ബാലിയില്‍ നിന്നുള്ള സുന്ദര കാഴ്ചകളുമായി അഞ്ജു കുര്യന്‍
Mail This Article
മലയാളത്തിലെ യുവനിര നടിമാരില്‍ ശ്രദ്ധേയയാണ് അഞ്ജു കുര്യന്‍. അഭിനയത്തിന് പുറമേ മോഡലിങും ചെയ്യുന്ന അഞ്ജു, ഫിറ്റ്നസ് സംബന്ധമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഈയിടെ ബാലി യാത്രയില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു. ബാലിയുടെ കലയുടെയും സംസ്കാരത്തിന്‍റെയും കേന്ദ്രമായി അറിയപ്പെടുന്ന ഉബുദിലാണ് അഞ്ജുവിന്‍റെ വെക്കേഷന്‍. ഇവിടുത്തെ തെഗല്ലലംഗിലുള്ള കെൻറാൻ റിസോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അഞ്ജു പോസ്റ്റ് ചെയ്തിട്ടുണ്ട്
ഇടതൂര്‍ന്ന കാടും നെല്‍വയലുകളും മലയിടുക്കുകളും കണ്ണിന് ആനന്ദക്കാഴ്ചയൊരുക്കുന്ന ഭൂമിയിലാണ് കെൻറാൻ റിസോർട്ട് സ്ഥിതിചെയ്യുന്നത്. ഇവിടെ എല്ലാ മുറികള്‍ക്കും ബാല്‍ക്കണിയുണ്ട്. അമേരിക്കൻ, ഇന്തൊനേഷ്യൻ, പിത്സ വിഭവങ്ങൾ വിളമ്പുന്ന ഇവിടുത്തെ റസ്റ്ററന്റ്, വെജിറ്റേറിയൻ, ഹലാൽ, വീഗൻ ഓപ്ഷനുകളും നല്‍കുന്നു. ഉബുദിൽ നിന്ന് 39 കിലോമീറ്റർ അകലെയുള്ള എൻഗുറാ റായ് രാജ്യാന്തര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
ഇവിടെ നിന്നും ആറു കിലോമീറ്റര്‍ അകലെയാണ് പ്രശസ്ത ടൂറിസ്റ്റ് ആകര്‍ഷണമായ ഉബുദ് കൊട്ടാരം. പുരി സരെൻ അഗുങ് എന്നും അറിയപ്പെടുന്നഇത്, രാജകുടുംബത്തിന് താമസിക്കാനായി നിർമിച്ചതാണ്. മനോഹരവും സങ്കീർണ്ണവുമായ കൊത്തുപണികളാൽ നിറഞ്ഞ ഈ വാസ്തുവിദ്യാ വിസ്മയം, ഉബുദിലെ രാജകുടുംബത്തിൻ്റെ ഔദ്യോഗിക വസതിയായിരുന്നു. 1800 കളില്‍ ജോക്കോർഡ പുട്ടു കാൻഡലിന്റെ ഭരണകാലത്താണ് കൊട്ടാരം നിർമിച്ചത്.
ബാലിനീസ് വാസ്തു വിദ്യ പ്രകാരം നിര്‍മിച്ച കൊട്ടാരത്തിന്, 1917 ലെ ഭൂകമ്പത്തിന് ശേഷം, കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു. പിന്നീട്, അറ്റകുറ്റപ്പണികള്‍ക്കു ശേഷം, അതിഥികൾക്കു തുറന്നുകൊടുത്തു. രാവിലെ എട്ടു മുതല്‍ വൈകീട്ട് ഏഴു വരെ ഇവിടെ സഞ്ചാരികള്‍ക്കു സൗജന്യമായി സന്ദര്‍ശിക്കാം. എന്നാല്‍ ഇപ്പോഴും രാജകുടുംബം ഇവിടെ താമസിക്കുന്നതിനാല്‍ കൊട്ടാരത്തിന്‍റെ മുന്‍വശം മാത്രമേ സഞ്ചാരികൾക്കായി തുറന്നിട്ടുള്ളൂ. എല്ലാ ദിവസവും വൈകുന്നേരം 7:30 ന് ഉബുദ് കൊട്ടാരത്തിൽ പരമ്പരാഗത ബാലിനീസ് നൃത്തം അവതരിപ്പിക്കപ്പെടുന്നു.
