അവധിയാഘോഷിച്ച് നയന്സും വിഘ്നേഷും; മായിക കാഴ്ചകൾ ഒരുക്കി ഡിസ്നി ലാൻഡ്
Mail This Article
തെന്നിന്ത്യയിൽ മാത്രമല്ല, ജവാനിലൂടെ ബോളിവുഡിലും വരവറിയിച്ചു കഴിഞ്ഞു നയൻതാര. സിനിമകളുടെ തിരക്കുകൾ ഉണ്ടെങ്കിലും കുടുംബത്തിനാണ് എല്ലാത്തിനും ഉപരി സ്ഥാനമെന്നു പറയാതെ പറയുന്നുണ്ട് ലേഡി സൂപ്പർസ്റ്റാർ. അതുകൊണ്ടു തന്നെ ഭർത്താവ് വിഘ്‌നേഷ് ശിവനും മക്കളായ ഉയരിനും ഉലകിനുമൊപ്പം തന്റെ അവധി ദിനങ്ങൾ ആഘോഷമാക്കാനായി താരമെത്തിയത് ഹോങ്കോങ്ങിലാണ്. ആദ്യമായി സംവിധാനം ചെയ്ത പോടാ പോടി സിനിമയുടെ ഷൂട്ടിനായി ഹോങ്കോങ്ങിലെ ഡിസ്നി ലാൻഡിലെത്തിയതിന്റെ ഓർമകൾ ഹൃദയഹാരിയായ ഒരു കുറിപ്പിലൂടെ വിഘ്‌നേഷ് ശിവനും പങ്കുവച്ചിരുന്നു. മക്കൾക്കും ഭർത്താവിനുമൊപ്പം ഏറെ സന്തോഷത്തോടെ നിൽക്കുന്ന നിരവധി ചിത്രങ്ങളാണ് നയൻതാര സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ഡിസ്നി ലാൻഡിലെ കാഴ്ചകൾ അദ്ഭുതപ്പെടുത്തിയെന്നും കുട്ടികൾക്കു അതേറെ ഇഷ്ടപ്പെട്ടുവെന്നും വിഘ്‌നേഷ് ശിവൻ ചിത്രങ്ങൾക്കൊപ്പം പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ആകർഷകമായ നിരവധി കാഴ്ചകളാണ് ഹോങ്കോങ്ങിലെ ഡിസ്നി ലാൻഡിലുള്ളത്. ലന്റാവു ദ്വീപിലാണിത് സ്ഥിതി ചെയ്യുന്നത്. വലുപ്പത്തിൽ ഏഷ്യയിലെ രണ്ടാമത്തേതും ഹോങ്കോങ്ങിലെ ഏറ്റവും വലുതുമായ തീം പാർക്ക് എന്ന പേര് ഈ ഡിസ്‌നി ലാൻഡിനു സ്വന്തമാണ്. ഒമ്പതു തരത്തിലുള്ള തീമുകളാണ് ഇവിടെ വിനോദത്തിനായി ഒരുക്കിയിരിക്കുന്നത്. 68 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന പാർക്കിൽ ദിവസവുമെത്തുന്നത് മുപ്പതിനാലായിരത്തോളം സന്ദർശകരാണ്. ആവേശവും ലഹരിയും സമ്മാനിക്കുന്ന റൈഡുകൾ മാത്രമല്ല, അത്യദ്ഭുതം ജനിപ്പിക്കുന്ന ലൈവ് ഷോകളും ഡിസ്നി കഥാപാത്രങ്ങളുടെ പരേഡും മായിക കാഴ്ചകൾ സമ്മാനിക്കുന്ന ഇവെന്റുകളും തുടങ്ങി അതിഥികളെ ആനന്ദിപ്പിക്കുന്ന വ്യത്യസ്ത കാഴ്ചകളുടെ സമ്മേളനമാണിവിടെ. സന്ദർശകർക്കു താമസിക്കുന്നതിനായി വ്യത്യസ്ത തീമുകളിൽ ഒരുക്കിയിട്ടുള്ള സ്യൂട്ടുകളും മുറികളുമിവിടെയുണ്ട്.
