ADVERTISEMENT

തെളിഞ്ഞ നീല ജലത്തിന്റെ മനോഹാരിതയും ചുറ്റിലും പച്ചപ്പും മലനിരകളും. എന്നാൽ പ്രകൃതിയുടെ ആ സൗന്ദര്യത്തെ തോൽപ്പിക്കുന്ന കാന്തിയിൽ ബിക്കിനിയിൽ ആതിയ ഷെട്ടി മുങ്ങി നിവർന്നു വരുമ്പോൾ കാഴ്ചക്കാരുടെ കണ്ണുകളുടക്കുക ആ സുന്ദരിയിൽ തന്നെയാണ്. സ്പെയിനിൽ അവധി ആഘോഷിക്കുകയാണ് ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ കെ എൽ രാഹുലിനൊപ്പം താര സുന്ദരി. ആ രാജ്യത്തിന്റെ സുന്ദര കാഴ്ചകൾ ഒപ്പിയെടുത്ത നിരവധി ചിത്രങ്ങളാണ് ആതിയ തന്റെ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. 

Image Credit:athiyashetty/instagram
Image Credit:athiyashetty/instagram

യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ രാജ്യം ഫ്രാൻസ് ആണെങ്കിൽ രണ്ടാം സ്ഥാനത്തിന് അവകാശി സ്പെയിൻ ആണ്. മനോഹരമായ ബീച്ചുകളും കടലും ചരിത്രമുറങ്ങുന്ന നിർമിതികളും കലാസാംസ്‌കാരിക സൃഷ്ടികളുമെല്ലാം ആസ്വദിക്കാനായി ദശലക്ഷത്തിനു മുകളിൽ സന്ദർശകരാണ് ഓരോ വർഷവും ഈ രാജ്യത്തിലെത്തുന്നത്. 

Image Credit:athiyashetty/instagram
Image Credit:athiyashetty/instagram

മേയ്, ജൂൺ, സെപ്‌റ്റംബർ മാസങ്ങളാണ് സ്പെയിൻ സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയം. പലതരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെടാൻ ഈ മാസങ്ങളാണ് ഏറ്റവും മികച്ചത്. ബീച്ചുകളുടെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ  രാജ്യം സന്ദർശിക്കാവുന്നതാണ്. ഭക്ഷണപ്രിയരായ സഞ്ചാരികളുടെ മനസ്സ്നിറയ്ക്കുന്ന വിഭവങ്ങളും ചരിത്രത്തിന്റെ ബാക്കിപത്രം പോലുള്ള കാഴ്ചകളും കായിക പ്രേമികൾക്കായി റയൽ മാഡ്രിഡും ബാഴ്‌സലോണയും പോലുള്ള ഫുട്ബോൾ ക്ലബ്ബുകളുടെ ആസ്ഥാനവും ഈ രാജ്യത്തു സ്ഥിതി ചെയ്യുന്നുണ്ട്. 

