ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് നഗരങ്ങളില്‍ ഒന്ന്, റോഡ് ട്രിപ്പുമായി നരേൻ
Mail This Article
ചരിത്രവും കഥകളും നിറഞ്ഞ ബാള്‍ക്കന്‍ രാജ്യങ്ങളുടെ ഉള്‍പ്രദേശങ്ങളിലൂടെയുള്ള യാത്രയിലാണ് നടന്‍ നരേൻ. സരയാവോയില്‍ നിന്നും മോണ്ടിനെഗ്രോയിലേക്കുള്ള റോഡ് ട്രിപ്പ് എന്നാണ് ചിത്രത്തിനൊപ്പം നരേൻ കുറിച്ചത്. ബോസ്നിയന്‍ നഗരമായ സരയാവോയില്‍ നിന്നുള്ള ചിത്രവും നരേൻ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. റോഡ് വഴി പോവുകയാണെങ്കില്‍ സരയാവോയില്‍ നിന്നും മോണ്ടിനെഗ്രോയിലേക്ക് ഏകദേശം 237 കിലോമീറ്റര്‍ ആണ് ദൂരം. പ്രകൃതി ഭംഗിയാര്‍ന്ന ഈ റൂട്ടില്‍ സ്ഥിരമായി ബസുകള്‍ ഓടുന്നുണ്ട്.
ചരിത്രമുറങ്ങുന്ന സരയാവോ
തെക്കന്‍ യൂറോപ്യന്‍ രാജ്യമായ ബോസ്നിയ ഹെർസെഗോവിനയുടെ തലസ്ഥാന നഗരമാണ് സരയാവോ. ബാള്‍ക്കന്‍ പ്രദേശത്തുള്ള ഈ നഗരത്തിന്, യൂറോപ്പിന്‍റെ ജെറുസലേം ബാള്‍ക്കന്‍ ഉപദ്വീപിന്‍റെ ജെറുസലേം, രാജ്വോസ എന്നിങ്ങനെ പേരുകളുണ്ട്. ആല്‍പ്സ് പര്‍വ്വതനിരകളാല്‍ ചുറ്റപ്പെട്ട്, മിൽജാക്ക നദിക്കരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
"കൊട്ടാരം" അല്ലെങ്കിൽ "മാളിക" എന്നർത്ഥം വരുന്ന 'സാറേ' എന്ന ടർക്കിഷ് നാമത്തിൽ നിന്നാണ് സരയാവോ എന്ന പേര് ഉരുത്തിരിഞ്ഞത്. ചരിത്രകാലം മുതല്‍ക്കുള്ള ഒട്ടേറെ കെട്ടിടങ്ങളും മറ്റും ഇവിടെയുണ്ട്. ട്രാവല്‍ ഗൈഡായ ലോൺലി പ്ലാനറ്റ്, സരയാവോയെ ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് നഗരങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തിരുന്നു.
വ്രെലോ ബോസ്‌നെ പാർക്ക്, സരയാവോ കത്തീഡ്രൽ, ഗാസി ഹുസ്രെവ്-ബെഗ് മോസ്‌ക് എന്നിവ ഉള്‍പ്പെടെ, നഗരത്തിലുടനീളം നിരവധി പാർക്കുകളും വിനോദ ആകര്‍ഷണങ്ങളും ഉണ്ട്. സരയാവോയുടെ മധ്യഭാഗത്തുള്ള ഏറ്റവും വലിയ ഹരിത പ്രദേശമാണ് വെലിക്കി പാർക്ക്. സിറ്റി സെന്ററിൽ നിന്ന് സന്ദർശകരെ ട്രെബെവിക് പർവ്വതത്തിലേക്കു കൊണ്ടുപോകുന്ന ട്രെബെവിക് കേബിൾ കാര്‍ സരയാവോയുടെ മുഖമുദ്രകളില്‍ ഒന്നാണ്.