9 തീമുകളിൽ ആദ്യത്തേത് മെയിൻ സ്ട്രീറ്റ്, യു എസ് എ ആണ്. മറ്റു ഡിസ്നി പാർക്കുകളിലെ പ്രവേശന കവാടത്തിനു സമാനമായി തന്നെയാണ് ഇവിടെയും ഒരുക്കിയിരിക്കുന്നത്. 1900 കളിലെ അമേരിക്കയിലെ ഒരു ചെറിയ പട്ടണത്തിന്റെ പുനരാവിഷ്ക്കാരം ഇവിടെ കാണാം. മരം കൊണ്ടാണ് ഇവിടുത്തെ നിർമിതികളിലധികവും. സന്ദർശകർക്ക് രുചികൾ ആസ്വദിക്കുന്നതിനു ഭോജന ശാലയുമുണ്ട്. വിയറ്റ്നാമിന്റെ തനതു രുചി സമ്മാനിക്കുന്ന പേസ്റ്ററികൾ, സ്വാദിൽ മുന്നിലുള്ള ഡെസേർട്ടുകൾ, കേക്കുകൾ തുടങ്ങിയവയും ഇവിടെ ലഭ്യമാകും.
പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ സാഹസികത ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തുന്ന ഒരിടമാണ് അഡ്വെഞ്ചർ ലാൻഡ്. 1999 ൽ പുറത്തിറങ്ങിയ ടാർസെൻ സിനിമയെ അടിസ്ഥാനമാക്കി നിർമിച്ചിട്ടുള്ള ടാർസെൻ ട്രീ ഹൗസ്. ജംഗിൾ റിവർ ക്രൂയിസ്, 1994 ൽ പുറത്തിറങ്ങിയ ദി ലയൺ കിങ് എന്ന സിനിമ പ്രമേയമായ ഫെസ്റ്റിവൽ ഓഫ് ദി ലയൺ കിങ് എന്ന പ്രദർശനം, മോന എ ഹോം കമിങ് സെലിബ്രേഷൻ എന്ന് പേരിൽ മറ്റൊരു പ്രദർശനം, ആഫ്രിക്കൻ മാർക്കറ്റിനെ അനുസ്‌മരിപ്പിക്കുന്ന കർബുനി മാർക്കറ്റ് പ്ലേസ് തുടങ്ങിയവയാണ് അഡ്വെഞ്ചർ ലാൻഡിലെ പ്രധാന കാഴ്ചകൾ.
ഫാന്റസി ലാൻഡിലെ ആകർഷണം സ്ലീപിങ് ബ്യൂട്ടിസ് കാസിൽ ആണ്. ഡിസ്‌നി കഥാപാത്രങ്ങളെ അടുത്തറിയാൻ സഹായിക്കുന്ന ഫെയറിടെയിൽ ഫോറസ്റ്റ്, പലതരത്തിലുള്ള റൈഡുകൾ തുടങ്ങിയവയും ഇവിടെ ആസ്വദിക്കാവുന്നതാണ്.
ടുമോറോ ലാൻഡ്, ടോയ് സ്റ്റോറി ലാൻഡ്, ഗ്രിസ്ലി ഗൾച്ച്, മിസ്റ്റിക് പോയിന്റ്, മാർവെൽ ലാൻഡ്, വേൾഡ് ഓഫ് ഫ്രോസൺ എന്നിങ്ങനെ നീളുന്നു ഇവിടുത്തെ തീമുകൾ. പല തരത്തിലുള്ള വിഷയങ്ങളെ ആസ്പദമാക്കി സാഹസികവും അതിനൊപ്പം തന്നെ വിനോദവും നിറച്ചുകൊണ്ടുള്ളതാണ് ഓരോന്നും. ഇത് കൂടാതെ നിരവധി റൈഡുകളും പലതരത്തിലുള്ള വിനോദ പ്രദർശനങ്ങളും ഇവിടെയെത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.