250 രൂപയ്ക്ക് ടിക്കറ്റ് ലോക്ക് ചെയ്യാം, എയർ ഇന്ത്യ എക്സ്പ്രസിൽ
Mail This Article
കൊച്ചി ∙ അവസാന നിമിഷം തീരുമാനിക്കുന്ന യാത്രകളിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ നിന്നു യാത്രക്കാർക്കു പരിരക്ഷ നൽകുന്നതിനായി ഫെയർ ലോക്ക് സേവനത്തിന് തുടക്കമിട്ട് എയർ ഇന്ത്യ എക്സ്പ്രസ്. യാത്രാ തീയതി അടുത്തു വരുമ്പോൾ ഉണ്ടാകുന്ന ടിക്കറ്റ് നിരക്ക് വർധന ഒഴിവാക്കാൻ ഇതുവഴി കഴിയും.
യാത്രാ തീയതിക്ക് എത്ര നേരത്തെ വേണമെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലോക്ക് ചെയ്യാനാകും. ഈ നിരക്ക് അടുത്ത 7 ദിവസത്തേക്ക് മാറ്റമില്ലാതെ തുടരും. ലോക്ക് ചെയ്യുന്നതിനായി ടിക്കറ്റ് നിരക്ക് നൽകേണ്ടതില്ല. ലോക്ക് ഫീ ആയി ആഭ്യന്തര ടിക്കറ്റിന് 250 രൂപയും രാജ്യാന്തര ടിക്കറ്റിന് 500 രൂപയും മാത്രമാണ് നൽകേണ്ടത്. ഏഴു ദിവസം വരെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ലോക്ക് ചെയ്യാനും അതേ നിരക്കിൽ യാത്ര ചെയ്യാനും അവസരമൊരുക്കുന്നതാണ് ഫെയർ ലോക്ക് സംവിധാനം.
കോഡ് ഷെയർ ബുക്കിങ്ങുകൾ ഒഴികെയുള്ള എല്ലാ ടിക്കറ്റ് നിരക്കുകൾക്കും www.airindiaexpress.com എന്ന എയർ ഇന്ത്യ എക്സ്പ്രസ് വെബ്‌സൈറ്റിലൂടെ ഈ സേവനം ലഭ്യമാണെന്ന് ചീഫ് കൊമേഴ്സ്യൽ ഓഫിസർ അങ്കുർ ഗാർഗ് പറഞ്ഞു.