കാഴ്ചകളുണ്ട് അവിടെ കാണാൻ. അതിൽ ഏറ്റവും പ്രധാനം അമേരിക്കൻ പട്ടാളത്തെ തോൽപിക്കാൻ വിയറ്റ്നാംകാർ നിർമിച്ച ഉയരം കുറഞ്ഞതും  ചതിക്കുഴികൾ നിറഞ്ഞതുമായ  നെടുങ്കൻ തുരങ്കങ്ങൾ ആണ്. കൂടാതെ പ്രകൃതി ഭംഗി നിറഞ്ഞ പാടങ്ങളും പുഴകളും ഉണ്ട്. സ്ട്രീറ്റ് ഫുഡ് ആണ് വേറൊരു ആകർഷണം.

Red shanked douc
Red shanked douc

പക്ഷേ ഞങ്ങളുടെ ലക്‌ഷ്യം പക്ഷികൾ ആയതിനാൽ ഞങ്ങൾക്കു ഗ്രാമങ്ങളിലേക്കും വനങ്ങളിലേക്കുമാണ് പോകേണ്ടത്. അതിരാവിലെ ഞങ്ങളുടെ യാത്ര തുടങ്ങി. അടുത്ത 12 ദിവസം ഗൈഡ് ലൂക്കാണ് ഞങ്ങളെ നയിക്കുന്നത്. പുലർച്ചെ വഴിയിലെമ്പാടും ആരോഗ്യസംരക്ഷണത്തിനു വേണ്ടി ഓടുന്ന ഒരുപാട് ആൾക്കാരെ കണ്ടു. ഒരു വാനിലാണ് ഞങ്ങളുടെ യാത്ര. അളിയനെ മാത്രമേ ഞാൻ അറിയൂ. ബാക്കിയുള്ളവരെല്ലാം  അളിയന്റെ സുഹൃത്തുക്കളാണ്. രാവിലെ 4 നു എല്ലാവരെയും പ്രഭാതഭക്ഷണ സമയത്തു  കണ്ടതാണ് . ആദ്യത്തെ ലക്ഷ്യ സ്ഥാനമായ കാറ്റ് ടൈനിലേക്കു  3-4 മണിക്കൂർ യാത്രയുണ്ട് ആ സമയം കൊണ്ട് എല്ലാവരുമായും നന്നായി പരിചയപ്പെട്ടു. അളിയൻ സുനിൽ ഓണംകുളം (UK), സാബു കുരിയൻ (Kochi, ഞങ്ങളുടെ ടൂർ കോർഡിനേറ്റർ), ജെയ്‌നി കുര്യാക്കോസ് (പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ, 6000 ൽ അധികം പക്ഷി വർഗങ്ങളുടെ ഫോട്ടോ എടുത്തിട്ടുണ്ട്), മാത്യൂസ് കാച്ചപ്പളി കൂടെ ഭാര്യ ഷൈനി മാത്യൂസ് (ബഹ്റിൻ), പിന്നെ ഞാനും. ഇവരെല്ലാവരും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ വളരെ പരിചയമുള്ളവരാണ്. ഞാൻ താരതമ്യേന പുതുമുഖവും. സാബുവിന് കൃത്യമായ ലിസ്റ്റ് ഉണ്ട് ഓരോ സ്‌ഥലത്തും ഏതു പക്ഷികൾ, ഏതു കുരങ്ങുകൾ വേറെ എന്തെല്ലാം പ്രതീക്ഷിക്കാം എന്നിങ്ങനെ. ഞാൻ കിട്ടുന്ന എന്തിന്റെയും പടം എടുക്കാൻ തയാറായി കൂടെയും. കാരണം എന്നെ സംബന്ധിച്ചു എല്ലാം ആദ്യമായി കാണുന്നവയാണ്.

