കടല്‍ക്കാഴ്ചകളും ജലവിനോദങ്ങളുമായി രാകുലിന്‍റെ ഫിജി വെക്കേഷന്‍
Mail This Article
ഫിജിയില്‍ വിനോദയാത്രയുമായി നടി രാകുല്‍ പ്രീത് സിങ്. ഇതിന്‍റെ ചിത്രങ്ങള്‍ രാകുല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഫിജിയിലെ സ്വകാര്യ ടൂറിസ്റ്റ് ദ്വീപായ കൊക്കോമോയിലാണ് രാകുലിന്‍റെ വെക്കേഷന്‍. റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളും ഇക്കൂട്ടത്തില്‍ കാണാം. ദ്വീപിലേക്കുള്ള യാത്രയും ദ്വീപിലെ കാഴ്ചകളുമെല്ലാം വിഡിയോയില്‍ പങ്കുവച്ചിട്ടുമുണ്ട് രാകുല്‍. ദ്വീപിലെ വിവിധ ജലവിനോദങ്ങളുടെ ദൃശ്യങ്ങളും ഈ വിഡിയോയിലുണ്ട്.
കൊക്കോമോ എന്ന ആഡംബരദ്വീപ്
ഫിജിയുടെ തെക്ക് ഭാഗത്തുള്ള ദ്വീപസമൂഹത്തിലാണ് കൊക്കോമോ ദ്വീപ് സ്ഥിതിചെയ്യുന്നത്. വെള്ളച്ചാട്ടങ്ങൾക്കും വൈവിധ്യമാര്‍ന്ന പക്ഷികൾക്കും പേരുകേട്ട അവികസിത ഫിജി ദ്വീപായ കടവിൽ നിന്ന് 45 മിനിറ്റ് ബോട്ട് സവാരി നടത്തിയാണ് ഇവിടേക്ക് എത്തുന്നത്. അല്ലെങ്കില്‍ സീപ്ലെയിന്‍, ഹെലികോപ്റ്റര്‍ യാത്ര ചെയ്തും ഇവിടേക്ക് എത്താം. ഹെലികോപ്റ്ററിന് ഒരു മണിക്കൂറും സീപ്ലെയിനിന് 45 മിനിറ്റും എടുക്കും.
ആഡംബരപൂര്‍ണ്ണമായ സിക്സ് സ്റ്റാര്‍ സൗകര്യങ്ങളാണ് ഇവിടെയുള്ള ഇരുപത്തൊന്നു സ്വകാര്യവില്ലകളില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഒന്ന്, രണ്ട്, മൂന്ന് കിടപ്പുമുറികള്‍ ഉള്ള സണ്‍റൈസ് വില്ലകളും സണ്‍സെറ്റ് വില്ലകളുമുണ്ട്. എല്ലാ വില്ലകള്‍ക്കും സ്വകാര്യ പൂള്‍, ഓഷ്യന്‍ വ്യൂ, ബീച്ചിലേക്കു നേരിട്ടു പ്രവേശിക്കാനുള്ള സൗകര്യം എന്നിവയുണ്ട്. കൂടാതെ, ഈ വില്ലകളിൽ വലിയ ലിവിംഗ് ഏരിയയും മുഴുവൻ എയർ കണ്ടീഷനിംഗ്, സീലിംഗ് ഫാനുകളുള്ള അടുക്കളയും ഒപ്പം വാക്ക് ഇൻ ക്ലോസറ്റ്, റെയിൻ ഷവർ എന്നിവയുമുണ്ട്.
സുസ്ഥിരമായ രീതിയില്‍, പ്രകൃതിക്കു കോട്ടംതട്ടാതെയാണ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. കടല്‍ജലം ശുദ്ധീകരിച്ചാണ് ജലം എത്തിക്കുന്നത്. വിവിധ വിഭവങ്ങള്‍ക്കായുള്ള പച്ചക്കറികളും മറ്റും ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിക്കുന്നു. കൂടാതെ ജൈവമാലിന്യം ഫാമിൽത്തന്നെ കൃഷിക്ക് വളമായി ഉപയോഗിക്കുന്നു.
സാഹസികര്‍ക്കായി, ഡൈവിംഗ്, സ്നോർക്കെല്ലിംഗ്, സര്‍ഫിംഗ്, കയാക്കിംഗ്, ഫിഷിംഗ്, സൺസെറ്റ് ക്രൂസ്, പാഡിൽ ബോർഡിംഗ്, പാഡിൽ ബോർഡിംഗ്, തുടങ്ങിയ വിനോദങ്ങളും ഇവിടെയുണ്ട്.
പര്‍വ്വതങ്ങളും ബീച്ചുകളും നിറഞ്ഞ ഫിജി
ഓഷ്യാനിയയിലെ മെലനേഷ്യ ഉപമേഖലയിലുള്ള അഗ്നിപർവ്വത ദ്വീപുകളുടെ ഒരു കൂട്ടമാണ് ഫിജി. ഹോണോലുലുവിന് തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ ദ്വീപസമൂഹത്തില്‍ ഉള്‍പ്പെടുന്ന 332 ദ്വീപുകളിലും 522 ചെറിയ ദ്വീപുകളിലും 106 എണ്ണം സ്ഥിരമായി ജനവാസമുള്ളവയാണ്. വിറ്റി ലെവു, വനുവ ലെവു, കടവു ദ്വീപ്, തവേനി ദ്വീപ് എന്നിവയാണ് ഇവയില്‍ ഏറ്റവും വലിയ ദ്വീപുകള്‍. ഇവിടുത്തെ ഏറ്റവും വലിയ ദ്വീപായ വിറ്റി ലെവു, രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ ഏകദേശം 57% ഉൾക്കൊള്ളുന്നു.
ഇടതൂർന്ന മഴക്കാടുകളും വെള്ളച്ചാട്ടങ്ങളും മനോഹരമായ പവിഴപ്പുറ്റുകളും പര്‍വ്വതങ്ങളുമെല്ലാം നിറഞ്ഞ ഫിജി ദ്വീപുകള്‍ മനോഹരമായ ബീച്ചുകള്‍ക്കും പ്രശസ്തമാണ്.
ഫിജി കാണാന്‍ വീസ വേണ്ട
പസഫിക് സമുദ്രത്തിന്‍റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫിജി ദ്വീപസമൂഹം, മനോഹരമായ പർവ്വതങ്ങൾ, ബീച്ചുകൾ, പാറകൾ, തടാകങ്ങൾ എന്നിവയ്ക്കു ലോകമെമ്പാടും പ്രശസ്തമാണ്. ഫിജിയിലേക്കു യാത്ര ചെയ്യാന്‍ ഇന്ത്യൻ പൗരന്മാർ മുൻകൂട്ടി വീസയ്ക്ക് അപേക്ഷിക്കേണ്ടതില്ല. ഇന്ത്യക്കാർക്കു നാല് മാസത്തെ സാധുതയുള്ള ടൂറിസ്റ്റ് വീസ ഓൺ അറൈവൽ ലഭിക്കും. മടക്കയാത്രാ ടിക്കറ്റുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, താമസത്തിന്‍റെ തെളിവ്, എത്തിച്ചേരുന്ന തീയതിക്കു ശേഷം ആറ് മാസത്തേക്കു സാധുതയുള്ള പാസ്‌പോർട്ട് എന്നിവ നൽകിയാൽ മതി.