Image Credit:athiyashetty/instagram
Image Credit:athiyashetty/instagram

സ്പെയിനിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന നഗരമാണ് ബാഴ്‌സലോണ. രാജ്യത്തിന്റെ സാംസ്‌കാരിക കേന്ദ്രം കൂടിയാണ് ഈ നഗരം. വൻനിർമിതികളും കടൽത്തീരങ്ങളും എന്നുവേണ്ട നിരവധി കാഴ്ചകൾ ഇവിടെയുണ്ട്. മേൽപറഞ്ഞതു പോലെ പ്രശസ്ത ഫുട്ബോൾ ക്ലബായ ബാഴ്‌സലോണയുടെ ആസ്ഥാനമായ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ബാഴ്‌സലോണാസ് ക്യാംപ് നൗവിൽ 99000 പേർക്കിരിക്കാവുന്ന സ്റ്റേഡിയം, മ്യൂസിയം, ട്രോഫി മുറികൾ എന്നിവ കാണാം. റോമൻ സ്വാധീനമുള്ള സിയുടാഡെല്ല പാർക്കാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. നിരവധി ശില്പങ്ങളും കൃത്രിമമായി നിർമിച്ചിട്ടുള്ള വെള്ളച്ചാട്ടങ്ങളുമൊക്കെയാണ് പ്രധാനാകർഷണം. പ്രകൃതിദത്തമായ നിർമിതികളാൽ സമ്പന്നമായ പാർക്ക് ഗുവൽ കലാകാഴ്ചകളുടെ സ്വർഗമെന്നാണ് അറിയപ്പെടുന്നത്. മ്യൂസിയം ഓഫ് ബാഴ്‌സലോണ, പോർട്ട് വെല്ലിലെ മാരിടൈം മ്യൂസിയം, മ്യൂസിയം ഓഫ് ദി ഹിസ്റ്ററി ഓഫ് ബാഴ്‌സലോണ, യൂറോപ്യൻ മ്യൂസിയം ഓഫ് മോഡേൺ ആർട്ട് എന്നിവയും ഈ നഗരത്തിലെത്തിയാൽ നിർബന്ധമായും കാണേണ്ട കാഴ്ചകൾ തന്നെയാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തവും പണിതീരാത്തതുമായ ദേവാലയമാണ് സഗ്രദ ഫാമിലിയ. അതും ബാഴ്‌സലോണയിലെ പ്രധാനാകർഷണമാണ്.

Image Credit:athiyashetty/instagram
Image Credit:athiyashetty/instagram

മനോഹരമായ കാലാവസ്ഥയാണ് സെവില്ലയിലേക്ക് സഞ്ചാരികളെ അടുപ്പിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്. ദി ഗെയിം ഓഫ് ത്രോൺസ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായ ഇവിടെ അൽകസാർ കാസ്റ്റിൽ കോംപ്ലെക്സ്, ഗോഥിക് സെവില്ല ദേവാലയം എന്നിവ കാണുവാൻ കഴിയും. ക്രിസ്റ്റഫർ കൊളംബസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നതു ഈ ദേവാലയത്തിലാണ്. സെവില്ലയിലെ രാജകൊട്ടാരമായ അൽകാസർ റിയൽ ഡി സെവില്ല, ഹിസ്പാനോ - മുസ്ലിം വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ്. ഈ മൂറിഷ് കൊട്ടാര സമുച്ചയം യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച നഗരത്തിലെ പ്രധാനാകർഷണങ്ങളിൽ ഒന്നാണ്. പത്താം നൂറ്റാണ്ടിലാണ് ഇവിടുത്തെ കോട്ടയുടെ നിർമാണങ്ങൾ ആരംഭിക്കുന്നത്. നിലവിലെ അൽകസാറിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് പതിനാലാം നൂറ്റാണ്ടിലാണെന്നു കരുതപ്പെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലുതെന്നു കരുതപ്പെടുന്ന ദേവാലയങ്ങളിൽ ഒന്നായ കത്തീഡ്രൽ ഡി സാന്താ മരിയ ഡി ലാ സെഡെ സ്ഥിതി ചെയ്യുന്നത് സെവില്ല നഗരത്തിലാണ്. ഒരു മൂറിഷ് മുസ്ലിം ആരാധനാലയത്തിന്റെ അവശിഷ്ടങ്ങൾക്കു മുകളിലായാണ് ഈ ദേവാലയം നിർമിച്ചിരിക്കുന്നത്. സ്‌പെയിനിലെ ഏറ്റവും വലിയ കാളപ്പോരിനു വേദിയാകുന്ന പ്ലാസ ഡി ടോറോസ് ഡി ലാ റിയൽ മെസ്‌ട്രാൻസയും സെവില്ലയിലാണ്.