Red headed trogon
Red headed trogon

10 മണിയോടെ സർക്കാർ വന്യജീവി സങ്കേതമായ കാറ്റ് റ്റീൻ നാഷണൽ പാർക്കിൽ എത്തി. താമസ സൗകര്യങ്ങൾ തരക്കേടില്ല. 2 ദിവസം കൊണ്ട് ഇവിടത്തെ പ്രധാന ആകർഷണങ്ങൾ ആയ ബ്ലാക്ക്‌  ഷാങ്ക്ഡ് ലങ്കുർ, ഗോൾഡൻ ചീകിഡ് ഗിബ്ബൺ, പക്ഷികളിൽ ബാർ ബെല്ലിഡ് പിത്ത, ജെർമൈൻ പീകോക് ഫെസൻറ് , ഗ്രീൻ പീഫോൾ, 2 തരം ബ്രോഡ്‌ബിൽ എന്നിവയെ കാണാൻ പറ്റി. 

ഇനി യാത്ര ഡാ ലാറ്റിലേക്കും ഡി ലിംഹിലേക്കുമാണ്

ഞങ്ങൾ പുഴ കടന്നു ഇക്കരെ വന്നു വാനിന്റെ  വരവും കത്ത് നിൽകുമ്പോൾ അടുത്ത ഒരു കടയിൽ ഞങ്ങളെ നോക്കി ചിരിക്കുന്ന നല്ല ചുവന്ന ചക്ക ചുളകൾ കണ്ണിലുടക്കി.പിന്നെ ഒരു മത്സരമായിരുന്നു ആര് ഏറ്റവും കുറച്ചു തിന്നും എന്ന്. പ്രവാസികൾക്ക് എന്നും ചക്ക, മാങ്ങാ എല്ലാം ഒരു ഹരമാണ്. ഞങ്ങൾ ആറു പേരും മത്സരിച്ചു തിന്നു. കടക്കാരൻ വീണ്ടും ഏറ്റവും നല്ല ചക്ക നോക്കി മുറിച്ചുകൊണ്ട് തന്നു. ഇത്രയും രുചിയുള്ള തേൻവരിക്ക ചക്ക അടുത്തെങ്ങും കഴിച്ചിട്ടില്ല. 

Green peafowl
Green peafowl

ഡി ലറ്റ് നമ്മുടെ മൂന്നാർ പോലത്തെ സ്ഥലം. ഇത് ഒരു തടാക നഗരമാണ്. രാത്രിയിൽ വളരെ ഭംഗിയാണ് ഇവിടം കാണാൻ. ലൂണാർ  പുതുവത്സരം പ്രമാണിച്ചു വിയറ്റ്നാം മുഴുവൻ  വളരെ മനോഹരമായി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്. എല്ലായിടത്തും ലൈറ്റുകളും പൂക്കളും വർണച്ചെടികളും ഉപയോഗിച്ചു വീടുകളും വഴിയോരങ്ങളും മനോഹരമായി അലങ്കരിച്ചിരിക്കുന്നു.  

Golden cheeked gibon (male)
Golden cheeked gibon (male)

രാവിലെ തന്നെ പക്ഷി നിരീക്ഷണത്തിനായി പച്ച മറയിട്ടു തയ്യാറാക്കിയിട്ടുള ഒളിത്താവളത്തിൽ ഞങ്ങളെത്തി.  ഞങ്ങളെ നിരാശപ്പെടുത്താതെ എല്ലാവരും വരിവരിയായി വന്നു ഫോട്ടോയ്ക്കു പോസ് ചെയ്തു തന്നു. ബ്ലൂ പിത്ത, പാരറ്റ് ബിൽ, ഇൻഡോ ചൈനീസ് മാഗ്‌പ, ബ്രോഡ് ബിൽ, മുതലായവരാണു മുൻപിൽ. അപ്രതീക്ഷിതമായി വിയറ്റ്നാമീസ് കുട്ടിയാനെയെയും കണ്ടു.