റിസോര്‍ട്ടിനടുത്തുള്ള മറ്റൊരു ആകര്‍ഷണമാണ് ഉബുദ് മങ്കി ഫോറസ്റ്റ്. 'മണ്ഡല സൂസി വെനര വന' എന്ന ഔദ്യോഗിക നാമത്തില്‍ അറിയപ്പെടുന്ന ഈ വനം, നീണ്ട വാലുള്ള മക്കാക്ക് ഞണ്ടുതീനി കുരങ്ങുകൾക്കു പേരുകേട്ടതാണ്. ഈയിനത്തില്‍ പെട്ട ആയിരത്തിലധികം കുരങ്ങന്മാര്‍ ഇവിടെയുണ്ട്. ഉബുദിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ഉബുദ് മങ്കി ഫോറസ്റ്റ്. എല്ലാ മാസവും ഏകദേശം പതിനയ്യായിരത്തോളം സന്ദർശകർ ഉബുദ് മങ്കി ഫോറസ്റ്റിൽ എത്തുന്നു.
ദലേം അഗുങ് പദാങ്‌ടെഗൽ ക്ഷേത്രം, ഹോളി സ്പ്രിംഗ് ക്ഷേത്രം, പ്രജാപതി ക്ഷേത്രം എന്നിങ്ങനെ മൂന്നു ക്ഷേത്രങ്ങളും ഉബുദ് മങ്കി ഫോറസ്റ്റിലുണ്ട്.
ഉബുദിലെ പ്രശസ്ത ഹിന്ദു ക്ഷേത്രമായ പുരാ തമൻ സരസ്വതിയാണ് തൊട്ടടുത്തുള്ള മറ്റൊരു ആകര്‍ഷണം. ഉബുദ് വാട്ടർ പാലസ് എന്നും ഇത് അറിയപ്പെടുന്നു. സരസ്വതി ദേവിക്കായി സമര്‍പ്പിച്ച ഈ ക്ഷേത്രത്തിലെ വന്‍ താമരക്കുളം ആരുടേയും ശ്രദ്ധ ആകര്‍ഷിക്കാന്‍ പോന്നത്ര മനോഹരമാണ്.
ഉബുദിലെ സമ്പദ് വ്യവസ്ഥ പ്രധാനമായും വിനോദസഞ്ചാരത്തിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഒട്ടേറെ റിസോർട്ടുകൾ, മ്യൂസിയങ്ങൾ, മൃഗശാലകൾ തുടങ്ങിയവയെല്ലാം ഇവിടത്തുകാര്‍ക്ക് വരുമാനം നേടിക്കൊടുക്കുന്നു. ബ്ലാൻകോ റിനൈസെൻസ് മ്യൂസിയം, പുരി ലുകിസാൻ മ്യൂസിയം, നെക ആർട്ട് മ്യൂസിയം, അഗുങ് റായ് മ്യൂസിയം ഓഫ് ആർട്ട്, മ്യൂസിയം റുഡാന ഇൻ പെലിയടാൻ എന്നിവ ഇവിടെയുള്ള പ്രധാന മ്യൂസിയങ്ങളാണ്. സ്പാ, മസാജ് പാർലറുകൾ, സമീപത്തെ പർവ്വതങ്ങളിലേക്കുള്ള ട്രെക്കിങ് ഇവയെല്ലാം ഇവിടെ സർവ്വസാധാരണമാണ്. ഒറ്റമൂശയിൽ വാർത്തെടുത്ത ലോകത്തിലെ ഏറ്റവും വലിയ ചെണ്ടയായ മൂൺ ഓഫ് പെജെങ്, ഉബുദിലെ പെജെങിനടുത്തായാണ് സ്ഥിതിചെയ്യുന്നത്. 300 ബിസിയിലാണ് ഇത് നിർമ്മിച്ചതെന്ന് കരുതുന്നു. ഇത് പ്രാദേശിക സംസ്കാരപ്രിയരായ വിനോദസഞ്ചാരികളുടെ വളരെ പ്രിയപ്പെട്ട ഒരു സ്ഥലമാണ്.