സ്പെയിനിന്റെ തലസ്ഥാന നഗരമാണ് മാഡ്രിഡ്. ഫുട്ബോൾ പ്രേമികൾക്ക് ഇതൊരു സ്വപ്ന നഗരം തന്നെയാണ്. റയൽ മാഡ്രിഡിന്റെ കളിക്കളവും സാന്റിയാഗോ ബെർണാബ്യൂ സ്റ്റേഡിയം ടൂറുമൊക്കെ ഇവിടെയെത്തിയാൽ ആസ്വദിക്കാം. നിരവധി മ്യൂസിയങ്ങൾ കൊണ്ട് സമ്പന്നമാണ് മാഡ്രിഡ്. ദി പ്രാഡോ മ്യൂസിയം, റെയ്ന സോഫിയ ദേശീയ ഗാലറി, തൈസെൻ-ബോർനെമിസ മ്യൂസിയം എന്നിവ ഇതിൽ ചിലതു മാത്രം. ലോകത്തിലെ ഏറ്റവും വലുതെന്നു അവകാശപ്പെടാൻ കഴിയുന്ന ആർട് ഗാലറി സ്ഥിതി ചെയ്യുന്നത് പ്രാഡോ മ്യൂസിയത്തിലാണ്. ശില്പങ്ങൾ, ചിത്രങ്ങൾ, നാണയങ്ങൾ എന്നിവയുടെ വലിയ ശേഖരം തന്നെ ഇവിടെ കാണാം. 

മേല്പറഞ്ഞ കാഴ്ചകളിൽ നിന്നും മാറി യാത്ര ഒരാഘോഷമാക്കി മാറ്റണമെന്നുള്ള സഞ്ചാരികൾക്കു സന്ദർശിക്കാവുന്നയിടമാണ് ഇബിസ. നൈറ്റ് ക്ലബ്ബുകളും ഇലക്ട്രോണിക് ഡാൻസും സംഗീതവും എന്നുവേണ്ട ഇവിടെ എന്തിനും ആഘോഷമൊപ്പമുണ്ടാകും. എന്നാൽ ഇതിനൊപ്പം തന്നെ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ച സ്ഥലങ്ങളും ചരിത്രത്തിന്റെ രേഖകളുമെല്ലാം ഇബിസയിലുണ്ട്. അൻപത്തിയേഴോളം ബീച്ചുകളും ഇവിടുത്തെ പ്രധാന കാഴ്ച്ചയിൽ ഉൾപ്പെടും.

സ്പെയിനിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ദ്വീപുകളിൽ ഒന്നാണ് കാനറി. പ്രകൃതി ഒരുക്കിയിരിക്കുന്ന നിരവധി വിസ്മയ കാഴ്ചകൾക്ക് ഇവിടെയെത്തിയാൽ സാക്ഷികളാകാം. അഗ്നിപർവതങ്ങളും നിബിഡവനങ്ങളും അതിസുന്ദരമായ ബീച്ചുകളുമൊക്കെ ആരെയും ആകർഷിക്കും. ദേശീയോദ്യാനങ്ങളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുമൊക്കെ ഇവിടെ നിരവധിയുണ്ട്. സ്കൂബ ഡൈവിങ്, സൈക്ലിങ്, പാരാഗ്ലൈഡിങ് തുടങ്ങി നിരവധി വിനോദങ്ങളും അതിഥികൾക്ക് ഇവിടെയെത്തിയാൽ ആസ്വദിക്കാവുന്നതാണ്. 

വലൻസിയ, കോർഡോബ, ഗ്രെനാഡ, ബിൽബാവോ, മലാഗ എന്നിങ്ങനെ ആതിഥേയത്വം വഹിക്കാനും സുന്ദര കാഴ്ചകളുമായി സ്വീകരിക്കാനും നിരവധി നഗരങ്ങൾ സ്പെയിനിലുണ്ട്. ഏതു വിഭാഗത്തിൽപ്പെട്ട സഞ്ചാരിക്കും ആസ്വദിക്കാനുള്ളതു കരുതി വച്ചിരിക്കുന്നു എന്നതു തന്നെയാണ് സ്പെയിൻ എന്ന രാജ്യത്തിന്റെ വലിയ സവിശേഷത.

English Summary:

Celebrities Athiya Shetty and KL Rahul Enjoy a Stunning Vacation Across Spain.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com