Golden cheecked gibon (female)
Golden cheecked gibon (female)

ഹോ ചി മീനിൽ നിന്നും ഡി നാങ്

ഇനി പോകുന്നതു ഡി നാങ് എന്ന സ്ഥലത്തേക്കാണ്,ഹോ ചി മീനിൽ നിന്നും വിമാന യാത്രയാണ് ഡി നങ്ങിലേക്ക്.  ഇവിടെ റെഡ് ഷാങ് ഡോക്ക് എന്ന സുന്ദരൻ കുരങ്ങിനെ  കാണണം ഫോട്ടോ എടുക്കണം.  സോൺ ട്രാ കുന്നിലാണ് ഇവരുടെ താമസം. ഡി നങ്ങിലെത്തിയപ്പോൾ രാത്രിയായി. 

Germain Pheasant
Germain Pheasant

രാവിലെ സുന്ദരൻ കുരങ്ങിനെ തപ്പി യാത്ര തുടങ്ങി. ഞങ്ങളെ അധികം ബുദ്ധിമുട്ടിക്കാതെ ലൂക്ക അവരെ കണ്ടെത്തി. ഞങ്ങൾ ആവശ്യത്തിന് ഫോട്ടോയും വിഡിയോയും എടുത്തു. കൂടാതെ ലേഡി ബുദ്ധയുടെ ക്ഷേത്രവും പുരാതന ചാം സംസകാരത്തിന്റെ അവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന ഛം മ്യൂസിയവും  കണ്ട് വിയറ്റ്നാമിന്റെ ഹാനോയിലേക്കു യാത്ര തിരിച്ചു.

Delacours langur
Delacours langur

ഹാനോയ് വിമാനത്താവളത്തിൽ നിന്നും ഏകദേശം 100 കിലോമീറ്റർ അകലെയുള്ള വാൻ ലോങ്ങ് എന്ന സ്ഥലത്ത് എത്തി. ഇവിടെയുള്ള കുമ്മായപാറക്കൂട്ടങ്ങളിലാണ്  ലോകത്തു വളരെ കുറച്ചു  മാത്രം ബാക്കിയുള്ള ടെലകോർസ് ലങ്കുർ ഉള്ളത്. രാവിലെ ലൂക്ക്  അവരെ തപ്പിയിറങ്ങി. ഞങ്ങൾ തയ്യാറായി നിന്നു. അധികം വൈകിയില്ല വിളിയെത്തി. ഞങ്ങൾ അവിടെത്തിയപ്പോൾ വളരെ ദൂരെ ഒരു പാറക്കൂട്ടത്തിൽ ഒരു കുടുംബം. വെള്ള നിക്കറിട്ടപോലെയുള്ള കുരങ്ങൻ.  കഷ്ടപ്പെട്ട് ഫോക്കസ് ചെയ്തു കുറച്ചു ഫോട്ടോസും വിഡിയോസും എടുത്തു. ഉച്ചയ്ക്ക് ശേഷം വള്ളത്തിൽ യാത്ര പുറപ്പെട്ടു അവനെ ഒന്ന് അടുത്ത് കാണാൻ സാധിക്കുമെന്ന് കരുതി. അവനെ കണ്ടെത്തിയപ്പോഴേക്കും മഴയായി. അങ്ങനെ അവനെ കണ്ടല്ലോ എന്ന സമാധാനത്തിൽ തിരിച്ചു പോന്നു.