യൂറോപ്പിലെ രണ്ടാമത്തെ വലിയ ജൂത ശവകുടീര സമുച്ചയമാണ് ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ച. ഏകദേശം 500 വർഷം പഴക്കമുള്ള ഈ സമുച്ചയം, യുനെസ്കോയുടെ സാംസ്കാരിക കേന്ദ്രമാണ്. മ്യൂസിയം ഓഫ് സരയാവോ, ആർസ്എവി മ്യൂസിയം ഓഫ് കണ്ടംപററി ആർട്ട്, ഹിസ്റ്റോറിക്കൽ മ്യൂസിയം ഓഫ് ബോസ്നിയ ആൻഡ് ഹെർസഗോവിന, ദി മ്യൂസിയം ഓഫ് ലിറ്ററേച്ചർ ആൻഡ് തിയറ്റർ ആർട്സ് ഓഫ് സരജേവോ, ബോസ്നിയ ആൻഡ് ഹെർസഗോവിനയിലെ നാഷണൽ മ്യൂസിയം (എസ്റ്റാബ്ലിഷെഗോവിന) എന്നിവയുൾപ്പെടെയുള്ള മ്യൂസിയങ്ങളും ഈ നഗരത്തിന്‍റെ സാംസ്കാരിക പ്രാധാന്യം വിളിച്ചോതിക്കൊണ്ടു നിലകൊള്ളുന്നു.
പച്ചപ്പ് നിറഞ്ഞ മൊണ്ടിനെഗ്രോ
ബോസ്നിയയുടെ തെക്കുഭാഗത്തു സ്ഥിതിചെയ്യുന്ന ബാള്‍ക്കന്‍ നഗരമാണ് മൊണ്ടിനെഗ്രോ. യൂറോപ്പിലെ ഏറ്റവും വലിയ കാന്യന്‍ ആയ ടാറ റിവര്‍ കാന്യന്‍ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ലോക ജൈവവൈവിധ്യത്തിന്റെ "ഹോട്ട്-സ്‌പോട്ടു"കളിൽ ഒന്നായാണ് മൊണ്ടിനെഗ്രോയെ കണക്കാക്കുന്നത്. ഈ രാജ്യത്തിന്റെ വിസ്തൃതിയുടെ പത്തു ശതമാനത്തോളം സംരക്ഷിത പ്രദേശങ്ങളാണ്, മോണ്ടിനെഗ്രോയിൽ അഞ്ച് ദേശീയ പാർക്കുകളുണ്ട്.
മോണ്ടിനെഗ്രിൻ അഡ്രിയാറ്റിക് തീരത്തിനു 295 കിലോമീറ്റർ നീളമുണ്ട്. ജാസ് ബീച്ച്, മൊഗ്രെൻ ബീച്ച്, ബെസികി ബീച്ച്, സ്വെറ്റി സ്റ്റെഫാൻ ബീച്ച്, വെലിക പ്ലാസ എന്നിങ്ങനെയുള്ള മനോഹരമായ ബീച്ചുകള്‍ വര്‍ഷംതോറും ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. റോമനെസ്ക് , ഗോതിക് , ബറോക്ക് കാലഘട്ടങ്ങളിൽ നിന്നുള്ള പൈതൃക സൈറ്റുകൾ ഉൾപ്പെടെ നിരവധി സാംസ്കാരികവും ചരിത്രപരവുമായ സ്ഥലങ്ങൾ മോണ്ടിനെഗ്രോയിലുണ്ട്. ഹെർസെഗ് നോവി, പെരാസ്റ്റ്, കോട്ടോർ, ബുദ്വ, ഉൽസിഞ്ച് എന്നീ പുരാതന നഗരങ്ങളും ജനപ്രിയമാണ്.
ജീവിതകാലത്ത് ഒരു സഞ്ചാരി തീര്‍ച്ചയായും സഞ്ചരിക്കേണ്ട അമ്പതു സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി, നാഷണൽ ജിയോഗ്രാഫിക് ട്രാവലർ പുറത്തിറക്കിയ പട്ടികയില്‍ മോണ്ടിനെഗ്രോയും ഉള്‍പ്പെട്ടിരുന്നു.