Black shanked langur
Black shanked langur

ഹ ലോങ്ങ് ബായിലേക്ക്

ഇനി ഈ വനയാത്രയുടെ കെട്ട് തീർക്കാൻ വേണ്ടി ഒരു ദിവസം കപ്പലിൽ താമസിക്കാൻ ലോക പ്രശസ്തമായ ഹ ലോങ്ങ് ബായിലേക്ക്. മുത്ത്  വ്യാപാരത്തിനു പ്രശസ്തമായ സ്ഥലമാണ്. പ്രകൃതി രമണീയമായ ഹ ലോങ്ങ് ബേയിൽ ക്രൂയിസ് ഷിപ്പിൽ താമസിക്കാൻ അനേകായിരം പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ എത്തുന്നത്. നൂറു കണക്കിനു ലൈം സ്റ്റോൺ  കുന്നുകളാണ് ഹ ലോങ്ങ് ബെയ്‌ലുള്ളത്. അവിടെയുള്ള പ്രകൃതിദത്ത ലൈം സ്റ്റോൺ ഗുഹയും അതിനുള്ളിലെ പ്രകൃതിദത്തമായ നിർമിതികളും ഒരു കാഴ്ചയാണ്.

Bar bellied pita (female)
Bar bellied pita (female)

ഞങ്ങൾ കപ്പലിൽ നിന്നും കരയിൽ എത്തിയപ്പോൾ ലൂക് ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ചക്കചുളകളുമായി എത്തി. എയർപോർട്ടിലേക്കുള്ള യാത്രക്കിടയിൽ വീണ്ടും വിയറ്റ്നാമീസ് ചക്കയുടെ രുചി ആവോളം ആസ്വദിച്ചു. 

Vietnam Kutia
Vietnam Kutia

പരസ്പരം പാരവച്ചും തമാശകൾ പറഞ്ഞും ഓരോ ദിവസവും പോയതറിഞ്ഞില്ല. ഞങ്ങളുടെ 12  ദിവസത്തെ യാത്ര ഇന്നു തീരുകയാണ്. ഈ ദിവസങ്ങളിൽ ഇവിടുത്തെ വിവിധ ഭക്ഷണങ്ങളും സൂപ്പുകളും നാടൻ വൈനും ആസ്വദിച്ചു. ഗ്രാമങ്ങളിൽ ഭാഷ ഒരു പ്രശ്നം തന്നെയാണ്. ലൂക്കിനെ പോലെ ഒരു സഹായി അത്യാവശ്യമാണ്. യാത്രയിലുടനീളം ലൂക് ഞങ്ങൾക്കു വേണ്ട എല്ലാ കാര്യങ്ങളും അതാതു സമയത്തു ചെയ്തു തന്നു. ലൂക്ക് തർജമ ചെയ്യാൻ കൂടെയുള്ളതുകൊണ്ടു ഭക്ഷണം തിരഞ്ഞെടുക്കാനും വെള്ളം വാങ്ങാനും ബുദ്ധിമുട്ടുണ്ടായില്ല. ഓരോ പക്ഷികളെയും പരിചയപ്പെടുത്തി തരാനും അവയെ കണ്ടെത്താനും മുൻപന്തിയിലായിരുന്നു. ഞങ്ങൾ വിയറ്റ്നാമിന്റെ തെക്കേ അറ്റത്തു തുടങ്ങി വടക്കേയറ്റത്തു യാത്ര അവസാനിപ്പിക്കുമ്പോൾ യാത്രയിലുടനീളം വഴിയുടെ ഇരുവശത്തും കണ്ട വിവിധ തരം കൃഷികൾ  കണ്ണിനു കുളിരേകുന്ന കാഴ്ച തന്നെ.

vietnam-travel-team
ജെയ്നി, ഷൈനി, മാത്യൂസ്, സുനിൽ, ജോഷി, സാബു എന്നിവർ വിയറ്റ്നാമിൽ

എല്ലാവരും അവരവരുടെ തിരക്കുകളിലേക്കു യാത്ര തുടരുകയാണ്. വീണ്ടും അടുത്ത ട്രിപ്പ് ഒരുമിച്ചു പോകണം എന്ന ആഗ്രഹത്തോടെ.

English Summary:

Exploring Vietnam's Hidden Gems: Birds, Monkeys, and More on a Photography Journey.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com